മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സിദ്ധാർഥ് ശിവയുടെ എന്നിവർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.  മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടത്. 

വിദ്യാർഥി രാഷ്‌ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലമുള്ള സിനിമയാണ് പുരസ്കാരം നേടിയ ‘എന്നിവർ’. പ്രണയം, സൗഹൃദം, വിശ്വാസം എന്നിവ തമ്മിലുള്ള സങ്കീർണതയും പരസ്പര ബന്ധവും അടങ്ങുന്ന ‘എന്നിവർ’ യുവമനസ്സുകളുടെ ഒരു വ്യക്തിപരമായ യാത്രയാണെന്ന് സംവിധായകൻ പറഞ്ഞു.

മുൻപ് രണ്ടുതവണ ദേശീയ പുരസ്കാരം കരസ്ഥമാക്കിയ സംവിധായകനാണ് സിദ്ധാർഥ്. ഇതുവരെ എട്ടു ചിത്രങ്ങളാണ് എടുത്തിട്ടുള്ളത്. അച്ഛൻ കവിയൂർ ശിവപ്രസാദിന്റെ പാത പിൻതുടർന്ന് സംവിധാനരംഗത്തേക്ക് എത്തിയ സിദ്ധാർഥയുടെ ഒട്ടുമിക്ക ചിത്രങ്ങളും അംഗീകാരം നേടിയിട്ടുണ്ട്. 101 ചോദ്യങ്ങൾക്ക് 2012-ലാണ് ആദ്യമായി അവാർഡ് ലഭിക്കുന്നത്.

നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം അന്ന് കരസ്ഥമായി. അക്കൊല്ലം ദേശീയ അവാർഡിന് അച്ഛന്റെയും മകന്റെയും ചിത്രങ്ങൾ ഒരുപോലെ മത്സരത്തിന് വന്നിരുന്നു. ഭാര്യ ആൻ മേരി ഏബ്രഹാമും മകൾ സൈരന്ധ്രിക്കുമൊപ്പം വാഗമണിൽ പോയിരിക്കുന്ന സിദ്ധാർഥ യാത്രാമധ്യേയാണ് അവാർഡ് കാര്യം അറിഞ്ഞതെന്ന് കവിയൂർ ശിവപ്രസാദ് പറഞ്ഞു.

content Highlights : Sidharth Shiva Ennivar Movie First Look Poster Kerala State Film Awards