ആശാ ഭോസ്ലെ എന്ന സ്വന്തം അനുജത്തി ലതാ മങ്കേഷ്‌ക്കറുടെ പ്രതിയോഗിയാണോ? തുടക്കം മുതല്‍ ഈ മങ്കേഷ്‌കര്‍ സഹോദരിമാരുടെ സ്വരചേര്‍ച്ചയില്ലായ്മയേയും മാത്സര്യത്തെയും കുറിച്ച് ബോളിവുഡില്‍ ഒരുപാടു കഥകള്‍ പ്രചരിച്ചിട്ടുണ്ട്; ഇന്നും പ്രചരിക്കുന്നുണ്ട്. വര്‍ഷങ്ങളായി അവര്‍ മിണ്ടാറില്ലെന്നു വരെയുള്ള കിംവദന്തികള്‍. എന്നാല്‍ എന്താണ് വാസ്തവം?
ആശ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്: 'ദീദി എന്റെ പ്രതിയോഗിയാണെന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണ്? സീനിയോറിട്ടിയുടെയോ പാടിയ പാട്ടുകളുടെ എണ്ണത്തിന്റെയൊ അടിസ്ഥാനത്തിലാണോ? ദീദിക്ക് ചെയ്യാന്‍ കഴിയുന്നത് എനിക്ക് ചെയ്യാനായില്ലെന്നു വരാം; അതുപോലെ മറിച്ചും സംഭവിക്കാം. ആദ്യം ചന്ദ്രനിലേക്ക് പോയ രണ്ടുപേരെ പോലെയാണിത്. ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ ആള്‍ക്ക് എല്ലാ പ്രശംസകളും കിട്ടി. എങ്കിലും അത് ആരോഗ്യകരമായ മത്സരമായിരുന്നു. ഞാനെന്നും ദീദിയെ കവച്ചുവയ്ക്കാന്‍ ശ്രമിച്ചിരുന്നു. ആ ശ്രമമാണ് എന്നെ ഇന്നത്തെ സ്ഥിതിയിലെത്തിച്ചത്...'
'ദീദിയുടെ സ്വരം നേര്‍ത്തതാണ്; അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്റേത് സാന്ദ്രവുമാണ്. അവരുടെ ശബ്ദത്തിന് കൂടുതല്‍ മാധുര്യമുണ്ട്. എങ്കിലും തുറന്നു പറഞ്ഞാല്‍ നൂറില്‍ അമ്പതു പേര്‍ ദീദിയുടെ ശബ്ദം ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത്ര തന്നെ ആളുകള്‍ എന്റെ സ്വരവും ഇഷ്ടപ്പെടുന്നവരായിരിക്കും എന്നാണ് എന്റെ അഭിപ്രായം. ഞങ്ങള്‍ക്ക് സ്വന്തമായ സ്ഥാനങ്ങളുണ്ട്.'

വസ്തുനിഷ്ഠമായ വിലയിരുത്തലാണിത്. ലതയുടെ നാദം കൂടുതല്‍ മധുരമാണെന്ന് അംഗീകരിക്കുമ്പോള്‍തന്നെ അതിനെ മാതൃകയാക്കാന്‍ ശ്രമിക്കാത്തതു കൊണ്ടാണ് തനിക്ക് തന്റേതായ വഴി കണ്ടെത്താന്‍ സാധിച്ചതെന്ന് ആശ വിശ്വസിക്കുന്നു. ലതയെ അനുകരിക്കാന്‍ ശ്രമിച്ചവരെല്ലാം വിസ്മൃതിയില്‍ ലയിക്കുകയാണുണ്ടായതെന്ന് ആശയ്ക്കറിയാം. വ്യത്യസ്തമായ സ്വരത്തിലൂടെ, ആലാപനരീതിയിലൂടെ മാത്രമേ ലതയുടെ അശ്വമേധയാത്രയ്ക്ക് സമാന്തരമായ ഒരു സാമ്രാജ്യം പിടിച്ചെടുക്കുവാന്‍ കഴിയുകയുള്ളൂവെന്ന് ആശ മനസ്സിലാക്കി.
ഹിന്ദി സിനിമാരംഗത്തെ പ്രഗത്ഭരായ സംഗീതസംവിധായകരെല്ലാം ലതയുടെ കാള്‍ഷീറ്റിനുവേണ്ടി കാത്തുകിടന്നപ്പോള്‍ സ്വന്തം വഴിയെക്കുറിച്ചുള്ള ബോധ്യമാണ്, ആ വഴിയിലൂടെ യാത്ര തുടരുവാനുള്ള ദൃഢനിശ്ചയവും തന്റേടവുമാണ് ആശാ ഭോസ്ലെയെ ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പിന്നണി ഗായികമാരില്‍ രണ്ടാം സ്ഥാനക്കാരിയാക്കിയത്. ഭാരതരത്‌നമൊഴിച്ചുനിര്‍ത്തിയാല്‍ ലത നേടിയ ദേശീയ ബഹുമതികളെല്ലാംതന്നെ ആശയേയും തേടിയെത്തിയിട്ടുണ്ട് - ഫാല്‍ക്കേ പുരസ്‌കാരമുള്‍പ്പെടെ.
സ്വഭാവത്തിലെ അന്തരം
ലതയും ആശയും തമ്മില്‍ ശബ്ദത്തില്‍ മാത്രമല്ല സ്വഭാവത്തിലും അന്തരമുണ്ട്. പൊതുവേ അന്തര്‍മുഖിയാണ് ലത. സൗമ്യഭാഷിണി. അധികം സംസാരിക്കയില്ല. ആശയാകട്ടെ, പെട്ടെന്ന് പ്രതികരിക്കുന്ന പ്രകൃതക്കാരിയാണ്. തനിക്ക് അനീതിയാണെന്ന് തോന്നുന്ന എന്തിനേയും എതിര്‍ക്കും. സംഗീതജ്ഞനായ അച്ഛനില്‍ നിന്ന് ലതയ്ക്കും തനിക്കും കിട്ടിയ ജന്മസിദ്ധമായ കഴിവാണ് സംഗീതവാസനയെന്ന് ആശയ്ക്കറിയാം. അച്ഛന്‍ മരിച്ചപ്പോള്‍, മൂത്ത കുട്ടിയെന്ന നിലയില്‍ കുടുംബത്തിന്റെ നായികയായി മാറിയ ലതയുടെ തണലിലാണ് ആശ ഉള്‍പ്പെടെ എല്ലാ സഹോദരിമാരും വളര്‍ന്നത്. എങ്കിലും പ്രൊഫഷണല്‍ രംഗത്ത് ആശയ്ക്ക് ലതയുടെ പിന്തുണയുണ്ടായിരുന്നില്ല.
ജമാല്‍ കൊച്ചങ്ങാടിയുടെ ലതാ മങ്കേഷ്‌കര്‍ : സംഗീതവും ജീവിതവും എന്ന പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യുക
വി. ശാന്താറാമിന്റെ 'അന്ധോം കി ദുനിയ' എന്ന ചിത്രത്തില്‍ പാടാന്‍ സംഗീതസംവിധായകന്‍ വസന്ത് ദേശായി ആദ്യമായി ആശയെ ക്ഷണിച്ചപ്പോള്‍, സന്തോഷംകൊണ്ട് മതിമറന്ന്, അമ്മയുടെ അനുവാദംപോലും ചോദിക്കാതെ, റിക്കോര്‍ഡിങ് സ്റ്റുഡിയോവിലേക്ക് പാഞ്ഞുചെന്ന ആശയ്ക്ക്, ഭയാശങ്കകള്‍ കാരണം പാടാന്‍ കഴിഞ്ഞില്ല. പിന്നീട് ആ പാട്ടുകള്‍ പാടിയത് പ്രശസ്ത ഗായിക സൊഹറാബായി അംബേലാവാലിയാണ്. ആകെ നിരാശയായി വീട്ടില്‍ തിരിച്ചെത്തിയ അനുജത്തിയോട് ലത പറഞ്ഞു: 'നിനക്ക് അതു വേണം; ആര്‍ത്തി കാണിച്ചിട്ടല്ലേ?'
ഇതൊക്കെ ഏതു കുടുംബത്തിലായാലും സ്വാഭാവികം മാത്രം. ലതയേക്കാള്‍ നാലുവയസ്സിന്റെ ഇളപ്പമാണ് ആശയ്ക്ക് - രണ്ടുപേരും ജനിച്ചത് സപ്തംബറിലും! ലതയുടെ പിറവി 1929 സപ്തംബര്‍ 29നായിരുന്നെങ്കില്‍ ആശയുടെ ജന്മദിനം 1933 സപ്തംബര്‍ 8. അച്ഛന്‍ മരിക്കുമ്പോള്‍ ലതയ്ക്ക് പതിമൂന്നാണ് വയസ്സ്; ആശയ്ക്ക് ഒന്‍പതും.
1943-ല്‍ മജാബല്‍ എന്ന മറാത്തി ചിത്രത്തില്‍ മങ്കേഷ്‌കര്‍ സഹോദരങ്ങള്‍ അഞ്ചുപേരും - ലത, മീന, ആശ, ഉഷ, ഹൃദയനാഥ് - ഒരു കോറസില്‍ പാടുകയുണ്ടായി: ചലാ ചലാ... മാസാ നവാ ബാലാ... അച്ഛന്‍ മരിച്ചതിന്റെ എട്ടാം ദിവസം സിനിമയിലഭിനയിക്കാന്‍ മുഖത്ത് ചായം തേയ്‌ക്കേണ്ടിവന്ന ലതയോട് ആശയ്ക്ക് എന്നും സ്‌നേഹാദരങ്ങളേ ഉണ്ടായിരുന്നുള്ളൂ. അച്ഛന്റെയും ദീദിയുടെയും പാട്ടുകള്‍ കേട്ട്, സംഗീതമുഖരിതമായ ഒരന്തരീക്ഷത്തിലാണല്ലോ താന്‍ വളര്‍ന്നത്!
കുട്ടിക്കാലത്ത് തടിച്ചുരുണ്ട്, വാത്സല്യം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്നു ആശ. ചുരുണ്ട തലമുടി. നുണക്കുഴികള്‍. ഒരിക്കല്‍ ദീദിയുടെ കൈയില്‍ നിന്നു വീണു, കൈക്കുഞ്ഞായിരുന്ന ആശയുടെ നെറ്റിയില്‍ മുറിവുണ്ടായി. ആ പാട് ഇന്നും അവരുടെ നെറ്റിയിലുണ്ട്; ലത സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ആശയേയും ഒക്കത്തേന്തി ക്ലാസ്സിലിരുത്തി, വാധ്യാരുടെ ശകാരം കേള്‍ക്കേണ്ടിവന്നിട്ടുണ്ട് ലതയ്ക്ക്. ആശയില്ലാതെ സ്‌കൂളില്‍ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് ലത പഠനം തന്നെ അവസാനിപ്പിക്കുകയായിരുന്നത്രെ.
നൂര്‍ജഹാന്‍ നായികയായി അഭിനയിച്ച 'ബഡി മാ' എന്ന ചിത്രത്തില്‍ മങ്കേഷ്‌കര്‍ സഹോദരികളെല്ലാം അഭിനയിച്ചു. ഒരു ബംഗാളി ബാലികയുടെ വേഷമായിരുന്നു ആശയ്ക്ക്. ഈ ചിത്രത്തില്‍ ആശയ്ക്കുവേണ്ടി പിന്നണി പാടിയത് ലതയായിരുന്നു.
(ലത മങ്കേഷ്കർ: സംഗീതവും ജീവിതവും എന്ന പുസ്തകത്തിൽ നിന്ന്)
Content Highlights : sisters latha mangeshkar and asha bhonsle relationship