1986 മുതൽ 1999 വരെ ഇന്ത്യയിലും വിദേശത്തുമായുള്ള ഗാനമേളകളിൽ കെ എസ് ചിത്രയ്ക്കൊപ്പം പാടിയിട്ടുള്ള ഗായകൻ സതീഷ് ബാബു ജന്മദിനത്തിൽ ചിത്രയ്ക്കെഴുതിയ കത്ത് ഇങ്ങനെ

പ്രിയപ്പെട്ട ചിത്രയ്ക്ക് സസ്നേഹം ബോട്ടൻ...

ഇന്ത്യയിലും വിദേശത്തുമായി ഇരുനൂറിൽപ്പരം പരിപാടികളിൽ ചിത്രയ്ക്കൊപ്പം പാടിയിട്ടുണ്ട് ഗായകൻ സതീഷ് ബാബു. ഒരു ദശാബ്ദത്തിനപ്പുറം സഹകരിച്ചു പ്രവർത്തിച്ചവർ. അതത് കാലത്തെ സൂപ്പർ ഹിറ്റ് ഗാനങ്ങളെ കടുകിട വിട്ടുവീഴ്ചയില്ലാതെ വേദികളിലവതരിപ്പിച്ചവർ. ചിത്രയുടെ പിറന്നാളിന് ആശംസകളർപ്പിക്കുകയാണ് പഴയ സഹപ്രവർത്തകൻ.

ചിത്രയെ ആദ്യമായി കാണുന്നത് 1983-ൽ സൂര്യനെ മോഹിച്ച പെൺകുട്ടി എന്ന സിനിമയ്ക്കു വേണ്ടിയുള്ള ഗാനറെക്കോഡിങ്ങിന്റെ സമയത്താണ്. ഞങ്ങളാദ്യമായി പാടിയത്; ദർശൻ രാമന്റെ സംഗീതത്തിൽ മധുമാസ മന്ദമാരുതൻ മകരന്ദരാഗം തൂകവേ...മനതാരിലാത്മ നിർവൃതിയായ് നിറയൂ നീ..ഗാനമായ്...എന്നുതുടങ്ങുന്ന ഗാനമാണ്. പിന്നീടുള്ള എൺപത്തിയാറ് മുതൽ തൊണ്ണൂറ്റൊമ്പതു വരെ ഞങ്ങൾ വേദികളിൽ നിന്നും വേദികളിലേക്ക് സഞ്ചരിച്ച കാലമായിരുന്നു.

സ്റ്റേജ് പ്രോഗ്രാമുകൾ വരുമ്പോൾ ചിത്രയ്ക്ക് റിഹേഴ്സലിന്റെ പോലും ആവശ്യമില്ലായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച പാട്ടുകൾക്കായി ഞാൻ നേരത്തെ തന്നെ തയ്യാറെടുപ്പ് തുടങ്ങും. ചില ഗാനങ്ങൾക്കായുള്ള മുൻകൂട്ടി തയ്യാറെടുക്കലല്ലാതെ ചിത്ര നേരെ വന്ന് കൂളായിട്ട് പാടും. അതാത് കാലങ്ങളിലെ സൂപ്പർ ഹിറ്റ് പാട്ടുകളാണ് പാടിയിരുന്നത്.

സതീഷ് ബാബു എന്നത് അടുപ്പമുള്ളവർ ബാബുവേട്ടൻ എന്നും പിന്നീടത് ബോട്ടൻ എന്നുമായി ലോപിച്ചു.
ഒരിക്കൽ ചിത്ര പറഞ്ഞു; ''ബോട്ടൻ കൂടെ പാടുമ്പോൾ ഒരു ടെൻഷനുമില്ല. പരസ്പര സാഹോദര്യത്തോടെ പെരുമാറാൻ ചിത്രയ്ക്ക് പ്രത്യേക കഴിവാണ്. കോഴിക്കോടുള്ള സതീഷ് ആൻഡ് പാർട്ടി ഓർക്കസ്ട്രയെ മുഴുവനായും ചിത്ര പരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നു.

ബോംബെയിലെ ഷൺമുഖാനന്ദഹാൾ തീപിടിച്ചപ്പോൾ അവരത് പുനർനിർമിച്ചു. നവീകരിച്ച ഹാളിന്റെ ആദ്യത്തെ പരിപാടി ചിത്രയുടേയും എന്റേയും പാട്ടുകളായിരുന്നു. അക്കാലത്ത് പരിപാടികൾ വരുമ്പോൾ ബോട്ടാ എന്നൊരു വിളിയോടെ പരിപാടിയുടെ വിശദാംശങ്ങൾ പറയും. ഞാനതിനനുസരിച്ച് തയ്യാറാകും. കോഴിക്കോടുള്ള സതീഷ് ബാബു ആൻഡ് പാർടി ഓർക്കസ്ട്രയെ മുഴുവനായും ചിത്ര ഉൾപ്പെടുത്തി. ഞാൻ മാസത്തിൽ ഇരുപത്താറും ഇരുപത്തെട്ടും പരിപാടികൾക്ക് പോയിരുന്ന കാലമായിരുന്നു അത്.

വെള്ളിമാട്കുന്ന് ഷൈൻ സ്റ്റുഡിയോയിലെ നിക്കോളാസ് അച്ചനെ അവിടെ റെക്കോഡിങ്ങുകൾക്ക് സഹായിച്ചത് അക്കാലത്താണ്. പിന്നെയവിടെ സൗണ്ട് എൻജിനീയറായി അച്ചൻ നിയമിച്ചു. പത്തുവർഷത്തോളം അവിടെ ജോലി ചെയ്തു. ആ പത്തുവർഷം വലിയൊരു ഗ്യാപ്പാണ് ലൈവ് സ്റ്റേജ് പരിപാടികളിൽ സൃഷ്ടിച്ചത്. ചിത്ര വിളിക്കുന്ന പരിപാടികൾക്കു പോകാൻ പറ്റാതായി. ആ സമയത്താണ് ദാസേട്ടന്റെ പാട്ടുകളും ഡിവോഷണൽ ഗാനങ്ങളുമായി ധാരാളം ലൈവ്കാസറ്റുകളിൽ പാടുന്നതും.

നീണ്ട ഇടവേളയ്ക്കുശേഷം 1999-ൽ അവസാനമായി കണ്ണൂർ വച്ചാണ് ഞങ്ങൾ പാടിയത്. സ്നേഹത്തോടെ ഓർക്കുന്നുണ്ട് ആ സഹകരണങ്ങൾ, ഗാനങ്ങൾ, യാത്രകൾ ...ചിത്രയുടെ പിറന്നാളിന് ബോട്ടന്റെയും ഭാര്യ ലതയുടെയും ആശംസകൾ നേരുന്നു. ലതയുടെ നല്ലൊരു സുഹൃത്തുകൂടിയാണ് ചിത്ര.