മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കിയ നടൻ സുധീഷിന് അഭിനന്ദനങ്ങളുമായി കുഞ്ചാക്കോ ബോബൻ. നായകനായുള്ള തന്റെ ആദ്യ സിനിമ മുതൽ നിർമാതാവ് എന്ന നിലയിലുള്ള തന്റെ ആദ്യ സിനിമ വരെ ഒരു സഹനടൻ, അഭ്യുദയകാംക്ഷി, സുഹൃത്ത് എന്നീ നിലകളിൽ സുധീഷ് എപ്പോഴും തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് കുഞ്ചാക്കോ ബോബൻ കുറിക്കുന്നു. 

"സുധീഷ്.. ദി ആക്ടർ! നായകനായുള്ള എന്റെ ആദ്യ സിനിമ മുതൽ നിർമാതാവ് എന്ന നിലയിലുള്ള എന്റെ ആദ്യ സിനിമ വരെ.. അനിയത്തിപ്രാവ് മുതൽ അഞ്ചാംപാതിര വരെയുള്ള എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ.. ഒരു സഹനടൻ, അഭ്യുദയകാംക്ഷി, സുഹൃത്ത് എന്നീ നിലകളിൽ അദ്ദേഹം എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു. മലയാള സിനിമയിലെ നീണ്ട 34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് ആദ്യ സംസ്ഥാന പുരസ്കാരം ലഭിക്കുമ്പോൾ, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ അറിയുകയും കാണുകയും ചെയ്ത പലരെയും പോലെ, ഇത് പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയി എന്ന് എനിക്കറിയാം.

Read More : 34 വർഷത്തെ സിനിമാ ജീവിതം, ആദ്യ സംസ്ഥാന പുരസ്കാരം; സുധീഷ് പറയുന്നു

ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയിലെ 'അടുത്ത വീട്ടിലെ പയ്യൻ' ആയിരുന്നതിൽ നിന്നും, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മേഖലകളിൽ മേയുന്ന നടനെയാണ് നമ്മൾ ഇപ്പോൾ കാണുന്നത്. വലിയ നേട്ടങ്ങളിലേക്കുള്ള ചെറിയ തുടക്കം മാത്രമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു പ്രിയ സുഹൃത്തേ. നിങ്ങൾക്ക് ഇത് സാധ്യമാക്കിയ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ഇനിയും ഒരുമിച്ചു ഉണ്ടാകാനിരിക്കുന്ന മഹത്തായ, അവിസ്മരണീയമായ സിനിമകൾക്ക് ചിയേർസ്." കുഞ്ചാക്കോ ബോബൻ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

‘എന്നിവർ’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു സുധീഷിനെത്തേടി പുരസ്കാരം എത്തിയത്.  നീണ്ട 34 വർഷത്തെ സിനിമാ യാത്രയ്ക്കൊടുവിലാണ് സുധീഷിനെത്തേടി ആദ്യ സംസ്ഥാന പുരസ്കാരമെത്തുന്നത്. വൈകിയെത്തിയ പുരസ്കാരമാണെങ്കിലും വലിയ ഉത്തരവാദിത്തമായാണ് ഇതിനെ കാണുന്നതെന്ന് സുധീഷ് വ്യക്തമാക്കിയിരുന്നു.

Content Highlights : Kunchacko Boban Congrats Sudheesh on Winning State Awards