ക്കൂസ്‌കുഴി തോണ്ടുന്ന തൊട്ടുകൂടാത്തവരുടെ ആത്മകഥയായി വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍. അധികൃതര്‍ സെന്‍സസില്‍ നിന്ന് പുറത്താക്കിയവരെ അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കുന്നതാണ് സിനിമ. റിയലിസ്റ്റിക്കായ അനുഭവമാണ് ചിത്രത്തിന്റെ തിരഞ്ഞെടുപ്പിന് കാരണമായതെന്ന ജൂറിയുടെ അഭിപ്രായം ശരിയാണെന്നു സിനിമ പറയുന്നു.

കൊല്ലം കപ്പലണ്ടിമുക്കിലെ തോട്ടിക്കോളനി ആദ്യമായല്ല വിധുവിന്റെ വിഷയമാകുന്നത്. നേരത്തെ ചെയ്ത ഇതേ വിഷയത്തിലെ ഡോക്യുമെന്ററിയുടെ സിനിമാരൂപമാണ് മാന്‍ഹോള്‍. മാന്‍ഹോള്‍ എന്ന തലക്കെട്ട് മായുംമുമ്പു തന്നെ കഥയിലെ ജീവിതവും തുടങ്ങുന്നു. അതിമനോഹരമാണ് ആദ്യ ഷോട്ടുതന്നെ. കുഴിയില്‍ നിന്നുള്ള ആവര്‍ത്തിക്കുന്ന ഈ കാഴ്ച സിനിമയുടെ തന്നെ ഐഡന്റിറ്റിയാവുന്നു.

വിസര്‍ജനത്തിന്റെ വിവിധ രൂപങ്ങള്‍ കാട്ടിക്കൊണ്ടു തന്നെ അത് നീക്കുന്നവന്റെ ജീവിതവും സിനിമ പറയുന്നു. തോട്ടിക്കോളനിയിലെ ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. അവളുടെ വളര്‍ച്ചയ്ക്കൊപ്പം ഒപ്പമുള്ളവരുടെ ജീവിതവും മാറുന്നു. അതിജീവനവും പോരാട്ടവുമാണ് പിന്നീട് ബാക്കിയാവുന്നത്


മെച്ചപ്പെട്ട സാങ്കേതികത അവകാശപ്പെടാവുന്ന സിനിമയ്ക്ക് കോളനിവത്കരിക്കപ്പെട്ട വിഭാഗത്തിന്റെ അനുഭവം അതേപടി ആവിഷ്‌കരിക്കാനായി. പേരേടു പുസ്തകത്തില്‍ പേരില്ലാത്തവര്‍ വ്യവസ്ഥിതിയോട് പ്രതികരിക്കുന്നത് തീവ്രമായ രംഗങ്ങളിലൊന്നാക്കാന്‍ വിധുവിന് കഴിഞ്ഞു. അഭിനയവും പശ്ചാത്തല സംഗീതവും എഡിറ്റിങ്ങും പ്രശംസിക്കത്തക്ക വിധമുള്ളതാണ്.

മികച്ചതാകാന്‍ മത്സരിക്കുന്ന ആദ്യ മലയാളി സംവിധായികയുടെ ചിത്രത്തിന് മറ്റൊന്നാകാന്‍ തരമില്ലെന്നു തെളിയിക്കുന്നതാണ് വിധുവിന്റെ മാന്‍ഹോള്‍.