ർമകളുടെ താളുകൾ മറിയുമ്പോൾ മനസ്സ് 1989-ലെ മദ്രാസിലേക്ക് വണ്ടികയറും. മദ്രാസ് കേരള സമാജം സ്കൂളിലാണ് പത്താം ക്ലാസുവരെ ഞാൻ പഠിച്ചത്. അന്ന് മദ്രാസിൽ മലയാളംസിനിമകൾ വിരളമായി മാത്രമേ റിലീസ് ചെയ്യാറുള്ളൂ. അതുകൊണ്ടുതന്നെ മമ്മൂട്ടിച്ചിത്രങ്ങളോ മലയാളംസിനിമകളോ തിയേറ്ററിൽനിന്ന് അധികം കാണാൻ കഴിയാറില്ല.

വടക്കൻ വീരഗാഥ ആ വർഷം ഏപ്രിലിൽ ഇറങ്ങി തരംഗമായി. അതോടെ ഞങ്ങൾ കുട്ടികൾക്കിടയിലെ പ്രധാന ചർച്ച മമ്മൂക്ക ഇടുന്ന ഡ്രസ്സുകളെപ്പറ്റിയും അദ്ദേഹം സഞ്ചരിക്കുന്ന കാറിനെപ്പറ്റിയുമൊക്കെയായി. ആയിടെയാണ് സ്കൂളിൽ ഓണാഘോഷം വന്നത്. നഗരത്തിലെ പ്രധാന സ്കൂളായതിനാൽ എല്ലാ വർഷം സിനിമ-സാംസ്കാരിക-രാഷ്ട്രീയരംഗത്തെ പ്രമുഖർ അതിഥികളായെത്തും. ആ വർഷത്തെ അതിഥികളായി നിശ്ചയിച്ചത് മമ്മൂക്കയെയും ഭാരതിരാജയെയുമായിരുന്നു.

മമ്മൂക്ക വരുന്നെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ ബാക്ക് ബെഞ്ചുകാർ ചില പ്ലാനുകൾ തയ്യാറാക്കി. അദ്ദേഹം മൈക്കിനടുത്തെത്തി സംസാരിക്കാൻ തുടങ്ങുന്ന നിമിഷം എല്ലാവരും ഒന്നിച്ച് കൈയടിക്കണമെന്നായിരുന്നു പദ്ധതി. കാരണം അദ്ദേഹത്തിന്റെ സൗന്ദര്യമോ പേഴ്സണാലിറ്റിയോ ഒന്നുമല്ല അന്ന് എന്നെയും സുഹൃത്തുക്കളെയും ആകർഷിച്ചത്. മറിച്ച് ശബ്ദമായിരുന്നു. അത്രയും ഗാംഭീര്യമുള്ള ശബ്ദം അന്ന് മറ്റൊരു നടനിൽനിന്ന് ഞാൻ കേട്ടിട്ടില്ല.

അങ്ങനെ ഓണാഘോഷദിവസമെത്തി. ഞങ്ങളെയെല്ലാം ഞെട്ടിക്കുന്ന രീതിയിലുള്ള ഒരു ഡ്രസിലായിരിക്കും അദ്ദേഹം വരുകയെന്നാണ് പ്രതീക്ഷിച്ചത്. പ്രതീക്ഷകളുടെ ആക്കംകൂട്ടി ഏതാനും നിമിഷങ്ങൾക്കകം ഒരു കോണ്ടസ കാർ വന്നുനിന്നു. എല്ലാവരുടെയും നോട്ടം ഡോറിലേക്കലായി. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച് ഒരു വെള്ളമുണ്ടും പൂക്കളുടെ ഡിസൈനുള്ള ഒരു സാധാരണ ഷർട്ടും ധരിച്ച് മമ്മൂക്ക ഇറങ്ങി. പക്ഷേ, അപ്പോഴും അദ്ദേഹത്തിന് ചുറ്റും ഒരു ഓറ (തേജസ്സ്) ഉണ്ടായിരുന്നു. വേദിയിൽ ആദ്യം സംസാരിച്ചത് ഭാരതിരാജയായിരുന്നു. അദ്ദേഹം സംസാരം അവസാനിപ്പിച്ച നിമിഷം ഞങ്ങൾ റെഡിയായി. മമ്മൂക്ക പറഞ്ഞ ആദ്യ വാക്കിന് ഞങ്ങൾ എഴുന്നേറ്റ് കൈയടിച്ചു. ആ കൈയടി ഇന്നും ഓരോതവണ മമ്മൂക്കയെ കാണുമ്പോഴും ഹൃദയത്തിൽ മുഴങ്ങും.
കൂടെയുണ്ട് കരുതൽ...

മമ്മൂക്കയെ പിന്നീട് കാണുന്നത് ചെന്നൈ എ.വി.എം. സ്റ്റുഡിയോയിൽവെച്ചാണ്. അന്ന് അവിടെ ഏതോ സിനിമയുടെ ഷൂട്ടിന്റെ സെറ്റിൽ മമ്മൂക്കയുണ്ടായിരുന്നു. ഞാൻ ആ സെറ്റിനരികിൽ പോയി ദൂരെ മാറിനിന്ന് മമ്മൂക്കയെ കണ്ടു. പിന്നെയും കുറെക്കാലമെടുത്തു ഒന്നുപരിചയപ്പെടാൻ. സീരിയലിൽനിന്ന് ചെറിയ വേഷങ്ങളിലൂടെ ഞാൻ സിനിമയിലേക്കെത്തിയതോടെയാണത്. രാക്ഷസരാജാവ്, വജ്രം തുടങ്ങിയ മമ്മൂട്ടി സിനിമകളിൽ ഞാനുണ്ടായിരുന്നു. രാക്ഷസരാജാവിലെ വില്ലൻവേഷം അക്കാലത്ത് എനിക്ക് ലഭിച്ച വലിയ ബ്രേക്കായിരുന്നു. സിനിമയിലെത്തിയോടെ മമ്മൂക്കയുമായി അടുത്ത് പെരുമാറാൻ അവസരങ്ങൾ കിട്ടി. അന്ന് പ്രധാനമായും ഞാൻ വില്ലൻ കഥാപാത്രങ്ങളാണ് ചെയ്യാറുള്ളത്. മമ്മൂക്ക അപ്പോൾ എന്നോട് പറയും ''ഡാ, ചുമ്മാ നിന്ന് സ്ഥിരം അടിവാങ്ങാതെ ഒന്ന് മാറ്റിപ്പിടിക്കെന്ന്.'' അന്നുതൊട്ടേ മമ്മൂക്കയുടെ അടുത്തുപോയി ഇരിക്കാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം കിട്ടിയിരുന്നു.

മിക്കവാറും ദിവസങ്ങളിൽ വീട്ടിൽനിന്ന് സെറ്റിലേക്ക് വരുമ്പോൾ അദ്ദേഹം ഞാനടക്കമുള്ളവർക്കുകൂടി ഭക്ഷണം കരുതും. ആയൊരു കരുതലാണ് മമ്മൂക്ക. ഏത് വിഷയമായാലും അദ്ദേഹത്തിന്റെ അഭിപ്രായം തുറന്നുപറയും. ചിലരുടെ മനസ്സിൽ ഒന്നും മുഖത്ത് മറ്റൊന്നുമായിരിക്കും എന്നാൽ മമ്മൂക്ക മനസ്സിലുള്ളത് മുഖത്ത് കാണിക്കും. ശുദ്ധനായ മനുഷ്യർക്ക് മാത്രമേ അങ്ങനെ സാധിക്കുകയുള്ളൂ. ഏത് വിഷയത്തെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്. അത് ചരിത്രമായാലും സിനിമയായാലും എല്ലാം. അദ്ദേഹവുമായുള്ള സംസാരത്തിൽനിന്ന് ഞാനത് മനസ്സിലാക്കിയിട്ടുണ്ട്. അറിവിന്റെ സർവകലാശാല എന്നദ്ദേഹത്തെ വിശേഷിപ്പിക്കാം. പാട്ടിന്റെ കാര്യത്തിൽ അദ്ദേഹം ഒരു ഗായകനോ സ്റ്റേജ് പെർഫോമറോ അല്ല. എന്നാൽ അപൂർവമായ പാട്ടുകളുടെ വലിയൊരു ശേഖരം അദ്ദേഹത്തിന്റെ കൈയിലുണ്ട്. ഹിന്ദി, മലയാളം, തമിഴ് അങ്ങനെ വിവിധ ഭാഷകളിലെ പാട്ടുകളുടെ അപൂർവശേഖരം.

Mammootty and Suresh Krishna

വഴിത്തിരിവുകളിൽ എപ്പോഴും

എന്റെ സിനിമാ കരിയറിലെ നിർണായക വഴിത്തിരിവുകളെല്ലാം മമ്മൂട്ടി സിനിമകളിലൂടെയായിരുന്നു. ഹരിഹരൻ സാറിന്റെ പഴശ്ശിരാജ, ഷാജി എൻ. കരുൺ സാറിന്റെ കുട്ടിസ്രാങ്ക് എന്നീ ചിത്രങ്ങളാണ് എന്റെ കരിയറിൽ ബ്രേക്ക് സമ്മാനിച്ചത്. ഇവ രണ്ടിലും മമ്മൂക്കയായിരുന്നു നായകൻ.

വില്ലൻവേഷങ്ങൾ മാത്രം ചെയ്തുനടന്ന ഞാൻ ഈ രണ്ട് സിനിമകളും ആദ്യാവസാനം മമ്മൂക്കയോടൊപ്പം ക്യാരക്ടർ റോളിൽ നിറഞ്ഞുനിന്നു. പഴശ്ശിരാജയിൽ കൈതേരി അമ്പു മരിക്കുന്ന സീനിലെ ശബ്ദക്രമീകരണം മമ്മൂക്ക കൃത്യമായി വിശദീകരിച്ച് തന്നിരുന്നു. അതിനുശേഷം ഒരുപാട് ക്യാരക്ടർ റോളുകൾ എന്നെത്തേടിയെത്തി. പോയവർഷം കോമഡിറോളുകളിലേക്കുള്ള എന്റെ രംഗപ്രവേശനം മമ്മൂട്ടി നായകനായ ഗാനഗന്ധർവനിലൂടെതന്നെയായത് കാലത്തിന്റെ മായാജാലമാകാം.

കാത്തിരിപ്പ്

പഴശ്ശിരാജയുടെ ഷൂട്ടിനിടെ അദ്ദേഹം പുതിയൊരു ബി.എം.ഡബ്ലു. കാർ വാങ്ങിച്ചു. കാർ കൊച്ചിയിലെ വീട്ടിലെത്തിയെങ്കിലും ഷൂട്ടിലായതിനാൽ അദ്ദേഹം കണ്ടിരുന്നില്ല. ഷൂട്ടിന് കുറച്ച് ദിവസത്തെ ഇടവേള വന്നപ്പോൾ ഞാനും മമ്മൂക്കയും ഒരുമിച്ച് കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് വിമാനം കയറി.

പുതിയ കാർ ഓടിക്കാനുള്ള ആവേശം എനിക്ക് അദ്ദേഹത്തിൽ കാണാമായിരുന്നു. നമുക്ക് ഒരുമിച്ച് എന്റെ പുതിയ കാറിൽ പോകാമെന്ന നിർദേശം വിമാനത്തിൽവെച്ച് അദ്ദേഹം എന്റെ മുന്നിൽവെച്ചു. എന്റെ കാർ എയർപോർട്ടിൽ പാർക്കിങ് ഏരിയയിൽ കിടക്കുകയാണെന്നും അതുകൊണ്ട് മമ്മൂക്കയ്ക്കൊപ്പം കാറിൽ വരാൻ കഴിയില്ലെന്നും ഞാൻ വിഷമം അറിയിച്ചു. അത് സാരമില്ലെന്നും സുരേഷിന്റെ കാർ എന്റെ ഡ്രൈവർ എടുത്ത് വന്നോട്ടെ എന്ന് മമ്മൂക്ക പറഞ്ഞു. ഇത് കേട്ടപ്പോൾ എനിക്കും സന്തോഷം. എന്നാൽ വിമാനമിറങ്ങിയപ്പോൾ എന്റെ ലഗേജുകൾ കിട്ടാൻ വൈകി.

മമ്മൂക്ക എന്നെയും കാത്തുനിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി ഞാൻ പറഞ്ഞു. എന്നെ കാത്തുനിന്ന് മമ്മൂക്ക സമയം കളയേണ്ടതില്ല, ഞാൻ എത്തിക്കോളാം. ''അതൊന്നും സാരമില്ല. ലഗേജ് ഇപ്പോൾ വരുമെന്ന്'' പറഞ്ഞ് അദ്ദേഹം അവിടെത്തന്നെ ഇരുന്നു. അതിനിടയ്ക്ക് ചെന്നൈ-കൊച്ചി വിമാനം വരുകയും കുറെ മലയാളി യാത്രക്കാർ പുറത്തേക്ക് എത്തുകയും ചെയ്തു. മമ്മൂക്കയെ കണ്ട ഉടൻ അവർ ഫോട്ടോ എടുക്കാനും പരിചയപ്പെടാനുമായി പൊതിഞ്ഞു. അപ്പോഴും ഒരു അസ്വാരസ്യവും പ്രകടിപ്പിക്കാതെ മമ്മൂക്ക നിന്നു.

അവസാനം എന്റെ ലഗേജുകൾ വന്നശേഷം എന്നെയും കൂട്ടി അദ്ദേഹത്തിന്റെ കാറിൽ ഞങ്ങൾ വീട്ടിലേക്ക് പോയി. അദ്ദേഹത്തിനെ പോലൊരു സൂപ്പർതാരത്തിന് എന്നെ കാത്തുനിന്ന് സമയംകളയേണ്ട ആവശ്യമില്ല. എന്നാൽ പറഞ്ഞ വാക്കിന് അദ്ദേഹം നൽകുന്ന വില വളരെ വലുതാണെന്നാണ് ഈ സംഭവം ഓർമിപ്പിക്കുന്നത്.

Mammootty and Sureshkrishna 2

മെഗാസ്റ്റാർ

മമ്മൂക്കയ്ക്ക് മുൻപ് മലയാളത്തിൽ ഒരു മെഗാസ്റ്റാർ ഉണ്ടായിരുന്നതായി എനിക്കറിയില്ല. മമ്മൂക്കയ്ക്കുശേഷവും ആ പദവിയിലേക്ക് മറ്റൊരാൾ വരുമെന്നും തോന്നുന്നില്ല. കാരണം ജീവിതം തന്നെ സിനിമയ്ക്കായി മാറ്റിവയ്ക്കുക എന്നത് ചെറിയകാര്യമല്ല. ഭൂരിഭാഗം ആളുകളും അഭിനയിച്ച് കുറച്ച് കാശൊക്കെ കിട്ടിയാൽ കണ്ണിൽക്കണ്ട ഭക്ഷണമൊക്കെ കഴിച്ച് ജീവിതം ആഘോഷിച്ച് ചെറിയകാലത്തിൽ അസ്തമിക്കും. എന്നാൽ ഇദ്ദേഹം ഇപ്പോഴും ആരോഗ്യം കാത്തുസൂക്ഷിക്കാനെടുക്കുന്ന ചിട്ടകൾ കണ്ടാൽ നമ്മൾ അദ്ഭുതപ്പെട്ടുപ്പോകും.

മമ്മൂട്ടി മുഖ്യമന്ത്രിവേഷത്തിലെത്തുന്ന വൺ എന്ന സിനിമയിലാണ് ഞാൻ അടുത്തയിടെ അഭിനയിച്ചത്. അതിൽ അഴിമതി നടത്തുന്ന നെഗറ്റീവ് ടച്ചുള്ള എം.എൽ.എ. വേഷമാണെനിക്ക്. ഞാൻ സെറ്റിൽവെച്ച് മമ്മൂക്കയോട് പറഞ്ഞു ''ഗാനഗന്ധർവനിൽ ഒന്ന് നന്നായി വന്നതേയുള്ളൂ മമ്മൂക്ക, അപ്പോഴേക്കും വീണ്ടും പിടിച്ച് അഴിമതിക്കാരനാക്കി എന്ന്.'' അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു 'ഡാ, അത് കുഴപ്പമില്ല. നമ്മളെ അതിനും പറ്റും ഇതിനും പറ്റും എന്ന രീതിയിൽ പോവുകയാണെങ്കിൽ നല്ലതല്ലേ' എന്ന്. മദ്രാസിലെ സ്കൂളിൽ മമ്മൂക്കയുടെ പ്രസംഗംകേട്ട് എണീറ്റുനിന്ന് കൈയടിച്ച ആ പത്താംക്ലാസുകാരൻ ഫോൺ വിളിച്ചാൽ മമ്മൂക്ക ഇന്ന് മറുതലയ്ക്കുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലോ കാരവാനിലോ ഏത് സമയവും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാം കാലം സമ്മാനിച്ച സൗഭാഗ്യങ്ങളാണ്.

ഒരു അഭിനേതാവ് എങ്ങനെ ആരോഗ്യം, വ്യക്തിജീവിതം, കുടുംബം എല്ലാം കാത്തുസൂക്ഷിക്കണമെന്നതിന് മമ്മൂക്കയൊരു പാഠപുസ്തകമാണ്. അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞു എന്നതുതന്നെ ഞാൻ ചെയ്ത പുണ്യം.

Content Highlights :actor suresh krishna special on mammooty birthday