മലയാളത്തിന്റെ സ്വന്തം വാനമ്പാടിക്ക് ഇന്ന് 57-ാം പിറന്നാൾ

ചിറയിൻകീഴുകാരൻ അബ്ദുൾഖാദറും കരമന കൃഷ്ണൻ നായരും. ഇരുവരും അറിയപ്പെടുന്ന നാടകനടന്മാർ, സിനിമാഭിനയമോഹികൾ, സഹൃദയർ. സർവോപരി യുവകോമളൻമാരും. പക്ഷേ, സിനിമയിൽ അരങ്ങേറാനുള്ള ഊഴം വന്നപ്പോൾ പ്രായക്കുറവും ഉയരക്കൂടുതലും അബ്ദുൾഖാദറിനെ തുണച്ചു. ക്യാമറാടെസ്റ്റിൽ നേരിയ വ്യത്യാസത്തിൽ കൃഷ്ണൻനായർ പുറത്ത്. എഴുത്തുകാരനും വാഗ്മിയും 'കൗമുദി' വാരികയുടെ പത്രാധിപരുമായ കെ. ബാലകൃഷ്ണൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനംചെയ്യേണ്ടിയിരുന്ന 'ത്യാഗസീമ' (1951) യിലെ മുഖ്യ നടന്മാരിലൊരാളായി ചിറയിൻകീഴ് അബ്ദുൾഖാദർ തിരഞ്ഞെടുക്കപ്പെടുന്നത് അങ്ങനെയാണ്. ആദ്യചിത്രം വെളിച്ചംകണ്ടില്ലെങ്കിലും ഖാദർ വളർന്ന് മലയാളികളുടെ പ്രിയപ്പെട്ട പ്രേംനസീറായതും നിത്യഹരിതനായകനായതും മലയാളസിനിമയുടെ ഗതിവിഗതികൾ നിയന്ത്രിച്ചതുമൊക്കെ പിൽക്കാലചരിത്രം.

അതേ പടത്തിൽ മറ്റൊരാൾകൂടിയുണ്ടായിരുന്നു നായകനായി-മാനുവെൽ സത്യനേശൻ നാടാർ എന്ന സത്യൻ. സത്യന്റെയും പ്രേംനസീറിന്റെയും അടൂർ ഭാസിയുടെയുമൊക്കെ അരങ്ങേറ്റ ചിത്രമാകേണ്ടിയിരുന്ന 'ത്യാഗസീമ' സാമ്പത്തികപ്രശ്നങ്ങളാൽ ഇടയ്ക്കുവെച്ച് മുടങ്ങിയിട്ടും ഈ അനുഗൃഹീതനടന്മാരെല്ലാം സിനിമയുടെ രാജവീഥികളിൽ ഇടംനേടിയെന്നത് വിധിനിയോഗമാകാം.

sathyan nazeer
സത്യനും പ്രേം നസീറും

നിർഭാഗ്യവാനായ കരമന കൃഷ്ണൻനായരുടെ കാര്യമോ? സിനിമാമോഹം ഉപേക്ഷിച്ച് സ്വന്തം തട്ടകമായ നാടകത്തിലേക്കും സംഗീതവേദിയിലേക്കും തിരിച്ചുപോയ കൃഷ്ണൻ നായർ തലസ്ഥാനത്തെ അറിയപ്പെടുന്ന നടനും ഗായകനുമായി. ഇടപ്പള്ളി രാഘവൻപിള്ളയുടെ 'മണിമുഴക്കം! മരണദിനത്തിന്റെ മണിമുഴക്കം' എന്ന പ്രശസ്ത കവിതയുടെ ഹൃദയസ്പർശിയായ അവതരണത്തിലൂടെ തിരുവനന്തപുരത്തുകാരുടെ പ്രിയപ്പെട്ട 'മണിമുഴക്കം കൃഷ്ണൻ നായരാ'യി. സ്നേഹസുരഭിലമായ ആ സംഗീതപാരമ്പര്യത്തിന്റെ പിന്തുടർച്ചാവകാശി ഇന്നും നമുക്കിടയിലുണ്ട്; മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ മധുരശബ്ദം കെ.എസ്. ചിത്ര.

'ചിത്രയെ കാണുമ്പോൾ ആദ്യം ഓർമവരിക ആ കുട്ടിയുടെ അച്ഛന്റെ നന്മനിറഞ്ഞ മുഖമാണ്'- സംഗീതസംവിധായകരുടെ കുലപതിയായ ദേവരാജൻമാസ്റ്ററുടെ വാക്കുകൾ. 'സദാ പുഞ്ചിരിക്കുന്ന ആ മുഖം കൃഷ്ണൻനായരുടെ സുതാര്യവ്യക്തിത്വത്തിന്റെ ഭാഗം തന്നെയായിരുന്നു. ആരോടും പരിഭവമോ പരാതിയോ ഇല്ലാതെ ജീവിച്ചുമരിച്ച ഒരു നല്ല മനുഷ്യൻ...' -കൃഷ്ണൻനായരുടെ കാവ്യാലാപനം തിരുവനന്തപുരം വി.ജെ.ടി. ഹാളിലെ നിറഞ്ഞ സദസ്സിലൊരാളായി ഇരുന്ന് ആസ്വദിച്ചിട്ടുണ്ട് മാസ്റ്റർ. 'മണിമുഴക്കം, മരണദിനത്തിന്റെ മണിമുഴക്കം മധുരം, വരുന്നു ഞാൻ' എന്ന് പാടിത്തുടങ്ങുമ്പോഴേ ഹാളിൽ അസ്വസ്ഥമായ ഒരു നിശ്ശബ്ദത പടരും. അങ്ങേയറ്റം ഭാവതീവ്രതയോടെയാണ് കൃഷ്ണൻനായർ പാടുക. കേൾവിക്കാരിൽ ചിലർ വേദന സഹിക്കാനാകാതെ തലകുനിച്ചിരിക്കും; മറ്റു ചിലർ കണ്ണീരൊപ്പും. ഒരു കവിതയ്ക്ക് എത്രത്തോളം ആഴത്തിൽ മനുഷ്യമനസ്സിനെ സ്വാധീനിക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞത് കൃഷ്ണൻനായർ മണിമുഴക്കം ആലപിച്ചുകേട്ടപ്പോഴാണെന്ന് ദേവരാജൻ മാസ്റ്റർ. 'എം.ജി. കോളേജിൽ എന്റെ ഒരുവർഷം സീനിയറായി പഠിച്ചിരുന്ന കാലംമുതലേ കൃഷ്ണൻനായരെ അറിയാം. പക്ഷേ, മകൾ പാടുമെന്നോ സിനിമയിൽ അവസരം നൽകണമെന്നോ ഒരിക്കലും പറഞ്ഞുകേട്ടിട്ടില്ല അദ്ദേഹം. അതൊരു അദ്ഭുതമല്ലേ?' -മാസ്റ്ററുടെ ചോദ്യം.

ശാസ്ത്രീയമായി പാട്ടുപഠിച്ചിട്ടില്ല കൃഷ്ണൻ നായർ. അപാരമായ കേൾവിജ്ഞാനമാണ് കൈമുതൽ. ''മൂത്തചേച്ചി രാജമ്മയെ ഒരു ഭാഗവതർ വീട്ടിൽവന്ന് വായ്പാട്ടും വീണയും പഠിപ്പിച്ചിരുന്നു അക്കാലത്ത്. അതുകേട്ടാണ് കൃഷ്ണൻ നായർ ചേട്ടൻ കുട്ടിക്കാലത്ത് സംഗീതം പഠിച്ചത്' -കൃഷ്ണൻ നായരുടെ കൂടപ്പിറപ്പുകളിൽ ഇന്ന് ജീവിച്ചിരിപ്പുള്ള ഏകസഹോദരി ശോഭന, ചിത്രയുടെ പ്രിയപ്പെട്ട തങ്കിമാമി ഓർക്കുന്നു. തിരുവിതാംകൂറിൽ ജഡ്ജിയായിരുന്ന ദിവാൻ ബഹാദുർ എ. ഗോവിന്ദപ്പിള്ളയുടെ മകൻ ജി മാധവൻപിള്ളയാണ് കൃഷ്ണൻനായരുടെ പിതാവ്. ഇലക്ട്രിക്കൽ എൻജിനീയറായിരുന്നു അദ്ദേഹം. മാധവൻപിള്ള-തങ്കമ്മ ദമ്പതിമാർക്ക് അഞ്ചുമക്കൾ: രാജമ്മ, ഗോപിനാഥൻ നായർ, കൃഷ്ണൻ നായർ, ചന്ദ്രശേഖരൻ നായർ, ശോഭന. നാഗർകോവിലിലെ എസ്.എൽ.ബി. സ്കൂളിൽ പഠിക്കുന്ന കാലത്തേ സ്റ്റേജിൽ പാടും കൃഷ്ണൻ നായർ. എം.കെ. ത്യാഗരാജ ഭാഗവതർ, ഘണ്ടശാല, പി.യു. ചിന്നപ്പ ഒക്കെയാണ് അന്നത്തെ പ്രിയഗായകർ. മുതിർന്നപ്പോൾ സൈഗാൾ, പങ്കജ് മല്ലിക്, മുഹമ്മദ് റഫി, സി.എച്ച്. ആത്മ തുടങ്ങിയവരുടെ ഹിന്ദി പാട്ടുകളോടായി കമ്പം. ''ഏതുഗായകന്റെയും ശൈലി സ്വന്തം ആലാപനത്തിലേക്ക് അനായാസം പകർത്താൻ കഴിയുമായിരുന്നു ചേട്ടന്'' -അനിയത്തിയുടെ ഓർമ. ''സൈഗാളിന്റെ സോജാ രാജകുമാരി, പങ്കജ് മല്ലിക്കിന്റെ ഗുസർ ഗയാ വോ സമാനാ, ആത്മയുടെ പ്രീതം ആൻ മിലോ, മുകേഷിന്റെ ജീവൻ സപ്നാ ടൂട്ട് ഗയാ... ഈ പാട്ടുകൾ പലതും ചേട്ടൻ വേദിയിൽ പാടുന്നതിന്റെ മങ്ങിയ ഓർമയുണ്ട്. വിഷാദഗാനങ്ങളോട് അദ്ദേഹത്തിന് പ്രത്യേകിച്ചൊരു മമതയുണ്ടായിരുന്നു. റഫിയുടെ 'ഓ ദുനിയാ കേ രഖ് വാലേ' എന്ന പാട്ട് ചേട്ടൻ പാടുമ്പോൾ കരച്ചിലടക്കിയാണ് സദസ്സ് കേട്ടിരിക്കുക.. അതൊരു കാലം.''

ബഹുമുഖ പ്രതിഭയായിരുന്നു കൃഷ്ണൻ നായർ; സംഗീതത്തിനുപുറമേ നാടകാഭിനയത്തിലും ബാഡ്മിന്റൺ, നീന്തൽ തുടങ്ങിയ കായിക ഇനങ്ങളിലുമെല്ലാം മികവുതെളിയിച്ചയാൾ. സദാശിവ ബ്രഹ്മേന്ദ്രരുടെ 'മാനസസഞ്ജരരേ'യും സ്വാതിതിരുനാളിന്റെ 'പദ്മനാഭ പാഹി'യും വേദിയിൽ കൃഷ്ണൻ നായർ ആലപിക്കുന്നതുകേട്ടാൽ കർണാടകസംഗീതം അതിന്റെ ചിട്ടവട്ടങ്ങളോടെ അഭ്യസിച്ചിട്ടില്ലാത്ത ഒരാളാണ് പാടുന്നതെന്ന് സങ്കല്പിക്കാൻപോലും പറ്റില്ല നമുക്ക്. സംഗീതത്തോടായിരുന്നു അഭിനിവേശമെങ്കിലും അധ്യാപനമാണ് കൃഷ്ണൻ നായർ തിരഞ്ഞെടുത്ത തൊഴിൽമേഖല. ബി എഡും നിയമബിരുദവും നേടിയശേഷം വാമനപുരം സ്കൂളിൽ അധ്യാപകനായി തുടങ്ങിയ കൃഷ്ണൻനായർ വിരമിച്ചത് തേമ്പാമൂട് സ്കൂളിൽ ഹെഡ്മാസ്റ്ററായിട്ടാണ്. 1957-ലായിരുന്നു വിവാഹം. ഭാര്യ ശാന്തകുമാരിയും അധ്യാപികതന്നെ; നന്നായി പാടും വീണ വായിക്കും. വീട്ടിലെ സംഗീതാന്തരീക്ഷം സ്വാഭാവികമായും മക്കളെ മൂന്നുപേരെയും സ്വാധീനിച്ചു. മൂത്തയാളായ കെ.എസ്. ബീനയാണ് ആദ്യം പാടിത്തുടങ്ങിയതും പിന്നണിഗായികയായി അരങ്ങേറിയതും. 'തകിലുകൊട്ടാമ്പുറ'ത്തിൽ യേശുദാസിനൊപ്പം പാടിയ കന്നിപ്പൂം പൈതൽ, ഡഡഡ ഡാഡി എന്നീ പാട്ടുകളിലൂടെ. പക്ഷേ, സിനിമയിൽ അധികകാലം തുടർന്നില്ല ബീന. തൊട്ടുപിന്നാലെ 'അട്ടഹാസ'ത്തിൽ പാടിക്കൊണ്ട് ചിത്ര വരുന്നു. മലയാള സിനിമാചരിത്രത്തിന്റെ ഭാഗമായി മാറിയ ഐതിഹാസികമായ ഒരു സംഗീതയാത്രയുടെ തുടക്കം. ഇപ്പോൾ നൈജീരിയയിലെ ലാഗോസിലുള്ള ഏകസഹോദരൻ മഹേഷിനുമുണ്ട് സംഗീതപ്രേമം. നല്ലൊരു ഗിറ്റാറിസ്റ്റാണ് മഹേഷ്.

chithra

''ഡാഡിയുടെ സഹനവും ത്യാഗവുമാണ് എന്നിലെ പാട്ടുകാരിയെ വളർത്തിയത്'' -ചിത്ര പറയുന്നു. ''കുട്ടിക്കാലത്ത് കാവാലം സാറിന്റെ നാടകസംഘത്തിൽ കോറസ് പാടിത്തുടങ്ങിയ കാലംമുതലേ സംഗീതയാത്രകളിൽ ഡാഡി നിഴൽപോലെ ഒപ്പമുണ്ട്. സിനിമയിൽ പാടിയതോടെ ചെന്നൈയിലേക്കായി ഞങ്ങളുടെ യാത്രകൾ എന്നുമാത്രം. റെക്കോഡിങ് സമയത്ത് വോയ്സ് ബൂത്തിൽ എന്റെ തൊട്ടുപിന്നിലാണ് ഡാഡി ഇരിക്കുക. പാടുന്നതിനിടെ ഇടയ്ക്കിടെ തിരിഞ്ഞുനോക്കും ഞാൻ. മുഖത്തെ സൂക്ഷ്മമായ ഭാവഭേദങ്ങളിൽനിന്നുപോലും ഡാഡിയുടെ മനസ്സ് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു എനിക്ക്.'' 'സ്നേഹപൂർവം മീര' എന്ന ചിത്രത്തിൽ ബീനയും ചിത്രയും ഒരുമിച്ച് ഒരേ മൈക്കിനുമുന്നിൽനിന്ന് പാടുന്നത് കേൾക്കാൻ കൃഷ്ണൻ നായർക്ക് ഭാഗ്യമുണ്ടായി. അച്ഛനെന്ന നിലയിൽ അദ്ദേഹം ഏറ്റവും സംതൃപ്തി അനുഭവിച്ച നിമിഷങ്ങളായിരിക്കും അവയെന്ന് വിശ്വസിക്കുന്നു ചിത്ര. ആദ്യത്തെ ദേശീയ അവാർഡ് ചിത്ര ഏറ്റുവാങ്ങുന്നത് നേരിൽ കാണണമെന്ന് ആഗ്രഹിച്ചതാണ് അദ്ദേഹം. പക്ഷേ, അപ്പോഴേക്കും അർബുദം കൃഷ്ണൻ നായരെ ശയ്യാവലംബിയാക്കിയിരുന്നു. മകൾ രാജ്യത്തെ ഏറ്റവും മികച്ച ശബ്ദമായി അംഗീകരിക്കപ്പെടുന്ന കാഴ്ച നിറകണ്ണുകളോടെ ടെലിവിഷനിൽ കണ്ട് നിർവൃതിയടഞ്ഞു അദ്ദേഹം.

നൊമ്പരമുണർത്തുന്ന ഒരനുഭവമുണ്ട് ചിത്രയുടെ ഓർമയിൽ. ചെന്നൈയിലെ എ.വി.എം. 'ജി' തിയേറ്ററിൽ 'അനുരാഗി' എന്ന സിനിമയുടെ റെക്കോഡിങ് നടക്കുന്നു. യൂസഫലി കേച്ചേരി-ഗംഗൈ അമരൻ കൂട്ടുകെട്ടിനുവേണ്ടി 'ഏകാന്തതേ നീയും അനുരാഗിയോ...' എന്ന പാട്ടുപാടാൻ മൈക്കിനുമുന്നിൽ നിൽക്കുകയാണ് ചിത്ര. പതിവുപോലെ വോയ്സ് റൂമിൽ അച്ഛനുമുണ്ട്. മൈക്കിലേക്ക് ഹൃദയം തുറന്ന് പാടുന്ന മകളെ നോക്കി പിന്നിലെ സോഫയിൽ ചാരിക്കിടക്കുകയാണ് അദ്ദേഹം. ''അർബുദം കലശലായ കാലം. രോഗത്തിന്റെ രണ്ടാംഘട്ടം തുടങ്ങിയിരുന്നു. ആദ്യം കവിളിനെയാണ് ബാധിച്ചത്. പിന്നെ മോണയിലേക്കും അത് പടർന്നു. അസഹനീയ വേദനയുമായാണ് ഡാഡി അന്നൊക്കെ റെക്കോഡിങ്ങിന് വരിക. വേണ്ടെന്നുപറഞ്ഞാലും സമ്മതിക്കില്ല. പല്ലവിയും ആദ്യചരണവും കഴിഞ്ഞപ്പോൾ ഞാൻ വെറുതേ തിരിഞ്ഞുനോക്കി. ഇഷ്ടപ്പെട്ടാൽ ഡാഡി ചിരിച്ചുകൊണ്ട് തലയാട്ടും. അതൊരു വലിയ പ്രോത്സാഹനമാണ് എനിക്ക്. എന്നാൽ, അന്നത്തെ കാഴ്ച എന്നെ ശരിക്കും തളർത്തിക്കളഞ്ഞു. ആ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നു. കവിളുകളിലൂടെ നിലയ്ക്കാതെ ഒഴുകുകയാണ് കണ്ണീർ. ആ അവസ്ഥയിൽ അദ്ദേഹത്തെ കണ്ടിട്ടില്ല അതുവരെ. കരയുന്ന അച്ഛനെ പിന്നിലിരുത്തി എങ്ങനെ ആ പാട്ട് പാടിത്തീർത്തുവെന്ന് ഇന്നും എനിക്കറിയില്ല.''

സിനിമാജീവിതം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ മനസ്സുകൊണ്ട് ചിത്ര ഉറച്ചദിവസം. അന്നത്തെ റെക്കോഡിങ് കഴിഞ്ഞയുടൻ അച്ഛനെ സ്റ്റുഡിയോക്ക് വെളിയിലേക്ക് വിളിച്ചുകൊണ്ടുപോയി മകൾ പറഞ്ഞു: ''നമുക്ക് ഇന്നുതന്നെ നാട്ടിലേക്ക് തിരിച്ചുപോകാം. എനിക്ക് മതിയായി. ഇത്രയൊക്കെ പാടിയതുതന്നെ ധാരാളം. ഡാഡിയെ വേദനിപ്പിച്ചുകൊണ്ട് ഇനി പാടേണ്ട...'' അവശേഷിച്ച റെക്കോഡിങ്ങുകളെല്ലാം കാൻസൽചെയ്ത് അച്ഛനോടൊപ്പം അന്നുതന്നെ നാട്ടിലേക്ക് തിരിച്ചുപോയെങ്കിലും ചിത്ര മടങ്ങിവരികതന്നെ ചെയ്തു. മകൾ പ്രശസ്തയായ പാട്ടുകാരിയാവണമെന്ന് സ്വപ്നംകണ്ടിരുന്ന അച്ഛന്റെ സ്നേഹപൂർണമായ നിർബന്ധമായിരുന്നു ചിത്രയുടെ മനംമാറ്റത്തിനുപിന്നിൽ. ''ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ തോന്നും, ഞാൻ അന്ന് പാട്ട് നിർത്തിയിരുന്നെങ്കിൽ ഡാഡിയോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമായിരുന്നേനെ എന്ന്. കാൻസറിലും വലിയ ആഘാതമായേനേ അതദ്ദേഹത്തിന്.''

1986 ജൂലായ് 18-നായിരുന്നു കൃഷ്ണൻനായരുടെ അന്ത്യം. ഒരു തൂവൽ കൊഴിയുംപോലെ എന്നുപറയും ചിത്ര. ''നെഞ്ചുവേദനയുമായി കോസ്മോപോളിറ്റൻ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതായിരുന്നു ഡാഡിയെ. സുഖപ്പെട്ട് തിരിച്ചുവരുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. കാഴ്ചയിൽ സന്തോഷവാനായിരുന്നു അദ്ദേഹം. കിടക്കയിൽ കിടന്നുകൊണ്ടുതന്നെ തമാശയൊക്കെ പറയും. ഞാനുമുണ്ട് ആ സമയത്ത് അടുത്ത്. ഒരു രാത്രി, ആഹാരം കഴിച്ച് കുറച്ചുനേരം കഴിഞ്ഞപ്പോൾ ചെറിയൊരു ശ്വാസതടസ്സംപോലെ. അത്രയേ ഉണ്ടായുള്ളൂ. ഞങ്ങൾ നോക്കിയിരിക്കേത്തന്നെ ഡാഡി യാത്രയായി; സുഖകരമായ ഒരു ഉറക്കത്തിലേക്ക് വഴുതിവീഴുംപോലെ...''

ചുണ്ടിലൊരു മന്ദസ്മിതത്തോടെ ഉറങ്ങിക്കിടന്ന അച്ഛന്റെ രൂപം ഇന്നുമുണ്ട് മകളുടെ ഓർമയിൽ. പാടാൻ മൈക്കിനുമുന്നിൽ നിൽക്കുമ്പോഴെല്ലാം സൗമ്യമായ ആ മുഖം മനസ്സിൽ തെളിയും. അറിയാതെ തിരിഞ്ഞുനോക്കിപ്പോകും അപ്പോൾ. ''എനിക്കറിയാം ഡാഡി അവിടെയുണ്ടാകുമെന്ന്. ആ അദൃശ്യസാന്നിധ്യം ഇന്നും ഞാൻ അറിയുന്നു; അനുഭവിക്കുന്നു. അതാണെന്റെ ശക്തി...''

Content Highlights: story of singer ks chithra's father Krishnan Nair, who aspired to become an actor, prem nazir, sathyan, paatuvazhiyorathu, malayalam songs