ലയാളത്തിന്റെ പ്രിയ ​ഗായിക കെ.എസ് ചിത്രയും അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസും തമ്മിലുള്ള സൗഹൃദത്തിന് ഏകദേശം ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ശാന്ത സ്വഭാവമുള്ള ചിത്രയിൽ നിന്ന് ഏറെ വ്യത്യസ്തയാണ് ബഹളക്കാരിയായ താനെന്ന് രഞ്ജിനി പറയുന്നു. അതുകൊണ്ടു തന്നെ അവരുടെ സൗഹൃദത്തെക്കുറിച്ച് പറയുമ്പോൾ പലർക്കും അതിശയമാണ്. ഇനി രഞ്ജിനി പറയട്ടെ....

'ഞാൻ ആദ്യമായി ചിത്ര ചേച്ചിയോട് സംസാരിക്കുന്നത് 2007 ലാണ്. റിയാലിറ്റി ഷോയുടെ ഭാ​ഗമായി ഞാൻ അവിടെ ശരത് സാറിനെ ( സം​ഗീത സംവിധായകൻ ശരത്) കാണാൻ ചെന്നൈയിൽ പോയതായിരുന്നു. റിയാലിറ്റി ഷോയ്ക്കുള്ള പാട്ടുകളെല്ലാം റെക്കോഡ് ചെയ്തത് ചിത്ര ചേച്ചിയുടെ സ്റ്റുഡിയോവിലായിരുന്നു. അവിടെ വെച്ചാണ് ഞാൻ ആദ്യമായി സംസാരിക്കുന്നത്. പിന്നീട് റിയാലിറ്റി ഷോയിൽ ചിത്ര ചേച്ചിയും ഭാ​ഗമായി. 

എന്തുകൊണ്ടാണെന്നറിയില്ല, ഞാൻ ചേച്ചിയുമായി  പെട്ടന്ന് അടുത്തു. ചിത്ര ചേച്ചി ദെെവീകതയുള്ള, ശാന്ത സ്വഭാവമുള്ള വിനയമുള്ള വ്യക്തിയാണ്. ഞാൻ നേരേ തിരിച്ചാണല്ലോ. ഞങ്ങളുടെ ഈ കോമ്പിനേഷനിൽ എങ്ങിനെ ഒരു സൗഹൃദം  വളർന്നുവെന്ന് എനിക്കറിയില്ല. പുറത്ത് കാണുന്ന ബഹളമേ എനിക്കുള്ളൂ, ഉള്ളിൽ ഞാനൊരു ശുദ്ധയാണെന്ന് ചിത്ര ചേച്ചിക്ക് തോന്നിയിരിക്കണം (രഞ്ജിനി ചിരിക്കുന്നു). ചിത്ര ചേച്ചിയെപ്പോലൊരാൾ എങ്ങിനെ എന്നെപ്പോലെ ഒരാളെ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നവരും ധാരാളമുണ്ട്.  പൊതു സമൂഹത്തിന് എന്നെക്കുറിച്ചുള്ള ധാരണകൾ അത്തരത്തിലാണല്ലോ?. ചിത്ര ചേച്ചി അകത്തും പുറത്തും പഞ്ചപ്പാവമാണ്. ഞാൻ അകത്ത് പാവമാണ് (ചിരിക്കുന്നു).

ചേച്ചിയെ കാണുന്ന എല്ലാവർക്കും ഇതേ അനുഭവമായിരിക്കും പങ്കുവയ്ക്കാനുണ്ടായിരിക്കുക. അത് അവരുടെ ഒരു ശക്തിയാണ്. എനിക്ക് എന്തുകാര്യവും ചേച്ചിയോട് മനസ്സ് തുറന്ന് സംസാരിക്കാനാകും. ചേച്ചി അത് മനസ്സിലാക്കും. കല്യാണം കഴിക്കാൻ പറഞ്ഞ് എന്നെ ഏറ്റവും കൂടുതൽ നിർബന്ധിക്കുന്നവരിൽ ഒരാളാണ് ചേച്ചി. കഴിക്കില്ലെന്ന് പറഞ്ഞ് വാശി പിടിച്ചു നിൽക്കുന്നത് ഈ ഞാനും. എനിക്ക് ചേച്ചി ഒരു കുടുംബാം​ഗമാണ്. എന്നെ നന്നായി മനസ്സിലാക്കിയിട്ടുള്ള അപൂർവ്വം ചില ആളുകളിൽ ഒരാൾ.

​ലോകത്തിന് കേരളം നൽകിയ ഒരു മാതൃകയാണ് ചിത്ര ചേച്ചി. ഗായിക എന്ന നിലയിൽ ചേച്ചിയെ വിലയിരുത്താൻ ഞാൻ ഒന്നുമല്ല. എനിക്ക് ചേച്ചി പാടിയ എല്ലാ പാട്ടുകളും ഇഷ്ടമാണ്. വലിയ ഉയരങ്ങൾ കീഴടക്കിയിട്ടും അതിന്റെ അഹങ്കാരമോ ​ഗർവ്വോ ഇല്ല. ഒരുപാട് ദുഖങ്ങളിലൂടെ കടന്നു പോയതാണ് ചേച്ചിയുടെ ജീവിതം എന്ന് എനിക്കറിയാം. അതിൽ നിന്നെല്ലാം ഉയർത്തെഴുന്നേറ്റ് ചേച്ചി നമുക്കൊപ്പം  നിൽക്കുന്നു. ചേച്ചി നൂറ് വർഷങ്ങൾ കൂടി ആരോ​ഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കട്ടെ എന്ന് മാത്രമാണ് ഈ പിറന്നാൾ ദിനത്തിൽ എനിക്ക്  പറയാനുള്ളത്- രഞ്നി പറഞ്ഞു.

Content Highlights: Ranjini Haridas Interview on KS Chithra singer on her Birthday