മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ വേറിട്ട സമ്മാനമൊരുക്കി 'വെള്ളരിക്കാപട്ടണം'സിനിമയുടെ അണിയറപ്രവർത്തകർ. ചിത്രത്തിലെ പ്രധാന താരങ്ങളായ മഞ്ജുവാര്യരും സൗബിൻ ഷാഹിറും മമ്മൂട്ടിയുടെ സിനിമകളിൽ നിന്നുള്ള രംഗങ്ങൾക്കൊത്ത് അണിനിരക്കുന്ന മോഷൻ പോസ്റ്ററാണ് ഇവർ ഒരുക്കിയത്. ‌ പോസ്റ്റർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.

ഒരു വടക്കൻവീരഗാഥ,വിധേയൻ,അമരം,രാജമാണിക്യം എന്നീ ചിത്രത്തിലെ രംഗങ്ങളാണ് മോഷൻ പോസ്റ്ററിലുള്ളത്. ചന്തുവായും,പട്ടേലറായും,അച്ചൂട്ടിയായും,ബെല്ലാരി രാജയായും മഞ്ജു വാര്യർ എത്തുമ്പോൾ ആരോമലുണ്ണി,തൊമ്മി,രാഘവൻ,ചാമിയാർ എന്നീ കഥാപാത്രങ്ങളായാണ് സൗബിൻ പോസ്റ്ററിലുള്ളത്. അവസാനം ചിത്രത്തിന്റെ സസ്‌പെൻസ് ഒളിപ്പിച്ചുവച്ചിരിക്കുന്നതുപോലെ പ്രെയ്‌സ് ദി ലോഡ് എന്ന സിനിമയിൽ നിന്നുള്ള ഡയലോഗുമുണ്ട്. പശ്ചാത്തലത്തിൽ മമ്മൂട്ടിയുടെ ശബ്ദത്തിലുള്ള സംഭാഷണങ്ങൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

'കേരളം ലോകസിനിമയ്ക്ക് നല്കിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് മമ്മൂക്ക. അഭിനയത്തിൽ അദ്ദേഹം അരനൂറ്റാണ്ട് പിന്നിടുന്ന ഈ സമയത്തുവരുന്ന പിറന്നാളിന് പ്രത്യേകതയുണ്ട്. മമ്മൂക്കയോടുള്ള ആദരവ് എങ്ങനെ പ്രേക്ഷകരിലേക്കെത്തിക്കും എന്ന ആലോചനയിൽ പിറന്നതാണിത്'-'വെള്ളരിക്കാപട്ടണ'ത്തിന്റെ സംവിധായകൻ മഹേഷ് വെട്ടിയാർ പറയുന്നു. 'മമ്മൂക്കയുടെ സിനിമകളിൽ നിന്ന് നാലെണ്ണം തിരഞ്ഞെടുക്കുക എന്നത് അസാധ്യമായ കാര്യമാണ്. എങ്കിലും പ്രേക്ഷകപ്രീതി നേടിയതും ഞങ്ങളുടെ സിനിമയുടെ ആശയത്തോട് ചേർന്നുനില്കുന്നതുമായവയിൽ നിന്ന് നാലെണ്ണം മാത്രം ഉപയോഗിക്കുകയായിരുന്നു. ഡ്യുവൽ എന്ന ആശയമായിരുന്നു മാനദണ്ഡം'-മഹേഷ് പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ കാരണം നീണ്ടുപോയ 'വെള്ളരിക്കാപട്ടണ'ത്തിന്റെ ചിത്രീകരണം മഞ്ജുവാര്യരും സൗബിനും ഇപ്പോൾ അഭിനയിക്കുന്ന ചിത്രങ്ങൾ പൂർത്തിയായാലുടൻ തുടങ്ങും. ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ്. ഗൗതംശങ്കർ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പുഭട്ടതിരിയും അർജുൻ ബെന്നും ചേർന്ന് നിർവഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. എ.ആർ.റഹ്മാനോടൊപ്പം പ്രവർത്തിക്കുന്ന സച്ചിൻ ശങ്കർ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷൻ ഡിസൈനർ. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്ററും ശ്രദ്ധനേടിയിരുന്നു. അനിൽകപൂർ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രമുഖർ ഇത് പങ്കുവയ്ക്കുകയും ചെയ്തു.വാർത്ത പ്രചരണം-എ എസ് ദിനേശ്.

content highlights : Vellarikkappattanam movie teams birthday gift to mammootty starring manju warrier and soubin