ഐഫോൺ 10എക്സ് ഉപയോഗിച്ച് ഹിമാലയൻ ചാരുത ഒപ്പിയെടുത്ത ചന്ദ്രു സെൽവരാജിന് മികച്ച ഛായാഗ്രഹണത്തിലുള്ള കേരള സംസ്ഥാന ചലച്ചിത്ര  പുരസ്കാരം.

മഞ്ജു വാര്യരെ നായികയാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത കയറ്റം എന്ന ചിത്രത്തിലൂടെയാണ് ചന്ദ്രു ഈ നേട്ടം സ്വന്തമാക്കിയത്. ഇതേ സിനിമയിലെ നിറവിന്യാസങ്ങളെ കഥാതന്തുവിൽ സമർത്ഥമായി ലയിപ്പിച്ച കളർ ഗ്രേഡിങ് മികവിന് ലിജു പ്രഭാകറിനും പുരസ്കാരം ലഭിച്ചു.

അപകടകരമായ ഹിമാലയൻ പർവതപാതകളിലായിരുന്നു കയറ്റത്തിന്റെ ചിത്രീകരണം. ഒരു മൊബൈൽ ഫോണിലാണ് ചിത്രീകരണം എന്നതുൾപ്പെടെ നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് കയറ്റം. മഞ്ജുവാര്യർക്കൊപ്പം വേദ്, ഗൗരവ് രവീന്ദ്രൻ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോണിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു. 

നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ലൊക്കേഷൻ സൗണ്ട് നിവേദ് മോഹൻദാസ്, കലാസംവിധാനം ദിലീപ്ദാസ് തുടങ്ങിയവർ പ്രവർത്തിച്ച ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രനും ബിനു ജി നായരും ആണ്.‌


content highlights : Kerala state film awards Chandru selvaraj best cinematographer kayattam movie manju warrier sanal kumar