മോഹന്‍ലാലിന്റെ സ്‌നേഹവും കരുതലും സിനിമാക്കാര്‍ക്കിടയില്‍ പ്രസിദ്ധമാണ്. ഒരു സിനിമയിലെങ്കിലും ഒരുമിച്ച് അഭിനയിച്ചവര്‍ക്കു പോലും മോഹന്‍ലാല്‍ എന്ന മുതിര്‍ന്ന സഹോദരനെക്കുറിച്ച് പറയുമ്പോള്‍ അമ്പത്തിയൊന്നക്ഷരം തികയില്ല. ലോക്ഡൗണില്‍ ഒരു നൃത്തപരിപാടിയ്ക്കായി കൊച്ചിയിലെത്തിയതാണ് നടന്‍ വിനീത്. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന പരിപാടി മാറ്റിവെച്ചു. തിരിച്ചു പോകാനുമായില്ല. ആ സമയത്താണ് മോഹന്‍ലാലിന്റെ മെസേജ്. 'മോനേ.. കുഴപ്പമൊന്നുമില്ലല്ലോ. എല്ലാം ഓക്കെയല്ലേ? ' ആ സ്‌നേഹാന്വേഷണം തന്നെ അമ്പരപ്പിച്ചുവെന്നു പറയുകയാണ് വിനീത്. ഷഷ്ടിപൂര്‍ത്തിയാഘോഷിക്കുന്ന ലാലിന് സ്‌നേഹാദരങ്ങളേകിക്കൊണ്ട് വിനീത് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
സാധാരണ മലയാളിയെന്ന നിലയില്‍ ലാലേട്ടന്റെ സിനിമകള്‍ കണ്ടു തന്നെയാണ് ഞാനും വളര്‍ന്നു വന്നത്. ഇക്കാലയളവില്‍ മലയളികളുടെ മാത്രമല്ല, തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇടയിലും ബോളിവുഡിലും ഇന്ത്യയ്ക്കു പുറത്തുമുളള ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സിലും ഇടം നേടിയ പ്രതിഭയല്ലേ? അദ്ദേഹത്തിന്റെ ആരാധകനെന്നല്ല. ഒരു ഭക്തന്‍ എന്നു സ്വയം വിശേഷിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നത്. മുതിര്‍ന്ന സഹോദരനോളം അടുപ്പമുള്ള ഗുരുതുല്യനായ വ്യക്തി.
അദ്ദേഹത്തോടൊപ്പം പത്തില്‍ താഴെ സിനിമകളിലേ ഞാന്‍ അഭിനയിച്ചിട്ടുളളൂ. ഇടനിലങ്ങള്‍, കാലാപാനി, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തച്ചോളി വര്‍ഗീസ് ചേകവര്‍, അമൃതംഗമയ, കമലദളം, ഉസ്താദ്, വടക്കംനാഥന്‍.. ഇങ്ങനെ ചിലതു മാത്രം. എന്റെ നാലാമത്തെ സിനിമയാണ് നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. ലാലേട്ടന്റെ കസിനായ ആന്റണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ലാലേട്ടനുമൊന്നിച്ചുള്ള രംഗങ്ങളുണ്ട്. അന്ന് അഭിനയത്തില്‍ ഞാന്‍ തീര്‍ത്തും പുതുമുഖം. മാത്രമോ? പതിനഞ്ചു വയസ്സേയുള്ളൂ. പത്താം ക്ലാസില്‍ പഠിക്കുന്നു. അന്നൊക്കെ ലാലേട്ടന്‍ എന്നെ എന്നെ എത കംഫര്‍ട്ടബിളാക്കിവെച്ചു എന്ന് പറയാന്‍ കഴിയില്ല. പദ്മരാജന്‍ സാര്‍, തിലകേട്ടന്‍, ശാരി എല്ലാവര്‍ക്കുമൊപ്പം 25-30 ദിവസമുണ്ടായിരുന്നു ഞങ്ങള്‍ അന്ന് മൈസൂരില്‍.
സിനിമകളേക്കാളേറെ സ്റ്റേജ് ഷോകളിലൂടെയാണ് മോഹന്‍ലാല്‍ എന്ന താരത്തെ ഞാന്‍ അടുത്തറിഞ്ഞിട്ടുള്ളത്. അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ അങ്ങനെ പലയിടത്തും ഞങ്ങളൊരുമിച്ച് ഷോകള്‍ക്കായി പോയിട്ടുണ്ട്. എനിക്കും ലക്ഷ്മി ഗോപാലസ്വാമിയ്ക്കുമൊപ്പം ലാലേട്ടനും ഉണ്ടാകും. അന്നൊക്കെ സ്റ്റേജ് ഷോകളെന്നാല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ടൂറുകളാണ്. ലാലോട്ടനൊപ്പമാണെന്നറിയുമ്പോള്‍ തന്നെ ആകാംക്ഷയോടെ കാത്തിരിക്കും. അന്നൊക്കെ സ്വപ്‌നതുല്യമായിരുന്നു ആ വിദേശയാത്രകള്‍.
വേദിയില്‍ അദ്ദേഹത്തെ നോക്കിയിരിക്കാന്‍ തന്നെ വലിയ രസമാണ്. പാട്ടായാലും കോമഡി ആയാലും നൃത്തമായാലും. അദ്ദേഹത്തിന്റെ ഒരുപാട് സ്‌റ്റേജ് പെര്‍ഫോമന്‍സുകള്‍ നേരിട്ട് കാണാനും ഒപ്പം പരിപാടികള്‍ അവതരിപ്പിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. പരിപാടി തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ അവസാനം വരെ അദ്ദേഹത്തിന്റെ പ്രസന്‍സ് അവിടെ കാണും. പെര്‍ഫോം ചെയ്യുന്നതില്‍ മാത്രമല്ല ഷോയുടെ ഭാഗമായി വന്നിട്ടുള്ള എല്ലാവരുടെയും എല്ലാ കാര്യങ്ങളും തിരക്കാനും നോക്കി നടത്താനുമുള്ള പ്രത്യേക പാടവവുമുണ്ട് അദ്ദേഹത്തിന്. നല്ല പെരുമാറ്റം, ആതിഥേയത്വം, കൃത്യനിഷ്ഠ, അച്ചടക്കം ഇങ്ങനെ നിരവധി പാഠങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കാനുണ്ട്, പഠിച്ചിട്ടുമുണ്ട്.
അദ്ദേഹത്തിനുള്ളിലെ കലാസ്വാദാകന്‍ എന്നെയും അമ്പരപ്പിച്ച നിമിഷങ്ങളുണ്ട്. 1992ലെ മോഹന്‍ലാല്‍ ഷോ എന്ന പരിപാടിക്ക് കമലദളത്തിലെ ത്രയമ്പകം എന്ന ഗാനത്തിന് വേദിയില്‍ നൃത്തം വെയ്ക്കുകയാണ് ഞാന്‍. സദസ്സില്‍ അകലെ ഇരുട്ടില്‍ ആരുടെയും ശ്രദ്ധയില്‍ പെടാത്ത വിധം ഓഡിറ്റോറിയത്തിന്റെ പിന്‍ഭാഗത്തൊരിടത്ത് തനിച്ചിരുന്ന് താളം പിടിക്കുന്ന ലാലേട്ടനെ ഞാന്‍ വേദിയില്‍ നിന്നു കണ്ടു. ആ രംഗം മറക്കാന്‍ കഴിയില്ല. കൊച്ചിയിലെ ജെ ടി പാക്കില്‍ വച്ചു നടക്കാറുള്ള പരിപാടികള്‍ക്കും ലാലേട്ടനെത്താറുണ്ട്.
ജന്മനാ ലഭിച്ച കലാസിദ്ധിയുണ്ട്, അദ്ദേഹത്തിനുള്ളില്‍. കലാവാസനയുണ്ട്. അതില്ലെങ്കില്‍ എങ്ങനെയാണ് നൃത്തം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത ഒരാള്‍ക്ക് സംവിധായകന്‍ പറയുമ്പോഴേക്കും മുഖത്ത് ഭാവങ്ങള്‍ വരുത്താനും താളം പിഴയ്ക്കാതെ ചുവടുകള്‍ വയ്ക്കാനും കഴിയുന്നത്? നൃത്തം പഠിക്കാതെ തന്നെ ഇത്ര മനോഹരമായി അദ്ദേഹത്തിനു നൃത്തം ചെയ്യാന്‍ സാധിക്കുന്നു.എങ്കില്‍ ശാസ്ത്രീയമായി അഭ്യസിച്ചിരുന്നുവെങ്കിലോ? ക്ലാസിക്കല്‍ കലകളോട് ലാലേട്ടന് അദമ്യമായ ഇഷ്ടമുണ്ട്. ആരാധനയുണ്ട്. സിനിമയ്ക്കു വേണ്ടിയേ അദ്ദേഹം നൃത്തം പഠിച്ചിട്ടുള്ളൂ.
കമലദളത്തിന്റെ ചിത്രീകരണം ഷൊര്‍ണൂരില്‍ നടക്കുകയാണ്. ചിത്രത്തിനുവേണ്ടി ലാലേട്ടനെ നൃത്തം പഠിപ്പിക്കുകയാണ് ഗുരു നാട്ടുവനാര്‍ പരമശിവം. ലോഡ്ജിലെ ടെറസ്സില്‍ വച്ചാണ് നൃത്തപഠനം. അത് കാണാന്‍ എന്നെയും വിളിക്കും. 'മോനേ നീയും വാ..' എന്നു പറയും. ഞാന്‍ കൂടെ ചെന്നിരിക്കും. അനായാസേന, അസാധ്യമെന്നു തോന്നിക്കുന്ന മെയ്‌വഴക്കത്തോടെയുള്ള അദ്ദേഹത്തിന്റെ ഓരോ ചലനവും മുഖത്ത് വിടരുന്ന ഭാവങ്ങളും അത്ഭുതത്തോടെ നോക്കിയിരിക്കും. ആനന്ദനടനം എന്ന ഗാനരംഗത്തില്‍ ഞാനില്ലായിരുന്നുവെങ്കിലും ചിത്രീകരിക്കുമ്പോള്‍ ഞാന്‍ അവിടെത്തന്നെയുണ്ടായിരുന്നു. ആ സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ. അദ്ദേഹത്തിന് മാനസിക പിന്തുണയേകിക്കൊണ്ട്. ഇതിഹാസം തന്നെയാണദ്ദേഹമെന്ന് സംശയമെന്യേ പറയാം. ആനന്ദനടനം എന്ന ഗാനരംഗത്തില്‍ ലാലേട്ടനും മോനിഷയും കൂടിയുള്ള ആ കഥക് വേര്‍ഷന്‍ ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ചതാണ്. ആ രംഗങ്ങള്‍ എടുത്തു കാണുമ്പോള്‍ അറിയാം. അദ്ദേഹത്തിന്റെ മുഖത്തെ ആ സന്തോഷം. സംതൃപ്തി. എത്രമാത്രം ആസ്വദിച്ചാണ് അദ്ദേഹം അതൊക്കെ ചെയ്തത് എന്ന്.
എപ്പോള്‍ മെസേജ് അയച്ചാലും ഉടനടി മറുപടി കിട്ടും. അത്ര കരുതലും സ്‌നേഹവുമാണ് അദ്ദേഹത്തിന്. പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് മെസേജ് ചെയ്തിരുന്നു. താങ്ക്‌സും മോനേ എന്ന ആ വിളിയും ഒപ്പം ഹൃദയത്തിന്റെ സ്‌മൈലികളും. അതാണ് അദ്ദേഹത്തിന്റെ രീതി. ഓണം പോലുള്ള വിശേഷദിവസങ്ങളിലും അദ്ദേഹത്തെ ആശംസിക്കാറുണ്ട്. മറുപടിയും ലഭിക്കും. ഇതൊരു പക്ഷേ ഇന്റസ്ട്രിയില്‍ എല്ലാവര്‍ക്കും പറയാനുണ്ടാകും. ലോക്ഡൗണില്‍ ഞാന്‍ കൊച്ചിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഒരു പരിപാടിയ്ക്ക് എത്തിയതായിരുന്നു. ഫെബ്രുവരി മുതല്‍ ഇവിടെയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ലാലേട്ടന്റെ മെസേജ് എത്തിയിരുന്നു. 'മോനേ കുഴപ്പമൊന്നുമില്ലല്ലോ? എല്ലാം ഓക്കെയല്ലേ? ' അദ്ദേഹത്തെ മൂന്നു വര്‍ഷം കഴിഞ്ഞുകാണുകയാണെങ്കിലും ഇന്നലെ കണ്ട പോലെയാണ് തോന്നുക.
പ്രായം ഒരു അക്കം മാത്രമാണ്. എത്ര വയസ്സു കൂടിയാലും ലാലേട്ടനെന്നും ചെറുപ്പം തന്നെയാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരമല്ലേ? കുഞ്ഞാലി മരയ്ക്കാറിലെ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കാണാനിരിക്കുന്നതേയുള്ളൂ. ദിനംപ്രതി ചെറുപ്പമായി വരികയാണ്. ആ സ്‌നേഹവും കരുതലും അനുഗ്രഹവും എന്നും കൂടെയുണ്ടാകട്ടേയെന്ന പ്രാര്‍ഥന മാത്രമേയുള്ളൂ.
Content Highlights: actor vineeth about mohanlal on his 60th birthday Mohanlal@60