അടിമാലി: മലയാളത്തിന്റെ പ്രിയ നടന് എഴുപതുവയസ്സായി. കുടുംബത്തിനൊപ്പമുള്ള ആഘോഷത്തിന് അദ്ദേഹം മുറിച്ച കേക്ക് ഒരുക്കാന്‍ ഭാഗ്യംലഭിച്ചത് അടിമാലി സ്വദേശിനിയായ ഒരു സംരംഭകയ്ക്കാണ്. അമ്പലപ്പടിയില്‍ 'കേക്ക് ഫോര്‍ യു' എന്ന സ്ഥാപനം നടത്തുകയാണ് അഞ്ജു എന്ന ആ താരം. അഞ്ജു ഫെയ്സ്ബുക്കിലൂടെ സന്തോഷം പങ്കുവെച്ചപ്പോഴാണ് ഇക്കാര്യം നാടറിയുന്നത്.

തിങ്കളാഴ്ച സ്ഥാപനമടച്ച് വീട്ടിലെത്തിയപ്പോഴാണ് അടിമാലി അങ്ങാടിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന അമലിന്റെ കോള്‍ വന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഒരു കേക്കുവേണം. ചൊവ്വാഴ്ച രാവിലെ മമ്മൂട്ടിക്ക് കുടുംബത്തിനൊപ്പം മുറിക്കാന്‍ കേക്കുവേണം. അപ്പോള്‍ സമയം രാത്രി 10. ഒരു മണിക്കൂറിനുള്ളില്‍ കൊടുക്കണം. കാര്യം ഭര്‍ത്താവ് പ്രവീണിനോടുപറഞ്ഞു.

'പിന്നേ... മമ്മുക്ക കേക്കുവാങ്ങിക്കുന്നത് ഈ ഡൂക്കിലി ഷോപ്പില്‍നിന്നല്ലേ... നിന്നെ പറ്റിക്കാനുള്ള നമ്പറായിരിക്കും' എന്ന് അദ്ദേഹം പറഞ്ഞു. വേണോ, വേണ്ടയോ എന്ന് സംശയിച്ചുനില്‍ക്കുമ്പോള്‍ വീണ്ടും ഒരുകോള്‍. ട്രൂകോളറില്‍ അന്‍സാര്‍ എന്നാണ് കാണിച്ചത്.

ഫോണെടുത്തപ്പോള്‍ 'മോളുടെ കൈയില്‍കൊടുക്കാം' എന്നുപറഞ്ഞു. മറുതലയ്ക്കല്‍ മമ്മൂക്കയുടെ മോള്‍ സുറുമി. കേക്ക് ഏതുവേണമെന്ന് പറയുകയായിരുന്നു. 'സിംപിള്‍ വാന്‍ചോ കേക്കുമതി. മുകളില്‍ വൈറ്റ് ഗനാഷ് മാത്രം, ചെറിയ ചോക്ലേറ്റ് ഡെക്കറേഷന്‍ എന്തെങ്കിലുംമതി, ഹാപ്പി ബര്‍ത്ത്‌ഡേ-ബാപ്പി എന്നെഴുതണം.'

അപ്പോള്‍ വിളിച്ചത് ഭാഗ്യമായി. വാപ്പിച്ചി എന്നാണ് അമല്‍ പറഞ്ഞിരുന്നത്. സന്തോഷത്തിനൊപ്പം പേടിയും തോന്നി.

'മമ്മൂക്കയ്ക്ക് കേക്ക്! അതും എഴുപതാംപിറന്നാള്‍ ആഘോഷിക്കാന്‍' കൈയുംകാലും വിറച്ചെങ്കിലും ഒരുമണിക്കൂറിനുള്ളില്‍ കേക്ക് തയ്യാറാക്കാനായി. അവസാനം ചെറിയ ചോക്ലേറ്റ് ഡെക്കറേഷനില്‍ കേക്ക് പായ്ക്കുചെയ്യുമ്പോള്‍ അല്പംകൂടി നേരത്തേ ഓര്‍ഡര്‍ കിട്ടിയിരുന്നെങ്കില്‍ എന്ന നിരാശ മാത്രമായിരുന്നു അഞ്ജുവിന്. എങ്കിലും ജീവിതത്തില്‍ മമ്മൂക്കയെപ്പോലുള്ള മഹാനടന്റെ പിറന്നാളിന്, അതും 70-ാമത് പിറന്നാളിന് കേക്കുനല്‍കാന്‍ സാധിക്കുകയെന്നതില്‍ കവിഞ്ഞൊരു മഹാഭാഗ്യം ഒരു ഹോം ബേക്കറിനെന്തുണ്ടാവാന്‍ എന്ന ചിന്തയിലാണ് ഈ യുവതി.

Content Highlights: Mammootty 70th Birthday, cake for you owner Baker anju shares her experience making Birthday cake