കൊച്ചി: മനസ്സു നിറയെ കടൽ പോലെ ഇരമ്പുന്ന സ്വപ്‌നങ്ങളുമായാണ് അയാൾ നാല്‌ പതിറ്റാണ്ടു മുമ്പ് അയാളെ തേടിപ്പോയത്. ഖൊർഫുക്കാനിലെ തിരമാലകളെ അതിജീവനമെന്ന സ്വപ്‌നത്തിന്റെ കരുത്തിൽ തോല്പിച്ച ആദ്യ പ്രവാസിയുടെ നനഞ്ഞ വിരലുകളുടെ സ്പർശം അനുഗ്രഹമായി ആ നേരത്ത് അയാളെ പൊതിഞ്ഞിരുന്നുവോ? പ്രവാസികളുടെ സ്വപ്‌നങ്ങളുടെ കഥ പറയുന്ന ‘വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ’ എന്ന സിനിമയുടെ വെള്ളിത്തിരയിൽ തെളിഞ്ഞ അയാളുടെയും അയാളുടെയും പേരുകൾ കാലം ഇങ്ങനെ അടയാളപ്പെടുത്തുന്നു, മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി, മലയാളത്തിലെ ശ്രദ്ധേയനായ നിർമാതാവ് വി.ബി.കെ. മേനോൻ. മമ്മൂട്ടിയുടെ ആദ്യ സിനിമയായ വിൽക്കാനുണ്ട് സ്വപ്‌നങ്ങളുടെ നിർമാതാവായ വി.ബി.കെ. മേനോൻ ഇപ്പോൾ എറണാകുളം കടവന്ത്രയിലെ വീട്ടിലുണ്ട്.

ചെന്നൈയിലെ കണ്ടുമുട്ടൽ

സിനിമ റിലീസാകുന്നതിനു മുമ്പാണ് ഒരു ദിവസം ചെന്നൈ കോടമ്പാക്കത്തെ ഹോട്ടലിൽ വെച്ച് മമ്മൂട്ടിയെ ആദ്യമായി നേരിൽ കാണുന്നതെന്നു മേനോൻ പറയുന്നു. “ക്യാമറാമാൻ രാമചന്ദ്ര ബാബുവുമൊത്താണ് മമ്മൂട്ടി അന്ന്‌ ഹോട്ടലിൽ എന്നെ കാണാൻ വന്നത്. ‘കലക്കീട്ട്ണ്ട് മമ്മൂട്ടി, ഡെഫിനിറ്റ്‌ലി നന്നായി വരും’ എന്നായിരുന്നു അന്ന്‌ ആ കൈകൾ പിടിച്ചുകുലുക്കി ഞാൻ പറഞ്ഞത്. കൺമുന്നിൽ മമ്മൂട്ടി എന്ന താരം ആകാശത്തോളം വളരുമ്പോൾ അഭിമാനവും സന്തോഷവും തോന്നി. നാൽക്കവല, ദുബായ് തുടങ്ങിയ സിനിമകളും ഞങ്ങൾ ഒന്നിച്ചു ചെയ്തു. മമ്മൂട്ടി വലിയ ജാഡക്കാരനാണെന്നൊക്കെ പലരും പറയാറുണ്ട്. എന്നാൽ അദ്ദേഹം വളരെ ശുദ്ധനായ മനുഷ്യനായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്” - മേനോൻ പറഞ്ഞു.

ഷാർജയിലെ വിമാനത്താവളം

വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന സിനിമ എടുക്കാൻ ഏറെ പ്രതിസന്ധികളും നേരിട്ടു. “ഖൊർഫുക്കാൻ കടൽത്തീരത്തേക്കു നീന്തിക്കയറി പ്രവാസത്തിന്റെ ആദ്യ കൊടി നാട്ടിയ പ്രവാസിയെ ഓർമിച്ചു വേണം ഈ സിനിമ കാണാനെന്നു പലരും പറഞ്ഞിട്ടുണ്ട്. ദുബായിൽ ഒരു സിനിമ എടുക്കാമെന്നു പറഞ്ഞപ്പോൾ എല്ലാവരും അതു തീക്കളിയാകുമെന്നാണ് എന്നോടു പറഞ്ഞത്. അവിടത്തെ നിയമങ്ങളുടെ കാർക്കശ്യം ഒരു വശത്ത്. സിനിമയുടെ ചിത്രീകരണത്തിനു വേണ്ട വലിയ സാമ്പത്തികം മറ്റൊരു വശത്ത്. ഇതിനിടയിൽപ്പെട്ട്‌ ഞാൻ ആത്മഹത്യ ചെയ്യുമെന്നുവരെ പറഞ്ഞവരുണ്ട്. രണ്ടു ലക്ഷം രൂപയ്ക്കുള്ള ദിർഹം കൊടുത്താണ് അന്നു ഞാൻ ദുബായ് ഷേഖിൽ നിന്നു ഷൂട്ടിങ്ങിനുള്ള അനുമതി വാങ്ങിയത്.

നിർമാണം പൂർത്തിയായെങ്കിലും പ്രവർത്തനം തുടങ്ങാത്ത ഷാർജ വിമാനത്താവളത്തിലെ ഷൂട്ടിങ് ഒക്കെ വലിയ കടമ്പയായിരുന്നു. റൺവേയിൽ കിടന്നിരുന്ന സിറിയൻ എയർലൈൻസിന്റെ കാർഗോ വിമാനം ഉപയോഗിച്ചാണ് പശ്ചാത്തലം ഒരുക്കിയത്. അറബി വേഷധാരികളായ യാത്രക്കാരെ ഒരുക്കാനും നന്നായി ബുദ്ധിമുട്ടി. എന്നോടൊപ്പം സുകുമാരൻ, ബഹദൂർ, ശ്രീവിദ്യ, ശ്രീലത, എം.ടി., ആസാദ്, രാമചന്ദ്രബാബു എന്നിവർ മാത്രമാണ് ക്രൂവായി കൂടെയുണ്ടായിരുന്നത്. ലൊക്കേഷൻ അറേഞ്ച്‌മെന്റും ഭക്ഷണമുണ്ടാക്കലും ഡ്രൈവിങ്ങും ഫിനാൻസും എന്നുവേണ്ട എല്ലാ വേഷവും സ്വയം ചെയ്താണ് അന്ന് ആ സിനിമ പൂർത്തിയാക്കിയത്”. മേനോൻ മമ്മൂട്ടിയുടെ ആദ്യ സിനിമയുടെ പിറവിയുടെ കഥ പറഞ്ഞു.

അവസാനിക്കാത്ത സ്വപ്‌നങ്ങൾ

മമ്മൂട്ടി സ്വപ്‌ന സമാനമായ യാത്ര തുടരുമ്പോൾ നിറഞ്ഞ സന്തോഷത്തിലാണ് മേനോൻ. “മമ്മൂട്ടിയുടെ സ്വപ്‌നയാത്രയിൽ എനിക്ക് ഒരത്ഭുതവും തോന്നുന്നില്ല. ആദ്യ സിനിമയിൽ തന്നെ എനിക്ക്‌ അതു ബോധ്യപ്പെട്ടിരുന്നതാണ്. പ്രായം ആ മനുഷ്യനിൽ ഒരു പോറൽ പോലുമേൽപ്പിക്കില്ല. ജീവിതത്തിൽ വളരെ അച്ചടക്കമുള്ള ഒരാളാണ് മമ്മൂട്ടി. ഫിറ്റ്‌നസിലും ഭക്ഷണത്തിലുമൊക്കെ അദ്ദേഹം വളരെ ശ്രദ്ധിക്കുന്നു. കഠിനാധ്വാനത്തിലും അർപ്പണ ബോധത്തിലും അദ്ദേഹത്തെ വെല്ലാൻ ഒരാളില്ല. അദ്ദേഹത്തിന്‌ ഇനിയും ഒരുപാടു ദൂരം സഞ്ചരിക്കാനുണ്ട്. കഥാപാത്രങ്ങളെ തേടിയുള്ള സഞ്ചാരമാണ് എന്നും മമ്മൂട്ടിയുടെ ജീവിതം”. സംസാരം നിർത്തുമ്പോൾ മേനോൻ ഒരു കാര്യം കൂടി പറഞ്ഞു, “മമ്മൂട്ടിയുടേത്‌ ഒരിക്കലും വിൽക്കാത്ത സ്വപ്‌നങ്ങളാണ്”.

content highlights : Producer VBK Menon about Mammootty Vilkkanund swapnangal movie