ഓർമയുടെ പാട്ടുവരമ്പിലൂടെ ചിത്ര ഒരിക്കൽകൂടി പുറകിലേക്ക് നടന്നു, മറവിക്ക് പിടികൊടുക്കാത്ത ആദ്യചിത്രം തെളിയുന്നത് അഞ്ചാംവയസ്സിൽനിന്നാണ്. ആകാശവാണിയിലെ സംഗീതശില്പത്തിനുവേണ്ടിയായിരുന്നു ആ പാട്ട്.

എന്റെ പേര് കണ്ണനുണ്ണി...
എനിക്ക് വയസ്സ് രണ്ടല്ലോ...

കാലമേറെ കടന്നിട്ടും, ആൾക്കൂട്ടത്തിനുമുന്നിൽ ആദ്യമായി അവതരിപ്പിച്ച ഗാനം ചിത്രയുടെ ചുണ്ടുകളിൽനിന്ന് മാഞ്ഞിട്ടില്ല. ഗുരുനാഥകൂടിയായ ഓമനക്കുട്ടിടീച്ചറുടെ വിരൽത്തുമ്പിൽ തൂങ്ങി വളർന്നതും, ആകാശവാണിയിലെ കുട്ടിഗായകസംഘത്തിൽ ചേർന്നതും, മേളത്തിന്റെ സൂക്ഷ്മഗണിതം വിരലിലാവാഹിച്ച പൂരനാട്ടിൽനിന്ന് സ്കൂൾകലോത്സവ വിജയിയായി ഉയർന്നുവന്ന കഥകളുമെല്ലാം ഒന്നിനുപുറകെ ഒന്നായി ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലേക്ക് ഒഴുകിയെത്തി.

അച്ഛന്റെയും പിന്നീട് ഭർത്താവിന്റെയും സ്നേഹകരുതലുകൾക്കൊപ്പം വളർന്ന സംഗീതജീവിതമായിരുന്നു ചിത്രയുടേത്. മലയാളത്തിന്റെ വാനമ്പാടി. തമിഴകത്തിന്റെ ചിന്നക്കുയിൽ, തെലുങ്കിലെ സംഗീതസരസ്വതി, കന്നടകോകിലം അങ്ങനെ ഭാഷയുടെ അതിരുകൾ മായ്ച്ചുകളഞ്ഞ് അവർ പറന്നുയരുകയായിരുന്നു. മലയാളിയായ ചിത്ര ഇത്ര തനിമയോടെ തമിഴും തെലുങ്കും കന്നടയുമെല്ലാം കൈകാര്യംചെയ്യുന്നതെങ്ങനെയെന്ന സംശയത്തിനുത്തരമായി അവർ പറഞ്ഞുതുടങ്ങി.

''പാടിത്തുടങ്ങുന്നകാലത്ത് ഭാഷ വലിയ പ്രശ്നമായിരുന്നു, നാട് നാഗർകോവിലിൽനിന്ന് ഏറെ അകലെയല്ലാത്തതിനാൽ തമിഴിനോട് ചെറുപ്പംമുതലേ ചെറിയൊരടുപ്പമുണ്ടായിരുന്നു. വീടിനടുത്തുള്ള ശിവ തിയേറ്ററിൽനിന്ന് ഉച്ചത്തിൽ ഉയരുന്ന തമിഴ്ഗാനങ്ങൾ കേട്ടാണ് വളർന്നത്.
പാടാനായി ചെന്നൈയിലെത്തിയപ്പോൾ പിന്നണി ഗായിക ലതികയാണ് ആദ്യമായി തമിഴ് എഴുതിത്തന്നത്. ഇളയരാജസാറിനൊപ്പമുള്ളവർ മുപ്പതുദിവസംകൊണ്ട് തമിഴ് പഠിക്കാനുള്ള പുസ്തകങ്ങളൊക്കെ കൊണ്ടുവന്നുതന്നു. സുശീലാമ്മയുടെ പാട്ടുകളെല്ലാം ഒരു കാസറ്റിലാക്കി തന്നിട്ട്, ഓർക്കസ്ട്രയില്ലാതെ അതെല്ലാം പഠിച്ച് പാടിക്കേൾപ്പിക്കാൻ വൈരമുത്തുസാർ നിർദേശിച്ചതെല്ലാം ഭാഷാപഠനത്തിന്റെ ആദ്യകാല ഓർമകളാണ്. സമയമെടുത്തെങ്കിലും സുശീലാമ്മയുടെ പാട്ടുകളെല്ലാം പാടിപ്പഠിച്ച് തമിഴിൽ സ്വന്തമായി ഒരു കത്തും എഴുതിയാണ് ഞാൻ കാസറ്റ് തിരിച്ചേൽപ്പിച്ചത്.

ഇന്ന് തമിഴ് അറിയാം, തെലുങ്ക് വായിക്കാനും എഴുതാനും അത്യാവശ്യം സംസാരിക്കാനും ആകും, കന്നട വായിക്കാൻപറ്റും, പറയാനും എഴുതാനും അറിയില്ല. ഹിന്ദി പാട്ടുകൾ ഹിന്ദിയിൽത്തന്നെ എഴുതിയത് നോക്കിയാണ് പാടുന്നത്.''

* * * *
കാലമെപ്പോഴും അങ്ങനെയാണ്, അതിന്റെ വേഗമുള്ള ചക്രത്താൽ നമ്മളെ പെട്ടെന്ന് പുറകിലേക്ക് തള്ളിക്കളയും. പഴയകാലത്തേക്കുള്ള തിരിച്ചുപോക്കിന് എന്നും സഹായിക്കുന്നത് ഓരോ പാട്ടുകളാണ്.

കാലം മായ്ച്ചുകളയാൻതുടങ്ങുന്ന ഓർമകളിലേക്ക് അവ നമ്മെ കൂട്ടിക്കൊണ്ടുപോകും, പാട്ട് ഹൃദയമിടിപ്പിന് താളമായി കൂട്ടുവരും. എല്ലാവരുടെ ജീവിതത്തിലും കാണും സ്വകാര്യ അനുഭവങ്ങളോട് എറെ അടുത്തുനിൽക്കുന്ന ചില ഗാനങ്ങൾ. അങ്ങനെയൊരു പാട്ടിന്റെ ഈണത്തിലല്ലാതെ ആ നാളുകൾ ഓർമയിലേക്കെത്തില്ല.

മലയാളികളുടെ പ്രിയഗായിക ഹൃദയത്തോട് ചേർത്തുവെക്കുന്ന ഗാനങ്ങൾ എതെല്ലാമെന്നറിയാനുള്ള ആഗ്രഹമാണ് ചിത്ര കൊണ്ടുനടക്കുന്ന ഐപാഡിലും മൊബൈലിലും സൂക്ഷിച്ച ഗാനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനുപിന്നിലുണ്ടായിരുന്നത്.

''പ്രിയപ്പെട്ട പാട്ടുകളെ കുറിച്ചുചോദിച്ചാൽ ഒരുപാടുണ്ട്. മെലഡികളോടാണ് എന്നും ഇഷ്ടം.
മീരാ ഭജൻസും ആശാജിയുടെ പാട്ടുകളുമെല്ലാം ഐപാഡിലും ഫോണിലും എപ്പോഴുമുണ്ടാകും. ജാനകിയമ്മയുടെ ഈറനുടുത്തു കൊണ്ടംബരം ചുററുന്ന..., താനേ തിരിഞ്ഞും മറിഞ്ഞും..., സ്വർണമുകിലേ...തുടങ്ങിയപാട്ടുകൾ ഏറെ അടുത്തുനിൽക്കുന്നതാണ്. സുശീലാമ്മയുടെ കണ്ണുതുറക്കാത്ത ദൈവങ്ങളേ... എന്ന പാട്ടും ഭക്തിഗാനങ്ങളും ബാബുക്ക സമ്മാനിച്ച സംഗീതവും മനസ്സിനെന്നും സന്തോഷം നൽകുന്നവയാണ്. ദാസേട്ടൻ സംഗീതം നൽകി പാടിയ താജ്മഹൽ നിർമിച്ച രാജശില്പിയും പ്രഥമഗണത്തിൽപ്പെടുന്നു.''

യേശുദാസ് ഗാനങ്ങളിൽനിന്ന് പ്രിയപ്പെട്ട പത്തുപാട്ടുകൾ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ?

ദാസേട്ടൻ പാട്ടുകളിൽനിന്ന് പ്രിയപ്പെട്ട പത്തെണ്ണം പ്രയാസമാണ് പത്തിലൊന്നും അതുനിൽക്കില്ല. എന്നാലും എത്രകേട്ടാലും മതിവരാത്ത ഹൃദയത്തോട് അടുത്തുനിൽക്കുന്ന ചിലഗാനങ്ങൾ പറയാം. സന്ന്യാസിനി നിന്റെ.., രാമകഥാ ഗാനലയം..., ഏഴുസ്വരങ്ങളും തഴുകിവരുന്നൊരു.., ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ.., അരികിൽ നീയുണ്ടായിരുന്നെങ്കിൽ.., താമസമെന്തേവരുവാൻ.., ഇന്നലെയെന്റെ നെഞ്ചിലെ..., തുയിലുണരൂ തുയിലുണരൂ തുമ്പികളെ...

ഇഷ്ടപ്പെട്ട ജയചന്ദ്രൻ ഗാനങ്ങൾ?

അനുരാഗ ഗാനം പോലെ..-എന്നും പ്രിയപ്പെട്ടതാണ്. കേരനിരകളാടും എന്നഗാനം മനോഹരമാണ്. നിൻമണിയറയിലെ നിർമലർശയ്യയിലെ.., യദുകുല രതിദേവനെവിടെ.., കരിമുകിൽ കാട്ടിലെ.., അഷ്ടപതിയിലെ നായിക... എന്നിവയെല്ലാം എപ്പോഴും കേൾക്കാനിഷ്ടപ്പെടുന്നഗാനങ്ങളാണ്. അടുത്തിടെ പുറത്തുവന്ന പൊടിമീശ മുളക്കണകാലം... ഒരുപാട് തവണ കേട്ടുകഴിഞ്ഞു.

* * * *
പാട്ടുവഴിയിലേക്കിറങ്ങുന്നകാലത്തുതന്നെ മികച്ച സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിക്കാനായി എന്നതാണ് ചിത്രയുടെ വലിയ നേട്ടം. ഇന്നും റെക്കോഡിങ്ങിനായി സ്റ്റുഡിയോയിൽ കയറുമ്പോഴും സ്റ്റേജ് ഷോയ്ക്ക് ചെല്ലുമ്പോഴും ഗുരുകാരണവൻമാർക്കൊപ്പം ജീവിതത്തിലേക്ക് വെളിച്ചം പകർന്നുനൽകിയ മുഖങ്ങളെയെല്ലാം ഒരു നിമിഷം മനസ്സിലേക്ക് കൊണ്ടുവരും. ഒരുപാട് പേരുടെ പ്രാർഥനയും പ്രോത്സാഹനവും ഉപദേശവുമെല്ലാമാണ് ഇന്നത്തെ വിജയത്തിനുകാരണമെന്ന് അവർ വിശ്വസിക്കുന്നു

സംഗീത സംവിധായകർക്കൊപ്പം..

ഇന്ത്യയിലെതന്നെ ഒരുപാട് മികച്ച സംഗീതസംവിധായകരുടെ പാട്ടുകൾ ചിത്രപാടി.
''സംഗീതജീവിതം സന്തോഷകരം '' എന്നാണ് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ചിത്ര ഒറ്റവാക്കിൽ ഉത്തരം പറഞ്ഞത്.

എം.ജി. രാധാകൃഷ്ണൻ, ജെറി അമൽ ദേവ് എന്നിവർ കൈപിടിച്ചുയർത്തി. ചെന്നൈയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നത് രവീന്ദ്രൻ മാസ്റ്ററാണ്.

'കണ്ണോടു കണ്ണായ സ്വപ്നങ്ങളെ'-എന്ന പാട്ടിനായാണ് ചിത്ര ചെന്നൈയിലെത്തുന്നത്. പിന്നീട് മാഷിനൊപ്പം ഒരുപാട് പാട്ടുകൾ.

ജാതിഭേദമെന്യേ സ്വീകരിച്ച കാർമുകിൽ വർണന്റെ ചുണ്ടിൽ...

അക്കൂട്ടത്തിൽ എന്നും ഒരുപടി മുകളിൽ നിൽക്കുന്നു. രവീന്ദ്രൻ മാസ്റ്റർ അവസാനകാലത്ത് സംഗീതം നൽകിയ വടക്കുംനാഥനിലും അദ്ദേഹം ചിത്രയ്ക്കായി മികച്ച ഗാനങ്ങൾ കരുതിവെച്ചിരുന്നു.

''കളഭം തരാം എന്ന പാട്ടിനെകുറിച്ചുള്ള നിർദേശങ്ങൾ ഫോണിലൂടെയാണ് മാഷ് നൽകിയത്, അസുഖത്തിന്റെ പിടിയിലായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു. ഹമ്മിങ്ങിലെല്ലാം വ്യത്യസ്തത കൊണ്ടുവന്ന് പാടാനുള്ള ധൈര്യവും സ്വാതന്ത്യവും മാഷ് എന്നും നൽകുമായിരുന്നു. പല്ലാവൂർ ദേവനാരായണൻ എന്ന ചിത്രത്തിൽ പത്മനാഭ പാഹി... എന്നുതുടങ്ങുന്നൊരു ഗാനമുണ്ട്. അവസാനത്തെ സ്വരം ഭാഗത്തിലെ മൃദംഗം ആദ്യമേ വായിച്ച് റെക്കോഡ് ചെയ്തിരുന്നു. ആ ജതി കേട്ട് പാടിക്കോ എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത് അതെല്ലാം എനിക്ക് പുതിയ അനുഭവങ്ങളായിരുന്നു.

കമലദളം സിനിമയ്ക്കായി പാടാൻ ചെന്നപ്പോൾ ക്ഷീണിച്ച് അവശനായ മാഷെയാണ് കണ്ടത്. രാവിലെ മുതൽ പാട്ടിനൊപ്പം നീങ്ങി മാഷ് തളർന്നിരുന്നു. എന്നെ കണ്ടപ്പോൾ ബാഗിൽ ബിസ്ക്കറ്റുണ്ടോയെന്നാണ് ആദ്യം അന്വേഷിച്ചത്.

ഓസ്കസ്ട്രയ്ക്ക് ഗൈഡൻസ് നൽകി ഞാൻ ട്രാക്ക് പാടാമെന്ന് സമ്മതിച്ച് മാഷെ ഊണുകഴിക്കാൻ പറഞ്ഞയച്ചു. സായന്തനം ചന്ദ്രികാ ലോലമായി... എന്നതായിരുന്നുപാട്ട്, മുൻകൂട്ടി പറഞ്ഞതനുസരിച്ച് സിനിമയ്ക്കായി ആഗാനം ഞാൻ പാടേണ്ടതില്ല. പക്ഷേ, പാടിയത് ഒഴിവാക്കിയാൽ എനിക്ക് പ്രയാസമാകുമൊ എന്നുതോന്നിയിട്ടാകണം കമലദളത്തിന്റെ പലഭാഗത്തും ആപാട്ടിലെ ചിലഭാഗങ്ങൾ അശരീരികണക്കെ വന്നുപോകുന്നുണ്ട്.''

രവീന്ദ്രൻ മാസ്റ്റർറെ ഏറെ സന്തോഷമായി കണ്ടത് മഴയിലെ പാട്ടിന്റെ റെക്കോഡിങ്ങ് കഴിഞ്ഞപ്പോഴാണെന്ന് ചിത്ര ഓർക്കുന്നു.

എം.ജി. രാധാകൃഷ്ണനൊപ്പം തുടക്കത്തിൽ ഒരു പാട് പാട്ടുകൾ എന്നാൽ ദേവാസുരത്തിലേയും മണിച്ചിത്രത്താഴിലേയും പാട്ടുകൾ എന്നും അവർക്കേറെ പ്രിയപ്പെട്ടതാണ്. കാറ്റുവന്നുവിളിച്ചപ്പോൾ, അനന്തഭദ്രം, ഋഷിശൃംഗൻ, എന്നിവയിലെ ഗാനങ്ങളും ഇഷ്ടപട്ടികയിൽ ഇടംപിടിക്കുന്നു.
സലീൽ ചൗധരിക്കൊപ്പം ആൽബങ്ങൾക്കുപുറമെ പാടിയ തുമ്പോളികടപ്പുറത്തിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

കൈയിൽ മ്യൂസിക് നൊട്ടേഷനോടുകൂടിയെ എം.ബി. ശ്രീനിവാസൻ എന്ന സംഗീതസംവിധായകനെ ഓർക്കാൻ കഴിയൂവെന്ന ചിത്രപറയുന്നു. ജെറിസാറിൽനിന്നും ജോൺസനുവേണ്ടി പാടിയ പാട്ടുകളിലും പ്രിയപ്പെട്ടവയേറെയുണ്ട്.

''ചെങ്കോലിലെ മധുരം ജീവാമൃതബിന്ദു ദാസേട്ടനുപാടാൻ വേണ്ടി ചിട്ടപ്പെടുത്തിയതായിരുന്നു. ഒരു ഫീമെയിൽ പാടിയാൽ എങ്ങനെയുണ്ടാകുമെന്നുനോക്കാമെന്നുപറഞ്ഞാണ് എന്നെക്കൊണ്ട് പാടിച്ചത്. പാടിക്കഴിഞ്ഞപ്പോൾ ജോൺസൺ മാസ്റ്ററെനിക്ക് കൈ തന്നു. അങ്ങനൊരു അഭിനന്ദനം അദ്ദേഹത്തിൽ നിന്ന് ആദ്യമായിട്ടാണ് കിട്ടിയത്.

പാട്ട് ഒരു പ്രൊഫഷനായി സ്വീകരിച്ച് മുന്നോട്ടുപോകാനുള്ള ധൈര്യം നൽകിയത് ഇളയരാജാസാറാണ്. ഒരുപാട് സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചു, വലിയൊരു കൂട്ടായ്മയിലൂടെയാണ് മുൻപൊക്കെ പാട്ടുകൾ പിറന്നത്. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം റെക്കോഡിങ്ങിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയതലമുറയുടെ ഏറ്റവും വലിയ നഷ്ടം ഇത്തരം കൂട്ടായ്മകളുടെ ഭാഗമാകാൻ കഴിയുന്നില്ല എന്നതാണ്.''

ദാസേട്ടൻ ഉൾപ്പെടെയുള്ള മുതിർന്ന പാട്ടുകാരിൽനിന്ന് ലഭിച്ച ഉപദേശങ്ങൾ

ദാസേട്ടൻ ആദ്യകാലത്തുപറഞ്ഞുതന്നകാര്യങ്ങളെല്ലാം ഇന്നും വേദവാക്യമായി ഞാൻ കൊണ്ടുനടക്കുന്നുണ്ട്. തൊണ്ടയ്ക്ക് പ്രശ്നമാകുമെന്നുപറഞ്ഞ് ദാസേട്ടൻ ഒഴിവാക്കാൻ പണ്ടുപറഞ്ഞ കാര്യങ്ങളൊക്കെതന്നെ ഇന്നും ഞാൻ മാറ്റിനിർത്തുന്നു.

മഴയും വെയിലുമെല്ലാം കുറച്ച് കൊള്ളണമെന്ന് എസ്.പി.ബി. സാർ പറയും. ഇത്തരം കാര്യങ്ങളിൽ ഒരുപാട് ശ്രദ്ധിക്കുന്നതുകൊണ്ടത്രെ എനിക്ക് പ്രതിരോധശേഷി കുറഞ്ഞുപോകുന്നത്. വാത്സല്യത്തോടെ മാത്രമെ സീനിയർപാട്ടുകാർ എന്നോട് പെരുമാറിയിട്ടുള്ളൂ. അവരുടെ അനുഗ്രഹം എന്നുമെന്റെ തലയ്ക്കുമുകളിലുണ്ടെന്ന് വിശ്വസിക്കുന്നു.

പാട്ടിനുള്ളിലെ ചില പ്രത്യേകതാളത്തിലുള്ള ചിരികളൊക്കെ ഉണ്ടാക്കാൻ എനിക്ക് പ്രയാസമാണ് മടികൊണ്ട് സ്റ്റേജ് ഷോകളിൽ പാടുമ്പോൾ അത്തരം ശബ്ദങ്ങളെല്ലാം വിട്ടുകളയുന്നതാണ് പതിവ്. സ്‌ഫടികത്തിൽ ഉർവശി കള്ളുകുടിച്ചുപാടുന്ന പാട്ടെല്ലാം എറെ പ്രയാസപ്പെട്ടാണ് പാടിത്തീർത്തത്. തീയേറ്ററിൽനിന്ന് സ്‌ഫടികം കാണുമ്പോൾ പാട്ട് രംഗമെത്തിയപ്പോൾ തലതാഴ്ത്തി ചമ്മിയിരുന്നത് ഇന്നും ഓർക്കുന്നുണ്ട്. അത്തരം പാട്ടുകൾ പാടുന്നതിനുള്ള ധൈര്യവും ഉപദേശവും തന്നത് ജാനകിയമ്മയാണ് നമ്മൾ മൈക്കിനുമുന്നിൽനിന്നല്ലേ പാടുന്നത് എന്തിനാണ് ഇത്തരം ശബ്ദങ്ങൾ വരുമ്പോൾ ഉൾവലിയുന്നതെന്നും അത് പാട്ടിന്റെ ടോട്ടാലിറ്റിയെ ബാധിക്കുമെന്നും അവർ ഉപദേശിച്ചു.

* * * *
ആരാധകരോട് അടുപ്പം സൂക്ഷിക്കുന്ന ഗായികയാണ് ചിത്ര. മുൻകൂട്ടി സമയം ചോദിച്ച് തന്നെ കാണാനെത്തുന്നവരോട് സംസാരിക്കാനും ആരാധകർ അയയ്ക്കുന്ന കത്തിനും മെയിലുകൾക്കുമെല്ലാം മറുപടി അയയ്ക്കാനും അവർ സ്വയം സമയം കണ്ടെത്തുന്നു.

''കത്തുകൾക്കെല്ലാം സ്വന്തം കൈപ്പടയിൽതന്നെ മറുപടി അയയ്ക്കാറുണ്ട്. പെട്ടെന്ന് ഇല്ലെങ്കിലും ഒഴിവുദിവസങ്ങൾ അടുപ്പിച്ചുണ്ടാകുമ്പോഴാണ് അതിനെല്ലാം സമയം കണ്ടെത്തുക. രക്തംകൊണ്ടെല്ലാം എഴുതിയ കത്തുകൾ മുൻപ് ലഭിച്ചപ്പോൾ മനസ്സ് വിഷമിച്ചിരുന്നു.
എന്റെ പാട്ടുകൾ ഇഷ്ടപ്പെട്ട് എന്നെ കാണാൻ സ്ഥിരമായി വർഷത്തിലൊരിക്കൽ വരുന്നവർ ഏറെയുണ്ട്. മധുര മീനാക്ഷിക്ഷേത്രത്തിലെ താഴംപൂകുങ്കുമം മുടങ്ങാതെ അയച്ചുതരുന്നവർ, എന്റെ ചിത്രങ്ങൾ വരച്ച് എനിക്ക് സമ്മാനമായി കൊണ്ടുവരുന്നവർ അങ്ങനെ ഏറെപേരെ എനിക്കുമിപ്പോൾ നല്ലപരിചയമാണ്. എല്ലാവരും പറയുന്നത് അവരവരുടെ സങ്കടങ്ങളാണ്, വിഷമമൊക്കെ എന്നോട് പറയുമ്പോൾ അവർക്കെല്ലാം ഒരു സമാധാനം കിട്ടുന്നതായി എനിക്കുതോന്നിയിട്ടുണ്ട്. അത്തരം കഥകൾ കേട്ടുകേട്ട് ഒരുപാടുപേരുടെ ദുഃഖങ്ങൾ പേറിനടക്കുന്ന ഒരാളായി ഞാനിന്ന് മാറിയിരിക്കുന്നു.''

ആരാധകർ വ്യത്യസ്ത സ്വഭാവത്തിലുള്ളവരായിരിക്കും. എല്ലാവരേയും തൃപ്തിപ്പെടുത്താൻ കഴിയുമോ?

ഞാൻ പാടിയ പാട്ടിനോടുള്ള സ്നേഹമാണ് എന്നോട് സംസാരിക്കാനുള്ള ആഗ്രഹത്തിനുപിന്നിലെന്ന് എനിക്കറിയാം. നാട്ടിലേയും വിദേശത്തേയും ഷോകൾ കഴിയുമ്പോൾ സമയം കിട്ടുന്നുവെങ്കിൽ എന്നെ കാണാനെത്തുന്നവരുമായി സംസാരിക്കാൻ സന്തോഷമേയുള്ളൂ. മധുരയിലെ ഷർമിള, എല്ലാ ജനുവരിയിലും മുടങ്ങാതെ എന്നെ കാണാനെത്തുന്ന, ശാരീരികവെല്ലുവിളികളുള്ള പോണ്ടിച്ചേരി സ്വദേശിനി ഗോമതി, എന്റെ ഒരുപാട് ചിത്രങ്ങൾ വരച്ചെനിക്ക് സമ്മാനിച്ച സത്യ, എറണാകുളം സ്വദേശിനി അഞ്ജന അങ്ങനെ സ്ഥിരമായി പിൻതുടരുന്നവരേറെയുണ്ട്.

ഒരിക്കൽ സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുമ്പോൾ ഒരാൾ പൊടുന്നനെ എന്റെ കാലിലേക്ക് വീണു. അയാൾ ജീവിച്ചിരിക്കാൻ കാരണം ഞാനാണെന്ന് പറഞ്ഞാണ് കൈകൂപ്പിവീണത്. ആത്മഹത്യചെയ്യാൻ ഉറപ്പിച്ച് കയറിനുമുന്നിൽ നിൽക്കുമ്പോഴാണ് അടുത്ത വീട്ടിലെ റേഡിയോവിൽനിന്ന് ഓട്ടോഗ്രാഫിലെ 'ഓവ്വരുപൂക്കളുമെ'യെന്ന ഗാനം കേട്ടത്. അത് അയാളെ പിൻതിരിപ്പിച്ചുവെന്നാണ് പറഞ്ഞത്. ഇത്തരം അനുഭവങ്ങൾ പലപ്പോഴും ഞെട്ടലോടെയാണ് ഞാൻ കേട്ടത്.

റെക്കോഡിങ് ഇല്ലാത്ത ഒരുദിവസം എങ്ങനെയായിരിക്കും?

ഒതുക്കിപെറുക്കിവെക്കൽ അൽപ്പം കൂടുതലാണെനിക്ക്, റെക്കോഡിങ് ഇല്ലെങ്കിൽ അലമാരയിലെ തുണികൾ മടക്കിവെക്കാൻ ഒരുപാട് സമയം ചെലവിടും. പിന്നെ വരുന്ന കത്തുകൾക്കും മെയിലുകൾക്കും മറുപടിനൽകും. ഒഴിവുദിവസങ്ങളിലാണ് കൂടുതൽ സന്ദർശകർ ഉണ്ടാകുക. അവരോടൊത്ത് ഏറെ സമയം ചെലവിടും, റെക്കോഡിങ്ങിനുവേണ്ടി പാട്ടുകൾ പഠിക്കും. ഉറങ്ങാൻ വൈകും. അതുകൊണ്ടുതന്നെ അതിരാവിലെ എഴുന്നേൽക്കുന്ന ശീലവുമില്ല.

എ.ആർ. റഹ്മാനൊപ്പമുള്ള റെക്കോഡിങ്ങിനെക്കുറിച്ച്

റഹ്മാനെ ഞാനാദ്യമായി കാണുന്നത് ഇളയരാജസാറിനൊപ്പമാണ്. കീബോഡ് വായിക്കാൻ വന്ന കൊച്ചുപയ്യനെ രാജാസാറ് ദിലീപ് എന്നുവിളിക്കുന്നത് കേട്ടിട്ടുണ്ട്. റെക്കോഡിങ് കഴിഞ്ഞശേഷം രണ്ട് കൈയും പോക്കറ്റിലിട്ട് അംബാസഡർ കാറിൽ കയറിപ്പോകുന്ന റഹ്മാന്റെ രൂപം ഇന്നും മനസ്സിലുണ്ട്. ആദ്യമായി അദ്ദേഹത്തിനുവേണ്ടി പാടിയത് രുക്കുമണി...രുക്കുമണിയെന്ന ഗാനമായിരുന്നു. ചെറിയൊരു വോയ്സ്റൂം, പാട്ട് കീബോഡിൽ വായിച്ച് വരികൾതന്നു. ഒരു നാടൻപാട്ടിന്റെ ട്യൂണിനോട് ചേർന്നുനിന്നാണ് റെക്കോഡ്ചെയ്തത്. പാടിക്കഴിഞ്ഞപ്പോഴും പാട്ട് പൂർണമായി എങ്ങനെയിരിക്കുമെന്ന് അറിയില്ലായിരുന്നു. റോജയിലെ പാട്ടും ഏതാണ്ട് അതുപോലെയാണ്, എസ്.പി. ബി. സാറാണ് കൂടെ പാടിയതെന്ന് പാട്ടുപുറത്തുവന്നശേഷമാണ് അറിയുന്നത്.

റഹ്മാനൊപ്പം സ്റ്റേജ് ഷോകളിൽ പാടിയിട്ടുണ്ട്. അദ്ദേഹം വലിയ വിശ്വാസിയാണ്, ഷോതുടങ്ങുംമുൻപ് പ്രാർഥിച്ച് സ്റ്റേജിലെല്ലാം തീർഥം തളിക്കുന്ന പതിവുണ്ട്.

* * * *
സംഗീതസംവിധാനം ഭാരിച്ചജോലിയാണെന്നാണ് ചിത്രയുടെ പക്ഷം. അതുകൊണ്ടുതന്നെ ആ വഴിയിലേക്ക് കടക്കാൻ ശ്രമിക്കുന്നില്ല.

''സന്ദർഭങ്ങൾക്കനുസരിച്ച് സംഗീതം നൽകുകയെന്നത് വലിയ പ്രയാസമുള്ളകാര്യമാണ്. അതിനുകഴിവുള്ളവർ ആ ജോലിചെയ്യട്ടെ. സന്ധ്യാനാമങ്ങളിലും പ്രാർഥനകളിലും ചെറിയ ചില പരീക്ഷണങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നല്ലാതെ കാര്യമായ ശ്രമങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല. കച്ചേരിയോട് താല്പര്യമുണ്ട്. അരങ്ങേറ്റം സൂര്യാഫെസ്റ്റിവലിലായിരുന്നു. തിരുവയ്യാറിൽവച്ചും കച്ചേരിനടത്തി. റെക്കോഡിങ് തിരക്കുകളാണ് കച്ചേരിയിൽനിന്ന് ഉൾവലിയാൻ കാരണം''

പാട്ടെഴുത്തിലും സംഗീതസംവിധാനത്തിലും കാണുന്ന പുതിയ പ്രവണതകളെ എങ്ങനെ വിലയിരുത്തുന്നു?

വരികൾക്ക് സംഗീതം നൽകുന്ന രീതിയാണ് ആദ്യകാലത്ത് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് സംഗീതത്തിനനുസരിച്ച് പാട്ടെഴുതുന്ന പ്രവണതയാണ് കൂടുതലായുള്ളത്. ഒന്ന് നല്ലത്, മറ്റൊന്ന് മോശം എന്ന് പറയാനാകില്ല. രണ്ടുരീതിയിലും മികച്ച ഗാനങ്ങൾ പിറവിയെടുക്കുന്നുണ്ട്. പാട്ടുകളിൽ വലിയ സാഹിത്യം വേണ്ട എന്ന മനോഭാവം പുതിയകാലത്ത് ശക്തമാണ്. സംസാരിക്കുന്ന ഭാഷയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന രചനയാണ് സംവിധായകർ ഇഷ്ടപ്പെടുന്നത്.
പഴയകാലത്തെ പാട്ട് ലളിതമായിരുന്നു. കാവ്യഭംഗി ഏറെ നിറഞ്ഞുനിന്ന വാക്കുകളും വരികളും സ്പഷ്ടമായി കേൾക്കാമായിരുന്നു. ഇന്നത്തെ മിക്സിങ്ങുകളിൽ പാട്ടിലെ വാക്കുകൾ മനസ്സിലാക്കാൻ പ്രയാസമാകുന്നതായി തോന്നിയിട്ടുണ്ട്. സംഗീതസംവിധായകൻ നൽകിയ മീറ്ററിന് കൃത്യമായ വരികളാണ് എഴുതിക്കിട്ടുന്നതെങ്കിൽ കാര്യങ്ങൾ എളുപ്പമാകും. വാക്കുകൾക്ക് നല്ല ഭംഗിയുണ്ടായാൽ മാത്രം പോരാ, അത് ചിട്ടപ്പെടുത്തിയ സംഗീതത്തിനകത്ത് ഒതുങ്ങിനിൽക്കുകകൂടി വേണം. ട്യൂണിനകത്ത് വാക്കുകൾ അളവൊത്ത് അഴകോടെ വന്നാൽ മാത്രമേ ഇന്ന് പാട്ട് നന്നാകൂ.

ആദ്യകാല റെക്കോഡിങ്ങുകളിൽ സന്തോഷം നൽകുന്ന ഓർമകൾ എന്തൊക്കെയാണ്?

കൂട്ടായ്മയിലൂടെയാണ് പഴയകാലത്ത് പാട്ടുകളെല്ലാം പിറന്നത്. വലിയ ഭാഗ്യങ്ങളിലൊന്ന് തുടക്കത്തിൽതന്നെ മികച്ച പാട്ടുകാർക്കൊപ്പം പാടാൻകഴിഞ്ഞു എന്നതാണ്. പാടിപ്പഠിക്കുമ്പോൾ അവരെല്ലാം നൽകിയ ഉപദേശങ്ങൾ ഇന്നും കൂടെയുണ്ട്. ദാസേട്ടൻ, എസ്.പി.ബി. സാർ, ജാനകിയമ്മ ഇവരെയൊന്നും കേട്ടല്ല, കണ്ടാണ് പലതും പഠിച്ചത്. ഇന്ന് റെക്കോഡിങ്രീതിക്ക് വലിയ മാറ്റംവന്നു. പാട്ട് പൂർണമായി ഒരുസമയം റെക്കോഡ്ചെയ്യുന്നില്ല. ശ്രുതി ചേർന്നില്ലെങ്കിൽ ശ്രുതി ചേർക്കാം, ഒരു വാക്ക് മാത്രം മുറിച്ചെടുത്ത് അങ്ങാട്ടും ഇങ്ങോട്ടും മാറ്റിവെക്കാം, ടെക്നോളജി ശക്തമാണ്. ആരുടെ കൂടെ പാടുന്നുവെന്നുപോലും അറിയാത്ത അവസ്ഥയായി. ചെറിയ ചെറിയ ബിറ്റുകളായാണ് പാട്ടുണ്ടാക്കുന്നത്.

ഇത്രയേറെ സ്റ്റേജ് ഷോകളിൽ പാടി കൈയടിനേടിയിട്ടും ഇന്നും ആദ്യപാട്ടിനായി കയറുമ്പോൾ മുഖം പരിഭ്രമംകൊണ്ട് നിറയാൻ കാരണമെന്താണ്?

സ്റ്റേജിൽ ആദ്യ പാട്ടുപാടിക്കഴിയുന്നതുവരെ ഇന്നും ടെൻഷനുണ്ട്. ഞാൻ പാടുന്ന പാട്ട് എനിക്കുതന്നെ കേൾക്കാൻകഴിയണം, കാഴ്ചക്കാർ അത് ആസ്വദിക്കുന്നുവെന്ന ബോധ്യംവരണം, അങ്ങനെയെല്ലാമുള്ള ചില കാരണങ്ങളാണ് പരിഭ്രമത്തിന് പിന്നിൽ. ഇപ്പോഴും അതിൽ മാറ്റമില്ല. ഒരുപക്ഷേ, കുട്ടികൾക്ക് തെറ്റുവരുത്താം, ഇത്രയും മുതിർന്നസ്ഥിതിക്ക് തെറ്റുവരരുതല്ലോയെന്ന ചിന്തയായിരിക്കും അതിനുപിന്നിൽ.

സ്റ്റേജ് ഷോകളിൽ നൃത്തംചെയ്ത് പാടുന്ന പാട്ടുകാർ കൂടിവരുകയാണ്, കാലത്തിനൊത്ത് ചെറുതായെങ്കിലും മാറിക്കൂടെയെന്ന് ആരെങ്കിലും ചോദിച്ചാൽ...

പാട്ട് കേൾക്കാൻ മാത്രമല്ല കാണാൻകൂടിയുള്ളതാണ് എന്ന കാഴ്ചപ്പാടാണ് ഇത്തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നത്. പുറംനാടുകളിൽ നടക്കുന്ന സ്റ്റേജ് ഷോകളിലധികംപേരും നിന്നുകൊണ്ടാണ് പാട്ട് ആസ്വദിക്കുന്നത്. നൃത്തംചെയ്യാൻ വെമ്പിനിൽക്കുന്ന മനസ്സാണ് അവരുടെത്. ആളുകളെ കയ്യിലെടുക്കാൻ പാട്ടുകാർ ശ്രമിക്കുന്നതിൽ കുറ്റംപറയാനാവില്ല.

ഇന്ത്യൻ സംഗീതം ഇളകിക്കൊണ്ട് പാടാനുള്ളതല്ല, എന്നെ സംബന്ധിച്ചിടത്തോളം നിന്നുപാടാൻ മാത്രമേ എനിക്ക് കഴിയൂ. ഈ പ്രായത്തിൽ ഇനിയൊരു മാറ്റത്തിനും ഒരുക്കമല്ല. ഈ രൂപംവെച്ച് ഞാൻ നൃത്തം ചെയ്ത് പാടിയാൽ അത് അരോചകമായിരിക്കും. റിയാലിറ്റി ഷോകളിൽ വരുന്ന കുട്ടികളോട് ഞാൻ പറഞ്ഞുകൊടുക്കാറുണ്ട് പെർഫോമൻസ് റൗണ്ടിൽ മൂവ്മെന്റ്സ് വേണ്ട സ്ഥലത്ത് മാത്രം അങ്ങനെ ചെയ്താൽമതിയെന്ന്. എല്ലായിടത്തും ആടിപ്പാടിയാൽ ശ്രദ്ധതെറ്റും, ക്ഷീണിച്ചുപോകും.

സ്റ്റേജ് ഷോകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന കാര്യം എന്താണ്?

ഗുരുക്കന്മാരും മുതിർന്ന ഗായകരും പറഞ്ഞുതന്ന കാര്യങ്ങൾ ഇന്നും ശ്രദ്ധിക്കാറുണ്ട്. സ്റ്റേജിൽ പാടുമ്പോൾ തലതിരിക്കുന്നതിനെക്കുറിച്ച് ഒരിക്കൽ ദാസേട്ടൻ പറഞ്ഞിരുന്നു. ശ്വാസമെടുക്കുന്നത് മൈക്കിലൂടെ കേൾക്കുന്നത് അരോചകമാണെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടി. അതെല്ലാം ഇന്നും ഓർക്കാറുണ്ട്.

സ്റ്റേജ് ഷോയിൽ പാടുമ്പോൾ മുന്നിലിരിക്കുന്നവർ എന്റെ പാട്ട് ആസ്വദിക്കുന്നുണ്ടോ എന്ന് കൃത്യമായി ശ്രദ്ധിക്കാറുണ്ട്. പാടാനുള്ള ലിസ്റ്റ് മുൻകൂട്ടി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ആളുകളിൽനിന്ന് ഇഷ്ടഗാനങ്ങൾക്കായുള്ള ആവശ്യം നിരന്തരം വന്നുകൊണ്ടിരിക്കും. എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ലെന്നറിയാം. എന്നിരുന്നാലും പ്രോഗ്രാം കഴിയും മുൻപ് ആളുകളോട് ചോദിക്കും. എനിക്കറിയാവുന്ന പാട്ടുകളാണ് അവർ പറയുന്നതെങ്കിൽ ഒരു പല്ലവിയെങ്കിലും പാടിക്കൊടുക്കാൻ ശ്രമിക്കാറുണ്ട്.

യേശുദാസ്, ജയചന്ദ്രൻ തുടങ്ങി മുതിർന്ന പാട്ടുകാർ പലരും സിനിമയിൽ മുഖംകാണിച്ചിട്ടുണ്ട്. അഭിനയിക്കാനായി ആരും ഇതുവരെ ക്ഷണിച്ചിട്ടില്ലേ?

അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലല്ല ഒരു തെലുങ്ക് സിനിമയിൽ. ഗായിക ചിത്രയായിട്ടുതന്നെ വന്നാൽ മതിയെന്ന് പറഞ്ഞു. ഞാൻ സമ്മതിച്ചു. പാട്ടുപാടാനെത്തി പാടുന്ന രംഗമാണ് സിനിമയ്ക്കായി ചിത്രീകരിച്ചത്. എന്നാൽ പിന്നീടാണ് മനസ്സിലായത് അതൊരു വില്ലത്തിവേഷമായിരുന്നെന്ന്. മീരാജാസ്മിനാണ് സീനിലൊപ്പമുണ്ടായിരുന്നത്. അവരെക്കൊണ്ട് റിഹേഴ്സലൊക്കെ ചെയ്യിച്ച് പാടാനൊരുങ്ങുന്ന അവസരത്തിൽ ഞാനെത്തി പാടുന്നതാണ് സീൻ. ഞാൻ പാടുമ്പോൾ പുറകിൽ നിന്ന് മീര കരയുന്ന രംഗമായിരുന്നു സിനിമയിൽ. അത് കണ്ട് അന്നേറെ വിഷമിച്ചു. പിന്നെയും ചിലരൊക്കെ അഭിനയിക്കാൻ ക്ഷണിച്ചിരുന്നു. പക്ഷേ, ഡേറ്റ് ഒത്തുവരാത്തതിനാൽ വേണ്ടെന്നു വെച്ചു.

ചിരിച്ചുകൊണ്ട് പാടുന്ന ചിത്രയുടെ മുഖമാണ് എപ്പോഴും എല്ലാവരുടെയും മനസ്സിലുള്ളത്, കരയിച്ച പാട്ടുകളുണ്ടോ?

ഉള്ളിലെ ദുഃഖം പൊതുവേ പുറത്തറിയിക്കാൻ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് ഞാൻ, അതുകൊണ്ടുതന്നെ ചിരിക്കുന്ന മുഖത്തോടെ മാത്രമേ ഞാൻ എല്ലാവരുടെയും മുന്നിലെത്താറുള്ളൂ. പാട്ടിലെ ചില വരികൾ ആഴത്തിൽ സ്വാധീനിക്കും. മനസ്സിലത് വലിയൊരു സങ്കടംതന്നെ തീർക്കും. നായിക എന്ന സിനിമയിലെ പാട്ട് അങ്ങനെയൊന്നായിരുന്നു. അർജുനൻമാസ്റ്റർ സംഗീതം നൽകിയ പാട്ട് ചെന്നൈയിൽവെച്ചായിരുന്നു റെക്കോഡിങ്. 'എവിടെ കൊഴിഞ്ഞുപോയി നിന്റെ കാലടിപ്പാടുകൾ...' അങ്ങനെപോകുന്ന വരികൾ മനസ്സിനെ വേദനപ്പിച്ചു. പാടാൻകഴിയാതെ വിതുമ്പുന്ന അവസ്ഥയിലായി കാര്യങ്ങൾ. ജീവിതത്തോട് ചേർന്നുനിൽക്കുന്ന സംഭവങ്ങളുടെ ഓർമകളാകണം അത്. ബ്രേക്കെടുത്ത് പുറത്തുപോയി അല്പം കഴിഞ്ഞാണ് ആ പാട്ട് പൂർത്തിയാക്കിയത്.

അടുത്തിടെ മലയാളത്തിൽനിന്ന് ചെറുതായൊന്ന് ഉൾവലിയുന്നുണ്ടോ, പാട്ടുകളുടെ എണ്ണത്തിൽ കാര്യമായ കുറവുകാണുന്നു.

ബോധപൂർവമുള്ള ഉൾവലിയലുകളൊന്നുമില്ല. ചിലർ ചോദിക്കുന്നസമയത്ത് എത്താനും പാടാനും കഴിയാത്ത അവസ്ഥയുണ്ടാകാറുണ്ട്. അടുത്തിടെ മലയാളത്തിൽനിന്ന് വരുന്നതൊക്കെ സങ്കടപ്പാട്ടുകളോ താരാട്ടുപാട്ടുകളോ ആണ്. സംഗീതസംവിധായകന് തൃപ്തിയാകുന്നതുവരെ പാടിക്കൊടുക്കുന്നതിൽ സന്തോഷമേയുള്ളൂ.

പൂമരത്തിനു വേണ്ടി കഴിഞ്ഞ ദിവസം ഒരു ലളിതഗാനം പാടി. ഓർക്കസ്ട്ര ഒന്നുമില്ലാതെ സ്റ്റേജിൽ നിന്നുകൊണ്ട് മൈക്കിനു മുന്നിൽ പാടുന്ന തരത്തിലാണ് പാട്ട് റെക്കോർഡ് ചെയ്തത്.

പുതിയ തലമുറയിൽ ഒരുപാടുപേർ റിയാലിറ്റിഷോകളിലൂടെ സംഗീതരംഗത്തേക്കെത്തുന്നു, അവർക്കെല്ലാം ഈ മേഖലയിൽ പിടിച്ചുനിൽക്കാൻകഴിയുമെന്ന് തോന്നുന്നുണ്ടോ?

നന്നായി പാടാൻകഴിയുന്ന ഒരുപാട് പുതിയ കുട്ടികൾക്ക് റിയാലിറ്റിഷോകൾ പേരെടുക്കാനുള്ള അവസരം കിട്ടുന്നുണ്ട്. എന്നാൽ എന്റെ അടുത്തെത്തുന്ന, പാട്ടിലേക്കിറങ്ങുന്ന കുട്ടികളോട് ഞാൻ കാര്യങ്ങൾ കൃത്യമായി പറഞ്ഞുകൊടുക്കാറുണ്ട്. വരുംകാലത്ത് പാട്ടിലൂടെ വരുമാനമുണ്ടാക്കി ജീവിതം മുന്നോട്ടുകൊണ്ടുപോകുകയെന്നത് പ്രയാസമുള്ള കാര്യമാണ്. മുതിർന്നുകഴിയുമ്പോൾ ജീവിതത്തിലെ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടാൻപറ്റില്ല. കുടുംബം നോക്കാൻകഴിയാത്തവൻ വിവാഹംകഴിക്കാൻ നിൽക്കരുതെന്ന് ഞാൻ പറഞ്ഞുകൊടുക്കാറുണ്ട്. ജീവിതം മുന്നോട്ടുപോകാൻ സ്ഥിരവരുമാനം കൂടിയേത്തീരൂ. വരുമാനത്തിനായി ചുരുങ്ങിയത് മാസം ഒരു പാട്ടെങ്കിലും പാട്ടുകാരന് കിട്ടണം അങ്ങനെവരുമ്പോൾ വർഷം പന്ത്രണ്ടുപാട്ട്. ഇന്നത്തെ അവസ്ഥയിൽ അതിനുള്ള സാധ്യത കുറവാണ്. പാട്ട് ഉപേക്ഷിക്കണമെന്ന് ആരോടും ഞാൻ പറയില്ല. പക്ഷേ, ഉപജീവനത്തിന് മറ്റുജോലികൾ ഉണ്ടായേമതിയാകൂ.

പാട്ടിനപ്പുറത്തെ ഇഷ്ടങ്ങൾ ഭക്ഷണം, യാത്രകൾ

ഭക്ഷണം കഴിക്കാൻ ഇഷ്ടമാണ്. പക്ഷേ, പാചകത്തിൽനിന്ന് പതിയെ മാറിനിൽക്കും. മസാലയുടെ മണം മൂക്കിന് പ്രശ്നമുണ്ടാക്കുമെന്നതാണ് പ്രധാന കാരണം. മൂക്കടപ്പും ജലദോഷവുമെല്ലാം വന്നുപെട്ടാൽ റെക്കോഡിങ്ങും ഷോകളുമെല്ലാം അവതാളത്തിലാകും.

യാത്രകൾ ഉണ്ടാകാറുണ്ട്. സ്റ്റേജ് ഷോകൾക്കായി പോകുമ്പോൾ സമയംകിട്ടുമ്പോഴൊക്കെ അടുത്തുള്ള നല്ല സ്ഥലങ്ങൾ കാണാൻ ഇറങ്ങാറുണ്ട്. അങ്ങനെയല്ലാതെ അടുത്തിടെ പോയ സ്ഥലങ്ങൾ സ്കോട്ലൻഡും ഈജിപ്തുമാണ്.

ഹാരിപോട്ടർ ചിത്രീകരിച്ച വീടെല്ലാം മനോഹരമായിരുന്നു. ഈജിപ്തിൽ ചെന്നിറങ്ങിയ സമയം ശരിയായില്ല. കനത്ത ചൂടിൽ വലഞ്ഞുപോയി. സൈനസ് പ്രശ്നമെല്ലാം വന്ന് കാര്യങ്ങൾ ബുദ്ധിമുട്ടിലായി. ബിജിബാലിന്റെ ചില നല്ല പാട്ടുകൾ ആ യാത്രയിൽ നഷ്ടമായി. പാട്ടിനപ്പുറത്തെ വലിയൊരു വിനോദം വീടുകളുടെ പ്ലാൻ വരയ്ക്കലാണ്, ആർക്കും കൊടുക്കാൻവേണ്ടിയൊന്നുമല്ല, ഞാൻ കണ്ട, എനിക്ക് ഇഷ്ടപ്പെട്ട വീടുകൾക്കൊക്കെ ചെറിയ മാറ്റംവരുത്തി വരയ്ക്കുന്നതാണ് പതിവ്.

* * * *
ജീവിതത്തിൽ ആഹ്ലാദം സമ്മാനിക്കുന്ന കാര്യങ്ങൾ ഉണ്ടാകും എന്നാൽ, സന്തോഷങ്ങൾക്ക് ദീർഘായുസ്സുണ്ടാകാൻ വലിയ ഭാഗ്യം തുണവേണമെന്ന് ചിത്രപറയുന്നു. മകളുടെ വേർപാടിൽ ഇടറിവീണ ചിത്രയെ പാട്ടിന്റെ ലോകത്തേക്ക് വീണ്ടും തിരിച്ചുകൊണ്ടുവന്നത് ഒരുപാട് പേരുടെ പ്രാർഥനയാണ്.

''ജീവിതം ചിലപ്പൊഴൊക്കെ ചിരിച്ചുകൊണ്ട് കണ്ണുപൊത്തും, കണ്ണുതുറക്കുമ്പോൾ ഏറ്റവും പ്രിയപ്പെട്ടതുതന്നെ കവർന്നെടുത്തിട്ടുണ്ടാകും. ജീവിതത്തിലെ എല്ലാവിശ്വാസവും നശിപ്പിച്ചുകളഞ്ഞ ദുരന്തമായിരുന്നു അത്.

നല്ലപാട്ടുകൾക്കോ അവാർഡുകൾക്കോ വേണ്ടിയൊന്നും ഇതുവരെ ഒരുകോവിലിനുമുന്നിലും കൈനീട്ടിയിട്ടില്ല. നേർച്ചകളും വഴിപാടുകളുമെല്ലാം ഒരുകാര്യത്തിനുവേണ്ടിമാത്രമായിരുന്നു. കാത്തിരിന്നു ലഭിച്ചത് ഈശ്വരൻ തിരിച്ചെടുത്തപ്പോൾ അടിതെറ്റിപ്പോയി. മാസങ്ങളെടുത്തു പഴയജീവിതത്തിലേക്ക് തിരിച്ചുവരാൻ.

എന്റെ മകൾ ജീവിതത്തിലേക്ക് വന്നതിനുശേഷമാണ് ശാരീരികവെല്ലുവിളികൾ അനുഭവിക്കുന്നകുട്ടികളുടെ ലോകത്തെ കുറിച്ച് ഞാൻ മനസ്സിലാക്കുന്നത്, അവരുടെ ദുഃഖങ്ങളിലും പ്രയാസങ്ങളിലും ഇന്ന് ഞാൻ കൈതാങ്ങായി പ്രവർത്തിക്കാൻ കാരണം എന്റെ മകളാണ്. ഒരു അമ്മയെന്താണെന്ന് അവളിലുടെയാണ് മനസ്സിലാക്കിയത്. നന്ദനയുടെ വരവ് ജീവിതത്തിന് പുതിയ വെളിച്ചം നൽകി, വേർപാടിന്റെ വേദന മരണംവരെ എന്നോടൊപ്പമുണ്ടായിരിക്കും. എങ്കിലും അവളുടെ വരവൊരു നിയോഗമായിരുന്നെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം''