അറുപതുകളില്‍ തിരയില്‍ തെളിഞ്ഞ ശാലീന വിഷാദ സൗന്ദര്യവും മനസ്സുരുക്കുന്ന ഗാനങ്ങളും സാധനയായിരുന്നു. മതിവരാത്ത മുഗ്ധത! അതീതമായൊരു പൗര്‍ണമി രാത്രിയില്‍ മണ്ണില്‍ വീണ മറ്റൊരു നിലാവ് പാടുകയാണ്. പഹാഡി രാഗത്തിന്റെ എല്ലാ തീവ്രമായ താപങ്ങളും അതിലുണ്ട്. 'ലഗ്ജാ ഗലെ കെ ഫിര്‍ യെ ഹസീന്‍ രാത് ഹോ ന ഹോ...' (എന്നെ മാറോടു ചേര്‍ക്കൂ, ഈ രാത്രിയിനി ഉണ്ടാവില്ല, ഒരു പക്ഷെ ഈ ജന്‍മം നാമിനി കണ്ടുമുട്ടിയില്ലെങ്കിലോ?) സാധനയെപ്പറ്റിയോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുന്നത് ഈ തീവ്രമായ ഗാനരംഗമാവും. മദന്‍മോഹനും ലതാ മങ്കേഷ്‌കറും അനശ്വരമാക്കിയത് ഒരുപക്ഷെ സാധനയുടെ സ്ഥായീഭാവം തന്നെയായിരുന്നു. മന്ദഹാസഭംഗിക്കുപോലും വിഷാദം പകരാനാവുമെന്ന് തെളിയിച്ച താരം.
അറുപതുകളില്‍ ഹിന്ദി സിനിമയുടെ സുവര്‍ണകാലത്ത് ലതയുടെ ആര്‍ദ്രമായ ഗാനങ്ങള്‍ക്കെല്ലാം മുഖമായത് സാധനയായിരുന്നു. ശങ്കര്‍ ജയ്കിഷന്റെ പൂനിലാവുപോലെയുള്ള 'തേരാ മേരാ പ്യാര്‍ അമര്‍...' ആര്‍ക്കാണ് മറക്കാന്‍ പറ്റുക? നിലാവില്‍ കുളിച്ച മട്ടുപ്പാവില്‍ പ്രിയതമനെ കാത്ത് പാടുന്ന ആ ശാലീനത സാധനയായിരുന്നു. ലതയുടെ പട്ടു പോലുള്ള ശബ്ദം. അവരുടെ ഏറ്റവും മികച്ച പ്രണയഗാനങ്ങളില്‍ ഒന്ന്. അതിഭാവുകത്വമേതുമില്ലാതെ ഒതുക്കിപ്പിടിച്ച അഭിനയം. നീണ്ട കണ്ണുകളും ദുഃഖമൊളിപ്പിച്ച ചിരിയും അന്നു മുതല്‍ കാമുകരുടെ ഇഷ്ടഭാവനയായിക്കാണണം. ഹിന്ദി സിനിമയിലെ ഏറ്റവും മികച്ച ഗാനചിത്രീകരണങ്ങളില്‍ ഒന്നായിരുന്നു അത്. ഋഷികേശ് മുഖര്‍ജിയുടെ അസ് ലി നക് ലിയിലെ രംഗം. മഴയും നിലാവും ചേര്‍ന്ന രാത്രിയില്‍, സലീല്‍ ചൗധരിയും ലതയും ഒരുക്കിയ മാസ്റ്റര്‍പീസ്. 'ഓ സജനാ.. ബര്‍ഖാ ബഹാര്‍ ആയി' പാടുന്ന സാധന ഇന്നും ആസ്വാദകര്‍ക്ക് രാത്രികളിലെ ഈറനോര്‍മയാണ്. ബിമല്‍ റോയുടെ ചിത്രീകരണത്തില്‍ മറ്റൊരു മനോഹരമായ ഖമാസ് രാഗമായ് സാധന.
ഭീംബ്ലാസില്‍ മദന്‍മോഹന്‍ ചിട്ടപ്പെടുത്തിയ മേരാ സായയിലെ 'നയ്നോം മെ ബദരാ ഛായെ' ഇന്നും നമ്മെ വേട്ടയാടുന്നു. ഉദയ്പൂരിന്റെ സുന്ദരമായ പശ്ചാത്തലത്തില്‍ സുനില്‍ ദത്തിനെയും ആസ്വാദകരേയും വിഭ്രമിപ്പിക്കുന്ന, പിഛോല തടാകത്തേക്കാളുമേറെ സൗന്ദര്യമുള്ള ആ നായിക സാധന തന്നെയായിരുന്നു. റിയാസ് ഖാന്റെ സിത്താറും സാധനയുമില്ലാതെ ആ ഗാനം എന്തപൂര്‍ണമായിരുന്നേനെ! സാധനയും ലതയും ചേര്‍ന്ന് നല്‍കിയ മറ്റൊരു ജാലമായിരുന്നു 'നെയ്നാ ബര്‍സെ രിംഝിം രിംഝിം...' സിംലയില്‍ മഞ്ഞിനും പാട്ടിനുമൊപ്പം അലിഞ്ഞുപോകുന്ന സുന്ദരി. വീണ്ടും കേള്‍ക്കാനും വീണ്ടും കാണാനുമായി തലമുറകള്‍ വീണ്ടും വീണ്ടും ആ പാട്ടിനു പിറകെ അലയുന്നു.
പ്രത്യക്ഷമാവുന്നില്ലെങ്കിലും സാധനയുടെ സാന്നിധ്യം നിഴലായി പിന്തുടരുന്ന 'തു ജഹാ ജഹാ ചലേഗാ, മേരാ സായാ സാഥ് ഹോഗാ' എന്ന ഗാനം എത്ര കേട്ടാലാണ് മതിയാവുക? 'നയ്നോം വാലെ നെ ഹായ് മേരാ ദില്‍ ലൂട്ടാ' (മേരാ സായ) എന്ന ഗാനത്തിലാവട്ടെ പ്രത്യക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നതും സാധന തന്നെ. കുലീനത തുളുമ്പുന്ന അംഗോപാംഗചലനങ്ങളും നിഗൂഢാര്‍ഥങ്ങള്‍ തുളുമ്പുന്ന ചിരിയും.
മേരെ മെഹബൂബ് എന്ന ചിത്രത്തില്‍ പര്‍ദക്കിടയിലൂടെ കാണുന്ന അവരുടെ മിഴികളെ 'മറക്കാനാവാത്ത കാഴ്ച' എന്നാണ് നടന്‍ ഡാനി വിശേഷിപ്പിച്ചത്. ചിത്രത്തിലെ 'മെരെ മെഹബൂബ് തുഝെ മെരെ മുഹബത്ത് കി കസം' എന്ന ലതയുടെ ക്ലാസിക്കില്‍ നിറഞ്ഞു നിന്ന ലഖ്നവി ചാരുത അപ്പടിയും സാധനയുടെ മുഖമായിരുന്നു. ആര്‍സൂവിലെ 'ബെദര്‍ദി ബാലമാ തുഝ്കോ' എന്ന വിഷാദ ഗാനം സാധനയുടെ അഭിനയത്തിലെ മറ്റൊരു കൈയൊപ്പായി. ഊഷരമായിപ്പോയ അവരുടെ ജീവിതത്തിന്റെ പരിച്ഛേദമാണ് ആ ഗാനരംഗത്തിലെനിശ്ശൂന്യഭൂമിക എന്നു തോന്നും.
'ആജീ രൂഠ് കര്‍ അബി'ലും (ആര്‍സു) ലതയുടെ ക്ലാസിക്കായ 'ആജാ, ആയി ബഹാര്‍ ദില്‍ ഹെ ബേക്കരാരി'ലും (രാജ്കുമാര്‍) സാധന നായകരായ രാജേന്ദ്ര കുമാറിനേയും ഷമ്മി കപൂറിനേയും നിഷ്പ്രഭമാക്കി. വിഷാദത്തിനു പകരം കുസൃതിയുടെ കണ്ണുകള്‍ പ്രേക്ഷകര്‍ക്കു നല്‍കിയെങ്കിലും. 'ഖുഷിയോം കെ ദിന്‍ ഹെ, ഫിര്‍ ഭി ഉദാസി' എന്ന വരികളെ അന്വര്‍ഥമാക്കി അവര്‍ ഘനവിഷാദമായ ഒരു മന്ദഹാസമായി തുടര്‍ന്നു. മൃദുവായ അവരുടെശബ്ദത്തിന് ഏററവും പറ്റിയ പകര്‍പ്പ് ലതയുടേതായിരുന്നു. അന്ന് സാധന എന്നാല്‍ ലതയും ലത എന്നാല്‍ സാധനയുമായിരുന്നു എന്ന് മദന്‍മോഹന്‍ പറഞ്ഞിട്ടുണ്ട്.
കറാച്ചിയില്‍ നിന്നും ബോംബെയിലേക്ക് പറിച്ചു നടപ്പെട്ട സിന്ധി കുടുംബത്തിലെ അംഗമായിരുന്നു സാധന ശിവ്ദാസാനി. നര്‍ഗീസിന്റെയും മധുബാലയുടേയും മീനാകുമാരിയുടേയും അഭാവം സുഭഗശാലീനമായ അവരുടെ സാന്നിധ്യം ഇല്ലാതാക്കി. നെറ്റിയെ പകുക്കുന്ന 'സാധനാ കട്ടും' ശരീരത്തെ ഇറുക്കെ പുണരുന്ന ചുരിദാര്‍ കമ്മീസും ഒതുക്കമുള്ള സാരികളും ആയിരങ്ങള്‍ അനുകരിച്ച കാലം. അറുപതുകളുടെ അവസാനം അസുഖം കണ്ണുകളെ വികലമാക്കിയപ്പോള്‍ അവര്‍ പതിയെ ഉള്‍വലിഞ്ഞു. മുപ്പതു വര്‍ഷത്തെ ദാമ്പത്യം ബാക്കിനല്‍കിയത് അനപത്യ ദുഃഖം. ഇഷ്ടകാമുകനും ഭര്‍ത്താവുമായ ആര്‍.കെ. നയ്യാര്‍ മരിച്ചപ്പോള്‍ ഒറ്റയ്ക്കായിപ്പോയ വിധവ. അഭിമുഖത്തിനും ഫോട്ടോഗ്രാഫര്‍മാര്‍ക്കും പിടികൊടുക്കാത്ത അന്തര്‍മുഖി. (ആളുകളുടെ മനസ്സിലുള്ള എന്റെ രൂപം മാറ്റാന്‍ എനിക്ക് ഇഷ്ടമില്ല അവര്‍ പറഞ്ഞു). അനാഥയെപ്പോലെ എഴുപത്തിനാലാം വയസ്സില്‍ സാധന മറഞ്ഞു. 'പ്രശസ്തിക്കും പദവിക്കും വിധിയെ തടുക്കാനാവില്ല' ഒറ്റക്കായിപ്പോയ വേളയില്‍ ഒരിക്കല്‍ അവര്‍ നിരീക്ഷിച്ചു.
ദേവാനന്ദിനോടോപ്പം അഭിനയിച്ച ഹം ദോനോയിലെ 'കഭിനാ ജോവോ ഝോഡ്കര്‍ കെ ദില്‍ അഭി ഭരാ നഹി' എന്ന നിത്യഹരിത യുഗ്മഗാനമാണ് ആ വിയോഗ വാര്‍ത്ത കേട്ടപ്പോള്‍ ഒഴുകിയെത്തിയത്. അത് പക്ഷെ അവര്‍ക്കായി പാടിയത് അവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമയായിരുന്ന ആശയായിരുന്നു.
Content Highlights : lata mangeshkar sadhana actress special article