മോഹന്‍ലാലിന്റെ ജന്മദിനം ആരാധകരും സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷമാക്കിയിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മുന്‍കാല നടി ഭാഗ്യശ്രീയും. ഇടനിലങ്ങള്‍, മനസ്സറിയാതെ, ഉയരും ഞാന്‍ നാടാകെ, എങ്ങിനെ നീ മറക്കും തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച നടിയാണ് ഭാഗ്യശ്രീ.

ഭാഗ്യശ്രീയുടെ വാക്കുകള്‍

'ലാലേട്ടന്റെ കൂടെ ഞാന്‍ പിറന്നനാട്ടില്‍, ഇടനിലങ്ങള്‍, മനസ്സറിയാതെ, ഉയരും ഞാന്‍ നാടാകെ, എങ്ങിനെ നീ മറക്കും, കൂടുംതേടി, പാവം പൂര്‍ണ്ണിമ, അസ്ത്രം തുടങ്ങി ധാരാളം സിനിമകളില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അദ്ദേഹം സഹപ്രവര്‍ത്തകരോട് പ്രത്യേക കരുതല്‍ അക്കാലത്തെ കാത്തുസൂക്ഷിച്ചിരുന്നു. ഒരിക്കല്‍ ഒരു കുന്നിന്‍മുകളില്‍ ഷൂട്ട് നടക്കുമ്പോള്‍ പ്രൊഡക്ഷന്‍ വാഹനങ്ങള്‍ കുറവായിരുന്നു ആ ചിത്രത്തിലെ നായകനായ ലാലേട്ടന്‍ എന്നെയും മറ്റു വനിതാ അഭിനേതാക്കളെയും കാറില്‍ കയറ്റിവിട്ട് ആ കാറിന്റെ പിന്നില്‍ നടന്നുവന്നു. ഷൂട്ടിങ്ങില്‍ പങ്കെടുത്തതാണ്. ഒരിക്കലും ഒരു നായകന് അത്രയും കഷ്ടപ്പെടേണ്ട ആവശ്യം ഇല്ല. പക്ഷെ അവിടെയാണ് ലാലേട്ടന്‍ എന്ന വ്യക്തിയുടെ പത്തരമാറ്റുള്ള സ്വഭാവം പ്രകടമാവുന്നത്‌.

പിന്നെയൊരിക്കല്‍ എനിക്ക് വൈകുന്നേരം ബാംഗ്ലൂരിലേക്ക് കന്നഡ സിനിമയില്‍ അഭിനയിക്കാന്‍ പോകേണ്ടതുണ്ട്. ഈ വിവരം അറിഞ്ഞ ലാലേട്ടന്‍ സംവിധായകനോട് ഭാഗിയുടെ ക്ലോസപ്പ്, എല്ലാം വേഗം എടുത്തോളൂ എന്ന് പറഞ്ഞ് എന്റെ ഭാഗം പൂര്‍ത്തിയാക്കിയ ശേഷം എന്നെ പറഞ്ഞയച്ചു. നായകനായ ലാലേട്ടന് അതൊന്നും ശ്രദ്ധിക്കേണ്ട ആവശ്യമേയില്ല. മറ്റുള്ളവരുടെ വിഷമം സ്വന്തം വിഷമമായി കാണാന്‍ ലാലേട്ടന് മാത്രമേ കഴിയൂ. അതുകൊണ്ടു തന്നെ ലാലേട്ടന്‍ എത്ര ഉയരങ്ങളില്‍ എത്തുമ്പോഴും എനിക്ക് സന്തോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ. അദ്ദേഹം ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമാണ്. ലാലേട്ടാ അങ്ങേക്ക് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാവാന്‍ ആത്മാര്‍ഥമായി ഞാനും എന്റെ കുടുംബവും പ്രാര്‍ത്ഥിക്കുന്നു.   ചെന്നൈയില്‍ നിന്നും ഭാഗിയുടെ ഷഷ്ഠിപൂര്‍ത്തി ആശംസകള്‍.'

എണ്‍പതുകളുടെ മദ്ധ്യത്തിലും തൊണ്ണൂറുകളിലും തെന്നിന്ത്യന്‍ സിനിമകളിലെ നായികയായിരുന്നു ഭാഗ്യശ്രീ. മലയാളസിനിമകളില്‍ മാത്രം അവര്‍ ഭാഗ്യലക്ഷ്മി എന്നപേരില്‍ അറിയപ്പെട്ടു. അക്കിനേനി നാഗേശ്വര്‍ റാവു, തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ബാലകൃഷ്ണ, ജഗപതിബാബു രജനികാന്ത്, കാര്‍ത്തിക്, മുരളി, പ്രഭു, ചന്ദ്രശേഖര്‍, സുമന്‍, മോഹന്‍ എന്നിവരുടെ കൂടെ അഭിനയിച്ചു. 4 ദക്ഷിണേന്ത്യന്‍ ഭാഷകളിലായി 60 ഓളം സിനിമകളില്‍ ഭാഗ്യശ്രീനായികയും ഉപനായികയും ആയി അഭിനയിച്ചു.

Content Highlights: bhagyashree about mohanlal on his birthday uyarum njan naadake engane nee marakkum actress