നാല് പതിറ്റാണ്ടിലേറെയായി മലയാളിയുടെ ദൈനംദിന ജീവിതത്തിൽ മമ്മൂട്ടിയെന്ന മനുഷ്യൻ ഇടപെട്ടുകൊണ്ടേയിരിക്കുന്നു. മമ്മൂട്ടിയുടെ മുഖം കാണാത്ത, ശബ്ദം കേൾക്കാത്ത ഒരുദിവസംപോലും മലയാളിക്ക് ഉണ്ടാവില്ല. ചിലപ്പോൾ അച്ഛന്റെ മുഖമാണയാൾക്ക്. മറ്റുചിലപ്പോൾ ജ്യേഷ്ഠന്റെയോ ഭർത്താവിന്റെയോ മകന്റെയോ ഭാവം. കേരളത്തിലെ എല്ലാ ജില്ലകളിലെയും നാടുകളിലെയും സംസാരഭാഷ അയാൾക്ക് വഴങ്ങുന്നു. ഇങ്ങനെ ഓരോരുത്തരോടും അവരുടെ ഭാഷയിൽ സംസാരിക്കുന്നതുകൊണ്ടുകൂടിയാവും നമുക്ക് മമ്മൂട്ടി ഇത്രയ്ക്ക് പ്രിയങ്കരനായി മാറിയത്. അഞ്ചു വയസ്സുകാരൻ തൊട്ട് എൺപത് പിന്നിട്ട മുത്തശ്ശി വരെ സ്നേഹത്തോടെ അയാളെ ‘മമ്മൂക്ക’ എന്നു വിളിക്കുന്നു. മലയാളിക്ക് അദ്ദേഹത്തോടുള്ള ഇഷ്ടവും സ്നേഹവും ആരാധനയുമെല്ലാം ആ വിളിയിൽ അലിഞ്ഞുചേർന്നിട്ടുണ്ട്.