ദുൽഖർ സൽമാൻ നായകനായ കുറുപ്പിന് പ്രേക്ഷകർ ഒന്നടങ്കം വമ്പൻ സ്വീകരണമാണ് നൽകിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ ഷോകൾ കളിക്കുന്ന ചിത്രമെന്ന റെക്കോർഡ് കരസ്ഥമാക്കിയ കുറുപ്പ് സംസ്ഥാനത്ത് 500 സ്‌ക്രീനുകളിലാണ് പ്രദർശനത്തിനെത്തിയത്. എന്നാൽ വൈകിട്ടായപ്പോഴേക്കും അത് 550 സ്‌ക്രീനുകളിലേക്ക് എത്തിയിരുന്നു. അതിൽ ഭൂരിഭാ​ഗവും ഹൗസ്‌ഫുള്ളുമായിരുന്നു. കൂടാതെ അധിക പ്രദർശനങ്ങളും നടത്തി . ഇപ്പോഴിതാ ആദ്യദിനം തന്നെ കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ കുറുപ്പ് മലയാളത്തിലെ പല ബ്ലോക്ക്ബസ്റ്റർ‌ ചിത്രങ്ങളെയും കളക്ഷൻ റെക്കോർഡിൽ പിന്നിലാക്കിയിരിക്കുകയാണ്. 

മലയാള സിനിമയുടെ പ്രതാപകാലത്തിലേക്ക് തിരികെ പോകുവാൻ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമെത്തിയ കുറുപ്പ് ഒരു കാരണമായിരിക്കുകയാണ്. വാരാന്ത്യത്തിൽ കൂടുതൽ പ്രേക്ഷകർ തീയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷ. മലയാളത്തിൽ എന്നത് പോലെ തന്നെ തമിഴിലും തെലുങ്കിലും റെക്കോർഡ് ഓപ്പണിങ്ങാണ് കുറുപ്പിന് ലഭിച്ചിരിക്കുന്നത്. തമിഴിൽ ദീപാവലി റിലീസായെത്തിയ ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം നേടാത്തത് കുറുപ്പിലേക്ക് പ്രേക്ഷകരെ കൂടുതൽ അടുപ്പിച്ചു. തെലുങ്കിലും മറ്റു പുതിയ റിലീസുകളെക്കാൾ മികച്ച ഓപ്പണിംഗ് കുറുപ്പിന് നേടാനായിട്ടുണ്ട്. 

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിച്ച കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. 

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി ആർ ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ & എസ്‌തെറ്റിക്‌ കുഞ്ഞമ്മ.

content highlights : Kurup boxoffice collection Dulquer Salmaan Kurup first day record collection