പാതിവഴിക്ക് നിന്നുപോയ ദേവലോകത്തിൽ; അഭ്രപാളി കളർസിനിമയ്ക്ക് വഴിമാറും മുൻപുള്ള കാലത്തിൽ 70-കളിൽ വെളുത്ത ഒറ്റമുണ്ടും കൈമുട്ടുവരെ മടക്കിവെച്ച പശയിടാത്ത വെള്ളഷർട്ടും അലസമായി തുറന്നിട്ട ബട്ടണുകളും കട്ടിമീശയും മുകളിലേക്ക് ചീകിയൊതുക്കിയ മുടിയുമായി മലയാളത്തിലേക്ക് കടന്നുവന്ന നമ്മുടെ സ്വന്തം മമ്മൂട്ടി.

കഥാപാത്ര പൂർത്തീകരണത്തിനായുള്ള വേഷവും ശരീരഭാഷയുമായി മൂന്നു പതിറ്റാണ്ടിന് മുകളിലായി അദ്ദേഹം ഇന്നും നമ്മെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 80-കളുടെ തുടക്കം. 'യവനിക'യിലൂടെ ആദ്യ പോലീസ് വേഷം മമ്മൂക്ക ഗംഭീരമാക്കുകയായിരുന്നു. ആ വേഷത്തിൽ തികച്ചും ഫിറ്റായ ഒരു അപ്പിയറൻസായിരുന്നു മമ്മൂക്കയുടെത്.

പിന്നീട് യവനികമുതൽ സ്ട്രീറ്റ്ലൈറ്റ് വരെയുള്ള പോലീസ് വേഷങ്ങളിൽ അനന്യസാധാരണമായ വൈവിധ്യം കൊണ്ട് അദ്ദേഹം നമ്മളെ അദ്ഭുതപ്പെടുത്തുന്നു. 80-കളുടെ അവസാനത്തോടെ ഒരുപിടി നല്ല മമ്മൂട്ടിസിനിമകളുടെ വരവായി. ഭാവരൂപവേഷാദികളിൽ തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു അവയിൽ.

വടക്കൻപാട്ടിന്റെ ഏടുകളിൽനിന്ന് അടർത്തിയെടുത്ത ഒരു വടക്കൻവീരഗാഥയിൽ ചന്തുവിന്റെ വേഷവിതാനങ്ങളിൽ മമ്മൂട്ടിയെന്ന നടന്റെ പരകായപ്രവേശത്തിന്റെ ആദ്യസ്‌ഫുരണങ്ങൾ നമുക്ക് കാണാനായി.

സി.ബി.ഐ. പരമ്പരകളിലെ ആദ്യ സിനിമ സി.ബി.ഐ. ഡയറിക്കുറിപ്പിലെ നെറ്റിയിലെ ചുവന്ന ചെറിയ കുറിയും അധികം ഇറക്കമില്ലാത്ത കോട്ടൺ ഹാഫ്സ്ലീവ് ഷർട്ടും തീരെ ബെല്ലില്ലാത്ത പാന്റ്സും വെട്ടിയൊതുക്കിയ മുടിയും മീശയും ഗൗരവം കൈവിടാതെ, പിറകിൽ കൈകെട്ടിയുള്ള നടത്തവും സി.ബി.ഐ.യുടെ ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആവുകയായിരുന്നു.

80-കളിലെ സിനിമകൾ മമ്മൂട്ടിയെന്ന നടന്റെ ചെറിയ പരാജയങ്ങൾക്കുശേഷമുള്ള തിരിച്ചുവരവുകൾക്കപ്പുറം ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റുകൂടിയാവുകയായിരുന്നു ന്യൂഡൽഹി എന്ന സിനിമ. ആ കാലത്തിലെ സൂപ്പർ മെഗാഹിറ്റായ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന് വെയ്സ്റ്റ് കോട്ട് ഗെറ്റപ്പും രണ്ടാം പകുതിയിലെ ത്രീ പീസ് സ്യൂട്ടും ജനങ്ങൾ ഏറ്റെടുത്ത് ആഘോഷിച്ചു.
ജോഷിയുടെതന്നെ സംഘത്തിലെ അത്രമേൽ തിളക്കമില്ലാത്ത ജുബ്ബയും മുണ്ടും കുട്ടപ്പായി എന്ന കഥാപാത്രത്തെ എല്ലാതരത്തിലും അനശ്വരമാക്കാൻ മമ്മൂട്ടിക്കായി.

നിറക്കൂട്ടിലെ രവിവർമന്റെ കോളറുള്ള ഇളംനിറങ്ങളിലെ വലിയ ചെക്ക് ഷർട്ടുകളും അസിമെട്രിക്കൻ ലൈൻസുമുള്ള ഷർട്ടുകളും പോക്കറ്റുകളിലെയും ഷോൾഡറുകളിലെയും സ്റ്റൈലൻ പാറ്റേണുകളും വലിയ കൂളിങ്ഗ്ലാസുമെല്ലാം അന്നത്തെ യുവത്വത്തിന്റെ ഹരമായിരുന്നു.
അർഥത്തിലെ ബെൻ നരേന്ദ്രന്റെ ഫ്ളീറ്റഡ് പാന്റ്സും പ്ലെയിൻകളർ ഷർട്ടുകളും ക്ലൈമാക്സിലും സോങ്ങിലുമെല്ലാം ഉപയോഗിക്കുന്ന ബ്ലേസറും ബോ ടൈയും എല്ലാം മമ്മൂട്ടിയെന്ന നടനെ മറ്റൊരു ഭാവതലത്തിലേക്ക് എത്തിക്കുന്നു. കൂളിങ്ഗ്ലാസുകളോട് മമ്മൂക്കയ്ക്കുള്ള പ്രിയത്തിന്റെ സൂചനയുടെ മറ്റൊരു പ്രതീകം കൂടിയായിരുന്നു ഈ സിനിമ.

80-കളിൽ മമ്മൂക്ക പോലീസ് വേഷത്തിലെത്തിയ തന്ത്രവും, അതിരാത്രവും, മനു അങ്കിളും പൂവിനു പുതിയ പൂന്തെന്നലും മമ്മൂട്ടി എന്ന നടന്റെ വിവിധങ്ങളായ വേഷവിതാനങ്ങൾകൊണ്ടും ശ്രദ്ധേയമായി. മമ്മൂട്ടി എന്ന നടന്റെ അഭിനയത്തികവിന്റെയും അംഗീകാരങ്ങളുടെയും സ്റ്റൈലിഷും അല്ലാത്തതുമായ വേഷപ്പകർച്ചകളുടെയും ഒരു കാലയളവായിരുന്നു 90-കൾ.

90-കളുടെ തുടക്കത്തിൽ സാമ്രാജ്യം വെള്ളനിറത്തിലുള്ള ഡയഗണൽ ലൈനുകളുള്ള ഓവർകോട്ടും പാന്റ്സും പുറകിലേക്ക് ചീകിയൊതുക്കിയ ഹെയർസ്റ്റൈലും മനോഹരമായ കൂളിങ്ഗ്ലാസും 90-കളുടെ തുടക്കത്തിലെ അൾട്ടിമേറ്റ് സ്റ്റൈലിങ്ങിന്റെ ഉദാഹരണങ്ങളായി. ബ്ലാക് ആൻഡ് വൈറ്റ് കോമ്പിനേഷനിലെ ത്രീ പീസ് കോട്ടുകളും അതിനോട് ചേർന്നുള്ള സ്കാർഫുകളും അലക്സാണ്ടർ എന്ന കള്ളക്കടത്തുകാരന്റെ സ്റ്റൈലിഷ് വേഷതലത്തിന്റെ ഭാവതലങ്ങൾക്ക് കൂടുതൽ ചാരുതയേകി. കുട്ടേട്ടനിലെയും കളിക്കളത്തിലെയും സ്റ്റൈലിഷ് ഷർട്ടുകളും ടീഷർട്ടുകളും മുന്നിലേക്ക് ചാടിച്ചിട്ട അടിപൊളി ഹെയർസ്റ്റൈലുകളും കൂളിങ്ഗ്ലാസും അന്നത്തെ ക്യാമ്പസ് യുവത്വം ഏറ്റെടുത്ത് ആഘോഷിച്ചു.

മമ്മൂട്ടി ഡബിൾ റോളിൽ വന്ന പരമ്പര എന്ന സിനിമയിലെ പ്രിന്റഡ് കളർഫുൾ ഷർട്ടുകൾ അന്നത്തെ സ്കൂൾ കുട്ടികൾവരെ അനുകരിച്ചിരുന്നു. 'ധ്രുവ'ത്തിലെ നരസിംഹ മന്നാഡിയാർ വളരെ ലൂസായ റൗണ്ട് നെക്ക് ജുബ്ബയും മുണ്ടും രുദ്രാക്ഷമാലയും നെറ്റിയിലെ ചുവന്നു നീണ്ട കുറിയും 90-കളിലെ മാസ് മമ്മൂട്ടി സിനിമകളുടെ ഹൈലൈറ്റ് ഐറ്റം ആയിരുന്നു.

'ജോസഫ് അലക്സ്'- ദ കിംഗിലെ ഗർജിക്കുന്ന സിംഹം. ഇടതുകൈകൊണ്ട് പുറകിലേക്ക് കുറച്ചു നീട്ടിവളർത്തിയ മുടി തട്ടിമാറ്റി സ്റ്റൈൽ ചെയ്ത ഹെയർസ്റ്റൈലും പ്ലെയിൻ വൈറ്റ് കോളറുള്ള പല നിറത്തിലുള്ള ഷർട്ടുകളും ഫൽറ്റഡ് പാന്റ്സുകളും മമ്മൂക്കയും കളക്ടർ വേഷത്തെ മനോഹരമാക്കി.

അലസമായി മടക്കി കേറ്റിവെച്ചിരിക്കുന്ന ഫുൾ സൽവ് ഷർട്ടിന്റെ സ്റ്റൈലും കോളർ ബട്ടണും 'കിംഗ്' സ്റ്റൈലിനു കൂടുതൽ അഴകു നല്കി.

''ചേട്ടാ ഹിറ്റ്ലർ ഷർട്ടുണ്ടോ'' എന്നുചോദിച്ച് കടകൾ തോറും കയറിയിറങ്ങിനടന്ന ഒരുകാലമുണ്ടായിരുന്നു മലയാളയുവത്വത്തിന്. ഓണത്തിനും ക്രിസ്മസിനും എന്നു വേണ്ട എല്ലാ കല്യാണ അടിയന്തരങ്ങൾക്കും ഹിറ്റ്ലറിലെ ഹാഫ് സൽവ് റോസ് സിൽക്ക് ഷർട്ടായിരുന്നു പ്രിയം.
ഹൈവെയ്റ്റ് ജീൻസും കോട്ടൺ പാന്റ്സും സസ്പെന്ററുമായി പൊളിലുക്കിൽ ജോണിവാക്കറിൽ മമ്മൂക്ക വന്നപ്പോൾ കൈയടികളോടെയാണ് മലയാളികൾ സ്വീകരിച്ചത്.

''ഇന്ദ്രപ്രസ്ഥവും സൈന്യവും ഒളിയമ്പുകളും അഴകിയരാവണനും അയ്യർ ദ ഗ്രേറ്റും മമ്മൂട്ടി എന്ന നടന്റെ വിവിധ ഭാവതലങ്ങളുടെയും വേഷപ്പകർച്ചകളുടെയും കുടമാറ്റമായി ജനഹൃദയങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

പോലീസ് ഗുണ്ടയായ ഷൺമുഖനെ രജിസ്റ്റർ ചെയ്യാൻ ഇതിനപ്പുറം എന്തുണ്ട് വേഷം എന്ന ചോദ്യം അപ്രസക്തമാണ്. സിനിമയിലുടനീളം സെയിം പാറ്റേണിലെ ഡ്രസ്സുകളുമായി വിലസിയ ബ്ലാക്കിലെ കാരിക്കാമുറി ഷൺമുഖനെ ആർപ്പുവിളികളോടെയാണ് മലയാളി പ്രേക്ഷകർ ഏറ്റെടുത്തത്.
അൻവർ റഷീദ് എന്ന ഡയറക്ടറുടെ ഉദയമായിരുന്നു രാജമാണിക്യം. ബെല്ലാരിയിൽനിന്നുവന്ന പോത്തു കച്ചവടക്കാരനായ രാജമാണിക്യത്തിന്റെ യുണീക് സ്റ്റൈലും അപ്പിയറൻസും മലയാളികൾ എന്നും ഓർത്തുവയ്ക്കുന്നതരത്തിലാണ്. കളർഫുൾ, ഇടിവെട്ട് എന്നൊക്കെ പറയാവുന്ന തരത്തിലുള്ള ചൈനീസ് കോളർ ജുബ്ബയും കറുപ്പും ചുവപ്പും നീലയും മഞ്ഞയുമൊക്കെ നിറങ്ങളിലെ സ്വർണക്കരയുള്ളതും ഇല്ലാത്തതുമായ മുണ്ടുകളും കഴുത്തിലിറുകിക്കിടക്കുന്ന തടിച്ച സ്വർണമാലയ്ക്കൊപ്പമുള്ള മറ്റു രണ്ട് മാലകളും ഒരു കൈച്ചെയ്നും അതിനു മുകളിലായുള്ള വളയും മറു കൈയിൽ സ്വർണനിറത്തിലുള്ള വാച്ചും സദാസമയവും ഫിക്സ് ചെയ്തുവെച്ചിരിക്കുന്ന രാജമാണിക്യത്തെ കണ്ട് പ്രേക്ഷകർ ഒന്നടക്കം പറഞ്ഞത് 'ഇവൻ പുലിയാണ് കെട്ടാ' എന്നാണ്.

ബിലാൽ ജോൺ കുരിശിങ്കൽ (ബിഗ് ബി) മമ്മൂക്ക എന്ന നടന്റെ സ്റ്റൈലിഷ് വേഷങ്ങളിലെ മെഗാമാസ് ഐറ്റങ്ങളിൽ ഒന്നായിരുന്നു. സ്വേഡ് (ടംലറല) മെറ്റീരിയലിൽ തീർത്ത ഡബിൾ പോക്കറ്റ് ഷർട്ടും ജീൻസും ലെതർ ജാക്കറ്റും കഴുത്തിലെ കറുത്ത ചരടിനൊപ്പമുള്ള സിൽവർ കളർ ചെയിനും. ഫുൾ സൽവ് ഷർട്ടിന്റെ ഒട്ടും മടക്കി വയ്ക്കാതെ താഴെ കഫ് ബട്ടൺ പോലും ഇടാതെയുള്ള റഫ്ലുക്കും പറ്റെവെട്ടിയ മുടിയും മീശയും കുറ്റിത്താടിയുമെല്ലാം മലയാളികളിൽ രോമാഞ്ചമുണർത്തുന്ന വേഷങ്ങളിൽ ഒന്നായി ചിരകാലം നിലനിൽക്കുമെന്നതിൽ ഒരു സംശയവുമില്ല.

ന്യൂ ജനറേഷൻ സിനിമകളുടെ തുടക്കത്തിൽ വളരെ ഡിഫറന്റായ കളർ പാറ്റേണിലും സ്റ്റൈലിലുമായി വന്ന മമ്മൂട്ടി ചിത്രമായിരുന്നു ഡാഡി കൂൾ സ്വറ്റ് ടീ ഷർട്ടും പേയ്സ്റ്റൽ കളർ ഷർട്ടുകളും ലോവെയ്സ്റ്റ് പാന്റ്സും നാരോ ഫിറ്റ് ജീൻസും എവിയേറ്റർ ഗൽസുമൊക്കെ, മമ്മൂട്ടിയുടെ കൂൾ സ്റ്റൈൽ ന്യൂജനറേഷൻയുവത്വം ഏറ്റെടുക്കുകയായിരുന്നു. ഈ സ്റ്റൈൽ, ബ്രാൻഡഡ് കമ്പനികൾപോലും അനുകരണീയമാക്കി.

പ്രാഞ്ചിയേട്ടനിലെ ലിനൻ കുർത്തയും മുണ്ടും വൈവിധ്യങ്ങളായ ഫ്രെയിമുകളുള്ള സ്പെക്സുകളും മറ്റൊരു ലുക്കിലേക്ക് മമ്മൂക്കയെ എത്തിക്കുകയായിരുന്നു. ബെസ്റ്റ് ആക്ടറിലെ ഹാഫ് സൽവ് പ്രിന്റഡ് പൂക്കൾ ഷർട്ടുകളും നോർമൽ പാന്റ്സും ചെരുപ്പുമൊക്കെയായി അധ്യാപകനിൽനിന്ന്, മുട്ടിനുമുകളിൽ മടക്കിവെച്ച വലിയ ചെക്കുകളും പ്ലെയിൻ നിറത്തിലുള്ള ഷർട്ടുകളും ജീൻസുമൊക്കെയായി ക്വട്ടേഷൻ ഗ്യാങ്ങിന്റെ നേതാവായി വരുന്ന മമ്മൂക്കസ്റ്റൈലും ഗംഭീരമായിരുന്നു.

ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഗ്യാങ്സ്റ്ററിലെ സ്റ്റൈലിഷായ ഷർട്ടുകളും ജാക്കറ്റുകളും കൂളിങ് ഗൽസുകളും മമ്മൂട്ടിയുടെ കിടിലൻ ലുക്കുകളിൽ ഒന്നായിരുന്നു.ഭാസ്കർ ദ റാസ്കലും പതിനെട്ടാം പടിയും കസബയും ഗ്രേറ്റ് ഫാദറും മമ്മൂട്ടിയെന്ന നടന്റെ പ്രായത്തെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള മാസ് സ്റ്റൈലിങ്ങിന്റെ അങ്ങേയറ്റത്തെ ഉദാഹരണങ്ങളായിരുന്നു.

ക്യാരക്ടർ ആവശ്യപ്പെടുന്ന വസ്ത്രധാരണത്തെയും ഭാവചലനങ്ങളെയും ഭാഷയെയും ശരീരത്തിലേക്കും മനസ്സിലേക്കും ആവാഹിക്കാൻ മമ്മൂട്ടിയോളം പോന്ന ഒരു നടൻ കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ ഉണ്ടായിട്ടുണ്ടോ എന്ന് പലവട്ടം ആലോചിക്കേണ്ടിവരും മലയാളിക്കും ഇന്ത്യൻ സിനിമയ്ക്കും.

Content Highlights :mammooty birthday special sameera saneesh about his styles of dressing in movies