?എങ്ങനെയാണ്  'മാന്‍ഹോളി'ലെത്തിപ്പെട്ടത്? 

2014-ല്‍ വൃത്തിയുടെ ജാതി എന്ന ഡോക്യുമെന്ററി ചെയ്തിരുന്നു. മാന്‍ഹോളുകള്‍ വൃത്തിയാക്കുന്ന ഒരു പ്രത്യേക ജാതിയില്‍പ്പെട്ടവര്‍. സമൂഹത്തില്‍ അവര്‍ വേണ്ടാത്തവരായി മാറുമ്പോള്‍ അവരനുഭവിക്കുന്ന മാനസികവും ശാരീരികവുമായ വേദന അറിഞ്ഞപ്പോള്‍ അത് പൊതുശ്രദ്ധയില്‍പ്പെടുത്തണമെന്ന് തോന്നി. ഡോക്യുമെന്ററിക്ക് നല്ല പ്രതികരണം ലഭിച്ചു. എന്നാലെന്തുകൊണ്ട് ഇതിനെ കുറച്ചുകൂടെ വലിയൊരു മാധ്യമത്തിലേക്കെത്തിച്ചുകൂടാ എന്ന ചിന്ത സിനിമയിലേക്കുള്ള വഴിയായി.

ഡോക്യുഫിക്ഷന്‍ പോലെയാണ് അവതരണരീതിയെന്ന വിമര്‍ശനമുണ്ട്

പലരും എന്നോട് പറഞ്ഞ ഒരു കാര്യമാണത്. നമ്മള്‍ ഒരു സിനിമയെ അപ്രോച്ച് ചെയ്യുന്നതിന്റെ പ്രശ്‌നമാണത്. പാട്ടോ ചടുലമായ മൂവ്മെന്റ്സോ ഇല്ലാത്ത സിനിമകളെല്ലാം നമുക്ക് ഡോക്യുഫിക്ഷനുകളാണ്. ഇത്തരത്തില്‍ അവതരിപ്പിക്കപ്പെടുന്ന എത്രയോ ഇന്റര്‍നാഷണല്‍ സിനിമകളുണ്ട്.

MANHOLE

നമ്മള്‍ കണ്ടുശീലിച്ച സങ്കല്പങ്ങള്‍ക്ക് മാറ്റം വരുമ്പോള്‍ അത് മുഷിച്ചിലുണ്ടാക്കുന്നത് സ്വാഭാവികം മാത്രം. പിന്നെ മാന്‍ഹോളില്‍ പറഞ്ഞിരിക്കുന്നത് വളരെ ഗൗരവമുള്ള ഒരു വാസ്തവമാണ്. അതിന് ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാന്‍ കഴിഞ്ഞെന്നു വരില്ല. 

മറക്കാനാവാത്ത എന്തെങ്കിലും പ്രതികരണമുണ്ടായോ? 

മാന്‍ഹോളിന്റെ ആദ്യപ്രദര്‍ശനം കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു പെണ്‍കുട്ടി എന്റെ അടുത്തു വന്നു പറഞ്ഞു, 'മാന്‍ഹോളില്‍ ശാലിനി അനുഭവിച്ച പോലൊരു ജീവിതം എനിക്കുമുണ്ടായിരുന്നു. ഞാനൊരു മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമാണ്. എത്രയോ കാലം ഞാന്‍ എന്റെ ഐഡന്റിറ്റി പുറത്തുപറഞ്ഞിരുന്നില്ല. ഈ സിനിമ എന്റെ കണ്ണു നനയിച്ചു.' ഇത്തരത്തില്‍ മാന്‍ഹോള്‍ ഓരോരുത്തര്‍ക്കും ഓരോ രീതിയില്‍ മനസ്സില്‍ സ്പര്‍ശിക്കുന്നുണ്ട്. 

ആദ്യസിനിമയ്ക്കു തന്നെ പുരസ്‌കാരം ലഭിച്ചപ്പോള്‍ എന്തു തോന്നി? 

സന്തോഷം. ഈ സിനിമചെയ്യാന്‍ സാമ്പത്തികമായും അല്ലാതെയും ഏറെ ബുദ്ധിമുട്ടിയിരുന്നു. ഒരു സ്ത്രീ ആയതുകൊണ്ടും ഏറെ മുന്‍പരിചയമില്ലാത്തതുകൊണ്ടും പണം മുടക്കാന്‍ അധികമാരും തയ്യാറായിരുന്നില്ല. എന്റെ നല്ല സുഹൃത്തുക്കളെക്കുറിച്ചും ഇതിന്റെ തിരക്കഥ എഴുതിയ ഉമേഷ് ഓമനക്കുട്ടനെക്കുറിച്ചും പറയാതിരിക്കാനാവില്ല. ഇതില്‍ അയ്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്  ഈ വിഭാഗത്തില്‍പ്പെട്ട രവികുമാര്‍ എന്നയാളാണ്. പ്രധാനകഥാപാത്രമായ ശാലിനി യെ അവതരിപ്പിച്ചത് സീരിയല്‍ നടി റെന്‍സിയാണ്. 

സിനിമ കണ്ടപ്പോള്‍ എന്തെങ്കിലും പോരായ്മകള്‍ തോന്നിയിരുന്നോ? 

വളരെ കുറഞ്ഞ ചെലവില്‍ എടുത്ത ഒരു സിനിമയാണിത്. ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍ അത്രകണ്ടില്ല എന്നു തോന്നി. അത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള സാമ്പത്തികം ഉണ്ടായിരുന്നില്ല. അപ്പോള്‍ അതിന്റേതായ പോരായ്മകളും ഉണ്ടാവുമല്ലോ.