ന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍ക്ക് രാഷ്ട്രപുത്രി പദവി നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. തൊണ്ണൂറു വയസ്സു തികയുന്ന സെപ്റ്റംബര്‍ 28നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

ഇന്ത്യന്‍ സിനിമാ പിന്നണിഗാനരംഗത്തിന് ഏഴു പതിറ്റാണ്ടുകളായി നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ഈ വിശിഷ്ടപദവി നല്‍കി ആദരിക്കുന്നത്.

ചടങ്ങില്‍ അവതരിപ്പിക്കാനായി ഗാനരചയിതാവ് പ്രസൂണ്‍ ജോഷി ഒരു പ്രത്യേക ഗാനവും ഒരുക്കിയിട്ടുണ്ട്. 'മോദി ലതാജിയുടെ ശബ്ദത്തിന്റെ ആരാധകനാണ്. രാജ്യത്തിന്റെ ആകെ ശബ്ദത്തെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. അവര്‍ക്ക് രാഷ്ട്രം നല്‍കുന്ന  ആദരവാണ് ഈ പദവി.' സര്‍ക്കാരിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയുടെ വാനമ്പാടിയെന്ന് അറിയപ്പെടുന്ന ലത ഹിന്ദിക്ക് പുറമെ മറാഠി, ബംഗാളി, മലയാളം തുടങ്ങി മുപ്പത്തിയാറോളം പ്രാദേശിക ഭാഷകളില്‍ പാടിയിട്ടുണ്ട്. 1989ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചു. 2001ല്‍ ഭാരതരത്നയും. എം.എസ് സുബ്ബലക്ഷ്മിക്കു ശേഷം ഈ പരമോന്നത പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഗായികയാണ് ലതാ മങ്കേഷ്‌ക്കര്‍.

Content Highlights: modi goverment to honour lata mangeshkar daughter of nation