പൈന്‍ മരങ്ങളെ ചുറ്റിവന്ന കാറ്റില്‍ ഒരു പാട്ടിന്റെ ചിറകടിയൊച്ച. മൃദുമന്ത്രണമായി തുടങ്ങി, നിലയ്ക്കാത്ത നാദപ്രവാഹമായി മാറുന്നു അത്. ഗാനാലാപത്തില്‍ മുഴുകി സ്വയം മറന്നുനിന്ന  ദിലീപ് കുമാറിനു മുന്നിലേക്ക്  സ്വപ്നത്തില്‍ നിന്നെന്നവണ്ണം ഒഴുകിയിറങ്ങിവരുന്നു സുന്ദരിയായ വൈജയന്തിമാല. അന്തരീക്ഷത്തില്‍  ലതാ മങ്കേഷ്‌കറുടെ സ്വര്‍ഗീയ സ്വരമാധുരി: ``ആജാരേ പര്‍ദേശി, മേ തോ കബ് സേ ഘടീ ഇസ് പാര്‍ യേ അഖിയാം, ഥക് ഗയി പന്ഥ് നിഹാര്‍.... '' 

പതിറ്റാണ്ടുകള്‍ക്ക്  മുന്‍പ്  ``മധുമതി'' (1958) യിലെ  ആ രംഗം ആദ്യമായി വെള്ളിത്തിരയില്‍ കണ്ടു വിസ്മയിച്ചിരുന്നവരില്‍, പില്‍ക്കാലത്ത് വിശ്രുത സംവിധായകനായി  വളര്‍ന്ന  ഒരു കൗമാരക്കാരനും ഉണ്ടായിരുന്നു --  അടൂര്‍ ഗോപാലകൃഷ്ണന്‍.  ``അറുപതുകളുടെ തുടക്കത്തിലാവണം `മധുമതി'  ആദ്യം കണ്ടത്.  അന്നേ ആ സിനിമയും അതിലെ പാട്ടുകളും മനസ്സില്‍ തങ്ങി.  പിന്നെയും പലതവണ  കണ്ടിട്ടുണ്ട് ആ ചിത്രം. അവസരം കിട്ടിയാല്‍ ഇനിയും കാണുമെന്നുറപ്പ്. ഒരിക്കലും കണ്ടു മടുക്കാത്ത ചിത്രങ്ങളില്‍ ഒന്നാണത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും  ഇഷ്ടപ്പെട്ട പത്തു സിനിമകള്‍ തിരഞ്ഞെടുക്കാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ നിസ്സംശയം തിരഞ്ഞെടുക്കാന്‍ പറ്റുന്ന ഒന്ന്.''  മധുമതിയെ അറുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും നിത്യനൂതനമായ ദൃശ്യാനുഭവമായി നിലനിര്‍ത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം, ബിമല്‍ റോയിയിലെ സംവിധായകന്റെ  മാന്ത്രിക സ്പര്‍ശം തന്നെ എന്ന് വിശ്വസിക്കുന്നു അടൂര്‍. ഒപ്പം അണിയറയിലെ പകരം വെക്കാനില്ലാത്ത ആ പ്രതിഭാസംഗമവും. ഋഥ്വിക് ഘട്ടക്ക് (കഥ), രജീന്ദര്‍ സിംഗ് ബേദി (സംഭാഷണം), ദിലീപ് ഗുപ്ത  (ഛായാഗ്രഹണം), ഋഷികേശ് മുഖര്‍ജി (ചിത്രസംയോജനം), ശൈലേന്ദ്ര (ഗാനരചന), സലില്‍ ചൗധരി (സംഗീതം)...

``പൊതുവെ  സിനിമയില്‍ അഭിനേതാക്കള്‍ പാടി അഭിനയിക്കുന്നതിനോട് യോജിപ്പില്ല എനിക്ക്. സിനിമയുടെ സ്വാഭാവിക സൗന്ദര്യം മുഴുവന്‍ ചോര്‍ത്തിക്കളയുന്ന കൃത്രിമമായ ഗോഷ്ഠിയായേ  പല ഗാനചിത്രീകരണങ്ങളെയുംകാണാനാകൂ. പക്ഷേ മധുമതിയിലെ പാട്ടുകളില്‍ ഒന്നു പോലും അനവസരത്തിലുള്ളതായി എനിക്ക് തോന്നിയിട്ടില്ല. കഥാഗതിയുമായി അത്ര കണ്ടു ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്നു അവ.'' -- അടൂര്‍ ഗോപാലകൃഷ്ണന്‍. `മധുമതി'യിലെ ഏതു പാട്ടാണ് നമുക്ക് മാറ്റിനിര്‍ത്താനാകുക? ദില്‍ തഡപ്  തഡപ്  (മുകേഷ്, ലത), സുഹാനാ സഫര്‍ ഔര്‍ യേ മൗസം (മുകേഷ്), ടൂട്ടെ ഹുവേ ഖ്വാബോ,  ജംഗല്‍ മേ മോര്‍ നാച്ചാ  (മുഹമ്മദ് റഫി),  ഛാഡ് ഗായോ പാപി ബിച്ചുവാ (ലത, മന്നാഡേ), ഘടി ഘടി മേരാ ദില്‍ ധട്‌കേ (ലത),  സുല്‍മി സംഗ് അംഖ് ലഡി രേ (ലത), ഹം ഹാല്‍ - എ - ദില്‍ സുനേംഗേ (മുബാരക് ബേഗം), കാഞ്ച് ലെ കാഞ്ചീ (ആശാ ഭോസ്ലെ, സബിത ചൗധരി, ഗുലാം മുഹമ്മദ്)..ഓരോ പാട്ടും ഓരോ സംഗീതശില്‍പ്പം. റെക്കോര്‍ഡ് ചെയ്ത ശേഷം സിനിമയില്‍ ഉള്‍പ്പെടുത്താതെ പോയ തന്‍ ജലേ മന്‍  (ദ്വിജേന്‍ മുഖര്‍ജി) എന്ന ഗാനത്തിനു പോലുമുണ്ട് ആരാധകര്‍.

വിശ്വസിക്കുമോ?  സലില്‍ ചൗധരിക്കും ലതാ മങ്കേഷ്‌കര്‍ക്കും  ഫിലിംഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്ത, ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ആജാ രേ പര്‍ദേശി എന്ന ഗാനം ഒരു ഘട്ടത്തില്‍ ``മധുമതി''യില്‍  നിന്ന് നിഷ്‌ക്കരുണം ഒഴിവാക്കാന്‍ ആലോചിച്ചതാണ്  ബിമല്‍ റോയ്.  ആ  കഥയറിയാന്‍ മധുമതിക്ക് രണ്ടു വര്‍ഷം മുന്‍പ് റിലീസായ `ജാഗ്‌തെ രഹോ' എന്ന ചിത്രത്തിലേക്ക് തിരിച്ചുപോകണം നാം. കെ എ അബ്ബാസ് കഥയെഴുതി ശംഭു മിത്രയും അമിത് മൈത്രയും ചേര്‍ന്ന് സംവിധാനം ചെയ്ത `ജാഗ്‌തെ രഹോ'യില്‍ സലില്‍ ചൗധരി ആയിരുന്നു സംഗീതസംവിധായകന്‍. ജോലി തേടി നഗരത്തിലെത്തിയ നാട്ടിന്‍ പുറത്തുകാരന്റെ റോളില്‍ നായകന്‍ രാജ് കപൂര്‍. നഗരജീവിതത്തിന്റെ രീതികളുമായി പൊരുത്തപ്പെടാനാകാതെ തെരുവീഥികളില്‍ അലഞ്ഞുതിരിയുന്നതിനിടെ  ദാഹിച്ചു വലഞ്ഞപ്പോള്‍ വെള്ളം കുടിക്കാനായി  ഒരു പൊതുടാപ്പിനു മുന്നിലെത്തിയതാണ് അയാള്‍. നിര്‍ഭാഗ്യവശാല്‍  ചുണ്ടു നനക്കാന്‍ പോലും ഒരിറ്റ് വെള്ളമില്ല അതില്‍. എന്തു ചെയ്യണമെന്നറിയാതെ രാജ് കപൂറിന്റെ കഥാപാത്രം അന്തിച്ചുനില്‍ക്കേ  പശ്ചാത്തലത്തില്‍ ഉയരുന്ന ഒരു ഒരു സംഗീത ശകലമുണ്ട്. നിസ്സഹായതയുടേയും  നിരാസത്തിന്റേയും ഒറ്റപ്പെടലിന്റെയുമൊക്ക  വേദന ധ്വനിപ്പിക്കുന്ന ഈണം.

സിനിമ കണ്ടു കഴിഞ്ഞാലും നമ്മെ പിന്തുടരുന്ന ആ സംഗീത ശകലത്തില്‍ നിന്ന്  എന്തുകൊണ്ട് പുതിയൊരു ഗാനം സൃഷ്ടിച്ചുകൂടാ എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് ഗാനരചയിതാവ് ശൈലേന്ദ്രയാണ്. രണ്ടു സിനിമകളുടെയും കഥാപശ്ചാത്തലം  വ്യത്യസ്തമാണെങ്കിലും  കഥാപാത്രങ്ങളുടെ `ദാഹ'ങ്ങള്‍  തമ്മില്‍ സാമ്യമുണ്ട്. രാജ് കപൂറിന്റേത് ജീവിക്കാനുള്ള ദാഹമാണെങ്കില്‍  `മധുമതി'യിലെ നായികയുടേത്   പ്രണയദാഹമാണ് എന്നു മാത്രം . ``ഈണത്തിനനുസരിച്ച്  സന്ദര്‍ഭത്തിനു ഇണങ്ങുന്ന വരികള്‍ എഴുതിത്തരാമെന്നു ശൈലേന്ദ്ര പറഞ്ഞപ്പോള്‍ എനിക്കും അത് സ്വീകാര്യമായി തോന്നി. അങ്ങനെയാണ്  ആജാരെ പര്‍ദേശിയുടെ പല്ലവി  ജനിക്കുന്നത്.''-- 1990 കളുടെ തുടക്കത്തില്‍ ദില്ലി ആകാശവാണിക്ക് നല്‍കിയ അഭിമുഖത്തില്‍ സലില്‍ദാ വെളിപ്പെടുത്തുന്നു.  ഏറ്റവും പ്രിയപ്പെട്ട പാട്ടുകളില്‍  ഒന്നായി ആജാരേ പരദേശി തിരഞ്ഞെടുത്തുകൊണ്ട് ലത മങ്കേഷ്‌കര്‍ പങ്കുവെച്ച അനുഭവം കൂടി ഈ ഓര്‍മ്മയോട് ചേര്‍ത്തുവെക്കാം നമുക്ക് : ``റെക്കോര്‍ഡിംഗ് കഴിഞ്ഞു  പുറത്തുവന്നപ്പോള്‍ ആദ്യം കണ്ടത്  പൂച്ചെണ്ടുമായി വികാരാധീനനായി നില്‍ക്കുന്ന ശൈലേന്ദ്രജിയെ ആണ്. അതെനിക്ക് സമ്മാനിച്ച ശേഷം അദ്ദേഹം പറഞ്ഞു:  ഈ പാട്ട് നിനക്ക് ഏറെ അംഗീകാരങ്ങള്‍ നേടിത്തരും. ഉറപ്പ്.''  1971 ല്‍ പുറത്തുവന്ന ഗുഡ്ഢി (1971) എന്ന സിനിമയുടെ ക്‌ളൈമാക്‌സില്‍ ലതയുടെ ശബ്ദത്തില്‍ `ആജാരേ പര്‍ദേശി' പുനരവതരിപ്പിച്ചിട്ടുണ്ട്  സംവിധായകന്‍ ഋഷികേശ് മുഖര്‍ജി. പ്രേരണ ഒന്നു മാത്രം: ആ പാട്ടിനോടുള്ള തീവ്ര പ്രണയം.

പക്ഷേ, ഗാനം സലില്‍ ചൗധരി  ആദ്യം പാടിക്കേള്‍പ്പിച്ചപ്പോള്‍  സംശയമായിരുന്നു സംവിധായകന്: പ്രേതഗാനത്തേക്കാള്‍ പ്രണയഗാനത്തിന്റെ പ്രതീതിയായിപ്പോയോ സലില്‍ ദായുടെ ഈണത്തിന്? ട്യൂണ്‍ മാറ്റണമെന്നായി അദ്ദേഹം.  ചെയ്തുവെച്ച  ഈണം ഉപേക്ഷിക്കുന്നതിനെ  കുറിച്ച് ചിന്തിക്കാന്‍ പോലും വയ്യ സലിലിന്. പാട്ട് സിനിമയില്‍ നിന്ന് ഒഴിവാക്കേണ്ടി വരും എന്ന ഘട്ടമെത്തിയപ്പോള്‍ ശൈലേന്ദ്ര ഇടപെടുന്നു: ``ഗാനം ചിത്രീകരിച്ച ശേഷം വിചാരിച്ച ഇഫക്റ്റ് കിട്ടിയില്ലെങ്കില്‍ മാറ്റാം.'' മനസ്സില്ലാമനസ്സോടെ ബിമല്‍ റോയ് വഴങ്ങുന്നു. ഷൂട്ടിംഗിനിടയിലും ഉണ്ടായി അപശകുനങ്ങള്‍. നൈനിറ്റാളിനടുത്തുള്ള റാണിഖേത്തിലും  പരിസരത്തും  വെച്ച് ആദ്യം ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍  ഡെവലപ്പ് ചെയ്തു കണ്ടപ്പോള്‍ ആകെയൊരു മങ്ങല്‍. പുക പിടിച്ചപോലുണ്ട് ചില ഭാഗങ്ങളില്‍. കോടമഞ്ഞു കൊണ്ടുണ്ടായ പ്രശ്നമാണ്.  സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ സ്ഥിതിക്ക് ഇനിയും അവിടെ ചെന്ന് ഷൂട്ട് ചെയ്യുക പ്രായോഗികമല്ല. അതിനു ധാരാളം പണച്ചെലവും വരും. ഒടുവില്‍നാസിക്കിനടുത്തുള്ള ഇഗത്പുരിയിലെ വൈതരണ അണക്കെട്ടിലും പരിസരത്തും വെച്ച് ഗാനരംഗം റീഷൂട്ട് ചെയ്യുകയായിരുന്നു ബിമല്‍ റോയ്.  പൈന്‍ മരങ്ങള്‍ കൃത്രിമമായി വെച്ചുപിടിപ്പിച്ചാണ് പല രംഗങ്ങളും പുനഃസൃഷ്ടിച്ചതെന്ന്  വെളിപ്പെടുത്തുന്നു ``മധുമതി''യുടെ പിറവിയെ കുറിച്ച് ഗവേഷണം നടത്തി പുസ്തകമെഴുതിയിട്ടുള്ള ബിമല്‍ റോയിയുടെ മകള്‍ റിങ്കി റോയ് ഭട്ടാചാര്യ (ബിമല്‍ റോയ്സ് മധുമതി: അണ്‍ടോള്‍ഡ് സ്റ്റോറീസ് ഫ്രം ബിഹൈന്‍ഡ് ദി സീന്‍സ്).

സുഹാനാ സഫര്‍ എന്ന ഗാനത്തെ കുറിച്ചും കൗതുകമുള്ള ഒരു അറിവ് പങ്കുവെക്കുന്നുണ്ട്  റിങ്കി. തലത്ത് മഹ്മൂദിനെയാണ് ആ ഗാനം പാടാന്‍ ആദ്യം നിശ്ചയിച്ചിരുന്നതത്രേ. ദിലീപിന്റെയും പ്രിയ ഗായകനായിരുന്നു അക്കാലത്ത് തലത്ത്. സലില്‍ദാ ആ ഗാനം ചിട്ടപ്പെടുത്തിയതും  തലത്തിനെ മനസ്സില്‍ കണ്ടു തന്നെ. പക്ഷേ റെക്കോര്‍ഡിംഗിന്റെ തലേന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്  തന്റെ പകരക്കാരനായി  മുകേഷിന്റെ പേര് നിര്‍ദേശിക്കുന്നു തലത്ത്.  സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞ  കാലമായിരുന്നതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു അക്കാലത്ത്  മുകേഷ്. തലത്തിന്റെ ശിപാര്‍ശയില്‍ ഗായകനായി എത്തിയ മുകേഷിന്  സിനിമാജീവിതത്തില്‍ സുഹാനാ സഫര്‍ നല്‍കിയ  ``പുനര്‍ജ്ജന്മം'' ഇന്ന്  ചരിത്രത്തിന്റെ ഭാഗം. ``സിനിമയില്‍ നന്മയുടെ വെളിച്ചം അണയാതെ നിന്നിരുന്ന കാലമായിരുന്നു അത്.''- റിങ്കി എഴുതുന്നു.

 പരാജിത  സിനിമകളുടെ സംഗീത സംവിധായകനായി അതിനകം ഹിന്ദി സിനിമാലോകം എഴുതിത്തള്ളിയിരുന്ന സലില്‍ദായെ സ്വന്തം പടത്തില്‍ സഹകരിപ്പിക്കാന്‍ നായകനായ ദിലീപ് കുമാറിന്  പോലും ആദ്യം  മടിയായിരുന്നുവെന്ന് റിങ്കി. സച്ചിന്‍ ദേവ് ബര്‍മ്മനോടായിരുന്നു ദിലീപിന് ചായ്വ്. പക്ഷേ ബിമല്‍ റോയ് ഉണ്ടോ വഴങ്ങുന്നു?  സലില്‍ ചൗധരിക്ക് മാത്രമേ ``മധുമതി''യുടെ ആത്മാവറിഞ്ഞു സംഗീതം പകരാന്‍ കഴിയൂ എന്ന് വിശ്വസിച്ചു റോയ്.  ``മധുമതി''യിലെ പാട്ടുകളുടെ  ഗ്രാമഫോണ്‍ റെക്കോര്‍ഡ്  കേട്ട് ആദ്യമായി സലില്‍ ചൗധരിയെ  അഭിനന്ദിച്ചത് ആരെന്നു കൂടി അറിയുക -- `പ്രതിയോഗി'യായ എസ് ഡി ബര്‍മ്മന്‍. ``ഈ പാട്ടുകളില്‍ നിങ്ങളുടെ ഹൃദയമുണ്ട്; മധുമതിയുടെ ആത്മാവും..'' ബര്‍മ്മന്‍ദായുടെ വാക്കുകള്‍ മരണം വരെ നെഞ്ചോട് ചേര്‍ത്തുവെച്ചു സലില്‍. 

Content Highlights : lata mangeshkar salil chowdhary madhumati movie songs