ചിത്രച്ചേച്ചിയെക്കുറിച്ചു പറഞ്ഞുതുടങ്ങിയാൽ തീരാത്തത്ര വിശേഷങ്ങളുണ്ട് പറയാനെന്ന് ഗായകൻ കെ കെ നിഷാദ്. ചിത്രയ്ക്കൊപ്പം വിദേശ ടൂറുകളിലും സ്റ്റേജ് ഷോകളിലും വളരെ കാലങ്ങളായുള്ള സന്തത സഹചാരിയാണ് നിഷാദ്. വീടിനടുത്തെവിടെയെങ്കിലും റെക്കോർഡിംഗിനെത്തിയിട്ടുണ്ടെന്ന് അറിഞ്ഞാൽ പുറത്തുനിന്നും കഴിക്കേണ്ട, നല്ല ഭക്ഷണം തരാം ഇങ്ങോട്ടു പോരൂവെന്ന ചിത്രയുടെ  സ്നേഹത്തോടെയുളള ക്ഷണത്തിലുണ്ട്, ആ കരുതലും സ്നേഹവും. 14 കൊല്ലമായുള്ള ആ അടുപ്പത്തിന്റെ കഥ, നിഷാദ് പറയുന്നു.

chithra

2004ൽ പെരുമഴക്കാലം എന്ന ചിത്രത്തിൽ എം ജയചന്ദ്രൻ ജിയുടെ അസിസ്റ്റന്റ് ആയിരുന്നു ഞാൻ. പിന്നീട് പത്തോളം സിനിമകളിൽ അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്തു. അന്ന് തൊട്ട് ചിത്രച്ചേച്ചിയെയും പരിചയമുണ്ട്. ചേച്ചിയുടെ കൃഷ്ണ ഡിജിറ്റൽ സ്റ്റുഡിയോയിലാണ് റെക്കോർഡിംഗ് നടന്നിരുന്നത്. അന്ന് അദ്ദേഹം അഞ്ച് സിനിമകൾ ഒന്നിച്ച് ചെയ്തിരുന്ന സമയമാണ്. ചേച്ചിയുടെ പാട്ടുകളിൽ ചിലത് റെക്കോർഡിംഗിനായി എന്നെ ഏൽപ്പിച്ചിരുന്നു. 'മയങ്ങിപ്പോയി' റെക്കോർഡ് ചെയ്യുമ്പോഴെല്ലാം ഞാനും ചേച്ചിക്കൊപ്പമുണ്ടായിരുന്നു. ആദ്യമായി ചേച്ചിയെ സ്റ്റുഡിയോയിൽ കാണുന്നത് അപ്പോഴാണ്.

അതിനു മുമ്പ് ഗന്ധർവസന്ധ്യയിലാണ് ചേച്ചിയെ ആദ്യം കാണുന്നത്. സോഷ്യൽമീഡിയ ഒന്നുമില്ലല്ലോ. അടുത്തറിയാനും പരിചയപ്പെടാനുമൊന്നും പറ്റിയിരുന്നില്ല. സ്റ്റേജ് ഷോകളിലൂടെയാണ് അടുപ്പമേറുന്നത്.

2006 മുതൽ ചേച്ചിയ്ക്കൊപ്പം ഷോകൾക്കു പോവാറുണ്ട്. യു.എസ്, യു.കെ, ആഫ്രിക്കൻ രാജ്യങ്ങളിൽ വരെ ചിത്രച്ചേച്ചിക്കൊപ്പം പോയിട്ടുണ്ട്. 'പാലപ്പൂവിതളിൽ' ഹിറ്റായ സമയത്തെ സ്റ്റേജ് ഷോകളിലെല്ലാം ഈ പാട്ട് ചേച്ചി തന്നെ ഉൾപ്പെടുത്താറുണ്ടായിരുന്നു. ഫീമെയിൽ പോർഷൻ ചേച്ചി തന്നെയാണ് പാടാറുള്ളത്. ഷോയ്ക്ക് എന്നെ പരിചയപ്പെടുത്തി പാടാറുള്ളതാണ് ആ പാട്ട്. ഷോയ്ക്കിടയിൽ കാണികൾക്കിടയിൽ നിന്നും ഇഷ്ടഗാനങ്ങൾ പാടൂവെന്ന റിക്വസ്റ്റുകൾ വരും. അതിൽ പുതിയ ഗായകരുടെ പാട്ടുകളുമുണ്ടാവും. അത്യുത്സാഹത്തോടെ ചേച്ചി അവയൊക്കെ പാടും. ഒരിക്കൽ ഓസ്ട്രേലിയയിൽ ചേച്ചിക്കൊപ്പം പാടിയിട്ടുണ്ട്. സിഡ്നിയിലെ ഓപ്പറ ഹൗസിൽ. എസ് പി ബി സർ, സാധന സർഗം അങ്ങനെ വലിയൊരു ടീമിന്റെ ഭാഗമാകാനായി. അന്നത്തെ പരിപാടിയ്ക്കു ശേഷം വീണ്ടും പാടാൻ അവരെന്നെ ക്ഷണിച്ചിരുന്നു.

chithra

ഒരിക്കൽ ദോഹയിൽ വച്ചു നടന്ന ഒരു ഷോയ്ക്ക് ഞാനും ചേച്ചിയും മാത്രം മൂന്നരമണിക്കൂർ നേരം പാടിയിരുന്നു. റിയാലിറ്റി ഷോ താരമായി ഗായകൻ വിവേകാനന്ദൻ ഹിറ്റായി നിൽക്കുന്ന സമയമാണ്. ഞങ്ങൾ മൂന്നുപേരെയുമായിരുന്നു ചാർട്ട് ചെയ്തത്. വിവേകാനന്ദന് പങ്കെടുക്കാൻ കഴിഞ്ഞില്ല. അങ്ങനെ ചേച്ചിയും ഞാനും ചേർന്നാണ് ഷോയിൽ പാടിയത്. കാനഡയിൽ ഒരിക്കൽ ഒരു തമിഴ് ഷോ അരങ്ങേറിയിരുന്നു. കാനഡയിലെ തമിഴ് പൗരൻമാർക്കുവേണ്ടി നടത്തിയ പരിപാടിയായിരുന്നു. കാനഡയ്ക്കു പോകാനുള്ള വിസ വൈകി. ഒടുവിൽ പരിപാടിയുടെ അന്ന് കാലത്താണ് കാനഡയിലെത്തിയത്. ഉറക്കം പോലും നഷ്ടപ്പെട്ടു. ക്ഷീണിതയായി ചേച്ചി ഒരു മേശപ്പുറത്ത് തലവെച്ചു കിടന്നുറങ്ങുന്ന ദൃശ്യം ഇപ്പോഴും ഓർമ്മയുണ്ട്.

പവിത്രബന്ധം എന്ന ഒരു സീരിയലിന്റെ ടൈറ്റിൽ സോങ് മാത്രമേ ചിത്രച്ചേച്ചിക്കൊപ്പം പാടാൻ അവസരം ലഭിച്ചിട്ടുള്ളൂ. എം ജയചന്ദ്രന്റെ സംഗീതത്തിൽ. 'മഞ്ഞു പെയ്തു' എന്നൊരു പാട്ട്. മന്ദാരം എന്നൊരു ആൽബത്തിലും പാടിയിട്ടുണ്ട്. എന്റെ കരിയറിൽ വലിയ ഇംപ്രൂവ്മെന്റ് ചേച്ചി കാരണം ഉണ്ടായിട്ടുണ്ട്. വൺ ഓഫ് ദ മെന്റേഴ്സ് തന്നെയാണ് ചേച്ചി.

ചേച്ചിയ്ക്ക് റിഹേഴ്സൽ നിർബന്ധമാണ്. പാടേണ്ട പാട്ടുകളുടെ ലിസ്റ്റ് ഇടും. അതിനനുസരിച്ച് പ്രാക്ടീസ് ചെയ്യും. അത് രണ്ടു ദിവസം മുമ്പെ തീർത്തുവെയ്ക്കും. ഷോ ഉള്ള ദിവസം മറ്റ് പരിപാടികളൊന്നുമില്ല. സൗണ്ട് ചെക്ക് മാത്രം. പിന്നെ നേരെ വേദിയിലേക്ക്. ചേച്ചിക്ക് തെലുങ്ക് നന്നായറിയാം. മലയാളം പോലെ പറയുകയും ചെയ്യും. തെലുങ്ക് ഉച്ചാരണം ചേച്ചി കറക്ടായി പറഞ്ഞുതരാറുണ്ട്. കന്നഡയും അറിയാം. വരികൾ കറക്ട് ചെയ്തു തരും. ട്യൂണും രീതിയുമെല്ലാം പറഞ്ഞു തരും. അതെല്ലാം റിഹേഴ്സൽ സമയത്ത് കഴിയും.

chithra

കൂടെ പാടുന്നവർക്ക് പാടേണ്ട പാട്ടുകൾ കുറഞ്ഞുപോകരുത് എന്നുകരുതി എല്ലാവരെയും പരിഗണിച്ചുകൊണ്ടാണ് പാട്ടുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. നിഷാദിന് പാട്ടു കുറഞ്ഞുപോയല്ലോ എന്നെല്ലാം സങ്കടപ്പെടുന്നത് നേരിൽ കണ്ടിട്ടുണ്ട്. വയലിനിസ്റ്റ് രൂപ രേവതിയും ലിസ്റ്റിടുമ്പോൾ കൂടെയിരിക്കാറുണ്ട്. രൂപയ്ക്കും കൃത്യം എണ്ണമില്ലേയെന്നെല്ലാം ചേച്ചി നോക്കും. ഏതെങ്കിലും പാട്ട് സമയക്കുറവ് കൊണ്ട് ഒഴിവാക്കേണ്ടി വന്നാൽ അത് പാടുന്നവരോട് ക്ഷമ ചോദിച്ചേ ഒഴിവാക്കുകയുള്ളൂ. അതും ആ ടീമിലെ എല്ലാവരുമായി ചർച്ച ചെയ്തതിനു ശേഷം മാത്രം. ലീഡ് ചെയ്യുന്ന കീബോർഡ് ആർട്ടിസ്റ്റിനെ വിളിച്ചും അഭിപ്രായം ചോദിക്കും. പ്രോഗ്രാം കഴിഞ്ഞും പാട്ടുകളുടെ ലിസ്റ്റ് എടുത്ത് ചേച്ചി എണ്ണിനോക്കുന്നത് കണ്ടിട്ടുണ്ട്.

വിദേശ ടൂറിനു കൂടെ വന്നിട്ടുള്ളവരുടെ ഭക്ഷണം, താമസം ഈ കാര്യങ്ങളും കൃത്യമായി അന്വേഷിക്കും. ടൂറിനിടയിൽ ഷോപ്പിങ്ങിനു പോവുകയാണെങ്കില്‍  പോലും കൂടെ വിളിക്കും. റിഹേഴ്സലും കഴിഞ്ഞ് പരിപാടിയിൽ പങ്കെടുത്ത് സ്വന്തം കാര്യം നോക്കി തിരിച്ചു പോവുക എന്നൊരു സംഭവമേ ഇല്ല, ചേച്ചിക്ക്. എല്ലാവരെയും കുടുംബമായി കാണും. മാറ്റിനിർത്തൽ ഇല്ലേയില്ല.

എനിക്കു മീൻകറി നല്ല ഇഷ്ടമാണെന്ന് ചേച്ചിക്കറിയാം. ചേച്ചിയുടെ വീട്ടിൽ താമസിക്കാൻ ചെല്ലുമ്പോഴും പ്രത്യേകമായി പറഞ്ഞുണ്ടാക്കിക്കാറുണ്ട്. സാധാരണ ചേച്ചി വീട്ടിൽ മീൻ വാങ്ങാറില്ല. ഞാൻ വരുന്നുണ്ടെന്നറിയിച്ചാൽ അന്നുച്ചയ്ക്ക് ഊണിന് മീൻകറിയുണ്ടാകും. അത് ഷോയ്ക്കു പോയാലും അങ്ങനെ തന്നെ.

തിരുവനന്തപുരത്ത് റെക്കോർഡിംഗിന് പോകുമ്പോൾ ചേച്ചിയുടെ വീട്ടിലാണ് താമസിക്കാറുള്ളത്. ഹോട്ടലിലൊന്നും പോയി നിൽക്കേണ്ട, നല്ല ഭക്ഷണം കഴിക്കാം, ഇവിടെ താമസിച്ചാൽ മതിയെന്നു പറഞ്ഞ് വിളിക്കും. ചേച്ചിയുടെ വീട്ടിൽ താമസിക്കാൻ ചെന്നാലും അതീവ ജാഗ്രതയാണ് മുറിയൊരുക്കാനും എല്ലാം. നിഷാദിന്റെ മുറി റെഡിയാണെന്ന് പറയും.

തെലുങ്ക്, തമിഴ് കന്നഡ റിയാലിറ്റിഷോകളിലെല്ലാം ജഡ്ജായി ചേച്ചി പോകുന്നുണ്ട്. പിന്നെ സ്റ്റേജ് ഷോകളും. ഈ തിരക്കുകൾ കൊണ്ടു തന്നെയായിരിക്കാം സിനിമകളിൽ പാടാൻ ചേച്ചിക്കിപ്പോൾ എത്താൻ പറ്റാത്തത്. ഒരിക്കൽ എ ആർ റഹ്മാന്റെ ഒരു പാട്ട് മിസ് ആയെന്ന് ചേച്ചി സങ്കടത്തോടെ പറഞ്ഞിട്ടുണ്ട്. റഹ്മാൻ വിളിച്ചപ്പോൾ ചേച്ചി സിങ്കപ്പൂർ ആയിരുന്നു. പെട്ടെന്ന് ചെല്ലണമെന്നായിരുന്നു നിർദേശം. ആ പാട്ട് വേറെ ആരോ പാടി എന്നും പറഞ്ഞു. മലയാളത്തിൽ നിന്നും കുറെ കോളുകൾ വരാറുണ്ട്. ചേച്ചിക്ക് പാടാൻ പറ്റാതെ പോകുന്നുമുണ്ട്.

ചേച്ചിയുടെ സ്നേഹം എപ്പോഴും എല്ലാവർക്കും കൊടുക്കുമാറാകട്ടെ. ഒട്ടേറെ ആരാധകരുണ്ട്  ചേച്ചിക്ക്. നേരിൽ കണ്ടിട്ടുളളതാണ് അത്. ചേച്ചിയുടെ ഷോകൾ സ്ഥിരമായി ഫോളോ ചെയ്യുന്നവരുണ്ട്. മലയാളികളല്ലാത്തവരാണ് അധികവും. സമ്മാനങ്ങളുമായി അവർ വരും, ചേച്ചിയുടെ പാട്ടുകൾ കേൾക്കാൻ. അവർക്കൊക്കെ വേണ്ടി ചേച്ചി പാട്ടുകളും പാടും. ആ സ്നേഹം അനുഭവിക്കാൻ ഇനിയും അവർക്കാകട്ടെ... ചേച്ചിയ്ക്ക് എല്ലാവിധ ആശംസകളും നന്മകളും നേരുന്നു.

Content Highlights :singer nishad about k s chithra on her birthday interview stage shows world tours music programmes