നാവായിക്കുളം : അഭിനയത്തിൽ പത്തരമാറ്റാണ് നിരഞ്ജൻ. അതുകൊണ്ടാണ് സംസ്ഥാന ചലച്ചിത്രപുരസ്‌കാര നിർണയസമിതി രണ്ടാമതൊരാലോചനയില്ലാതെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരത്തിന് നിരഞ്ജനെ തിരഞ്ഞെടുത്തത്. ശ്യാമപ്രസാദ് സംവിധാനംചെയ്ത ‘കാസിമിന്റെ കടൽ’ എന്ന ചിത്രത്തിലെ ബിലാലായി പകർന്നാടിയതിനാണ് അംഗീകാരം കിട്ടിയത്. നിരഞ്ജന്റെ രണ്ടാമത്തെ സിനിമയാണിത്. പക്ഷേ, ലഭിച്ച പുരസ്കാരം സൂക്ഷിക്കാനുള്ള ഇടംപോലും ഈ പ്രതിഭയ്ക്കില്ല.

നാവായിക്കുളം വെട്ടിയറ ആർ.എസ്. ലാൻഡിൽ കെട്ടിടനിർമ്മാണത്തൊഴിലാളിയായ സുമേഷിന്റെയും കശുവണ്ടിത്തൊഴിലാളിയായ സുജയുടെയും രണ്ടു മക്കളിൽ ഇളയവനാണ് നിരഞ്ജൻ. നാവായിക്കുളം ഗവ. എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥി.

ഈ കുടുംബത്തിനു സ്വന്തമായി ഒരു സെന്റ് ഭൂമിയില്ല. സുജയുടെ അമ്മയുടെ പേരിലുള്ള പത്ത്‌ സെന്റിൽ ഒരു ചെറിയ ഷെഡ്ഡുണ്ടാക്കിയാണ് ഇവർ കഴിയുന്നത്. വീടിനു ഭിത്തികളില്ല. മൂന്നടി ഉയരത്തിൽ സിമന്റ് കട്ട കെട്ടിയിട്ടുണ്ട്. ഭിത്തിയുടെ ബാക്കിഭാഗത്ത് തകരഷീറ്റുകളും ഗ്രില്ലുകളുമൊക്കെയാണ്. തടികൊണ്ടുള്ള മേൽക്കൂരയിൽ ഷീറ്റിട്ടിട്ടുണ്ട്.

ഏഴു മാസം മുൻപ്‌ സുമേഷിന്റെ കൈയിൽ കോൺക്രീറ്റ് കട്ടർ വീണ് രണ്ടു വിരൽ നഷ്ടമായി. തുടർന്ന് പണിക്കു പോകാൻ കഴിയാത്ത സ്ഥിതിയിലായി.

വളരെ യാദൃച്ഛികമായാണ് നിരഞ്ജൻ അഭിനയരംഗത്തേക്കെത്തിയത്. കടമ്പാട്ടുകോണം എസ്.കെ.വി. ഹൈസ്കൂളിൽ പഠിക്കുമ്പോൾ ‘സാപ്പിയൻസ്’ എന്ന കലാ-സാംസ്കാരിക സംഘടന ഈ സ്കൂളിൽ ഒരു നാടക ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.

ഈ ക്യാമ്പിൽവച്ച് നാടകസംവിധായകനായ റജു ശിവദാസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിരഞ്ജനിലെ അഭിനയപ്രതിഭയെ പുറംലോകമറിയുന്നത്.

ഈ സംഘടനയുടെ നാടകത്തിലെ പ്രധാന വേഷത്തിലൂടെ ഒരുപാടു വേദികളിൽ നിരഞ്ജൻ പ്രശംസകൾ പിടിച്ചുപറ്റി. ‘രമേശൻ ഒരു പേരല്ല’ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്കെത്തിയത്.

‘കാസിമിന്റെ കടൽ’ എന്ന ചിത്രത്തിനായി വർക്കലയിൽ നടന്ന ഓഡിഷനിൽ നിരഞ്ജൻ പങ്കെടുത്തിരുന്നു. ഇതിൽനിന്നാണ് നിരഞ്ജനെ സിനിമയിലേക്കു തിരഞ്ഞെടുത്തത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഇത്. സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ സുഹൃത്തായ അനാഥബാലന്റെ വേഷമായിരുന്നു നിരഞ്ജന്. മൂന്ന് ഷെഡ്യൂളുകളിലായിട്ടായിരുന്നു ചിത്രീകരണം പൂർത്തിയായത്.

content highlights : Kerala State Film Awards Best Child Actor Male Niranjan kasiminte kadal movie