എണ്പത്തിനാലാം വയസ്സില്‍ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയപ്പോള്‍ ഈ മുത്തശ്ശിക്കൊരു മോഹമേ ഉണ്ടായിരുന്നുള്ളൂ. മരിക്കുന്നതിനു മുമ്പൊരു സിനിമയില്‍ കൂടി അഭിനയിക്കണം. എന്നാല്‍ ഓലപീപ്പി എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്കാരവും അവര്‍ക്കു ലഭിച്ചിരിക്കുന്നു. ''സന്തോഷം സന്തോഷം''-അഭിനനന്ദനം അറിയിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ കാഞ്ചനാമ്മ പറഞ്ഞു.
ഈ രണ്ടാംവരവിന് നിമിത്തമായത് ഇണപ്രാവുകള്‍ എന്ന സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷമായിരുന്നു. ആഘോഷത്തിന്റെ ഫോട്ടോ മാതൃഭൂമിയില്‍ കണ്ടാണ് ക്രിഷ് കൈമള്‍ ഓലപീപ്പിയിലേക്ക് വിളിക്കുന്നത്. 'പലരേയും ഞാനീ കഥാപാത്രത്തിനു വേണ്ടി നോക്കി. ഏതാണ്ട് ഒരാളെ ഫിക്സ് ചെയ്തതുമാണ്. അപ്പോഴാണ് ഈ ഫോട്ടോ കാണുന്നത്. ശാരദയുടെ ചേച്ചിയായി ചിത്രത്തില്‍ അഭിനയിച്ച കാഞ്ചനചേച്ചിയുടെ ചിത്രം മനസ്സിലുടക്കി. ഞാന്‍ നേരെ അവരുടെ വീട്ടിലേക്കാണ് പോയത്. വീടു തുറന്നു പുറത്തുവരുന്ന ചേച്ചിയെ കണ്ടപ്പോള്‍ എന്റെ കഥാപാത്രം നേരിട്ടിറങ്ങി വരുന്നതു പോലെ തോന്നി. അങ്ങിനെയാണ് ചേച്ചിയെ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിക്കുന്നത്.''അന്ന കൃഷ് കൈമള്‍ പറഞ്ഞു.
ഓലപ്പീപ്പി എന്ന ചിത്രത്തില്‍ ബിജുമേനോന്റെ അമ്മൂമ്മ വേഷം അങ്ങിനെ കാഞ്ചനയുടെ താരജീവിതത്തെ വീണ്ടും ഓര്‍മിപ്പിച്ചു. ഈ ചിത്രം റിലീസാവുന്നതിനു മുമ്പായിരുന്നു കാഞ്ചനാമ്മയെ കാണാന്‍ പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിനു കിഴക്ക് വശം ഇത്തിരിപോന്നൊരു വീട്ടിലെ ഒറ്റമുറിയില്‍ ചെന്നത്. വര്‍ഷങ്ങളോളും കേരളത്തിന്റെ നാടകവേദികളില്‍ മുഴങ്ങികേട്ട ശബ്ദം. ഇരുപത്തഞ്ചോളം സിനിമകളില്‍ കണ്ട മുഖം മുന്നില്‍.
''പാര്‍ട്ടിക്കുവേണ്ടിയാണ് ഞങ്ങള്‍ കലാപ്രവര്‍ത്തനം തുടങ്ങുത്. വയലാറിലെ കലാകേന്ദ്രയിലായിരുന്നു. അമ്മാവനാണ് എന്നെ അങ്ങോട്ട് കൊണ്ടുപോയത്. നാടകവും കഥാപ്രസംഗവും പാട്ടപിരിവും ഒക്കെയായി പാര്‍ട്ടിക്കുവേണ്ടി രംഗത്തിറങ്ങി. ഓണത്തിനൊരു പാവടയും ജംബറുമായിരുു അന്നു ഞങ്ങള്‍ക്കുള്ള പ്രതിഫലം.'കാഞ്ചനാമ്മ ഓര്‍മചെപ്പു തുറന്നു. ഒരു മുത്തശ്ശിക്കഥപോലെ ജീവിതം തെളിഞ്ഞു. അത് മലയാള നാടകത്തിന്റെയും സിനിമയുടെയും ചരിത്രത്തിന്റെ ഭാഗമാണ്.
പ്രൊഫഷണല്‍ നാടകരംഗത്തേക്ക് കടന്നതോടെ അതു ജീവിതമായി. ആലപ്പുഴയിലെ ഒരു ട്രൂപ്പിലായിരുന്നു തുടക്കം. പിന്നെ ചങ്ങനാശ്ശേരി ഗീഥ, കലാനിലയത്തിന്റെ സ്ഥിരം നാടകവേദി എന്നിവയിലായി. ഓച്ചിറ വേലുക്കുട്ടിക്കൊപ്പവും ജോസ്പ്രകാശിനൊപ്പവും നാടകത്തില്‍ അഭിനയിച്ചു. വേലുക്കുട്ടി വാസവദത്തയായി തിളങ്ങിയ നാടകത്തില്‍ ബുദ്ധനായിരുന്നു.
അവതരണ ഗാനത്തില്‍ ബുദ്ധനായി, അതേ നാടകത്തില്‍ തോഴിയുമായി രണ്ട് വേഷം. ഉമ്മിണിതങ്കയില്‍ ഉമ്മിണിതങ്കയായിരുന്നു. അത് ഇന്ത്യയൊട്ടാകെ ആയിരക്കണക്കിന് വേദികളിലാണ് അവതരിപ്പിച്ചത്. എസ്.എല്‍.പുരത്തിന്റെ നാടകത്തിലും രാജന് പി ദേവും അച്ഛന് ദേവും കൂടെ അഭിനയിച്ചിട്ടുണ്ട്. ഓര്‍മകളില്‍ നാടകകാലം പുനര്‍ജനിക്കുമ്പോള്‍ അത് ചരിത്രസ്മരണകള്‍ കൂടിയാവുന്നു.
നാടകത്തില്‍ നിന്നു തെന്നയാണ് കാഞ്ചന ജീവിത സഖാവിനെ കണ്ടെത്തുത്. കുണ്ടറഭാസി എന്ന നടന്. ഇരുവരും ഒന്നിച്ചഭിനയിച്ച നാടകങ്ങളും സിനിമകളും ധാരാളമുണ്ട്. ഉദയായുടെ ഉണ്ണിയാര്‍ച്ചയുടെ ടൈറ്റിലില്‍ ഇരുവരുടേയും പേരു കാണാം. നാടകത്തോടൊപ്പമാണ് അന്ന സിനിമയിലെത്തുന്നത്. പി എ തോമസാണ് സിനിമയിലേക്ക് കൊണ്ടുവന്നത്. പക്ഷിരാജ സ്റ്റുഡിയോയിലെ പ്രസന്നയില്‍ നല്ല വേഷമായിരുന്നു. പിന്നെ ഉദയായുടെയും മെരിലാന്റിന്റെയും സിനിമകളില്‍ അഭിനയിച്ചു.
മൂത്തമകന് ജോലികിട്ടി. ഇളയവന് പഠിക്കുന്നേയുണ്ടായിരുന്നുള്ളു. അവരെ കാര്യം നോക്കാന്‍ വേണ്ടി അഭിനയത്തു നിന്നു വിട്ടുനിതാണ്. പിന്നെ സിനിമയില്‍ പോവാന്‍ മദിരാശിയില്‍ സ്വാമീസ് ലോഡ്ജില്‍ പോയി താമസിച്ചിരുന്നു. അവരെ പോയി കാണണം ഇവരെ പോയി കാണണമെന്നൊക്കെ സമീപനം കണ്ടപ്പോ മടുത്ത് വീണ്ടും നാടകത്തില്‍ തന്നെ അഭിനയിച്ചു. കൃഷ്ണൻ നായരുടെ മരണശേഷം മകന് കലാനിലയം ഏറ്റെടുത്തപ്പോള്‍ വീണ്ടും നാടകത്തിലേക്ക് ക്ഷണിച്ചു.
ഭര്‍ത്താവും മൂത്തമകനും മരിച്ചു. ഇളയ മകന് ഗള്‍ഫിലുമായപ്പോള്‍ നാട്ടിലൊറ്റയ്ക്കായി. മകന് അയച്ചുതരുന്നതും സര്‍ക്കാരിന്റെ 1000 രൂപ പെന്‍ഷനുമാണ് ഇപ്പോള്‍ ആശ്രയം. താരസംഘടനയായ 'അമ്മ' ഇതുവരെ ഒന്നും തിന്നിട്ടില്ല. ''അവര്‍ക്കെല്ലാം എന്നെ അറിയാന്നേ, ഞാന്‍ അപേക്ഷയും അയച്ചതാണ്. എനിക്കൊക്കെ ഇനി എത്രകാലം തരണം. എന്നിട്ടും അവര്‍ കനിയുന്നില്ല. അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുക്കാനുള്ള പാങ്ങൊന്നുമില്ലാത്തതിനാല് ഞാനതിനും മെനക്കെട്ടി'ട്ടല്ല. ഇപ്പോ ഇങ്ങനെയൊരു അവസരം വന്നപ്പോ മോന് ചോദിച്ചതാ, എന്തിനാ വയസുകാലത്തെന്ന്. പക്ഷെ അതെന്റെയൊരു മോഹമായിരുന്നു.''- ഇപ്പോള്‍ ആ മോഹത്തിന് കിട്ടിയ ബോണസാണ് ഈ പുരസ്കാരം.