അഗളി: കേരളസംസ്ഥാന ചലച്ചിത്രപുരസ്കാര പ്രഖ്യാപനവേളയിൽ നഞ്ചിയമ്മ കൂടൻചാള ഊരിലെ മകൻ ശ്യാമിന്റെ വീട്ടിലായിരുന്നു. ജൂറിയുടെ പ്രത്യേക അവാർഡ് നേടിയെന്നറിഞ്ഞതോടെ കണ്ണുകൾ നിറഞ്ഞു. “ഈ അംഗീകാരം സച്ചിക്കായി സമർപ്പിക്കുന്നു. സംവിധായകൻ സച്ചിയില്ലെങ്കിൽ സിനിമാ പിന്നണിഗാനരംഗത്ത് എത്തില്ലായിരുന്നു.”

സച്ചി സംവിധാനംചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലാണ് നഞ്ചിയമ്മ പിന്നണിഗായികയായത്. ‘കലക്കാത്ത സന്ദനമേര’ എന്ന ഗാനം ആലപിച്ചു. സച്ചിയുടെ പ്രിയഗാനമായ ‘എത്തനികാല വാഴ്ന്താളോ ദൈവമകളെ’ എന്ന ഗാനംരചിച്ച് ആലപിച്ചു. ഈ രണ്ട്‌ ഗാനവും ഏറെ ജനശ്രദ്ധ നേടിയതാണ്. ചിത്രത്തിൽ ബിജുമേനോൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മായിയമ്മയായി അഭിനയിക്കയും ചെയ്തിരുന്നു.

2006-ൽ പഴനിസ്വാമി ടീംലീഡറായിട്ടുള്ള ആസാദ് കലാസംഘത്തിൽനിന്നായിരുന്നു നഞ്ചിയമ്മയുടെ കലാജീവിതത്തിന്റെ തുടക്കം. ‘അയ്യപ്പനും കോശിയും’ തിരക്കഥ പൂർത്തിയാക്കാൻ സംവിധായകൻ സച്ചി അട്ടപ്പാടിയിൽ താമസിക്കുമ്പോഴാണ് സിനിമയ്ക്കായി ഒരു ഗോത്രഗായികയെ തിരഞ്ഞത്. പഴനിസ്വാമിയാണ് നഞ്ചിയമ്മയെ സച്ചിക്ക് പരിചയപ്പെടുത്തിയതും. കഴിഞ്ഞവർഷം ജൂണിൽ സച്ചി അന്തരിച്ചു.പ്രിയനന്ദനന്റെ സംവിധാനത്തിലൊരുങ്ങുന്ന, ഗോത്രവിഭാഗക്കാർമാത്രം അഭിനയിക്കുന്ന ‘ധബാരി ക്യൂരുവി’യിലാണ് നഞ്ചിയമ്മ ഇപ്പോൾ അഭിനയിക്കുന്നത്.

content highlights : kerala state film awards 2020 Nanjiyamma Sachy Ayyappanum Koshiyum Movie Song