• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Career
More
  • News
  • Features
  • Interview
  • Review
  • Trivia
  • Music
  • TV
  • Short Films
  • Star & Style
  • Chitrabhumi
  • Paatuvazhiyorathu

'ലതയ്ക്ക് കിട്ടാവുന്ന ഏറ്റവും ശക്തനായ പ്രതിയോഗിയായിരുന്നു റഫി'

Sep 24, 2019, 08:46 PM IST
A A A

കൃത്യനിഷ്ഠയുടെ കാര്യത്തില്‍ കണിശക്കാരനായ നയ്യാര്‍ കോപിച്ചത് സ്വാഭാവികം.

# രവി മേനോന്‍
mohammed rafi
X

ലതാ മങ്കേഷ്‌ക്കറുടെ പേരിലുള്ള അവാര്‍ഡ് നിരസിക്കാന്‍ ചങ്കൂറ്റമുണ്ടായ ഒരൊറ്റയാളേ ഉള്ളൂ ചരിത്രത്തില്‍ ഓംകാര്‍ പ്രസാദ് നയ്യാര്‍.. മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ സമ്മാനം സ്വീകരിക്കാന്‍ വിസമ്മതിച്ചു കൊണ്ട് അവാര്‍ഡ് കമ്മിറ്റിയ്ക്ക് ഒ.പി നയ്യാര്‍ എഴുതി: 

``സാമ്പത്തികപ്രശ്നങ്ങള്‍ വേണ്ടതിലേറെയുണ്ട് എനിക്ക്. ആരോഗ്യവും കഷ്ടി. എങ്കിലും ഈ അവാര്‍ഡ് സ്വീകരിക്കാന്‍ നിവൃത്തിയില്ല.. കാരണങ്ങള്‍ മൂന്നാണ്: 
1. ഏതെങ്കിലും ഗായകന്റെ/ഗായികയുടെ പേരിലുള്ള അവാര്‍ഡ് ഏറ്റുവാങ്ങേണ്ട ഗതികേട് സംഗീത സംവിധായകനില്ല. കാരണം എക്കാലവും ഗായകര്‍ക്ക് മുകളിലാണ് സംഗീത ശില്പിയുടെ സ്ഥാനം.
2. എന്റെ ഒരു പാട്ടും ലത പാടിയിട്ടില്ല.
3. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത് തന്നെ തെറ്റാണ്.''

ഒ. പി നയ്യാര്‍ എന്ന ``ധിക്കാരി''യോട് നിങ്ങള്‍ക്ക് യോജിക്കാം; യോജിക്കാതിരിക്കാം. എങ്കിലും ഇതിഹാസതുല്യയായ ഒരു ഗായികയെ, അവര്‍ സിനിമയില്‍ കത്തി ജ്വലിച്ചു നിന്ന കാലത്ത് സ്വന്തം സംഗീത ഭൂമികയില്‍ നിന്ന് പൂര്‍ണമായും ഒഴിച്ചു നിര്‍ത്താന്‍ ധൈര്യം കാണിച്ചതിന്റെ പേരിലെങ്കിലും നാം നയ്യാരെ നമിച്ചേ പറ്റൂ. ഓര്‍ക്കുക: ലതാ മങ്കേഷ്‌കറെ കൊണ്ടു ഒരൊറ്റ പാട്ടും പാടിച്ചിട്ടില്ല നയ്യാര്‍.. ആ തന്റേടം നമുക്ക് സമ്മാനിച്ചത് ആശാ ഭോസ്ലെ എന്ന അനുഗൃഹീത ഗായികയുടെ ആലാപനശൈലിയുടെ നൂറു നൂറു വര്‍ണങ്ങളാണ്. പില്‍ക്കാലത്ത് ആശയുമായും നയ്യാര്‍ ഇടഞ്ഞു എന്ന കാര്യം വേറെ. എങ്കിലും ചരിത്രം നയ്യാരെ രേഖപ്പെടുത്തുക ലതാരാഹിത്യത്തില്‍ നിന്ന് അനശ്വര ഗാനങ്ങള്‍ മിനഞ്ഞെടുത്ത സംഗീത ശില്പി എന്ന നിലയ്ക്ക് തന്നെയാകും.

നയ്യാറും ലതയും തമ്മിലുള്ള കലഹത്തിന്റെ യഥാര്‍ഥ കാരണം എന്തായിരുന്നു? ഹിന്ദി സിനിമാ സംഗീത ചരിത്രത്തിലെ ദുരൂഹത നിറഞ്ഞ ഒരു അധ്യായമാണത്. ഗാനഗവേഷകനും സ്റ്റേജ് ഷോ അവതാരകനുമായ ഹരീഷ് ഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ ലതാജി നല്‍കിയ വിശദീകരണം കേള്‍ക്കുക: ``1950 കളുടെ തുടക്കം. ദാല്‍സുഖ് പഞ്ചോലിയുടെ ആസ്മാന്‍ എന്ന ചിത്രത്തില്‍ നയ്യാര്‍ സാബ് സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറുന്നു. പാടാന്‍ ക്ഷണിക്കപ്പെട്ടവരില്‍ ഞാനുമുണ്ട്. റിഹേഴ്സല്‍ സമയം എന്നെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍ അന്നെനിക്ക് വളരെ പ്രധാനപ്പെട്ട ഒരു റിക്കോര്‍ഡിംഗ് ഉള്ള ദിവസമാണ്. നേരമിരുട്ടും വരെ നീണ്ടു ആ സെഷന്‍.. ഇത്രയും വൈകി നയ്യാര്‍ സാബിന്റെ റിഹേഴ്സലിനു പോകുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. കഷ്ടകാലത്തിന് പിറ്റേന്നും അതിന്റെ പിറ്റേന്നും ഇതാവര്‍ത്തിച്ചു. അദ്ദേഹത്തിന് കോപം തോന്നിയിരിക്കണം. പക്ഷെ ഞാന്‍ നിസ്സഹായയായിരുന്നു.''

കൃത്യനിഷ്ഠയുടെ കാര്യത്തില്‍ കണിശക്കാരനായ നയ്യാര്‍ കോപിച്ചത് സ്വാഭാവികം. അതിനകം പ്രശസ്തിയുടെ പടവുകള്‍ കയറിത്തുടങ്ങിയിരുന്ന ഗായിക, തുടക്കക്കാരന്‍ മാത്രമായ തന്നെ അപമാനിച്ച പോലെ തോന്നിയിരിക്കണം അദ്ദേഹത്തിന്. ഉടനടി പടത്തിന്റെ നിര്‍മാതാവിനെ ഫോണില്‍ വിളിച്ചു നയ്യാര്‍ തന്റെ നയം വ്യക്തമാക്കുന്നു: ``ഇല്ല, ഈ പടത്തില്‍ ഇനി ലത പാടുന്നില്ല.'' ലതയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഗാനം ഒടുവില്‍ പാടി റെക്കോര്‍ഡ് ചെയ്തത് രാജകുമാരി എന്ന ഗായികയാണ്. ``മോരി നിന്ദിയാ ചുരായെ ഗയോ..''. ലതയുടെ അപാരമായ വോക്കല്‍ റേഞ്ച് മനസ്സില്‍ കണ്ടു നയ്യാര്‍ ചിട്ടപ്പെടുത്തിയ ആ ഗാനത്തോട് തനിക്കു പൂര്‍ണമായി നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പില്‍ക്കാലത്ത് ഒരു ദൂരദര്‍ശന്‍ അഭിമുഖത്തില്‍ ഏറ്റു പറഞ്ഞിട്ടുണ്ട് രാജകുമാരി. 

എന്നാല്‍, ലത പറഞ്ഞുനടക്കുന്ന ഈ കഥയില്‍ തരിമ്പും സത്യമില്ലെന്നായിരുന്നു മരണം വരെ നയ്യാരുടെ നിലപാട്. അവസാന നാളുകളില്‍ ഒരു സംഗീത വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ നയ്യാര്‍ പറഞ്ഞു: ``ആസ്മാനില്‍ മാത്രമല്ല ഒരു പടത്തിലും ലതയെ പാടാന്‍ വിളിച്ചിട്ടില്ല ഞാന്‍.. എനിക്ക് വേണ്ടിയിരുന്നത് കരുത്തും ഊര്‍ജസ്വലതയും ഉള്ള വികാരഭരിതമായ ശബ്ദമായിരുന്നു. വളരെ നേര്‍ത്ത, നൂല് പോലുള്ള ശബ്ദത്തില്‍ പാടുന്ന ലതയെ ഞാന്‍ എങ്ങനെ ഇഷ്ടപ്പെടാന്‍ ? മറ്റൊന്ന് കൂടിയുണ്ട്. എല്ലാ അര്‍ത്ഥത്തിലും റൊമാന്റിക് ആണ് ഞാന്‍; സൗന്ദര്യാരാധകനും. എന്റെ സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് ഇണങ്ങുന്നതല്ല ലതയുടെ വ്യക്തിത്വവും സ്വഭാവ രീതികളും. അവരുടെ രൂപത്തിലെ സാധാരണത്വവും വേഷത്തിലെ ലാളിത്യവും എന്നിലെ സംഗീത ശില്പിയെ ഒരു തരത്തിലും പ്രചോദിപ്പിച്ചിട്ടില്ല.... 

''ഗീതാദത്ത് ആയിരുന്നു ആദ്യകാലത്ത് നയ്യാരുടെ പ്രണയ സൗന്ദര്യ സങ്കല്പങ്ങളിലെ നായിക. പിന്നീട് ആ സ്ഥാനം ആശാ ഭോസ്ലെയ്ക്കായി. ജായിയേ ആപ് കഹാം ജായേംഗെ, ചോട്ടാ സാ ബാലമാ, ചെയ്ന്‍ സെ ഹം കോ കഭീ, ആവോ ഹുസൂര്‍ തുംകോ, ആയിയേ മെഹര്‍ബാന്‍, യെ രേശ്മി സുല്‍ഫോം കാ അന്ധേരാ, വോ ഹസീന്‍ ദര്‍ദ് ദേ ദോ... ഈ പാട്ടുകളൊക്കെ ആശയുടെ സ്വരത്തിലല്ലാതെ സങ്കല്‍പ്പിക്കാനാവുമോ നമുക്ക്? ``ഗായികയെന്ന നിലയില്‍ ലതയുടെ പൂര്‍ണത ആശയ്ക്ക് അവകാശപ്പെടാന്‍ ആവില്ലായിരിക്കാം; പക്ഷെ ലതയുടെ പൂര്‍ണതയെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് ആശയുടെ അപൂര്‍ണത ആണെങ്കിലോ?'' നയ്യാര്‍ ഒരിക്കല്‍ ചോദിച്ചു. 

ലതാ മങ്കേഷ്‌കറുമായി ഇടഞ്ഞ ആദ്യത്തെ വ്യക്തിയല്ല നയ്യാര്‍ എന്ന് കൂടി അറിയുക; അവസാനത്തെയും. പ്രഗല്‍ഭര്‍ പലരുണ്ട് ആ പട്ടികയില്‍ നയ്യാര്‍ക്കു കൂട്ടായി- സച്ചിന്‍ ദേവ് ബര്‍മനും മുഹമ്മദ് റഫിയും തൊട്ട് അനുരാധ പോഡ്വാള്‍... വരെ. ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ലതയുടെ അനിഷ്ടത്തിനു പാത്രമായവരാണ് എല്ലാവരും. സൗന്ദര്യപിണക്കത്തിന്റെ ഹ്രസ്വമായ ഇടവേളയ്ക്കു ശേഷം, ലതയുടെ മാസ്മര പ്രഭാവലയത്തിലേക്ക് സ്വമേധയാ തിരിച്ചു ചെന്നു ഇവരില്‍ ചിലര്‍. മറ്റുള്ളവരാകട്ടെ ലതയുടെ കണ്ണഞ്ചിക്കുന്ന വ്യക്തിപ്രഭാവത്തോട് മല്ലിടാനാകാതെ സിനിമയുടെ പുറമ്പോക്കില്‍ ചെന്നൊടുങ്ങി. ബര്‍മന്‍ ദാ ആദ്യ ഗണത്തില്‍ പെടും. സി രാമചന്ദ്ര രണ്ടാമത്തെതിലും.

രണ്ടിലും പെടാത്തത് റഫി സാഹിബ് മാത്രം. ലതയ്ക്ക് കിട്ടാവുന്ന ഏറ്റവും ശക്തനായ പ്രതിയോഗിയായിരുന്നു റഫി. ആലാപന മികവില്‍ എക്കാലവും ലതയോട് തോളുരുമ്മി നിന്ന ഗായകന്‍.. ലതയെക്കാള്‍ മികച്ച വ്യക്തിവൈശിഷ്ട്യത്തിന്റെ ഉടമ. നഖശിഖാന്തം മാന്യന്‍.. ആ റഫിയ്ക്ക് പോലും മൂന്ന് വര്‍ഷത്തോളം ലതയുമായി അകന്നു നില്‍ക്കേണ്ടി വന്ന് എന്നത് അത്ഭുതമായി തോന്നാം. പതിവു ശീതസമരങ്ങള്‍ പോലെ ലതയുടെ ഏകപക്ഷീയ വിജയത്തിലല്ല ആ പിണക്കം ചെന്നൊടുങ്ങിയത്. ലതയ്ക്കൊപ്പം യുഗ്മഗാനങ്ങള്‍ പാടാത്തത് കൊണ്ടു റഫിയുടെ കരിയറിനു ഒരു ചുക്കും സംഭവിച്ചില്ല. ക്ഷീണം ഏറെയും ലതയ്ക്കായിരുന്നു. റഫിയ്ക്കൊപ്പം താന്‍ പാടേണ്ടിയിരുന്ന പാട്ടുകള്‍ ആശയും സുമന്‍ കല്യാണ്‍പൂരും ഒക്കെ പാടി ഹിറ്റാക്കുന്നത് നിസ്സഹായയായി കണ്ടു നില്‍ക്കേണ്ടി വന്നു അവര്‍ക്ക്. കലഹം അവസാനിപ്പിക്കേണ്ടത് ലതയുടെ ആവശ്യമായി മാറി എന്ന് ചുരുക്കം. സുനില്‍ ദത്തും നര്‍ഗീസും മുന്‍കൈ എടുത്ത് റഫിയെയും ലതയേയും വീണ്ടും ഒരുമിപ്പിച്ചില്ലായിരുന്നെങ്കില്‍ ബോളിവുഡ് സംഗീതത്തിന്റെ തലക്കുറി എന്താകുമായിരുന്നു? ഓര്‍ക്കാന്‍ രസമുണ്ട്. 

സംഗീതേതിഹാസങ്ങള്‍ തമ്മിലുള്ള ഈ പഴയ കലഹ കഥ മാധ്യമങ്ങള്‍ വീണ്ടും പൊടിതട്ടിയെടുത്തത് ഏതാനും വര്‍ഷം മുന്‍പാണ് എണ്‍പത്തി മൂന്നാം പിറന്നാളിന്റെ തലേന്ന് മുംബൈ മിറര്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ലത നടത്തിയ ഒരു പരാമര്‍ശത്തിനെതിരെ റഫിയുടെ മകന്‍ ഷാഹിദ് ക്രുദ്ധനായി ആഞ്ഞടിച്ചപ്പോള്‍:. ``മരിച്ചവരെ പറ്റി അപഖ്യാതി പറയുന്നത് നെറികേടാണ്, ''ഷാഹിദ് റഫി പറഞ്ഞു. ``എന്റെ പിതാവ് ജീവിച്ചിരുന്ന കാലത്ത് എന്തുകൊണ്ട് ലതാജി ഈ വെളിപ്പെടുത്തല്‍ നടത്താന്‍ തയ്യാറായില്ല? രാജ്യം മുഴുവന്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന മഹാന്മാരെ കുറിച്ചുള്ള വൃത്തികെട്ട പരാമര്‍ശങ്ങള്‍ക്ക് കാലം ഒരിക്കലും മാപ്പ് തരില്ല..'' 

ഷാഹിദിന്റെ ധാര്‍മികരോഷത്തിന്റെ പൊരുള്‍ അറിയാന്‍ അറുപതുകളിലേക്ക് തിരിച്ചു പോകണം നാം. 'ലത ഇന്‍ ഹേര്‍ ഓണ്‍ വോയിസ്'എന്ന പുസ്തകത്തില്‍ അഭിമുഖകാരി നസ്രീന്‍ മുന്നി കബീറിന്റെ ചോദ്യത്തിന് ഉത്തരമായി ലത പറയുന്നു :``ഗാന രചയിതാക്കള്‍ക്കും സംഗീത സംവിധായകര്‍ക്കും ഒപ്പം ഗായകര്‍ക്കും റോയല്‍റ്റി തുക നല്‍കാന്‍ റെക്കോര്‍ഡ് കമ്പനികള്‍ തയ്യാറാകണം എന്നായിരുന്നു എന്റെ ശക്തമായ നിലപാട്. മുകേഷ് ഭായ്, തലത്ത് മഹമൂദ്, കിഷോര്‍ കുമാര്‍, മന്നാഡേ എന്നിവര്‍ എനിക്കൊപ്പം നിന്നു. എന്നാല്‍ റഫി സാഹിബും ആശ (ഭോസ്ലെ)യും എതിര്‍ചേരിയിലായിരുന്നു. റെക്കോര്‍ഡ് ചെയ്ത പാട്ടിന് നിര്‍മാതാവില്‍ നിന്നു പ്രതിഫലം പറ്റിക്കഴിഞ്ഞാല്‍ പിന്നെ ആ പാട്ടിന്മേല്‍ ഗായകന് യാതൊരു അവകാശവും ഇല്ലെന്നു വാദിച്ചു റഫി സാഹിബ്. അതുകൊണ്ട് തന്നെ റോയല്‍റ്റിക്കു വേണ്ടിയുള്ള പോരാട്ടം അര്‍ഥശൂന്യമാണെന്നും. കാഴ്ചപ്പാടുകളിലെ ഈ വൈരുധ്യമാണ് ഞങ്ങളെ മാനസികമായി അകറ്റിയത്. 1963 മുതല്‍ 67 വരെ ഞാനും റഫി സാഹിബും ഒരുമിച്ച് പാടിയതേയില്ല.. 

``പിന്നീടൊരുനാള്‍ റഫി സാഹിബില്‍ നിന്ന് എനിക്കൊരു കത്ത് കിട്ടുന്നു. ചിന്തിക്കാതെ എടുത്ത് ചാടി തീരുമാനമെടുത്തതില്‍ പശ്ചാത്തപിച്ചുകൊണ്ട്. താമസിയാതെ മുംബൈ ഷണ്മുഖാനന്ദ ഹാളില്‍ നടന്ന എസ് ഡി ബര്‍മന്‍ ഗാനനിശയില്‍ ഞങ്ങള്‍ ഒരുമിച്ച് പാടി ദീര്‍ഘകാലത്തിനു ശേഷം. നര്‍ഗീസ് ഉള്‍പ്പെടെ സിനിമാ രംഗത്തെ പ്രമുഖര്‍ ഗാനങ്ങള്‍ അവതരിപ്പിച്ച പരിപാടി. റഫിയും ലതയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍ന്നു എന്ന് ആരോ അനൗണ്‍സ് ചെയ്തതോര്‍ക്കുന്നു. തൊട്ട് പിന്നാലെ ജ്യുവല്‍തീഫ് എന്ന ചിത്രത്തിലെ ദില്‍ പുകാരെ എന്ന ഗാനം ഞങ്ങള്‍ ഒരുമിച്ച് പാടുകയും ചെയ്തു. സന്തോഷകരമായ ഒരു പുനസ്സമാഗമം. സദസ്സ് ആവേശപൂര്‍വമാണ് അത് സ്വീകരിച്ചത് ..''

ഇതേ കഥ ചില്ലറ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ആവര്‍ത്തിക്കുകയായിരുന്നു മുംബൈ മിറര്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ലത. റോയല്‍റ്റി പ്രശനം ചര്‍ച്ച ചെയ്യാന്‍ പ്രമുഖ ഗായകരും സംഗീത കലാകാരന്മാരും പങ്കെടുത്ത പ്രത്യേക യോഗത്തില്‍ റഫി നടത്തിയതായി പറയുന്ന ഒരു പ്രഖ്യാപനത്തില്‍ നിന്നാണ് വിവാദത്തിന്റെ തുടക്കം. ലത ആ സംഭവം അഭിമുഖത്തില്‍ ഓര്‍ത്തെടുത്തത് ഇങ്ങനെ: ``ചൂടേറിയ ചര്‍ച്ചകള്‍ക്കിടെ റഫി സാഹിബ് എഴുന്നേറ്റു നിന്ന് പറഞ്ഞു: ഇന്ന് മുതല്‍ ലതയോടൊപ്പം ഞാന്‍ പാടുന്ന പ്രശ്നമില്ല. സ്വാഭാവികമായും എനിക്ക് കോപം വന്നു അതിന് താങ്കളുടെ കൂടെ പാടാന്‍ എന്നെ കിട്ടിയിട്ട് വേണ്ടേ എന്നായി ഞാന്‍.'' ക്രുദ്ധയായി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുക മാത്രമല്ല ലത ചെയ്തത്; റഫി സാഹിബിനോപ്പം പാടാന്‍ വെച്ചിരുന്ന യുഗ്മഗാനങ്ങളില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് സംഗീത സംവിധായകരെ വിളിച്ചറിയിക്കുക കൂടി ചെയ്തു അവര്‍. മൂന്ന് വര്‍ഷത്തെ ``ശൂന്യത''യ്ക്ക് ശേഷം സംഗീത സംവിധായകന്‍ ജയ്കിഷന്‍ മുന്‍കൈ എടുത്താണ് പിണക്കം ഒതുക്കി തീര്‍ത്തതെന്നോര്‍ക്കുന്നു ലത. ``റഫി സാഹിബില്‍ നിന്ന് മാപ്പപേക്ഷ എഴുതി വാങ്ങാന്‍ ജയ്കിഷനോട് ആവശ്യപ്പെടുകയായിരുന്നു ഞാന്‍. ആ കത്ത് കിട്ടിയതോടെ, ഞങ്ങളുടെ ശീതസമരവും അവസാനിച്ചു.'' വിവാദം സൃഷ്ടിച്ച റോയല്‍റ്റി ചര്‍ച്ചയ്ക്കിടെ റഫി തന്നെ പരിഹാസസൂചകമായി `മഹാറാണി' എന്ന് വിളിച്ചു അധിക്ഷേപിച്ചതായും മറ്റൊരു അഭിമുഖത്തില്‍ ലത പറഞ്ഞുകേട്ടതോര്‍ക്കുന്നു (സിനിപ്ലോട്ട് ഡോട്ട് കോം- 2009 ). ഒരുമിച്ച് വീണ്ടും പാടിത്തുടങ്ങിയ ശേഷവും റഫിയുമായി മാനസികമായി പൊരുത്തപ്പെടാന്‍ തനിക്കു കഴിഞ്ഞില്ലെന്നു കൂടി സൂചിപ്പിക്കുന്നുണ്ട് ലത. ``റഫിയെ കാണുമ്പോഴെല്ലാം ആ പഴയ നോവിന്റെ കയ്പ്പുള്ള ഓര്‍മ്മകള്‍ വീണ്ടും മനസ്സില്‍ തികട്ടി വന്നുകൊണ്ടിരുന്നു''. 

``ശുദ്ധ അസംബന്ധം'' എന്നാണ് ലതയുടെ വെളിപ്പെടുത്തലുകളോടുള്ള ഷാഹിദ് റഫിയുടെ പ്രതികരണം. ``റോയല്‍റ്റി സംബന്ധിച്ച് വിവാദം ഉണ്ടായി എന്നത് ശരിയാണ്. നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും അവകാശപ്പെട്ട തുകയുടെ ഒരംശം ഗായകര്‍ക്ക് നല്‍കണം എന്ന ലതാജിയുടെ വാദം അംഗീകരിക്കാന്‍ എന്റെ പിതാവ് തയ്യാറായില്ല. പൊതുവേ മൃദുഭാഷിയും സമാധാന പ്രിയനുമായ അദ്ദേഹത്തിന് ഒരുപക്ഷെ അതത്ര നീതിയുക്തമായി തോന്നിയിരിക്കില്ല. നമ്മുടെ ജോലി പാടുകയാണ്. അതിന് മാന്യമായ പ്രതിഫലവും ലഭിക്കുന്നു. പിന്നെന്തിനാണ് അനര്‍ഹമായ പണത്തിനു വേണ്ടിയുള്ള അത്യാഗ്രഹം?-അതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.''

കലഹം ഒത്തുതീര്‍ക്കാന്‍ റഫി സാഹിബ് മുന്‍കൈ എടുത്തു എന്ന വാദത്തെയും ഖണ്ഡിക്കുന്നുണ്ട് ഷാഹിദ്. ലതാജിയുമൊത്ത് പാടാതിരുന്ന ആ ഇടവേളയില്‍ സുമന്‍ കല്യാണ്‍പൂര്‍ എന്ന പ്രതിഭാശാലിയായ ഗായികക്കൊപ്പം നിരവധി യുഗ്മഗാനങ്ങള്‍ പാടി റഫി. അവയെല്ലാം ഹിറ്റാകുകയും ചെയ്തു. (ജഹനാരയിലെ ബാദ് മുദ്ദത്ത് കേ, മൊഹബത് ഇസ്‌കോ കഹ്തെ ഹെയിലെ തഹരിയെ ഹോഷ് മേ, രാജ്കുമാറിലെ തും നെ പുകാരാ ഔര്‍ ഹം ചലേ ആയെ, സാഞ്ച് ഔര്‍ സവേരയിലെ അജ്ഹു നാ ആയെ ബാലമാ, ബ്രഹ്മചാരിയിലെ ആജ്കല്‍ തെരെ മേരെ...... ലത പാടിയ മമതയിലെ രഹേ ന രഹേ എന്ന ഗാനത്തിന്റെ യുഗ്മഗാന വേര്‍ഷന്‍ റഫിയോടൊപ്പം പാടിയത് സുമന്‍ ആയിരുന്നു എന്നും ഓര്‍ക്കുക) സ്വാഭാവികമായും ആ അപ്രതീക്ഷിത തിരിച്ചടി ലതയെ തളര്‍ത്തി. പ്രശ്നം ഒതുക്കിത്തീര്‍ക്കേണ്ടത് അവരുടെ ആവശ്യമായി മാറി. അതിന് വേണ്ടി ജയകിഷന്റെ സഹായം തേടാനും അവര്‍ മടിച്ചില്ല. ലതാജിയുടെ ആഗ്രഹം ജയകിഷനില്‍ നിന്ന് അറിയാന്‍ ഇടവന്നപ്പോള്‍ തെല്ലും മടിച്ചു നില്‍ക്കാതെ ഒത്തുതീര്‍പ്പിന് സമ്മതം മൂളുകയാണ് റഫി ചെയ്തതെന്ന് ഷാഹിദ് പറയുന്നു . ``അതായിരുന്നു അദ്ദേഹത്തിന്റെ രീതി. ആരോടും സ്ഥായിയായി പകവെച്ചു പുലര്‍ത്താത്ത പ്രകൃതം. അതേ സമയം സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന ആള്‍. അത്തരമൊരാള്‍ ലതാജിക്ക് മാപ്പപേക്ഷ എഴുതി അയച്ചു എന്നത് ഒരിക്കലും വിശ്വസിക്കാനാവില്ല എനിക്ക്. ''റഫി നല്‍കിയെന്ന് പറയപ്പെടുന്ന കത്ത് ഹാജരാക്കാന്‍ ലതാജിയെ വെല്ലുവിളിച്ചു ഷാഹിദ് റഫി. 

സത്യം ആരുടെ ഭാഗത്താണെന്ന് കാലം തെളിയിക്കുമായിരിക്കും. പക്ഷെ ഒന്ന് തീര്‍ച്ച. മൂന്ന് പതിറ്റാണ്ട് മുന്‍പ് വിടവാങ്ങിയ മഹാനായ ഒരു ഗായകനെ കുറിച്ച് ഈ ഘട്ടത്തില്‍ ഇത്തരം ഒരു അഭിപ്രായ പ്രകടനം നടത്താന്‍ ലതാജി മുതിരരുതായിരുന്നു റഫിയും ലതയും ചേര്‍ന്നു പാടി അനശ്വരമാക്കിയ നൂറു കണക്കിന് ഗാനങ്ങള്‍ ഇന്നും ഹൃദയത്തില്‍ കൊണ്ടു നടക്കുന്നവരെ ഓര്‍ത്തെങ്കിലും. ജോ വാദാ കിയാ വോ, പാവോ ചൂലെനെ ദോ (താജ്മഹല്‍), ജില്മില്‍ സിതാരോം കാ (ജീവന്‍ മൃത്യു), തൂ ഗംഗാ കി മൌജ് മേ (ബൈജു ബാവരാ), ചലോ ദില്‍ദാര്‍ ചലോ (പക്കീസ), ദോ സിതാരോം കാ സമീന്‍ പര്‍ ഹേ മിലന്‍ (കോഹിനൂര്‍) , തെരി ബിന്ദിയാ രെ (അഭിമാന്‍) , യുഹി തും മുജ്സെ ബാത്ത് (സച്ചാ ജൂട്ടാ ), ചാഹെ പാസ് ഹോ ചാഹെ ദൂര്‍ ഹോ (സമ്രാട്ട് ചന്ദ്രഗുപ്ത ), ദില്‍ തേരാ ദീവാന (ദില്‍ തേരാ ദീവാന) , തുജെ ജീവന്‍ കി ഡോര്‍ സെ (അസ്ലി നഖലി), ബാഗോം മേ ബഹാര്‍ ഹേ (ആരാധന), ഡഫ്ലീ വാലെ ഡഫ്ലി ബജാ (സര്‍ഗം) , ധീരേ ധീരേ ചല്‍ ചാന്ദ് ഗഗന്‍ മേ (ലവ് മാര്യേജ് ), തെരെ ഹുസ്നു കി ക്യാ താരീഫ് (ലീഡര്‍ ) .... മറക്കാനാവുമോ അവരുടെ യുഗ്മഗാനങ്ങള്‍? 

Content Highlights: lata mangeshkar association with asha bhonsle

PRINT
EMAIL
COMMENT

 

Related Articles

ഭാ​ഗ്യവാനാണ് ഞാൻ; ലതാ മങ്കേഷ്കറിന് പിറന്നാൾ ആശംസകളുമായി മോദി
Movies |
Movies |
അതേ മകളിലൂടെയാണ് ഇന്ന് ദിനനാഥ് മങ്കേഷ്‌കറെ ലോകമറിയുന്നത് എന്നത് വിധിവൈചിത്ര്യമാകാം
Movies |
ആ നാദസൗഭഗത്തിന് തൊണ്ണൂറു കഴിഞ്ഞു എന്ന് വിശ്വസിക്കാന്‍ പ്രയാസം
Movies |
'ദു:ഖം താങ്ങാനാവുന്നില്ല' കുഞ്ഞു ഋഷിയെ കൈകളിലേന്തിയ ഫോട്ടോ പങ്കുവെച്ച്‌ ലതാ മങ്കേഷകര്‍
 
  • Tags :
    • Lata Mangeshkar
    • asha bhonsle
More from this section
lata
ഒരു യുഗം ഒരു ശബ്ദം, ഒരേയൊരു ലത
lata
ലതാജിയുടെ ഗോള്‍ഡന്‍ ഹിറ്റ്‌സ്
lata mangeshkar
ലതാ മങ്കേഷ്‌കറെക്കുറിച്ച് പഠിക്കാം.. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ..
lata mangeshkar
ലത മതിമറന്ന് പാടി: ആജാരേ പര്‍ദേശി..
lathaji
ലതാ മങ്കേഷ്‌കറിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.