കൊരട്ടി: ‘‘പാകം ചെയ്തപ്പോഴത്തെ ചൂടോടെ ഭക്ഷണം നൽകാനുള്ള സൗകര്യംകൂടി ഇവിടെ വേണം, അത് ഞാനെത്തിക്കാം’’ സുരേഷ് ഗോപി എം.പി.യുടെ വാക്ക് വെറുതെയായില്ല. വൈകാതെതന്നെ പാഥേയത്തിനുള്ള സമ്മാനമായി ചൂടാറാ ഷെൽഫുമായി അദ്ദേഹമെത്തി. മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം ലഭിച്ച ശ്രീരേഖയെ കാണാനുള്ള യാത്രക്കിടെയാണ് സുരേഷ് ഗോപി പാഥേയത്തിലുമെത്തിയത്.

ചൂടാറാ ഷെൽഫ് എത്തിക്കണമെന്ന് കൂടെയുണ്ടായിരുന്ന ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്തു. പാഥേയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൊരട്ടി എസ്.എച്ച്.ഒ. ബി.കെ. അരുണിനെ ആദരിക്കാനും മറന്നില്ല.

ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട ബെംഗളൂരുവിലെ താമസക്കാരനായ സുനിൽ നായർ പാഥേയത്തിനായി ഫുഡ് ഷെൽഫ് എത്തിക്കാമെന്ന് സുരേഷ് ഗോപിയെ വിളിച്ചറിയിച്ചു. അധികം വൈകാതെ ഷെൽഫ് അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. തിങ്കളാഴ്ച തൃശ്ശൂരിൽനിന്ന്‌ മടങ്ങുന്ന വഴി പുലർച്ചെ പാഥേയത്തിലെത്തി ഷൈൽഫ് കൈമാറി ചൂടുള്ള പ്രാതൽ സമർപ്പിക്കുകയുമായിരുന്നു താരം.

വിശപ്പുള്ള ആർക്കും എടുത്തുകഴിക്കാവുന്ന ഭക്ഷണമെന്ന നിലയിലാണ് ഒരു വർഷം മുമ്പ് പൊതുജന പങ്കാളിത്തത്തോടെ ജനമൈത്രി പോലീസ് പാഥേയം സ്ഥാപിക്കുന്നത്. പാഥേയത്തിലെത്തിയ സുരേഷ് ഗോപിയെ സ്വീകരിക്കാൻ നടി ശ്രീരേഖയും എത്തിയിരുന്നു.

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, കെ.എ. സുരേഷ്, ടി.വി. പ്രജിത്ത്, ഇ.എം. സുനിൽ, വി.സി. സിജു, രാജീവ് ഉപ്പത്ത് എന്നിവരും ഉണ്ടായിരുന്നു. കെ.സി. ഷൈജു, സുന്ദരൻ പനങ്ങൂട്ടത്തിൽ, ബിജു ലോനപ്പൻ, വി.കെ. ഗംഗാധരൻ, ഷാജി എന്നിവർ ചേർന്ന് സുരേഷ് ഗോപിയെ സ്വീകരിച്ചു.

content highlights : Suresh Gopi provides Food Shelf to Patheyam Janamaithri Police Suresh Gopi new movie Kaaval release