മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത് എനിക്കിന്നും ഒരു വിസ്മയമാണ്.  ശരിക്കും ലാല്‍ സാറിന്റെ ഫാനാണ് ഞാന്‍. 'ജില്ല'യില്‍ സാര്‍ വേഷമിട്ടത് ഞാന്‍ അവതരിപ്പിച്ച ശക്തി എന്ന കഥാപാത്രത്തിന്റെ പിതൃസ്ഥാനീയനായ ശിവ എന്ന കഥാപാത്രത്തെയാണ്. മറ്റൊരപൂര്‍വ്വതകൂടി 'ജില്ല'യിലുണ്ടായിരുന്നു. ലാല്‍സാറിന്റെ ഭാര്യയായി പൂര്‍ണ്ണിമ ഭാഗ്യരാജ് ആണ് ഈ ചിത്രത്തില്‍ വേഷമിട്ടത്. സാറിന്റെ ആദ്യ ചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലെ നായികയായ അവര്‍ ഇരുപത്തിയൊമ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും തന്റെ ഭാര്യയായി ക്യാമറയ്ക്കു മുന്നില്‍ എത്തുന്നതെന്ന് സാര്‍ എന്നോടു പറഞ്ഞിരുന്നു. 

തമിഴിലെ മുന്‍നിര സംവിധായകനായ ജയം രാജയുടെ അസിസ്റ്റന്റായിരുന്ന നേശന്‍ സ്വതന്ത്രസംവിധായകനായി എത്തിയ ആദ്യചിത്രമായിരുന്നു ജില്ല. ചിത്രത്തെക്കുറിച്ച് ചര്‍ച്ചചെയ്തപ്പോള്‍ ഞാന്‍ ആദ്യം മുന്നോട്ടുവച്ച കാര്യം മോഹന്‍ലാല്‍ സാര്‍ ശിവയുടെ വേഷം അഭിനയിക്കുകയാണെങ്കില്‍ ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കാം എന്നായിരുന്നു. സാറിനൊപ്പം അഭിനയിക്കുക എന്നത് എന്റെ ജിവിതത്തിലെ വലിയൊരു മോഹം കൂടിയായിരുന്നു. അത് ജില്ല സഫലമാക്കിത്തന്നു.  

മധുരയിലും കാരൈക്കുടിയിലും ചിത്രീകരണം കഴിഞ്ഞ് 'ജില്ല' ചെന്നൈയിലെത്തിയപ്പോഴാണ് എന്റെയും ലാല്‍സാറിന്റെയും കോമ്പിനേഷന്‍ സീനുകള്‍ക്ക് തുടക്കമായത്. ഒരുകോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ച വടപളനിയിലെ കൊട്ടാരസദൃശമായ ഒരു സെറ്റിലാണ് 'ജില്ല'യുടെ വലിയൊരു ഭാഗവും ചിത്രീകരിച്ചത്. ഞാന്‍ ഉള്‍പ്പെടെയുള്ള നടീ നടന്മാരും സംവിധായകനും സാങ്കേതിക പ്രവര്‍ത്തകരും ലാല്‍സാറിന്റെ പെര്‍ഫോര്‍മന്‍സ് കണ്ട് വിസ്മയിച്ച് നില്ക്കുകയായിരുന്നു. സാറിന്റെ അഭിനയത്തിന്റെ ആ മാജിക്കില്‍ സംവിധായന്‍ നേശന്‍ പലപ്പോഴും കട്ട് പറയാന്‍ മറന്നുപോയിരുന്നു. 

''ഇങ്ങനെയൊരു ആര്‍ട്ടിസ്റ്റിനെ ഞാന്‍ കണ്ടിട്ടില്ല. എത്ര പെട്ടെന്നാണ് അദ്ദേഹം കഥാപാത്രമായി മാറുന്നത്. കട്ട് പറഞ്ഞു കഴിഞ്ഞാല്‍ അദ്ദേഹം വീണ്ടും ലാല്‍ സാറായി. ഞാന്‍ ശരിക്കും ഭാഗ്യവാനാണ്. ലാല്‍സാറിനെ വച്ച് ഒരു ചിത്രം ചെയ്യാന്‍ കഴിഞ്ഞതില്‍.'' ഷൂട്ടിംഗിന്റെ ഇടവേളകളില്‍ നേശന്‍ എന്നോടു പറഞ്ഞു.

എം.ജി.ആറിന്റെ ജീവിതം 'ഇരുവര്‍' എന്ന മണിരത്‌നം ചിത്രത്തിലൂടെ അവതരിപ്പിച്ച് തമിഴകത്തെ അമ്പരപ്പിച്ച ലാല്‍ സാര്‍ വര്‍ഷങ്ങള്‍ക്കുശേഷം കമല്‍ഹാസനൊപ്പമുള്ള 'ഉന്നൈപ്പോല്‍ ഒരുവനി'ല്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തില്‍ വീണ്ടും തമിഴ് സിനിമാ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. ഈ രണ്ടു ചിത്രങ്ങളും ഞാന്‍ കണ്ട് ഞാന്‍ വിസ്മയിച്ചു പോയിട്ടുണ്ട്. 

ജില്ലയുടെ ചിത്രീകരണം നടക്കുന്നതിനിടയിലെ ഒരു സന്ധ്യയില്‍ ഞാന്‍ സാറിനോട് എന്റെ സ്വകാര്യമായ ഒരു ആഗ്രഹം അറിയിച്ചു. ''ലാല്‍സാര്‍... എന്റെ വീട്ടില്‍ വരുമോ? അതെന്റെയൊരു ആഗ്രഹമാണ്.''
''തീര്‍ച്ചയായും വരാം, വിജയ് എന്റെ വീട്ടിലും വരുമല്ലോ?'' എന്റെ ക്ഷണം സ്വീകരിച്ച് സ്‌നേഹത്തോടെ സാര്‍ പറഞ്ഞു. പരസ്പരമുള്ള ആ ക്ഷണം ഞങ്ങള്‍ രണ്ടുപേര്‍ക്കും ഒരുപാട് സന്തോഷം നല്‍കി. 

രണ്ടുനാള്‍ കഴിഞ്ഞ് ആക്ഷനും കട്ടുമില്ലാതെ കുറേനേരത്തേക്ക് ചെന്നൈയിലെ എന്റെ വീട്ടില്‍ സാറും സുചിത്രചേച്ചിയും വന്നു. ആതിഥ്യമര്യാദകള്‍ ചൊരിഞ്ഞ് ഞാനും കുടുംബവും ലാല്‍സാറിനേയും ഭാര്യയേയും സ്വീകരിച്ചു.

'സ്വന്തം ജ്യേഷ്ഠന്റെ സ്ഥാനത്താണ് ഞാന്‍ ലാല്‍സാറിനെ കാണുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതുതന്നെ ഒരു മഹാഭാഗ്യമാണ്. സാറും ഭാര്യയും വീട്ടില്‍ വന്നത് ഒരുപാടൊരുപാട് സന്തോഷം എനിക്ക് നല്കി. 

അടുത്ത ദിവസം വീണ്ടും ഷൂട്ടിംഗിന്റെ ഒച്ചപ്പാടുകളിലേക്ക് ശിവയും ശക്തിയുമായി ഞങ്ങള്‍ മാറി. പിന്നീടെപ്പോഴോ ഒരു സന്ധ്യയില്‍ ഞാന്‍ സാറിനോട് പറഞ്ഞു: ''ഞാനും കുടുംബവും ഇന്നു ലാല്‍സാറിന്റെ വീട്ടില്‍ വരുന്നുണ്ട്.'' 

ചെന്നൈയിലെ ഇഞ്ചംപക്കത്തെ ഗോള്‍ഡന്‍ ബീച്ചിനഭിമുഖമായി നില്ക്കുന്ന സാറിന്റെ പുതിയ വീട്ടിലേക്ക് ഞാന്‍ കുടുംബസമേതം കടന്നുചെന്നപ്പോള്‍ സാറും സുചിത്രചേച്ചിയും സ്‌നേഹം വിളമ്പി ഞങ്ങളെ സ്വീകരിച്ചു. രാത്രി എട്ടുമണിയോടെയായിരുന്നു ഞങ്ങള്‍ അവിടെ എത്തിയത്. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പൂക്കള്‍ വിടര്‍ന്ന ആ രാത്രിയില്‍ ഞങ്ങള്‍ വീടിനകവും പുറവും സാറിനൊപ്പം  സ്‌നേഹവര്‍ത്തമാനങ്ങളുമായി നടന്നു കണ്ടു. അദ്ദേഹത്തിന്റെ ആര്‍ട്ട് ഗ്യാലറി കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. രേഖാചിത്രങ്ങളും മ്യൂറല്‍ ചിത്രങ്ങളും കൊണ്ട് നിറഞ്ഞ ആര്‍ട്ട് ഗ്യാലറിയില്‍ എം.എഫ് ഹുസൈനിന്റെതുള്‍പ്പെടെ ഒരുപാട് വലിയ ചിത്രകാരന്മാരുടെ പ്രതിഭാസ്പര്‍ശം പരന്നൊഴുകിയിരുന്നു. കലയുമായി ബന്ധപ്പെട്ട ഒന്നും ഒരു കലാകാരന് അന്യമല്ലെന്ന് തോന്നിക്കുന്ന വിധമായിരുന്നു സാറിന്റെ ആര്‍ട്ട് ഗ്യാലറി.
 
എനിക്കും കുടുംബത്തിനുമായി മലയാളികളുടെ ഇഷ്ട വിഭവങ്ങള്‍ തീന്‍മേശയില്‍ ഒരുക്കിയിരുന്നു. ''ഇനി നമുക്ക് ഭക്ഷണം കഴിയ്ക്കാം.'' എന്ന സാറിന്റെ സ്‌നേഹപൂര്‍വ്വമുള്ള ക്ഷണം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു: ''എന്റെ അമ്മയുടെ വയറ്റില്‍ ജനിക്കാതെ പോയ എന്റെ ജ്യേഷ്ഠനാണ് താങ്കള്‍. എനിക്കുവേണ്ടി ചേട്ടന്റെ കൈകൊണ്ട് എന്തെങ്കിലും ഒരു ഭക്ഷണം ഉണ്ടാക്കിത്തന്നാല്‍ അതാകും എന്റെ ഒരു പുണ്യം.''

Vijay

എന്റെ വാക്കുകള്‍ സാര്‍ സ്‌നേഹത്തോടെ സ്വീകരിച്ചുകൊണ്ട് പറഞ്ഞു: ''എന്നാല്‍ വിജയ്ക്ക് ഞാന്‍ ഒരു സ്‌പെഷ്യല്‍ ദോശയുണ്ടാക്കിത്തരാം.'' സാറിനൊപ്പം ഞാനും അടുക്കളയിലേക്ക് പ്രവേശിച്ചു. ലാല്‍സാര്‍ പെട്ടെന്ന് ഒരു കുക്കിന്റെ റോളിലേക്ക് മാറി. ദോശയുണ്ടാക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഞാന്‍ എന്റെ വീഡിയോ ക്യാമറയില്‍ പകര്‍ത്തി. മോഹന്‍ലാലിന്റെ ദോശയും തേങ്ങാചമ്മന്തിയും ഞങ്ങള്‍ ആസ്വദിച്ചു കഴിച്ചു. കേരള ഫുഡ് എനിക്ക് വളരെ ഇഷ്ടമാണ്. പ്രത്യേകിച്ച് ദോശയും ചമ്മന്തിയും.
 
സൗഹൃദത്തിന്റെ, സ്‌നേഹത്തിന്റെ വലിയൊരു ആകാശത്തിനു കീഴിലായിരുന്നു ഞങ്ങള്‍ കുറേ നേരം. സാറിന്റെയും സുചിത്രചേച്ചിയുടെയും സ്‌നേഹത്തിനുമുമ്പില്‍ സമയം പോയതറിഞ്ഞില്ല. രാത്രി പതിനൊന്നരയോടെ  ഞങ്ങള്‍ ആ വീടിന്റെ പടികളിറങ്ങി. നേരം പുലരുന്നതുവരെ ലാല്‍സാറിന്റെ സ്‌നേഹത്തണലില്‍ ഇരിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, കാലത്ത് വീണ്ടും ശിവയും ശക്തിയുമായി ക്യാമറയ്ക്കു മുന്നില്‍ എത്തേണ്ടതിനാല്‍ ശുഭരാത്രി നേര്‍ന്ന് ഞാനും കുടുംബവും തിരിച്ചുപോയി. കാറിന്റെ വേഗതയിലലിഞ്ഞ് എന്റെ മനസ് പറഞ്ഞു: ''ലാല്‍ സാര്‍, ഈ സ്‌നേഹം ഞാന്‍ ഒരിക്കലും മറക്കില്ല.. ഒരിക്കലും.''

തയ്യാറാക്കിയത് : ഭാനുപ്രകാശ്

 

Content Highlights : Actor Vijay About Mohanlal, Mohanlal At 60, Jilla Movie