‘വാനമ്പാടി പാടൂ ഇനിയും നീ...’ ആ വരികൾ കെ.എസ്.ചിത്ര ഹൃദയത്തോടു ചേർത്തപ്പോൾ നിറഞ്ഞത് ചേർത്തലയുടെ നെഞ്ചം. മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെ 57-ാം പിറന്നാൾ വരുന്ന 27-നാണ്. പിറന്നാളിന്‌ മധുരം നിറച്ചാണ് ചേർത്തല കടക്കരപ്പള്ളി സ്വദേശി രഞ്ജിത് രമേഷിന്റെ പാട്ട്.

ചിത്ര തന്റെ യൂട്യൂബ് ചാനലിൽ പാട്ട് അപ്‌ലോഡ് ചെയ്തതോടെ ഇത് വൈറലാകുകയും ചെയ്തു. സംഗീതസംവിധായകൻ ശരത്താണ് രഞ്ജിത് രമേഷിന്റെ വരികൾ പാടിയത്. ഈണം പകർന്നത് ആനന്ദ് ആർ.ജയറാമും.

തന്റെ വരികൾ ഇഷ്ടഗായിക പിറന്നാൾപ്പാട്ടായി സ്വീകരിക്കുകയും സംഗീതത്തിലെ കർക്കശക്കാരൻ ശരത് ആലപിച്ചതിന്റെയും ത്രില്ലിലാണ് ഈ 24-കാരൻ. വർഷങ്ങൾക്കുമുമ്പേ പാട്ടിനായി വരികൾ എഴുതിത്തുടങ്ങിയെങ്കിലും അവസരങ്ങളൊന്നുമുണ്ടായില്ല. ബി.എഡിന്‌ പഠിക്കുമ്പോൾ കൈവന്ന സൗഹൃദങ്ങളിലൂടെയാണ് സംഗീതസംവിധായകൻ ആനന്ദ് ആർ.ജയറാമിനെ പരിചയപ്പെട്ടത്. കൂട്ടുകാരാണ് രഞ്ജിത്തിന്റെ ഗാനരചനയെക്കുറിച്ച്‌ അറിയിച്ചത്. ഇഷ്ടഗായികയ്ക്കായി കുറിച്ച പിറന്നാൾപ്പാട്ടിന്റെ വരികൾ ആനന്ദിനും ഇഷ്ടമായതോടെ റെക്കോഡ് ചെയ്യാൻ വഴിതുറന്നു. തുടർന്നാണ്‌ വരികൾ സംഗീതസംവിധായകൻ ശരത് പാടി പിറന്നാൾപ്പാട്ടായി സമർപ്പിച്ചത്.

നവാഗതനായ സതുൽദാസ് ഒരുക്കുന്ന പുതിയ ചിത്രത്തിനായും രഞ്ജിത് രമേഷ് ഗാനം എഴുതിയിട്ടുണ്ട്. കുമാരനല്ലൂർ ക്ഷേത്രത്തിനുവേണ്ടിയും കോനാട്ടുശ്ശേരി മഹേശ്വരിപുരം ക്ഷേത്രത്തിനുവേണ്ടിയും ഭക്തിഗാനങ്ങളെഴുതി. ‘കണ്ടില്ലെടാ ലോകം മൊത്തം’ എന്നുതുടങ്ങുന്ന കൊറോണയെ സംബന്ധിക്കുന്ന വരികൾ മാതൃഭൂമി ധീം തരികിട തോം, വക്രദൃഷ്ടി എന്നിവയിലൂടെ പുറത്തെത്തി. സിതാര കൃഷ്ണകുമാർ ആലപിച്ച ‘നീഹാരം’ എന്ന ആൽബവും ‘ഹൃദയം’ എന്ന ആൽബവും അണിയറയിൽ തയ്യാറാകുന്നുണ്ട്. അധ്യാപകനാകുന്നതിനൊപ്പം ഗാനചനയെയും കൂടെക്കൂട്ടാനൊരുങ്ങുകയാണ് രഞ്ജിത് രമേഷ്‌.

Content Highlights: KS chithra Birthday special song Ranjith Ramesh music Director Sarath