മട്ടാഞ്ചേരി: ‘ഞങ്ങൾ മൂന്നുപേരാണ് ആ സീനിൽ ഓടിയത്; ബഹദൂറും മമ്മൂട്ടിയും പിന്നെ ഈ ഞാനും. എനിക്ക് ഒരു ചെറിയ ഡയലോഗുമുണ്ടായിരുന്നു. മമ്മൂട്ടി എന്ന മഹാ നടനൊപ്പമാണ് അന്ന് ഞാൻ ഓടിയതെന്ന് കുറെക്കാലം കഴിഞ്ഞാണ് അറിഞ്ഞത്’- ഫോർട്ട്‌കൊച്ചിക്കാരൻ പീച്ചേരി സേവ്യർ പറയുന്നു. മഹാ നടൻ മമ്മൂട്ടി മുഖം കാട്ടിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയെക്കുറിച്ചാണ് സേവ്യർ പറയുന്നത്.

ആലപ്പുഴയിലായിരുന്നു ഷൂട്ടിങ്. അന്ന് ഫോർട്ട്‌കൊച്ചി സൈന തിയേറ്ററിൽ ടിക്കറ്റ് ക്ലർക്കായിരുന്നു സേവ്യർ. തിയേറ്റർ നടത്തിയിരുന്ന അബ്ദു വഴിയാണ് സിനിമാ ലൊക്കേഷനിലെത്തിയത്. “ബഹദൂറിന്റെ കട തല്ലിപ്പൊളിക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലണം. അതാണ് സീൻ. ഓട്ടം കഴിഞ്ഞ് ഞാൻ വീട്ടിലേക്കു പോന്നു. മമ്മൂട്ടി എന്ന ആ മനുഷ്യൻ ഓടിക്കൊണ്ടേയിരുന്നു. അത്ഭുതകരമായ വളർച്ചയായിരുന്നു അദ്ദേഹത്തിന്റേത്” - സേവ്യർ പറയുന്നു. കുറെക്കാലം കഴിഞ്ഞ് മമ്മൂട്ടി ഏതോ പത്രത്തിൽ ഒരു ലേഖനമെഴുതി. അപ്പോഴാണ് ആദ്യത്തെ സിനിമയെക്കുറിച്ചു പറഞ്ഞത്.

കൂട്ടത്തിൽ സൈന തിയേറ്ററിൽ ജോലിക്കാരനായ വർഗീസിനൊപ്പമാണ് ആദ്യം അഭിനയിച്ചതെന്നു പറഞ്ഞു. അപ്പോഴാണ് അന്നത്തെ പയ്യന്റെ മുഖം മനസ്സിൽ തെളിഞ്ഞത്. ഞാനാണ് ആ സീനിൽ അഭിനയിച്ചതെന്ന് അപ്പോഴാണ് ഓർമ വന്നത്. മമ്മൂട്ടിക്കൊപ്പമാണ് അന്ന് ഓടിയതെന്ന് വിശ്വസിക്കാനായില്ല.

ചെറിയൊരു പയ്യനായിരുന്നു. പക്ഷേ, ലേഖനത്തിൽ എന്റെ പേര് അദ്ദേഹം തെറ്റായാണ് പറഞ്ഞത്. അങ്ങനെയിരിക്കെ എറണാകുളത്ത് ഒരു ഹോട്ടലിൽ മമ്മൂട്ടി ഉണ്ടെന്നറിഞ്ഞ് സേവ്യർ അവിടെ ചെന്നു. അപ്പോൾ െെകയിൽ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലെ ആ സീനിന്റെ ഫോട്ടോയുമുണ്ടായിരുന്നു. ഫോട്ടോ മമ്മൂട്ടിയെ കാണിച്ചു. മമ്മൂട്ടി ചിരിച്ചു. സൗഹൃദം പങ്കുെവച്ചു.

വീട്ടു വിശേഷങ്ങൾ ചോദിച്ചു. പിന്നീട് ആലുവയിൽ ഷൂട്ടിങ് നടക്കുമ്പോഴും ഒരു ദിവസം അദ്ദേഹത്തെ കാണാൻ ചെന്നു. അപ്പോൾ അദ്ദേഹം എന്നെ ചേർത്തുനിർത്തി, ഫോട്ടോ എടുപ്പിച്ചു.

അതിന്റെ കോപ്പി എനിക്ക് തരാൻ ഫോട്ടോഗ്രാഫറെ ചട്ടം കെട്ടി. കുട്ടിക്കാലത്ത് നാടകത്തിലെത്തിയതാണ് സേവ്യർ. ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനാൽ പീച്ചേരി സേവ്യർ എന്നാണ് അറിയപ്പെട്ടത്. ആ പേരിൽ നൂറുകണക്കിന് നാടക വേദികളിലെത്തി. പിന്നീട് അമ്പതിലേറെ സിനിമകളിൽ ചെറിയ വേഷം ചെയ്തു. സൈന തിയേറ്റർ പിന്നീട് കോക്കേഴ്‌സായി മാറി. അപ്പോഴും സേവ്യർ അവിടെ ജോലിക്കാരനായിരുന്നു.

അടുത്ത കാലത്ത് തിയേറ്റർ പൂട്ടി. അപ്പോൾ ഫോർട്ട്‌കൊച്ചിയിൽ ചെറിയ കടയിൽ ലോട്ടറി ടിക്കറ്റ് വില്പന തുടങ്ങി. ഇപ്പോൾ അതാണ് വരുമാനം. ഒരു സങ്കടമാണ് ബാക്കിയെന്ന് സേവ്യർ പറയുന്നു. ‘എന്നെ തിരിച്ചറിഞ്ഞ ആ നല്ല മനസ്സിന് നന്ദി പറയുന്നു.

പക്ഷേ, എന്റെ പേര് തെറ്റായാണ് അദ്ദേഹം പറഞ്ഞത്. അത് വലിയ തെറ്റൊന്നുമല്ല. ഇക്കാര്യം ഓർത്തതു തന്നെ വലിയ കാര്യമാണ്. എങ്കിലും ഇനി എപ്പോഴെങ്കിലും പറയുമ്പോൾ എന്റെ പേര് ഓർക്കണം. പീച്ചേരി സേവ്യറാണ് ഞാൻ...’ സേവ്യർ പറഞ്ഞുനിർത്തുന്നു.


content highlights : Mammootty birthday special first movie Anubavangal Palichakal co star Peecheri Xavier about megastar