മ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രം കണ്ടിറങ്ങിയ ആരും ബാലന്‍ചേട്ടന്‍ എന്ന സിനിമയിലെ കഥാപാത്രത്തെ മറക്കാന്‍ ഇടയില്ല. സിനിമയുടെ ആദ്യപകുതിയില്‍ നട്ടെല്ലായിനിന്ന് മുന്നോട്ടു കൊണ്ടുപോയത് ബാലന്‍ചേട്ടന്റെ ചങ്കൂറ്റവും കൈബലവുമായിരുന്നു. ബാലന്‍ചേട്ടനെ തിരയില്‍ അവതരിപ്പിച്ചത് മണികണ്ഠന്‍ എന്ന തൃപ്പുണിത്തുറക്കാരനാണ്. കോടാംപക്കത്ത് പോയി പൈപ്പുവെള്ളം കുടിച്ച് സിനിമയില്‍ ചാന്‍സ് തേടി അലഞ്ഞ നിരവധി കലാകാരന്മാരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. അത്തരക്കാരുടെ ന്യൂജെന്‍ പ്രതിനിധിയാണ് മണി. സുഖശീതളിമയില്‍ ജനിച്ചുവളര്‍ന്ന് വെള്ളിവെളിച്ചത്തിലേക്ക് എത്തിയ താരത്തിന്റെ കഥയല്ല മണിക്ക് പറയാനുള്ളത്, ജീവിത പ്രാരാബ്ദ്ധങ്ങളുടേയും പട്ടിണിയുടെയും കഥയാണ്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ മണികണ്ഠനുമായി മാതൃഭൂമി ഡോട്ട് കോം നടത്തിയ അഭിമുഖം

ആരാണ് മണികണ്ഠന്‍ ?  

എറണാകുളത്തെ തൃപ്പുണിത്തുറയില്‍ ജനിച്ചു വളര്‍ന്ന സാധാരണക്കാരനായ ഒരു മനുഷ്യനാണ് ഞാന്‍. ചെറുപ്പം മുതലെ എല്ലാ കലകളോടും വലിയ താല്‍പര്യമുണ്ടായിരുന്നു. വഴിയില്‍ നടന്നു പോകുമ്പോള്‍ അവിടെ എന്തെങ്കിലും പാട്ടോ നാടകമോ ഒക്കെ കണ്ടാല്‍, അവിടെ അങ്ങ് നില്‍ക്കും. അങ്ങനെ പലരൂപത്തിലും കല എന്നെ ആകര്‍ഷിച്ചുകൊണ്ടിരുന്നു. സ്‌കൂള്‍ ജീവിതത്തിലേ തുടങ്ങിയതാണ് നാടകത്തോടുള്ള കമ്പം. നാടകത്തെ ഗൗരവമായി കണ്ട് തുടങ്ങിയിട്ട് എതാണ്ട് പത്തു വര്‍ഷമെ ആകുന്നുള്ളു. ഒരു കലാകാരന് വളരാന്‍ വേണ്ട വെള്ളവും വളവും ധാരാളം ലഭിക്കുന്ന നാടാണ് ഞങ്ങളുടേത്. ഇവിടെ താമസിക്കുന്ന എല്ലാവര്‍ക്കും കലയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരായിരിക്കും. അങ്ങനെ ചെറുപ്പം മുതല്‍ നാടകവുമായി ബന്ധപ്പെട്ട് നിന്നത് കൊണ്ട് അഭിനയത്തോടും കലയോടും വലിയ ബഹുമാനമുണ്ട്. 

എങ്ങനെ കമ്മട്ടിപ്പാടത്ത് എത്തി ?

manikandan

നാടക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട വിജയകുമാര്‍, സുജിത് ശങ്കര്‍ എന്നിവരാണ് രാജീവ് രവിയെ പരിചയപ്പെടുത്തി തന്നത്. സിനിമ തുടങ്ങുന്നതിന് ഏതാണ്ട് നാല് മാസം മുന്‍പ് തന്നെ ഞാന്‍ രാജീവ് രവിയുമായി കൂടിക്കാഴ്ച്ചകള്‍ നടത്തിയിരുന്നു. നാല് തവണയോളം അദ്ദേഹത്തെ കണ്ടു. അതിന് ശേഷമാണ് സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കുമെന്ന് ഉറപ്പായത്. നീണ്ട് കൂര്‍ത്ത മുഖം, വിനായകന്റെ മുഖത്തോട് സാമ്യമുള്ള മുഖം, ഇതായിരുന്നു രാജീവ് രവി അന്വേഷിച്ചിരുന്നത്. എന്നില്‍, അത് കണ്ടെത്തിയത് കൊണ്ടാകണം അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും സിനിമയിലേക്ക് കാസ്റ്റ് ചെയ്യുകയും ചെയ്തത്. എന്റെ സ്വാഭാവികമായ ആറ്റിറ്റിയൂഡ് ബാലന്‍ എന്ന കഥാപാത്രത്തിന് ചേര്‍ന്നതല്ലെന്ന് ആദ്യഘട്ടത്തില്‍ രാജീവേട്ടന് തോന്നിയതായി എനിക്ക് തോന്നിയിരുന്നു. എന്നെക്കൊണ്ട് രണ്ട് പ്രായത്തിലുള്ള കഥാപാത്രത്തെ അഭിനയിപ്പിച്ച് അത് ഷൂട്ട് ചെയ്തു. അത് കണ്ടിട്ടാണ് രാജീവ് രവി എന്നെ കാസ്റ്റ് ചെയ്തത്. 
 

രാജീവ് രവി എന്ന സംവിധായകനെക്കുറിച്ച് ?

രാജീവേട്ടന്‍ പ്രേമം സിനിമയില്‍ പറയുന്ന ജാവ പോലെയാണ്. സിംപിളാണ് പക്ഷെ പവര്‍ഫുളുമാണ്. രാജീവേട്ടന്‍ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു തരുമ്പോള്‍ അത് പെട്ടെന്ന് മനസ്സിലാകുമായിരുന്നു. അത്രയ്ക്ക് സിംപിളായിട്ടാണ് വിശദീകരണങ്ങള്‍. ബാലന്‍ ഒരു റബര്‍ പന്താണെന്നാണ് രാജീവേട്ടന്‍ ഇടയ്ക്ക് പറയാറുള്ളത്. അപ്പോള്‍ തന്നെ നമുക്ക് മനസ്സിലാകും അയാളുടെ എനര്‍ജി എന്താണെന്ന്. ഇങ്ങനെ ചെറിയ വിശദീകരണങ്ങള്‍ മാത്രമെ ആദ്യമൊക്കെ നല്‍കിയിരുന്നുള്ളു. പിന്നീട് ഷൂട്ടിംഗ് സമയത്താണ് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു തന്നിരുന്നത്. ചെന്നൈയില്‍നിന്ന് മടങ്ങി എത്തി നാടകവുമായി നടക്കുന്ന സമയത്താണ് കമ്മട്ടിപ്പാടത്ത് എത്തിപ്പെട്ടത്. 

പണ്ടത്തെ നടന്മാരൊക്കെ കോടാമ്പക്കത്ത് പോയി പൈപ്പുവെള്ളം കുടിച്ച് കഴിഞ്ഞ കാലത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇന്ന് അതൊന്നും ഇല്ലെന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ, അതിലൂടെ കടന്നുപോയൊരു ആളാണ് ഞാന്‍. ഓരോ സ്ഥലത്തുകൊണ്ടുപോയി ഫോട്ടോ കൊടുത്തിട്ട് പോരും എന്നല്ലാതെ ഒന്നും സംഭവിച്ചിരുന്നില്ല. ഒരിക്കല്‍ സ്റ്റുഡിയോയിലെത്തിയ ബി. ലെനിന്‍ എന്നെ വീണ്ടും കാണാന്‍ ഇടയാകുകയും എന്നെ കൂട്ടിക്കൊണ്ടു പോയി അദ്ദേഹത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റാക്കുകയും ചെയ്തു. അവിടെനിന്ന് സിനിമയില്‍ എങ്ങനെ അഭിനയിക്കണം എന്ന് പഠിക്കുന്നതിനായി ഒരു ക്ലാസില്‍ ചേരുകയും അഭിനയം പഠിക്കുകയും ചെയ്തു. പഠിച്ച് തീര്‍ന്നശേഷം അവിടെ തന്നെ ഇന്‍സ്ട്രക്ടറായി ജോലിക്ക് കയറി. അവിടെ ഒരു ഒഡീഷന്‍ വന്നപ്പോള്‍ ഒരു തമിഴ് സിനിമയില്‍ സെക്കന്‍ഡ് ഹീറോ ആയി വേഷം കിട്ടി. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ആ സിനിമ പുറത്തുവന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് കമ്മട്ടിപ്പാടത്തില്‍ ചാന്‍സ് കിട്ടുന്നത്. രാജീവേട്ടനുമായി സ്റ്റോറി ഡിസ്‌ക്കഷനൊന്നും ഞാന്‍ പോകാറില്ല. അത്തരം വലിയ കാര്യങ്ങളിലൊന്നും കയറി ഇടപെടാനുള്ള ആളില്ല ഞാന്‍. ഒരു ബോബനും മോളിയും നിലവാരമാണ് എനിക്കുള്ളത്. 

ബാലന്‍ എന്ന കഥാപാത്രം ?

manikandan

കമ്മട്ടിപ്പാടത്ത് ജനിച്ചുവളര്‍ന്ന ആളാണ് ബാലന്‍. എറണാകുളംകാരനായതുകൊണ്ട് തന്നെ പലപ്പോഴും ബാലനെയും ഗംഗയെയുമാക്കെ ജീവിതത്തില്‍ കണ്ടുമുട്ടിയതായി തോന്നിയിട്ടുണ്ട്. ആ കഥാപാത്രത്തില്‍നിന്ന് പലതും ജീവിതത്തിലേക്ക് എനിക്ക് ഉള്‍ക്കൊള്ളാനുണ്ട്. വെറും ഗുണ്ടയായിട്ടുള്ള ഒരാളല്ല ബാലന്‍. അയാള്‍ സിനിമയില്‍ പറയുന്നുണ്ട്, നിങ്ങള്‍ കാര്‍ന്നോക്കന്മാര് എന്ത് പണിയാണ് ഞങ്ങക്ക് പഠിപ്പിച്ചുതന്നേക്കണത് ? ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നും അറിയാതെ ചങ്കൂറ്റംകൊണ്ട് മാത്രം ജീവിക്കുന്ന ആളാണ്. അയാള്‍ സൂപ്പര്‍ഹീറോ ഒന്നുമല്ല. അടിയുണ്ടാക്കുമ്പോള്‍ എങ്ങനെയൊക്കെയോ ജയിക്കുന്നു. പലപ്പോഴും ഡയലോഗിലൂടെയാണ് അയാള്‍ പിടിച്ചുനില്‍ക്കുന്നത്. ആരെയും കുത്തുന്നോ കൊല്ലുന്നോ ഒന്നും ചെയ്യുന്നില്ല അയാള്‍. ഇടയ്ക്ക് ഒരല്‍പ്പം പ്രണയവും ഗുണ്ടാപ്പണിയൊക്കെ നിര്‍ത്തി സമാധാനത്തോടെ ജീവിക്കണമെന്നും അയാള്‍ ആഗ്രഹിക്കുന്നുണ്ട്. ഗംഗ, കൃഷ്ണന്‍, പറങ്കി മജീദ് തുടങ്ങിയവരുടെ റോള്‍ മോഡലാണ് ബാലന്‍. 

കേരളത്തിന്റെ നവാസുദ്ദിന്‍ സിദ്ധിഖി എന്ന് ഫെയ്സ്ബുക്ക് വിശേഷിപ്പിക്കുന്നു ?

ഒരുപാട് ആളുകള്‍ സിനിമ കണ്ടശേഷം വിളിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട്. അതില്‍ പരിചയമുള്ളവരും ഇല്ലാത്തവരുമൊക്കെയുണ്ട്. ഞാന്‍ ഈ സിനിമയില്‍ നല്ല കഥാപാത്രത്തെ അവതരിപ്പിച്ചതുകൊണ്ടാണ് നാട്ടുകാര്‍ എന്നെ വിളിക്കുന്നത്. ഞാന്‍ അടുത്ത സിനിമയില്‍ മോശം പെര്‍ഫോമന്‍സാണെങ്കില്‍ എന്നെ അവര്‍ ചവിട്ടി പുറത്താക്കും. അതുകൊണ്ട് തന്നെ ഇത്തരം വിശേഷണങ്ങളൊക്കെ വലിയ ഉത്തരവാദിത്തമാണ്. പിന്നെ, ഇതൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്, വലിയ സന്തോഷം. ഒന്നുമല്ലാതിരുന്ന ഒരു അവസ്ഥയില്‍നിന്ന് പ്രതീക്ഷകളുടെ നറുവെളിച്ചമുള്ള ഒരിടത്ത് എത്തി നില്‍ക്കുകയാണ്. 

കുടുംബം, വീട്ടുകാരുടെ സപ്പോര്‍ട്ട് ?

നാടകവുമായി നടന്ന കാലത്ത് വെല്ലോ പണിക്കും പോടാ ചെക്കാ എന്ന് പറഞ്ഞ് നാട്ടുകാരൊക്കെ കളിയാക്കുമായിരുന്നു. വലിയ കഷ്ടപ്പാടിന്റെ കാലമായിരുന്നു ്അതൊക്കെ. മൂന്ന് ചേട്ടന്മാരുണ്ട്, അമ്മയുമുണ്ട്. ചേട്ടന്മാരും കലാകാരന്മാരാണ്. അതില്‍ രണ്ടാമത്തെ ചേട്ടന്‍ കലയൊക്കെ ഉപേക്ഷിച്ച് ഓട്ടോ ഓടിക്കാന്‍ നടന്നതുകൊണ്ടാണ് എനിക്ക് ഇങ്ങനെ നടക്കാന്‍ സാധിച്ചത്. അല്ലേല്‍, അമ്മയെ ആര് നോക്കുമായിരുന്നു ? എന്റെ ചേട്ടന്റെ സാക്രിഫൈസാണ് എന്റെ സിനിമാ കരിയര്‍. പിന്നെ എന്റെ അനുഭവങ്ങളാണ് എന്റെ ഗുരു. ഞാനിപ്പോള്‍ സംസാരിക്കുന്ന ഭാഷപോലും എനിക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍നിന്ന് കിട്ടിയതല്ല. അതൊക്കെ എന്റെ അനുഭവത്തില്‍നിന്ന് ഞാന്‍ നേടിയെടുത്തതും തിയേറ്റര്‍ എനിക്ക് തന്നതുമൊക്കെയാണ്. വിവാഹിതനല്ല. വീട്ടില്‍ ചേട്ടന്മാരും അമ്മയും മാത്രമാണുള്ളത്. 

അടുത്ത സിനിമ ?

അടുത്ത സിനിമ എന്നൊന്നും പറയാറായിട്ടില്ല. പിന്നെ, ഒരു സിനിമയുടെ ഡിസ്‌കഷന്‍ നടക്കുന്നുണ്ട്. ജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്നൊരു സിനിമയാണ്. പേരിടാത്ത ചിത്രത്തില്‍ നായകന്‍ പൃഥ്വിരാജാണ്. ഒന്നും ഫൈനലൈസ്ഡ് ആയിട്ടില്ല. സംവിധായകനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കഥാപാത്രത്തെക്കുറിച്ചോ പേരോ അങ്ങനെയുള്ള കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. അതുകൊണ്ട് പറയാന്‍ എനിക്കും അറിയില്ല.