ഇന്ത്യൻ സിനിമയിലെ നടന വിസ്മയത്തിന് പിറന്നാൾ ആശംസകൾ

മമ്മൂക്കയെക്കുറിച്ച് എഴുതാൻതുടങ്ങുമ്പോൾ മനസ്സും കയ്യിലെ പേനയും മടികാണിക്കുന്നു. ഒരമ്മ പെറ്റ മക്കളല്ലെങ്കിലും എന്റെ മുതിർന്ന സഹോദരനായ ഈ മനുഷ്യനെക്കുറിച്ച് എന്താണ് ഞാൻ എഴുതുക.

സിനിമാനടനത്തിന്റെ പരമ്പരാഗതവഴി വിട്ട് സഞ്ചരിക്കുന്ന ഈ അഭിനേതാവിനെക്കുറിച്ച് എന്തെഴുതാം. മുന്നോട്ടുനയിക്കുക എന്നതാണ് അഭിനയം എന്ന വാക്കിനർഥം എന്നാണ് ധരിച്ചിട്ടുള്ളത്. ഈ അഭിനേതാവ് എന്റെ സിനിമാജീവിതത്തിലെ സന്ദിഗ്ധഘട്ടങ്ങളിൽ എന്നെ മുന്നോട്ടുനയിച്ച നേതാവുതന്നെയാണ് .

ഷാജി കൈലാസ് സംവിധാനം നിർവഹിച്ച് എന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ, മമ്മൂട്ടി അഭിനയിച്ച വല്യേട്ടൻ എന്ന ചിത്രത്തിലെ ഒരു ഗാനരംഗം ചിത്രീകരിക്കാൻ ഷാജി എന്നോട് ആവശ്യപ്പെട്ടു. ആ ഗാനത്തിൽ മമ്മൂക്കയും വരുന്നുണ്ട്. അദ്ദേഹത്തിന്റെ ഷോട്ട് എടുക്കാൻതുടങ്ങുന്നതിനുമുൻപ് അതിന്റെ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന എം. രഞ്ജിത്ത് എന്നോട് പറഞ്ഞു, ''ചേട്ടാ ഒന്ന് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങണം, ഞാനങ്ങനെ ചെയ്തു.

ഷോട്ട് ഓക്കെയായപ്പോൾ മമ്മൂക്ക, ക്യാപ്റ്റൻ രാജു , സിദ്ദിക്, മനോജ് കെ. ജയൻ, എന്നിവർ എന്റെ അടുത്തേക്ക് വന്നു. ഉടൻ മമ്മൂക്ക ഒരു ആവശ്യം മുന്നോട്ടുവെച്ചു. രഞ്ജിത് ആദ്യം സംവിധാനംചെയ്യുന്ന ചിത്രത്തിൽ ഞാനാണ് നായകൻ. കൂടെയുണ്ടായിരുന്നവർ ഒരേസ്വരത്തിൽ ഞങ്ങൾക്കും വേഷം വേണം എന്ന് പറഞ്ഞപ്പോൾ ഞാൻ ചിരിച്ച് പിൻവാങ്ങി. കാരണം ഒരു സിനിമ സംവിധാനംചെയ്യേണ്ട കാര്യമൊന്നും ഞാൻ അന്ന് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ, കുറച്ചുകാലങ്ങൾക്കുള്ളിൽ എന്റെ സംവിധാനശ്രമം പുറത്തുവന്നു. രാവണപ്രഭു, നായകൻ മോഹൻലാൽ. കാലങ്ങൾക്കുശേഷം ഞാനൊരു സിനിമയുടെ ചിന്ത മമ്മൂക്കയും സിദ്ദീക്കും ഇരിക്കുമ്പോൾ അവരുമായി പങ്കുവെച്ചു. കയ്യൊപ്പ് സിനിമയുടെ ഏതാണ്ടൊരു പൂർണരൂപംതന്നെ. ചുരുങ്ങിയ ബജറ്റിൽ അത് ഞാൻതന്നെ നിർമിക്കാൻപോകുന്നു എന്നുകൂടി പറഞ്ഞപ്പോൾ ഒരു ചോദ്യം മാത്രം മമ്മൂക്ക,

''ഈ ബാലചന്ദ്രൻ എന്ന കഥാപാത്രത്തിന് എത്രനാൾ ഷൂട്ട് വേണ്ടിവരും'' ഞാനൊന്ന് ചിരിച്ചു, എന്റെ മറുപടി ഈ രൂപത്തിലാണ് വന്നത്. ''നിങ്ങൾക്ക് റെമ്യൂണറേഷൻ തരാനുള്ള വക എനിക്കില്ല'' ചോദിച്ചത് പ്രതിഫലം അല്ല, എന്റെ എത്രനാൾ വേണമെന്നാണ്. അങ്ങനെ വഴിച്ചെലവിന്റെ കാശുപോലും എനിക്ക് ചെലവാക്കാൻ സാഹചര്യമുണ്ടാക്കാതെ അദ്ദേഹം വന്നു. പതിനാലുനാൾകൊണ്ട് സിനിമ ഞാൻ പൂർത്തിയാക്കി.

പിന്നീടെന്റെ മറ്റൊരു സിനിമയിലേക്ക് അധികാരത്തോടെ, സ്നേഹത്തോടെ അദ്ദേഹം വന്നുകയറി. ഞാൻ ഡേറ്റ് ചോദിക്കാൻവേണ്ടി വിളിച്ചിട്ടില്ല, വിളിച്ച് തന്നതാണ്. അതാണ് പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ.

പ്രാഞ്ചിയേട്ടന്റെ കഥ കേട്ടതും ''നീ തൃശ്ശൂർ ആയിരിക്കും ഷൂട്ട്ചെയ്യാൻ പോകുന്നത് അല്ലേ'' എന്ന് ഇങ്ങോട്ട് ചോദിച്ചു. എന്റെയും അദ്ദേഹത്തിന്റെയും നിർമാണ കമ്പനികൾ ചേർന്ന് പ്രാഞ്ചിയേട്ടൻ ചെയ്തു. മോഹൻലാൽ എന്ന നടനഭീകരന്റെ ഇഷ്ടചിത്രങ്ങളുടെ പട്ടികയിൽ പ്രാഞ്ചിയേട്ടൻ ഉണ്ട് എന്നത് ഏറെ ആഹ്ലാദകരമാണ്.

കേരള കഫെ എന്ന ആന്തോളജി സിനിമ നിർമിക്കാനൊരുങ്ങുമ്പോൾ ലാൽ ജോസ് പറഞ്ഞു, ഞാൻ പ്ലാൻചെയ്ത കഥയിൽ മമ്മൂക്ക വേണം. അത് നിങ്ങൾ സംസാരിച്ച് ശരിയാക്കുകയും വേണം. അതിനും സമ്മതിച്ച് കൂടെ നിന്നു. അപ്പോഴും പ്രതിഫലമെന്ന ചോദ്യമില്ല എന്നോർക്കണം.
ഇന്നും തുടരുന്നു ആ ബന്ധം, ആ കുടുംബവുമായുള്ള ബന്ധം. ഒരു സഹോദരസ്ഥാനത്തെന്നെ കാണുന്നുണ്ടദ്ദേഹം. ഇനിയും ഏറെ പോകാനുണ്ട് ആ അഭിനേതാവിന്. ശരീരഭാഷകൊണ്ടും ശാരീരഭാഷകൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മായാജാലങ്ങൾ സ്വന്തമായുള്ള എന്റെ മമ്മൂക്കയ്ക്ക്.

അയ്യപ്പനും കോശിയും, പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച, സച്ചി സംവിധാനംചെയ്ത, ഞാൻകൂടി പങ്കാളിയായ പുതിയ ചിത്രം. അതിന്റെ ആദ്യ ടീസർ ലോഞ്ച് നടത്തിയത് മലയാളത്തിന്റെ പ്രിയ നടൻ ദുൽഖർ സൽമാനാണ്, ഞങ്ങളുടെ ചാലു. ഈ ആവശ്യത്തിനായി ഞാൻ വിളിച്ചപ്പോൾ ഒരു മറുവാക്കില്ല. സമ്മതം എന്നാണയാൾ പറഞ്ഞത്. അച്ഛന് പിറന്ന മകൻ. അവന് അങ്ങനെ പറയാനേകഴിയൂ, കാരണം അവന്റെ അച്ഛന്റെ പേര് മമ്മൂട്ടി എന്നാണ്.

Content Highlights : Ranjith About Mammootty Birthday Special Stories Star And Style Dulquer Salmaan