മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തില്‍ പ്രതികരണവുമായി നടന്‍ ജയസൂര്യ. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയെ ഇത്തവണ പുരസ്‌കാരം തേടിയെത്തിയത്. മദ്യപാനാസക്തിയില്‍നിന്ന് വിമുക്തനാകാന്‍ കഴിയാത്ത ഒരു യുവാവിന്റെ ജീവിതത്തിലെ ഉയര്‍ച്ച-താഴ്ചകളെ നിയന്ത്രിതമായ ഭാവാവിഷ്‌കാരങ്ങളിലൂടെ അനായാസമായി അവതരിപ്പിച്ച അഭിനയ മികവിനാണ് ജയസൂര്യയ്ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് ജൂറി പറഞ്ഞു.

'ഈ പുരസ്‌കാരനേട്ടം എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് ജയസൂര്യ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

''ഒരു സിനിമയുടെ ആകെ തുക മികച്ചതായെങ്കില്‍ മാത്രമേ അഭിനേതാവ് ശ്രദ്ധിക്കപ്പെടുകയുള്ളൂ. ഈ അംഗീകാരം എനിക്ക് മാത്രമായി ലഭിച്ചതാണെന്ന് വിശ്വസിക്കുന്നില്ല. സംവിധായകന്‍ പ്രജേഷ് സെന്‍, നിര്‍മാതാക്കള്‍, ഛായാഗ്രാഹകന്‍, ചിത്രസംയോജകന്‍, സംഗീത സംവിധായകന്‍, മറ്റു അഭിനേതാക്കള്‍ അങ്ങനെ സിനിമയില്‍ വലുതും ചെറുതുമായ ജോലികള്‍ ചെയ്ത എല്ലാവര്‍ക്കും ലഭിച്ച അംഗീകാരമാണിത്. ഇതൊരു ബയോഗ്രഫിക്കല്‍ സിനിമയാണ്. മുരളി എന്ന യഥാര്‍ഥ വ്യക്തിയുടെ അതിജീവനത്തിന്റെ കഥയാണ്. അദ്ദേഹം സമ്മതിച്ചത് കൊണ്ടുമാത്രമാണ് വെള്ളം നല്ലൊരു സിനിമയായി മാറിയത്. 

"ഇത്തവണ വലിയ മത്സരമുണ്ടായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, ബിജു മേനോന്‍ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം എന്നെയും പരിഗണിച്ചതില്‍ അതിയായ സന്തോഷം തോന്നുന്നു.''- ജയസൂര്യ പറഞ്ഞു.

രണ്ടാം തവണയാണ് ജയസൂര്യയെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തേടിയെത്തിയത്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടി, പ്രജേഷ് സെന്നിന്റെ ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് 2018-ല്‍ ജയസൂര്യയായിരുന്നു മികച്ച നടന്‍.

Content Highlights: Jayasurya about winning Best actor Award, Kerala State Film Awards, vellam Movie, actor wins second time