ആലപ്പുഴ: കനത്ത മഴയത്തെ ഉച്ചമയക്കത്തിനിടെ അമ്മ വിളിച്ചുണർത്തി ചോദിച്ചു- ‘മോളേ അവാർഡ് നിനക്കാണോ?’ മികച്ച സ്വഭാവനടിക്കുള്ള പുരസ്കാരം ശ്രീരേഖയ്ക്കെന്നു ടി.വി. ചാനലുകളിൽ കാണിക്കുന്നുണ്ട്.

ശ്രീരേഖ ചാനലുകൾ നോക്കിയെങ്കിലും വിശ്വസിക്കാനായില്ല. അധികൃതരാരും വിളിച്ചുപറയാത്തതുകൊണ്ട് ആകെയൊരു സംശയം.

വീണ്ടും കിടന്നെങ്കിലും ഉറങ്ങാനായില്ല. എഴുന്നേറ്റ്‌ വീണ്ടും ചാനലിൽ നോക്കി. ഫോണിൽ പരതി. മിസ്ഡ് കോൾ ഒന്നുംകാണുന്നില്ല. വൈകാതെ സംവിധായകൻ ശരത്തും ഭാര്യയും വിളിച്ചു.

അതോടെ തൃശ്ശൂർ കൊരട്ടി കോനൂർ നാലുകെട്ട് ഭാഗ്യശ്രീയിൽ സന്തോഷം അണപൊട്ടി.

ശ്രീരേഖയുടെ ആദ്യചിത്രമാണ്‌ ‘വെയിൽ’. ഇതിലെ രാധയെന്ന കഥാപാത്രമാണ് അവാർഡിലെത്തിച്ചത്. ശ്രീരേഖ വനിത- ശിശുക്ഷേമവകുപ്പിൽ കൊച്ചിയിൽ സൈക്കോളജിസ്റ്റാണ്. ടിക് ടോക്കിലൂടെയൊക്കെ ശ്രീരേഖയുടെ അഭിനയംകണ്ട് സംവിധായകൻ ശരത് നിർബന്ധിച്ചപ്പോഴാണു സിനിമയിലേക്ക് എത്തിയത്.

ആലപ്പുഴ, തണ്ണീർമുക്കം അശ്വതിയാണ്‌ ശ്രീരേഖയുടെ ജന്മവീട്. കെ.എസ്.ഇ.ബി. സബ് എൻജിനിയറായിരുന്ന അച്ഛൻ രാജഗോപാലിന്റെ ആഗ്രഹം മകളെ പാട്ടുകാരിയാക്കണമെന്നായിരുന്നു. ആലപ്പുഴ സെയ്ന്റ് ജോസഫ്സ്, ചേർത്തല സെയ്ന്റ് മൈക്കിൾസ്, ആലപ്പുഴ എസ്.ഡി. കോളേജ് എന്നിവിടങ്ങളിലെ പഠനകാലത്തു പാട്ടിനും കവിതാപാരായണത്തിനും സമ്മാനംനേടി.

അമ്മ ഗിരിജാകുമാരി കൊച്ചിൻ പോർട്ട്ട്രസ്റ്റിലെ ജീവനക്കാരിയാണ്. കൊരട്ടിയിൽ സ്റ്റുഡിയോ നടത്തുന്ന സന്ദീപ് ശ്രീധരനാണു ഭർത്താവ്.

content highlights : Kerala state film Awards best actress in supporting role SreeRekha Veyil Movie Shane Nigam