സിനിമാ ജീവിതത്തിൽ അൻപത് വർഷം പിന്നിടുന്ന മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ച് മകനും നടനുമായ ദുൽഖർ സൽമാൻ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധ നേടുന്നു. 50 വർഷം ഏറ്റവും തിളക്കമാർന്നതും മഹത്വമേറിയതുമായ കരിയർ കൊണ്ടുനടക്കാൻ കഴിഞ്ഞു എന്നത് ചെറിയ നേട്ടമല്ലെന്നും സെല്ലുലോയ്‌ഡിന് അപ്പുറത്തുള്ള മമ്മൂട്ടിയെ എന്നും കാണാനും അറിയാനും കഴിയുന്നത് തന്റെ അനുഗ്രഹമാണെന്നും ദുൽഖർ പറയുന്നു.

ദുൽഖറിന്റെ വാക്കുകൾ:

50 വർഷം ഒരു നടനായി ജീവിക്കുക. വലിയ സ്വപ്‍നങ്ങൾ കണ്ട്, പരിശ്രമം അവസാനിപ്പിക്കാതെ, ഓരോ ദിവസവും കൂടുതൽ മെച്ചപ്പെട്ട്, ഒരിക്കലും തൃപ്‍തനാവാതെ, ക്ഷീണിതനവാതെ, അടുത്ത മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അടങ്ങാത്ത വിശപ്പോടെ, ഒരു മെഗാസ്റ്റാർ എന്നതിനേക്കാൾ ഒരു നടനായി അറിയപ്പെടാനുള്ള ആഗ്രഹത്തോടെ, സിനിമയെന്ന കലയെ ഞാൻ കണ്ട മറ്റേതു നടനേക്കാൾ സ്നേഹിച്ച്, ദശലക്ഷങ്ങൾക്ക് പ്രചോദനം നൽകി, തലമുറകളെ സ്വാധീനിച്ച്, അവർക്ക് മാതൃക സൃഷ്‍ടിച്ച്, മാറുന്ന കാലത്തും ചില മൂല്യങ്ങളെ മുറുകെപ്പിടിച്ച്, എപ്പോഴും ബന്ധങ്ങളെ വിലമതിച്ച്, സത്യസന്ധതയ്ക്ക് വിലകൊടുത്ത്, ഒരിക്കലും കുറുക്കുവഴികൾ തേടിപ്പോകാതെ അവനവനോട് മത്സരിച്ച്, ഒരു യഥാർഥ നായകനായി നിലകൊണ്ട്...

സിനിമാജീവിതത്തിൻറെ നാഴികക്കല്ലുകൾ ആഘോഷിക്കുന്നത് അങ്ങയ്ക്ക് ഇഷ്‍ടമല്ലെങ്കിലും ശ്രേഷ്‍ഠമായ ഈ വഴി അൻപത് ആണ്ടുകൾ പിന്നിടുന്നു എന്നത് ചെറിയ നേട്ടമല്ല. എനിക്കു ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച് ഓരോ ദിവസവും ഞാൻ ഓർക്കാറുണ്ട്. കാരണം കാരണം സെല്ലുലോയിഡിന് പുറത്തുള്ള ആ മനുഷ്യനെ എനിക്ക് കാണാനും സ്പർശിക്കാനും കഴിയുന്നു. ആ മഹത്വത്തിനു കീഴെ,ആ വെളിച്ചത്തിൽ ജീവിക്കാൻ കഴിഞ്ഞു, ആളുകൾക്ക് താങ്കളോടുള്ള ഊഷ്മളതയും സ്നേഹവും അനുഭവിക്കുന്നു. താങ്കളോട് അടുത്ത ആളുകളിൽ നിന്ന് താങ്കളുടെ കഥകൾ കേൾക്കാനാവുന്നു. അതേക്കുറിച്ചൊക്കെ ഒരു പുസ്‍തകം തന്നെ എനിക്ക് എഴുതാനാവും. എന്നാൽ ഇപ്പോൾ ഞാൻ ഇതിൽ നിർത്തുന്നു.

സിനിമയുടെ മായാലോകം കണ്ടെത്തിയപ്പോൾ കണ്ണുകൾ വിടർന്ന ഒരു കുട്ടിയുണ്ടായിരുന്നു. അതിന്റെ ഭാഗമാകാൻ സ്വപ്നം കാണുകയും അത് നിരന്തരം പിന്തുടരുകയും ചെയ്തു. . ആദ്യ അവസരം ലഭിച്ചപ്പോൾ തൻറെ മുദ്ര പതിപ്പിക്കാനായി അക്ഷീണനായി അവൻ യത്‍നിച്ചു. സിനിമയ്ക്ക് തന്നെ ആവശ്യമുള്ളതിനേക്കാൾ സിനിമയെ തനിക്കാണ് ആവശ്യമെന്ന് എപ്പോഴും പറഞ്ഞു. എത്ര ഉയരത്തിലെത്തിയാലും ആ കൊടുമുടി പിന്നെയും ഉയരുന്നു. അദ്ദേഹത്തെ അറിയുന്നവർക്ക് അറിയാം, ആ കയറ്റം അദ്ദേഹം ഇപ്പോഴും തുടരുകയാണെന്നും ഒരിക്കലും അവസാനിപ്പിക്കുകയില്ലെന്നും. അദ്ദേഹത്തിന് സാധ്യമായ ഏറ്റവും മികച്ച നടൻ എന്ന പർവതം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

content highlights : dulquer salmaan pens heartfelt note on mammootty celebrating 50 Years in cinema