1. കാലത്തേയും പ്രായത്തേയും മറികടന്ന മധുര സ്വരം ''നരസിംഹ അവതാര്‍'' (1949) തുടങ്ങിയ ചിത്രങ്ങളില്‍ ആദ്യകാല നായികാതാരം ശോഭനാ സമര്ത്ഥ്നുവേണ്ടി പിന്നണി പാടിയ ലതാ മങ്കേഷ്കര്‍, പില്ക്കാലത്ത് ശോഭനാ സമര്‍ത്ഥിന്റെ മക്കള്‍ നൂതന്, തനൂജ എന്നിവര്‍ക്കുവേണ്ടിയും, തനൂജയുടെ മകള്‍ കാജോളിനുവേണ്ടിയും പിന്നണി പാടി. ഒരേ കുടുംബത്തില്‍പെട്ട മൂന്നു തലമുറകളിലെ നായികമാര്‍ക്കു വേണ്ടി പാടി!
2. ലോകത്തിലെ ഏതെങ്കിലും റേഡിയോ നിലയത്തില്‍നിന്ന് ഒഴുകി വരുന്ന ലതാ മങ്കേഷ്കര്‍ ഗാനം ഏതു സമയത്തും അന്തരീക്ഷത്തെ മുഖരിതമാക്കിക്കൊണ്ടിരിക്കുന്നു. ദിവസം 24 മണിക്കൂറും ലതാജിയുടെ മധുര ശബ്ദസാന്നിദ്ധ്യമുണ്ട് അന്തരീക്ഷത്തില്‍. വ്യത്യസ്ത സര്‍വ്വേകള്‍ സ്ഥിരീകരിച്ച കാര്യം!
3. പിന്നണി ഗായികമാരില്‍ ഏറ്റവും നീണ്ട കാലയളവില്‍ സിനിമാ സംഗീത രംഗത്ത് പ്രബലമായി നിലകൊണ്ട, ഇന്നും നിലകൊള്ളുന്ന ശബ്ദമാധുരി. ഹിന്ദി സിനിമയില്‍ 1947 മുതല്‍ സജീവസാന്നിദ്ധ്യം. 1990ല്‍ ദേശീയ പുരസ്കാരം നേടിയ പിന്നണി ഗായികയുടെ ശബ്ദം ഇന്നും ശ്രോതാക്കള്‍ക്ക് രോമാഞ്ചം പകരുന്നു.
4. അവിഭജിത ഭാരതത്തിലെ പ്രശസ്ത ഗായികാതാരം നൂര്‍ജഹാന്റെ കൂടെ ''ബടി മാ'' (1949) എന്ന ചിത്രത്തില്‍ അഭിനയിച്ചു. ജീവിതകാലത്തുതന്നെ ഹിന്ദി, മറാഠി സിനിമാലോകത്തെ ഒരു ഇതിഹാസമായി മാറിയിരുന്ന ഗായികാതാരം ശാന്താ ആപ്തെയുടെ കൂടെ ''സുഭദ്ര'' (1946), 'മന്ദിര്‍'' (1948) എന്നീ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചു. ''സുഭദ്ര 'യില്‍ ശാന്താ ആപ്തെയുമായി ചേര്‍ന്നുപാടിയ ''മൈ ഖിലി, ഖിലി, ഫുല്‍വാരി...'' (സംഗീതംവസന്ത് ദേശായ്) എന്ന ഗാനം വളരെ ജനപ്രീതി നേടുകയും ചെയ്തു.
5.1947ല്‍ ''ആപ് കി സേവാ മെ'' എന്ന ചിത്രത്തില്‍ക്കൂടി ഹിന്ദി സിനിമാ ലോകത്ത് പിന്നണി ഗായികയായി രംഗപ്രവേശം ചെയ്ത ലതാമങ്കേഷ്കറുടെ പ്രഥമ ഹിന്ദി ഗാനം സ്ഥാനം പിടിച്ചതോ ഒരു മറാഠി ചിത്രത്തില്‍! 1944ല്‍ റിലീസായ ''ഗജഭാവ്'' എന്ന മറാഠി ചിത്രത്തില്‍ ലതാമങ്കേഷ്കര്‍ പാടി അഭിനയിച്ച ''മാതാ കെ സപൂത് കി ദുനിയ ബദര്‍ ദേ തു...'' എന്ന ദേശഭക്തിഗാനം.
6. ലതാമങ്കേഷ്കര്‍ മുഖ്യഗായികയായി നിരവധി സംഘഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എന്നാല്‍ ഇതേവരെ ലതാജി പാടിയ ഗാനങ്ങളില്‍ ഒരേ ഒരു ഗാനമുണ്ട് കോറസിലെ മുഖ്യഗായികയായിട്ടല്ലാതെ പാടിയതായിട്ട് 1951ല്‍ റിലീസായ ''ബടി ബഹു'' (1951) എന്ന ചിത്രത്തില്‍ സുരീന്ദര്‍ കൗര്‍ മുഖ്യഗായികയായി പാടിയ ''ദുനിയാ സെ ന്യാരി ഗോരി തേരി സസുരാല്‍...'' എന്ന സംഘഗാനം (സംഗീതംഅനില്‍ ബിശ്വാസ്).
7. ഗാനങ്ങളുടെ അര്‍ത്ഥവും ഭാവവും മനസ്സിലാക്കി ഗാനങ്ങള്‍ തിരഞ്ഞെടുത്തു പാടുന്ന ശീലം! മറ്റു ഗായികമാരില്‍ അത്യന്തം അപൂര്‍വമായി കാണുന്ന ശീലം. ദ്വയാര്‍ത്ഥമുള്ള ഗാനങ്ങള്‍ കാബറെ ഗാനങ്ങള്‍ മുതലായവ പാടുന്നതില്‍നിന്നും ലതാ ദീദി വിട്ടു നിന്നു. കാബറെ ഗാനങ്ങളുടെ ലിസ്റ്റില്‍ പെട്ട ഒരു ഗാനം മാത്രമേ ലതാ ദീദി പാടീട്ടുള്ളൂ. ''ഇന്തകാം'' (1969) എന്ന ചിത്രത്തിലെ ''ആ ജാനെ ജാ, മേരാ യെ ഹുസ്ന് ജവാ...'' എന്ന ഗാനം. (ഗാന രചനരാജേന്ദ്ര കൃഷ്ണ. സംഗീതംലക്ഷ്മി കാന്ത് പ്യാരെലാല്‍)
8. താന്‍ പാടിയ ഗാനങ്ങളില്‍ ലതാജി ഒരിക്കലും ഓര്‍ക്കാനോ, മൂളാനോ പോലും ഇഷ്ടപ്പെടാത്ത ഗാനം ''സംഗം'' (1964) എന്ന ചിത്രത്തില്‍ വൈജയന്തിമാലയ്ക്കുവേണ്ടി പിന്നണി പാടിയ ''മൈം കാ കരൂ റാം മുഝെ ബുഡാ മില്‍ ഗയ...'' എന്ന ഗാനം (ഗാന രചന ഹസ്രത്ത് ജയ്പുരി. സംഗീതം ശങ്കര്‍ ജയ്കിഷന്). ഭര്‍ത്താവായി അഭിനയിച്ച രാജ്കപൂറിനെ അല്‍പ്പം വ്യംഗ്യമായി പരിഹസിച്ചുകൊണ്ടു വൈജയന്തിമാല അഭിനയിച്ച നൃത്തരംഗത്തിന്റെ പാട്ട് ലതാ ദീദി സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ പാടേണ്ടി വന്നതാണത്രെ! റിക്കാര്‍ഡിങ് വേളയില്‍ മാത്രമാണത്രെ പ്രസ്തുത ഗാനത്തെക്കുറിച്ച് ലതാ ദീദിക്കു അറിവു ലഭിച്ചത്. റിക്കാര്‍ഡിങ്ങിന്റെ സജ്ജീകരണങ്ങളെല്ലാംതന്നെ പൂര്‍ത്തിയാക്കിയിരുന്നതിനാല്‍ സംഗീത സംവിധായകന്റെ സ്നേഹപൂര്‍ണമായ നിര്‍ബ്ബന്ധത്തിനു വഴങ്ങി ലതാ ദീദി പാടിയ പാട്ട്!
9. ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ കണ്ണുകളെ ഈറനണിയിച്ച ലതാമങ്കേഷ്കര്‍ ആലാപനം ''ഏ മേരേ വതന്‍ കെ ലോ ഗോ...'' (ഗാന രചന കവി പ്രദീപ്. സംഗീതം സി. രാമചന്ദ്ര). ദേശഭക്തി തുളുമ്പുന്ന ഗാനം, ലതാമങ്കേഷ്കറുടെ ഭാവപൂര്ണമായ ആലാപനം. വേദിയില്‍ ഗാനം ശ്രവിച്ചുകൊണ്ടിരിക്കുന്ന ജവഹര്‍ ജിയുടെ കണ്ണുകള്‍ നിറഞ്ഞു ദേശഭക്തിയാല്‍ ആര്‍ദ്രമായ ലതാജിയുടെ ആലാപനത്താല്‍. 1963 ജനുവരിയിലായിരുന്നു സംഭവം.
10. നടി മധുബാലയുടെയും ലതാ മങ്കേഷ്കറുടെയും കലാ ജീവിതത്തില്‍ വലിയ ഒരു വഴിത്തിരിവുണ്ടാക്കിയ ചിത്രമത്രെ ''മഹല്‍'' (1949). മധുബാലയ്ക്കുവേണ്ടി ലതാ മങ്കേഷ്കര്‍ പിന്നണി പാടിയ ''ആയേഗാ ആയേഗാ ആയേഗാ ആനെവാല...''എന്ന ഗാനവും ആ രംഗവും ഇന്ത്യന്‍ സിനിമയിലെതന്നെ ഒരു വിസ്മയമായി മാറി. പില്ക്കാലത്ത് അഭിനയിക്കാനുള്ള കരാര്‍ ഒപ്പിടുമ്പോള്‍ മധുബാല ഒരു നിബന്ധന വെച്ചിരുന്നത്രെചിത്രത്തില് തനിക്കുവേണ്ടി പിന്നണി പാടുന്നത് ലതാമങ്കേഷ്കര്‍ ആയിരിക്കണമെന്ന്! വിവിധ് ഭാരതിക്കു ലതാമങ്കേഷ്കര്‍ നല്കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയ കാര്യം.
11. 'അമര്‍ ഭൂപാളി'' (1951) എന്ന മറാഠി ചിത്രത്തിനുവേണ്ടി ലതാ മങ്കേഷ്കര്‍ പാടിയ ''ഘനശ്യാമ സുന്ദര ശ്രീധര...'' (സഹഗായകന്‍ പണ്ഡിറ്റ് റാവു നാഗര്‍കര്‍. സംഗീതം വസന്ത് ദേശായ്) എന്ന ഗാനം അനശ്വരത നേടി. പേഷ്വാമാരുടെ ഭരണകാലത്ത് ജീവിച്ചിരുന്ന ഹോനാജിബാല എന്ന കിവശ്രേഷ്ഠന്റെ ഈ ഭക്തിരചന 20ാം നൂറ്റാണ്ടില്‍ അത്യന്തം ജനകീയമാക്കുന്നതില്‍ ലതാദീദിയുടെ ശ്രുതി മധുര ആലാപനം വലിയ പങ്കു വഹിച്ചു. മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളില്‍ ഇപ്പോഴും പ്രഭാത വേളകളില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഗാനം!
12. ചിത്രത്തില്‍നിന്നും നീക്കം ചെയ്യാന്‍ ശ്രമമുണ്ടായ ഒരു ഗാനം സൂപ്പര്‍ ഹിറ്റാവുക! ''അനാര്‍ക്കലി'' (1953) എന്ന ചിത്രത്തില്‍ ലതാമങ്കേഷ്കര്‍ പാടിയ ''മുഹബ്ബത്ത് മെ ഐസെ കദം ഡഗ്മഗായെ...'' (സംഗീതം സി. രാമചന്ദ്ര) എന്ന ഗാനം ആ കഥ പറയുന്നു. ചിത്രത്തില്‍ അനാര്‍ക്കലിയായി വേഷമിട്ട ബീനാറായ് മദ്യപിച്ച പോലെ 'എക്കിള്‍' ഇട്ടു പാടി നൃത്തം ചെയ്യുന്ന ഒരു ഗാന രംഗം. ഈ 'എക്കിള്‍ പാട്ട്' പാടിയത് ലതാമങ്കേഷ്കറും. ''മുഹബ്ബത്ത് മൈ ഐസെ കദം ഡഗ്മഗായെ..'' എന്ന ഈ ഗാനം നിലവാരം കുറഞ്ഞതാണെന്നു പറഞ്ഞ് നിര്‍മ്മാതാവ് ശശാധര്‍ മുഖര്‍ജി ചിത്രത്തില്‍ നിന്നും ഗാനം നീക്കം ചെയ്യാന്‍ വരെ ആലോചിച്ചു. മാത്രമല്ല നിലവാരം കുറഞ്ഞ ഈ ഗാനരംഗം ചിത്രീകരിച്ചു സമയവും പണവും നഷ്ടപ്പെടുത്തി എന്നാരോപിച്ച് സംഗീത സംവിധായകന് സി. രാമചന്ദ്രയ്ക്ക് വക്കീല്‍ നോട്ടീസും അയച്ചത്രെ 75000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട്. എങ്ങനെയോ ചിത്രം റിലീസായി ഈ 'എക്കിള്‍' ഗാനത്തോടെതന്നെ. നിര്‍മ്മാതാവിന്റെ കണക്കുകൂട്ടലുകളെ തകിടം മറിച്ചതായി പ്രേക്ഷകരുടെ പ്രതികരണം. അവര്‍ രണ്ടു കൈയും നീട്ടി സഹര്‍ഷം സ്വീകരിച്ചു ഈ 'എക്കിള്‍' ഗാനത്തെ. ചിത്രത്തിലെ ഏറ്റവും ജനപ്രിയ ഗാനങ്ങളില്‍ ഒന്നാണ് ഈ ഗാനം ഇന്നും!
13. മലയാളത്തില്‍ ''നെല്ല്'' (1974) എന്ന ചിത്രത്തിനു വേണ്ടിയാണ് ലതാ മങ്കേഷ്കര്‍ ആദ്യമായി പിന്നണി പാടിയതെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യം. എന്നാല്‍ 1958ല്‍ റിലീസായ ''തസ്കരവീരന്'' എന്ന ചിത്രത്തില്‍ മറ്റൊരു ഹിന്ദി ചിത്രത്തിനുവേണ്ടി ഗായിക പാടിയ ഒരു മുഴുനീള ഹിന്ദി ഗാനം ഉള്‍പ്പെടുത്തിയിരുന്നു എന്നുള്ള വസ്തുത അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ''കഭീ ഖാമോശ് രഹ്തെ ഹൈ... പീ കെ ദരസ്കോ...'' എന്ന ഈ ഗാനം 1955ല്‍ റിലീസായ ''ആസാദ്'' എന്ന ചിത്രത്തിലെ ഒരു നൃത്തരംഗത്തിനുവേണ്ടി ലതാമങ്കേഷ്കര്‍ പാടിയ ഗാനം. ഒരേ കഥയെ ആസ്?പദമാക്കി ''പക്ഷിരാജാ സ്റ്റുഡിയോസ്'' നിര്‍മിച്ച ഈ ചിത്രങ്ങളിലെ നൃത്തരംഗത്ത് ഹിന്ദിയില്‍ മീനാകുമാരിയും മലയാളത്തില്‍ രാഗിണിയും അഭിനയിച്ചു. ഒരു പിന്നണി ഗായിക പാടിയ ഒരു ഗാനത്തിനൊത്ത് രണ്ടു വ്യത്യസ്ത ഭാഷാ ചിത്രങ്ങളില്‍ അതതു ഭാഷാ സിനിമയിലെ രണ്ടു സൂപ്പര്‍ താരറാണിമാര്‍ നൃത്തം ചെയ്യുക! ഇതിനു സമാനമായി മറ്റൊരു സംഭവം ഇന്ത്യന്‍ സിനിമയില്‍ ഉണ്ടോ എന്നു സംശയം. ലതാമങ്കേഷ്കര്‍ പാടിയ ഗാനത്തിനുമാത്രം അവകാശപ്പെട്ട വിശേഷണം.
14. 'മുഗള്എഅസം'' (1960) എന്ന സുപ്രസിദ്ധ ഹിന്ദി ചിത്രത്തിലെ 'ശീശ്മഹല്‍' നൃത്തരംഗം ഇന്ത്യന്‍ സിനിമയിലെ ഒരു വിസ്മയം! നൃത്തരംഗത്തിനു കൊഴുപ്പേകിയത് ലത പാടിയ ''പ്യാര് കിയാ തോ ഡര്‍നാ ക്യാ...'' എന്ന ഗാനവും. ഈ ചിത്രം ''അക്ബര്‍'' (1961) എന്ന പേരില്‍ തമിഴിലേക്കു മൊഴിമാറ്റം നടത്തിയപ്പോള്‍ പ്രസ്തുത നൃത്തരംഗത്ത് മധുബാല തമിഴില്‍ പാടി നൃത്തം ചെയ്യുന്നത് ലതാമങ്കേഷ്കറുടെ തന്നെ പിന്നണി ശബ്ദത്തിലായിരിക്കണമെന്ന് സംഗീത സംവിധായകന് നൗഷാദ് നിര്‍ബന്ധബുദ്ധിയോടെ ആവശ്യപ്പെട്ടത്രെ. ലതാമങ്കേഷ്കര്‍ ആ രംഗത്തിനുവേണ്ടി പാടിയ ''കാതല്‍ കൊണ്ടാലേ 'യമെന്ന....'' ജനപ്രീതി നേടുകയും ചെയ്തു. 'ശീശ്മഹല്‍' നൃത്തരംഗവും ലതാജിയുടെ പാട്ടും അവിഭാജ്യഘടകങ്ങളായിട്ടാണത്രെ നൗഷാദ് കണ്ടത്. ''അക്ബര്‍'' എന്ന തമിഴ് പതിപ്പിലെ മറ്റു ഗാനങ്ങള്‍ പാടിയത് പി. സുശീലയും ജിക്കിയുമായിരുന്നു.
15. എല്ലാ ഗാനങ്ങളും ലതാമങ്കേഷ്കര്‍ പാടിയ ചിത്രങ്ങള്‍ (ലിസ്റ്റ് അപൂര്‍ണമായിരിക്കാം)
വര്‍ഷം ചിത്രം സംഗീതം ഗാനങ്ങളുടെ എണ്ണം എന്ന ക്രമത്തില്‍
1. 1952 'പൂനം'' ശങ്കര്‍ ജയ്കിഷന്, 9
2. 1953 'ഔരത്ത്'', ശങ്കര്‍ ജയ്കിഷന് 9
3. 1954 'ബാപ് ബേട്ടി'', രോശന്‍ 4
4. 1964 'യാദെം'', വസന്ത്ദേശായ് 2
5. 1965 'രിശ്തെ നാത്തെ'', മദന്‍ മോഹന്‍ 4
16. ചിത്രത്തിലെ വനിതാ പിന്നണി ശബ്ദം ലതാമങ്കേഷ്കര്‍ മാത്രമായി ചില ചിത്രങ്ങള്‍ : (ലിസ്റ്റ് അപൂര്‍ണം)
വര്‍ഷം ചിത്രം സംഗീതം ഗാനങ്ങളുടെ എണ്ണം എന്ന ക്രമം
1. 1956 'രാജ്ധാനി'' ഹംസ്രാജ്ബെഹല് 6 ലത, 1യുഗ്മഗാനം
2. 1972 'രാജാ ജാനി'' ലക്ഷ്മികാന്ത് പ്യാരെലാല്‍ 5 ലത, 1കിശോര്‍
3. 1973 'ബ്ലാക്ക് മേല്‍'' കല്ല്യാണ്‍ ജി ആനന്ദ് ജി 3 ലത, 3 കിശോര്‍
4. 1973 'ഗദ്ദാര്‍'' ലക്ഷ്മികാന്ത് പ്യാരെലാല്‍ 2 ലത, 1 റാഫി
17. 'മങ്കേഷ്കര്‍ മയ'ഭമായി വന്ന ചില ചിത്രങ്ങള്‍ :
1. 'പട്ട്റാണി'' (1956) എന്ന ഹിന്ദി ചിത്രത്തിലെ 10 ഗാനങ്ങളും പാടിയത് ലത, മീന, ഉഷ എന്നീ മങ്കേഷ്കര്‍ സഹോദരിമാര്‍. സംഗീതംശങ്കര്‍ ജയ്കിഷന്..
2. 'മയൂര്‍ പംഖ്'' (1953) എന്ന ഹിന്ദി ചിത്രത്തിലെ 6 ഗാനങ്ങളും പാടിയത് ലതാമങ്കേഷ്കറും സഹോദരി ആശയും ചേര്‍ന്ന്.
18. 1978ല്‍ റിലീസായ ''കാനൂന്‍ കാ ശിക്കാര്‍'' എന്ന ഹിന്ദി ചിത്രത്തിനു വേണ്ടി ഇളയ സഹോദരി മീനാ മങ്കേഷ്കറുടെ സംഗീത സംവിധാനത്തില്‍ ലതാ ദീദി പാടി.
ഇളയ സഹോദരന് ഹൃദയനാഥ് മങ്കേഷ്കറുടെ സംഗീത സംവിധാനത്തില്‍ പാടിയ ചില ഹിന്ദി ചിത്രങ്ങള്‍ :
''പ്രാര്‍ത്ഥന'' (1969), 'ഹരിശ്ചന്ദ്ര താരാമതി'' (1970), 'ചാനി'' (1977), 'ധനവാന്'' (1981) 'ആസ് ഔര്‍ പ്യാസ്''(1983), 'സുബഹ്'' (1983), 'ജിന്ദഗി ഇംതഹാന് ലേത്തി ഹൈ'' (1984) 'ചക്ര'' (1980), 'ലേകിന്'' (1990).
19. തമിഴില്‍ ലതാമങ്കേഷ്കര്‍ പാടിയ ചിത്രങ്ങള്‍ :
''ആന്‍'' (1951), എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് പതിപ്പ് ''ആന്‍'' (1952), 'ഉടന്‍ ഖട്ടോല'' (1955) യുടെ തമിഴ് പതിപ്പ് ''വാനരഥം'' (1956), 'മുഗള്‍ എഅസം'' (1960) ന്റെ തമിഴ് പതിപ്പ് ''അക്ബര്‍'' (1961) 'എന്‍ ജീവന് പാടുത്'', ''ആനന്ദ്'', ''സത്യ''.
20. തെലുങ്ക്, കന്നഡ, എന്നീ ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും ലതാമങ്കേഷ്കര്‍ പിന്നണി പാടി.
21. ലതാ മങ്കേഷ്കറുടെ മാന്ത്രിക ശബ്ദത്തിന്റെ മായാജാലത്തിന് ഒരു ഉദാഹരണം. 1981 ഫെബ്രവരി 28ാം തിയതി മറാഠ് വാടയിലെ 'ഔരാദ് ഷാഹാജനി' എന്ന ഒരു കുഗ്രാമത്തില്‍ ലതാജിയുടെ ഒരു സംഗീത പരിപാടി സംഘടിപ്പിക്കപ്പെട്ടിരുന്നു. ഏകദേശം 7000 ജനസംഖ്യയുണ്ടായിരുന്ന ആ കുഗ്രാമത്തില്‍ ലതാജിയുടെ സംഗീതപരിപാടി ആസ്വദിക്കാനായി അന്ന് തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍നിന്നും തടിച്ചു കൂടിയ സദസ്സ് 70,000ല്‍ പരം!
22. 1964ല്‍ റിലീസായ ''സന്ത്ജ്ഞാനേശ്വര്'' എന്ന ഹിന്ദി ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സുധീര്കുമാറിനുവേണ്ടി പിന്നണി പാടിയ ലത, ചിത്രത്തില്‍ ജ്ഞാനേശ്വരിന്റെ അമ്മ രുക്മിണിബായ്, സഹോദരിമുക്ത, ഭക്തയായ നര്‍മ്മദ, രാജനര്ത്തകി എന്നീ കഥാപാത്രങ്ങള്‍ക്കും പാടുംശബ്ദം നല്കി.
23. ലണ്ടനിലെ ''ആല്‍ബര്‍ട്ട് ഹാള്‍''ല്‍ സ്ഥാപിച്ചിരിക്കുന്ന കംപ്യൂട്ടര്‍ ലതാമങ്കേഷ്കറുടെ ശബ്ദമാണ് അതുവരെ റിക്കാര്‍ഡ് ചെയ്തതില്‍ ഏറ്റവും പൂര്‍ണതയുള്ള ശബ്ദമായി രേഖപ്പെടുത്തിയിരിക്കുന്നത്.
24. ലതയെ ഡോക്ടറേറ്റ് നല്കി ബഹുമാനിച്ചിരിക്കുന്നത് ന്യൂയോര്‍ക്ക് സര്‍വകലാശാലയടക്കം 6 സര്‍വകലാശാലകള്‍!
25. പ്രമുഖ പിന്നണി ഗായകരുമായി ലത പാടിയ യുഗ്മഗാനങ്ങളുടെ ഏകദേശ കണക്ക് മുഹമ്മദ് റഫി-440, കിഷോർ കുമാര്‍-330, മുകേഷ്-160, മന്നാഡേ-110, തലത് മെഹ്മൂദ്-65, ഹേമന്ത് കുമാര്‍-55, ചിതല്‍കര്‍-50.
പിന്നണി ഗായികമാര്‍ :
ആശ ഭോസ്ലെ-75, ഉഷാ മങ്കേഷ്കര്‍-60, ഗീതാ ദത്ത്-35, ശംഷാദ് ബീഗം-30
26. സംഗീത സംവിധായകരുടെ കീഴില്‍ ലത പാടിയ ഗാനങ്ങളുടെ ഏകദേശ കണക്ക്.
ലക്ഷ്മികാന്ത് പ്യാരെ ലാല്‍-700
ങ്കര്‍ ജയ്കിഷന്-450
ആര്.ഡി. ബര്മന്-330
സി. രാമചന്ദ്ര-300
കല്യാണ്ജി ആനന്ദ്ജി-300
ചിത്രഗുപ്ത-240
മദന്മോഹന്-210
എസ്.ഡി. ബര്മൻ-180
നൗഷാദ്-160
റോഷൻ-150
ഹേമന്ത് കുമാര്‍-140
അനില്‍ ബിശ്വാസ്-125
സലില്‍ ചൗധരി-130
27. തന്റെ ശബ്ദം ഏറ്റവും അനുയോജ്യം സൈരാ ബാനുവിനാണെന്ന് ലതാ മങ്കേഷ്കര്‍ വിശ്വസിക്കുന്നു.
28. ദാദാ സഹബ് ഫാല്‍ക്കേ അവാര്‍ഡും 'ഭാരതരത്ന'യും ലഭിച്ച രണ്ടു വ്യക്തികള്‍ സത്യജിത്റേയും ലതാ മങ്കേഷ്കറുമാണ്.
29. ഒരു ഗാനം ആലപിക്കുന്നതിനുമുമ്പ് സ്വന്തം കൈപ്പടയില്‍ ലത ആ ഗാനം കടലാസില്‍ കുറിക്കുന്നു. 'ശ്രീ' എന്ന അക്ഷരം കടലാസിന്റെ നെറുകയില്‍ എഴുതിയ ശേഷമാണ് ഗാനം എഴുതിത്തുടങ്ങുക.
Content Highlights : facts about latha mangeshkar singer