ആ നാദസൗഭഗത്തിന് തൊണ്ണൂറു തികഞ്ഞു എന്ന് വിശ്വസിക്കാന്‍ പ്രയാസം. സംഗീതപ്രേമികളുടെ മനസ്സില്‍ നിത്യയൗവനമാര്‍ന്നുനില്‍ക്കുന്നു ലതയുടെ ശബ്ദം. 'കിനാര' എന്ന ചിത്രത്തിനുവേണ്ടി 'നാം ഗും ജായേഗാ ചെഹരാ യേ ബദല്‍ ജായേഗാ, മേരി ആവാസ് ഹി പെഹചാന്‍ ഹേ ഗര്‍ യാദ് രഹേ' എന്ന് ഗുല്‍സാര്‍ എഴുതിയത് ലതയെക്കുറിച്ചുതന്നെയല്ലേ? പേരും മുഖവുമൊക്കെ ഓര്‍മയില്‍നിന്ന് മാഞ്ഞുപോയാലും ആ ശബ്ദം മറക്കില്ല നാം.
സാധനയുടെ ശബ്ദം
മരിക്കാന്‍ ഭയമുണ്ടോ? സാധനയോടാണ് ചോദ്യം. തലമുറകളുടെ ഹൃദയംകവര്‍ന്ന താരസുന്ദരി ഒരുനിമിഷം മൗനിയാകുന്നു. മുഖത്തെ ചിരി മായുന്നു. തെല്ലുനേരം കണ്ണടച്ചിരുന്നശേഷം ഉറച്ചശബ്ദത്തില്‍ മറുപടി: ''ഇല്ല. ഒട്ടും ഭയമില്ല. ഇതാ ഈ നിമിഷം ഇവിടെ വീണുമരിക്കാനും തയ്യാര്‍. ഒരൊറ്റ കാര്യത്തിലേയുള്ളൂ ദുഃഖം. ലതാജിയുടെ എനിക്കേറെ പ്രിയപ്പെട്ട പാട്ടുകള്‍ ഈ ഭൂമിയില്‍ ഉപേക്ഷിച്ചു പോകേണ്ടിവരുമല്ലോ എന്നതില്‍, പ്രത്യേകിച്ച് 'ലഗ് ജാ ഗലേ കേ ഫിര്‍ യേ ഹസീന്‍ രാത് ഹോ ന ഹോ...'
മുംബൈ സാന്താക്രൂസിലെ നിഗൂഢപരിവേഷമുള്ള ബംഗ്ലാവില്‍ സാധനയെ ചെന്നുകണ്ടു സംസാരിച്ച പത്രപ്രവര്‍ത്തകസുഹൃത്ത് പങ്കുവെച്ച ഹൃദയസ്പര്‍ശിയായ ഓര്‍മ. ബോളിവുഡിന്റെ വര്‍ണപ്പകിട്ടില്‍നിന്നും തിരക്കില്‍നിന്നും ബഹളത്തില്‍നിന്നുമെല്ലാം ഏറെയകലെ ഏകാന്തതയുടെ തുരുത്തിലേക്ക് ഒതുങ്ങിക്കൂടിയിരുന്നു അതിനകം അറുപതുകളിലെ സ്വപ്നനായിക. അഭിമുഖങ്ങളില്ല. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറില്ല. ഫോട്ടോയ്ക്ക് നിന്നുകൊടുക്കാറുപോലുമില്ല. ഒട്ടേറെ ദുരൂഹതകള്‍ പൊതിഞ്ഞുനിന്ന സ്വന്തം വീട്ടില്‍ സംഗീതം മാത്രമായിരുന്നു എഴുപതാം വയസ്സില്‍ സാധനയ്ക്ക് കൂട്ട്. സിനിമയില്‍ താന്‍ പാടി അഭിനയിച്ച പാട്ടുകള്‍ ആവര്‍ത്തിച്ചു കേട്ടുകൊണ്ടിരുന്നു അവര്‍; എല്ലാം ലതാ മങ്കേഷ്‌കര്‍ പാടി അനശ്വരമാക്കിയ പാട്ടുകള്‍. 'മേരാ സായാ'യിലെ നൈനോം മേ ബദ്രാ ഛായ, 'പരഖി'ലെ ഓ സജ്‌ന ബര്‍ഖാ ബഹാര്‍, 'വോ കോന്‍ ഥി'യിലെ നൈനാ ബര്‍സെ രിംജിം രിംജിം, 'അസ്ലി നഖ്‌ലി'യിലെ തേരാ മേരാ പ്യാര്‍ അമര്‍, 'മേരെ മെഹബൂബി'ലെ മേരേ മെഹബൂബ് തുജേ... അക്കൂട്ടത്തില്‍ 'വോ കോന്‍ ഥി'യിലെ ലഗ് ജാ ഗലേ എന്ന പാട്ടിനോടായിരുന്നു അഗാധമായ ആത്മബന്ധം. ''ആ ഗാനത്തിന്റെ വരികളില്‍ എന്റെ പ്രണയമുണ്ട്. വിരഹമുണ്ട്. മറക്കാനാവാത്ത ഒരു കാലമുണ്ട്.'' പതിനെട്ടാം വയസ്സില്‍ രാം കൃഷ്ണ നയ്യാര്‍ എന്ന 22കാരന്‍ സംവിധായകനെ പ്രേമിച്ചു കല്യാണം കഴിച്ച് വീടുവിട്ടിറങ്ങിയ സാധനയുടെ വാക്കുകള്‍.
കൗതുകം തോന്നാം. ഭാഗ്യംകൊണ്ടു മാത്രം വോ കോന്‍ ഥി(1964)യില്‍ ഇടംനേടിയ പാട്ടാണ് 'ലഗ് ജാ ഗലേ'. വരികള്‍ക്കും ഈണത്തിനും ഗൗരവം കൂടിപ്പോയതിനാല്‍ പാട്ട് സിനിമയില്‍നിന്ന് ഒഴിവാക്കണം എന്നായിരുന്നു സംവിധായകന്‍ രാജ് ഖോസ്ലയുടെ നിലപാട്. പക്ഷേ, നായകന്‍ മനോജ് കുമാര്‍ വഴങ്ങിയില്ല. ആ പാട്ടായിരിക്കും സിനിമയുടെ മുഖ്യ ആകര്‍ഷണം എന്നകാര്യത്തില്‍ സംശയമില്ലായിരുന്നു അദ്ദേഹത്തിന്. മനസ്സില്ലാമനസ്സോടെ പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ഖോസ്ല സമ്മതിക്കുന്നു. രാജാ മെഹ്ദി അലിഖാന്‍ എഴുതി മദന്‍ മോഹന്‍ ചിട്ടപ്പെടുത്തിയ 'ലഗ് ജാ ഗലേ' ജനം ഏറ്റുപാടിയതും തലമുറകള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന് ക്ലാസിക് പരിവേഷം ആര്‍ജിച്ചതും പില്‍ക്കാലചരിത്രം. ''സിനിമതന്ന സൗഭാഗ്യങ്ങള്‍ പലതാണ് പണം, പ്രശസ്തി, ആരാധന, പ്രണയം, ദാമ്പത്യം, മറക്കാനാവാത്ത കഥാപാത്രങ്ങള്‍... പക്ഷേ, അവയ്‌ക്കെല്ലാം മുകളിലാണ് എന്റെ ജീവിതത്തില്‍ 'ലഗ് ജാ ഗലേ'ക്കുള്ള സ്ഥാനം.'' സാധന പറഞ്ഞു. ആ പാട്ടുള്‍പ്പെടെ തനിക്കേറ്റവും പ്രിയപ്പെട്ട ഗാനങ്ങളെല്ലാം ഭൂമിയില്‍ ഉപേക്ഷിച്ച് ഒടുവില്‍ സാധന പറന്നകന്നത് 2015 ഡിസംബര്‍ 25ന്.
മീനാകുമാരിയുടെ ഓര്‍മ
ലതാ മങ്കേഷ്‌കറുടെ സ്വര്‍ഗീയ സ്വരമാധുരിയുടെ തണലില്‍ പ്രശസ്തിയുടെ പടവുകള്‍ കയറിപ്പോയ നായികമാര്‍ അങ്ങനെ എത്രയെത്ര. പിന്നിട്ട ജീവിതത്തിലേക്ക് തൊണ്ണൂറാം വയസ്സില്‍ തിരിഞ്ഞുനോക്കുമ്പോള്‍ തിരശ്ശീലയിലെന്നവണ്ണം നൂറുനൂറു മുഖങ്ങള്‍ തെളിയുന്നുണ്ടാകും, ലതാജിയുടെ മനസ്സില്‍ മുനവര്‍ സുല്‍ത്താനമുതല്‍ റാണി മുഖര്‍ജിവരെയുള്ളവരുടെ മുഖങ്ങള്‍. പിന്നണിപാടിയ പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകള്‍ കഴിയുന്നതും കാണാറില്ല ലത. തന്റെ ശബ്ദത്തില്‍ പാടി അഭിനയിച്ച സുന്ദരികളായ നായികമാര്‍ പലരും ഓര്‍മയായിക്കഴിഞ്ഞെന്ന സത്യം ഉള്‍ക്കൊള്ളാന്‍ മനസ്സ് മടിക്കുന്നതുകൊണ്ടാണ്. ''മീനാകുമാരിയെപ്പോലുള്ളവരെ സ്‌ക്രീനില്‍ കണ്ടിരിക്കാന്‍ പറ്റില്ലയെനിക്ക്, കരച്ചില്‍വരും.'' ഒരു അഭിമുഖത്തില്‍ ലത ഈയിടെ പറഞ്ഞു. ''വര്‍ഷങ്ങള്‍ക്കുമുമ്പ് പക്കീസയിലെ പാട്ടുകളുടെ റിഹേഴ്‌സലിന് സംവിധായകന്‍ കമാല്‍ അമ്രോഹിയുടെ വീട്ടില്‍ച്ചെന്നപ്പോള്‍ മീനാജിയുണ്ട് അവിടെ. എന്റെ പാട്ടുകള്‍ക്കൊപ്പം ചുവടുവെച്ചു പരിശീലിക്കാന്‍ വന്നിരിക്കയാണ് അവര്‍. തുടക്കക്കാരിയുടെ കൗതുകത്തോടെ, ചുറുചുറുക്കോടെ നൃത്തംചെയ്യുന്ന മീനാജിയുടെ രൂപം മനസ്സില്‍നിന്ന് ഒരിക്കലും മായില്ല...'' ഇന്‍ഹി ലോഗോം നേ, ചല്‍ത്തേ ചല്‍ത്തേ, താരേ രഹിയോ, മൗസം ഹേ ആശിഖാനാ... പക്കീസയിലെ ഏതുപാട്ടാണ് നമുക്ക് മറക്കാനാകുക?
നിര്‍ഭാഗ്യവശാല്‍, പക്കീസയുടെ നിര്‍മാണം ഇടയ്ക്കുവെച്ചു മുടങ്ങി. ഒന്നരപ്പതിറ്റാണ്ടോളം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ചിത്രീകരണം പുനരാരംഭിച്ചപ്പോഴേക്കും മീനാകുമാരി രോഗിയായിക്കഴിഞ്ഞിരുന്നു. അമിതമദ്യപാനംമൂലം വന്നുഭവിച്ച മാരകമായ കരള്‍രോഗത്തിന്റെ ഇര. താന്‍ മനസ്സില്‍ക്കണ്ട നൃത്തച്ചുവടുകളൊന്നും ക്യാമറയ്ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാതെ പലപ്പോഴും നിസ്സഹായയായി സെറ്റില്‍ തളര്‍ന്നിരുന്നു അവര്‍. മിക്ക ഗാനരംഗങ്ങളും ഡ്യൂപ്പിനെവെച്ച് പൂര്‍ത്തിയാക്കേണ്ടിവന്നു, സംവിധായകന്. ''മീനാജിയെ അവസാനം കണ്ടത് ഒരു അവാര്‍ഡ് നിശയില്‍വെച്ചാണ്. കൈകള്‍ ചേര്‍ത്തുപിടിച്ച് കുറെനേരം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കിനിന്നു അവര്‍.'' ലതാജിയുടെ ഓര്‍മ. ഇന്നും പക്കീസയിലെ മീനാകുമാരിയെ കാണുമ്പോള്‍ ആ നിമിഷങ്ങള്‍ ഓര്‍മവരും ലതയ്ക്ക്. ഒപ്പം മീനയ്ക്കുവേണ്ടി താന്‍ പാടിയ അനശ്വരഗീതങ്ങളും: 'ബൈജു ബാവ്‌ര'യിലെ ബച്പന്‍ കി മൊഹബ്ബത് കോ, 'ദില്‍ അപ്നാ ഔര്‍ പ്രീത് പരായി'യിലെ അജീബ് ദാസ്താ ഹേ യേ, 'അകേലി മത് ജായിയോ'യിലെ വോ ജോ മില്‍തേ ഥേ കഭി...
മധുബാലയുടെ നിര്‍ബന്ധം
സിനിമകള്‍ക്ക് കോള്‍ഷീറ്റ് നല്‍കുമ്പോള്‍ തനിക്കുവേണ്ടി പാടാന്‍ ലതാജിതന്നെ വേണം എന്ന് നിര്‍ബന്ധം പിടിച്ചിരുന്നു മധുബാല. ഇരുവരുടെയും ചലച്ചിത്രജീവിതത്തില്‍ വഴിത്തിരിവായിമാറിയ 'മഹല്‍' (1949) എന്ന ചിത്രത്തിലെ ആയേഗാ ആനേവാല എന്ന സൂപ്പര്‍ഹിറ്റ് ഗാനംതൊട്ട് തുടങ്ങിയ ശീലം. മധുബാലലത കൂട്ടുകെട്ടിന്റെ മായാജാലം പിന്നീട് എത്രയോ സിനിമകളില്‍ നാം കണ്ടു, കേട്ടു, ആസ്വദിച്ചു. മുഗള്‍ എ അസം (പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ, മൊഹബ്ബത് കി ജൂട്ടി, മോഹെ പന്‍ഘട്ട് കി നന്ദലാല...) എങ്ങനെ മറക്കും? ''ഹൃദയവേദന സഹിച്ചാണ് മുഗള്‍ എ അസമിലെ പാട്ടുകള്‍ക്കൊത്ത് ചുവടുവെച്ചതെന്ന് മധുബാല പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. തൊഴിലിനെ ഈശ്വരനായിക്കാണുന്ന കലാകാരിക്കേ അതിനു ധൈര്യംവരൂ.'' ലതയുടെ വാക്കുകള്‍. 1950കളുടെ അവസാനമാണ് തന്റെ ഹൃദയം അത്ര 'ശ്രുതിശുദ്ധ'മല്ലെന്ന് മധുബാല ആദ്യമായി തിരിച്ചറിഞ്ഞത്. ഹൃദയം തുറന്ന് ശസ്ത്രക്രിയ പ്രചാരത്തില്‍ വന്നിട്ടില്ലാത്ത കാലം. 'തുളവീണ' ഹൃദയവുമായിത്തന്നെ പിന്നെയും വര്‍ഷങ്ങളോളം സിനിമയില്‍ അഭിനയിച്ചു അവര്‍, മുപ്പത്തിയാറാം വയസ്സില്‍ മരിക്കുംവരെ. അവസാനസിനിമയായ 'ജ്യോതി'യിലും മധുബാല പാടിയത് ലതയുടെ ശബ്ദത്തില്‍ത്തന്നെ. ലതയുടെ പാട്ടുകളാണ് പ്രതിസന്ധികളോട് പൊരുതി ജീവിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പറഞ്ഞിട്ടുണ്ട് മധുബാല.
ആ നാദസൗഭഗത്തിന് തൊണ്ണൂറു തികഞ്ഞു എന്ന് വിശ്വസിക്കാന്‍ പ്രയാസം. സംഗീതപ്രേമികളുടെ മനസ്സില്‍ നിത്യയൗവനമാര്‍ന്നുനില്‍ക്കുന്നു ലതയുടെ ശബ്ദം. 'കിനാര' എന്ന ചിത്രത്തിനുവേണ്ടി 'നാം ഗും ജായേഗാ ചെഹരാ യേ ബദല്‍ ജായേഗാ, മേരി ആവാസ് ഹി പെഹചാന്‍ ഹേ ഗര്‍ യാദ് രഹേ' എന്ന് ഗുല്‍സാര്‍ എഴുതിയത് ലതയെക്കുറിച്ചുതന്നെയല്ലേ? പേരും മുഖവുമൊക്കെ ഓര്‍മയില്‍നിന്ന് മാഞ്ഞുപോയാലും ആ ശബ്ദം മറക്കില്ല നാം
തലമുറകളുടെ സ്വരം
വെള്ളിത്തിരയില്‍ തന്റെ പാട്ടുകള്‍ ചിത്രീകരിച്ചുകാണുമ്പോള്‍ ചിലപ്പോഴെങ്കിലും അപകര്‍ഷതതോന്നും ലതയ്ക്ക്; തെല്ലൊരു അസൂയയും. ''എന്റെ ഗാനങ്ങള്‍ എന്നേക്കാള്‍ ഭംഗിയായി പാടി അഭിനയിക്കുന്നവരാണ് അധികവും. ആ പാട്ടുകള്‍ക്കൊത്ത് ഇത്ര തന്മയത്വത്തോടെ ചുണ്ടനക്കി അഭിനയിക്കാന്‍ ഈ ജന്മം കഴിയില്ല എനിക്ക്.'' സീമ (1955) എന്ന ചിത്രത്തിലെ നൂതന്റെ പ്രകടനം ഉദാഹരണമായി എടുത്തുപറയുന്നു അവര്‍. ''മന്‍മോഹനാ ബഡി ജൂട്ടേ എന്ന ശാസ്ത്രീയഗാനം എത്ര സ്വാഭാവികമായി പാടി അഭിനയിച്ചിരിക്കുന്നു നൂതന്‍ജി. അവര്‍ തന്നെയല്ലേ അത് പാടിയതെന്നുതോന്നും നമുക്ക്. നല്ലൊരു ഗായികകൂടിയായതുകൊണ്ടുള്ള ഗുണം.'' സ്വന്തം പാട്ടുകളുടെ ചലച്ചിത്രാവിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടതായി ലത എടുത്തുപറയാറുള്ളതും 'സീമ'യിലെ ഈ ഗാനം തന്നെ. നൂതനുവേണ്ടി പാടുംമുമ്പ് നൂതന്റെ അമ്മ ശോഭന സമര്‍ഥിനുവേണ്ടി പിന്നണിപാടിയ ചരിത്രമുണ്ട് ലതയ്ക്ക്. പില്‍ക്കാലത്ത് നൂതന്റെ സഹോദരി തനൂജയ്ക്കുവേണ്ടിയും അവരുടെ മകള്‍ കജോളിനുവേണ്ടിയുമെല്ലാം പാടി ലത. ഒരേ കുടുംബത്തിലെ മൂന്നു തലമുറയ്ക്കുവേണ്ടി പാടിയ ഗായികമാര്‍ അധികമുണ്ടാവില്ല.
തീര്‍ന്നില്ല. നര്‍ഗീസ് (രസിക് ബല്‍മാ, ഉഠായെ ജാ ഉന്‍കെ സിതം), നിമ്മി (ജിയാ ബേഖരാര്‍ ഹേ), മാലാ സിന്‍ഹ (ആപ് കി നസ്‌രോം നേ സംജാ), നന്ദ (അല്ലാ തേരോ നാം), ശര്‍മിള ടാഗോര്‍ (രെയ്‌ന ബീതി ജായേ), വൈജയന്തിമാല (ആജാരെ പര്‍ദേശി), പദ്മിനി (ഓ ബസന്തി പവന്‍ പാഗല്‍), ഹെലന്‍ (ആ ജാനേ ജാ), വഹീദ റഹ്മാന്‍ (ആജ് ഫിര്‍ ജീനേ കി തമന്നാ ഹേ), ബീനാറായി (യെ സിന്ദഗി ഉസി കി ഹേ), ഗീതാ ബാലി (ബല്‍മാ ബഡെ നാദാന്‍), സീനത്ത് അമന്‍ (സത്യം ശിവം സുന്ദരം), സൈറാ ബാനു (എഹ്‌സാന്‍ തേരാ ഹോഗാ), ആശ പരേഖ് (സയനോര സയനോര), മുംതസ് (ബിന്ദിയ ചംകേഗി), മൗഷ്മി ചാറ്റര്‍ജി (രിംജിം ഗിരെ സാവന്‍), ഹേമമാലിനി (ഏ ദില്‍ എ നാദാന്‍), ജയഭാദുരി (പിയാ ബിനാ), രേഖ (നീലാ ആസ്മാന്‍ സോഗയാ), മാധുരി ദീക്ഷിത് (ദീദി തേരാ ദേവര്‍ ദീവാന), ഡിംപിള്‍ കപാഡിയ (ദില്‍ ഹൂം ഹൂം കരേ), ജൂഹി ചൗള (തു മേരെ സാംനേ)... ഏഴു പതിറ്റാണ്ടിനിടെ ലതയുടെ ആലാപനചാരുതയുടെ പിന്തുണയോടെ വെള്ളിത്തിര അടക്കിവാണ നായികമാരുടെ നിര ഇവിടെയെങ്ങും നില്‍ക്കില്ല.