‘കുമ്പളങ്ങി നൈറ്റ്‌സി’ലൂടെ വരവറിയിച്ച വർഷം ഹെലനായി പകർന്നാടിയതിന്‌ ജൂറിയുടെ പ്രത്യേക പരാമർശം. കഴിഞ്ഞ വർഷം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ മികച്ച നടിക്കുള്ള പുരസ്കാരം ഇത്തവണ ഒറിജിനലായപ്പോൾ നിറഞ്ഞ സന്തോഷത്തിലാണ് അന്ന ബെൻ. ആലുവ ചൂണ്ടിയിൽ പുതിയ സിനിമയുടെ ലൊക്കേഷനിൽ സഹപ്രവർത്തകർക്കും കുടുംബത്തിനുമൊപ്പം അവാർഡ്മധുരം പങ്കിടുമ്പോൾ അന്ന പറഞ്ഞതും അതുതന്നെയായിരുന്നു.

ശോഭന, പാർവതി തിരുവോത്ത്, നിമിഷ സജയൻ എന്നിവരെയൊക്കെ പിന്തള്ളിയാണ് അന്ന ഇത്തവണ മികച്ച നടിക്കുള്ള പുരസ്കാരത്തിൽ മുത്തമിടുന്നത്.

അവാർഡ് വലിയ പ്രോത്സാഹനവും സന്തോഷവുമാണെന്ന്‌ അന്ന പറഞ്ഞു. “കപ്പേള എന്ന സിനിമയിലെ ജെസ്സി എന്ന കഥാപാത്രം ചെയ്യുമ്പോൾ ഏറ്റവും നന്നാക്കണമെന്നായിരുന്നു ആഗ്രഹിച്ചത്. ആഖ്യാനശൈലിയിലും കഥാപാത്രങ്ങളെ വെളിവാക്കുന്ന രീതിയിലും വലിയ പുതുമകളുള്ള ചിത്രത്തിലെ അഭിനയം ഒട്ടും എളുപ്പമായിരുന്നില്ല. സംവിധായകനും സഹതാരങ്ങളും അണിയറ പ്രവർത്തകരുമൊക്കെ കൂടെയുള്ളതാണ് എന്റെ കഥാപാത്രം മികച്ചതാക്കാൻ സഹായിച്ചത്. തിരക്കഥാകൃത്തായ പപ്പ ബെന്നി പി. നായരമ്പലവും മമ്മയും അനിയത്തിയുമൊക്കെ കട്ട സപ്പോർട്ടാണ് തന്നത്. എല്ലാവരുടെയും അനുഗ്രഹമാണ് ഈ ചിത്രവും അതിലെ കഥാപാത്രവും മികച്ചതാക്കിയത്” -അന്ന പറഞ്ഞു.

അവാർഡ് പ്രഖ്യാപിക്കുമ്പോൾ ആലുവ ചൂണ്ടിയിൽ വൈശാഖിന്റെ ‘നൈറ്റ് ഡ്രൈവ്’ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു അന്ന.

സഹതാരങ്ങളും നടൻമാരുമായ ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, റോഷൻ മാത്യു, സന്തോഷ് കീഴാറ്റൂർ എന്നിവർക്കൊപ്പം കേക്കുമുറിച്ചായിരുന്നു സെറ്റിലെ ആഘോഷം.

ബെന്നി പി. നായരമ്പലവും കുടുംബവുംകൂടി ആഘോഷത്തിനെത്തിയതോടെ അന്ന ഡബിൾ ഹാപ്പി.

content highlights : Kerala State Film Awards best Actress Anna Ben Kappela Helen Movies