പാട്ടിന് മാത്രമല്ല, പാട്ടുകാര്‍ക്കുമില്ല അതിര്‍വരമ്പ്. താളവും ശ്രുതിയും ചേര്‍ന്ന ഇമ്പമാര്‍ന്ന ഈണം പോലെ കാല, ദേശാതിര്‍ത്തികള്‍ ഭേദിച്ച് അവരുടെ പെരുമയും ഒഴുകിപ്പരക്കും. തമിഴ്നാട്ടില്‍ ജനിച്ച കാര്‍ത്തിക്കിന്റെ സ്വരവും പെരുമയും ദേശവും ഭാഷയും കടന്ന് സഞ്ചരിക്കുകയാണ്. തമിഴിന് പുറമെ, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട, ഒറിയ, ബംഗാളി ഭാഷകളിലായി 2000ത്തിലധികം ഗാനങ്ങള്‍ക്ക് ഈ യുവഗായകന്‍ ശബ്ദം നല്‍കിയത്. ഒട്ടുമിക്ക പ്രഗത്ഭരായ സംഗീത സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചുകഴിഞ്ഞു. ഗാനാസ്വാദകര്‍ ഹൃദ്യമായൊരു ഈണം പോലെ നെഞ്ചോട് ചേര്‍ക്കുന്നതാണ് കാര്‍ത്തിക്കിന്റെ ആലാപനത്തെ.
സംഗീതത്തിലേക്ക്
ശാന്തപ്രകൃതമുള്ള കുട്ടിയായിരുന്നു ഞാന്‍. നാല് വയസ്സായപ്പോള്‍ അമ്മ എന്നെ കര്‍ണാടക സംഗീത ക്ലാസില്‍ ചേര്‍ത്തു. ഒരു വര്‍ഷം മാത്രമേ ഞാന്‍ അവിടെ പോയുള്ളൂ. ക്ലാസില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളായിരുന്നു. ആണ്‍കുട്ടികളായി ഞാനും മറ്റൊരാളും മാത്രം. ആ കുട്ടി ഇടയ്ക്ക് പഠനം നിര്‍ത്തിയപ്പോള്‍ ക്ലാസില്‍ ഞാന്‍ ഒറ്റയ്ക്കായി. പിന്നെ ക്ലാസില്‍ പോകാന്‍ നാണമായി. പോകാന്‍ കൂട്ടാക്കാതായി. അങ്ങിനെ സംഗീതപഠനം നിലച്ചു.
ജീവിതം മാറ്റിമറിച്ച് സ്‌കൂളിലെ ആ പരിപാടി
എനിക്ക് പാട്ട് പാടാന്‍ കഴിയുമെന്നത് മറ്റുള്ളവര്‍ തിരിച്ചറിയാന്‍ തുടങ്ങിയത് സ്‌കൂളിലെ ഒരു പരിപാടിയില്‍ വച്ചാണ്. 'യെസ് ബോസ്' എന്ന ചിത്രത്തിലെ 'മേം കോയി ഐസാ ഗീത് ഗാവൂം.. 'എന്ന പാട്ടാണ് പാടിയത്. എല്ലാ കൂട്ടുകാരും എന്നെ അഭിനന്ദിച്ചു. ആ ദിവസം മുതല്‍ സംഗീതത്തോടുള്ള എന്റെ താല്‍പര്യം കൂടി. 10 വര്‍ഷം മുന്‍പ് പടിയിറങ്ങിയ പാട്ട്ക്ലാസിലേക്ക് ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരം വീണ്ടും ചെന്നു. ആ സംഭവമാണ് എന്റെ സംഗീതജീവിതം മാറ്റിമറിച്ചതെന്ന് വിശ്വസിക്കുന്നു.
ഇവരെല്ലാം എനിക്ക് പ്രചോദനം
കുട്ടിക്കാലം മുതലേ തന്നെ ഞാന്‍ കേള്‍ക്കുന്ന പല ശബ്ദങ്ങളോടും എനിക്ക് കടുത്ത ആരാധനയാണ്. അതില്‍ എസ്.പി. ബാലസുബ്രഹ്മണ്യം, കെ.എസ് ചിത്ര, ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, മെഹദി ഹസന്‍ എന്നിവരെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇളയരാജ, എ ആര്‍ റഹ്മാന്‍ ഇവരുടെ പാട്ടുകള്‍ എന്നിലെ ഗായകനെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഈ പ്രതിഭകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. കര്‍ണാടക സംഗീതത്തിന് പുറമെ ഹിന്ദുസ്ഥാനി, ഗസല്‍ എന്നിവയെല്ലാം ഞാന്‍ പഠിക്കുന്നുണ്ട്. കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതിന് പിറകെ പോകുന്നതിലപ്പുറം മറ്റൊരു മാനദണ്ഡവുമില്ല എനിക്ക് സംഗീതത്തിന്റെ കാര്യത്തില്‍.
വഴിത്തിരിവായി റഹ്മാനുമായുള്ള കൂടിക്കാഴ്ച
എആര്‍ റഹ്മാനുമായുള്ള കൂടിക്കാഴ്ചയാണ് എന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന വഴിത്തിരിവ്. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമാണ് സംഗീതം പ്രൊഫഷനായി സ്വീകരിച്ചത്. പതിനേഴ് വയസ്സായത് മുതല്‍ റഹ്മാന്‍ സാറിനെ കാണണം എന്നതായിരുന്നു സ്വപ്നം. എന്റെ അടുത്ത കൂട്ടുകാരന്റെ ബന്ധുവായിരുന്നു ഗായകന്‍ ശ്രീനിവാസ് സാര്‍. അദ്ദേഹമാണ് റഹ്മാന്‍ സാറിനെ എനിക്ക് പരിചയപ്പെടുത്തിയത്. ജീവിതത്തില്‍ ഞാന്‍ ഏറെ സന്തോഷിച്ച ഒരു നിമിഷമായിരുന്നു അത്. 20 വയസ്സുള്ള ഒരു ചെറിയ പയ്യനായിരുന്നു ഞാന്‍. അത്രയും ചെറിയ പ്രായത്തില്‍ എനിക്ക് അവസരം നല്‍കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. റഹ്മാന്‍ സാറിന് വേണ്ടി പാടിക്കഴിഞ്ഞപ്പോള്‍ ഇന്ത്യയിലെ ഒരു വലിയ സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ അനുഭവമായിരുന്നു. പിന്നീട് എനിക്ക് ഇളയരാജ സാര്‍, ഹാരിസ് ജയരാജ സാര്‍, വിദ്യാസാഗര്‍ സാര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നട, ഒറിയ എന്നിങ്ങനെ വ്യത്യസ്ത ഭാഷകളില്‍ പാടി.
ഉസുരെ പോകുതെ...
ഞാന്‍ പാടിയ പാട്ടുകളില്‍ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ചത് രാവണ്‍ എന്ന ചിത്രത്തിലെ ഉയുരെ പോകതെ എന്ന ഗാനമാണ്. മനോഹരമായ ഈണവും വരികളുമായിരുന്നു ആ ഗാനത്തിന്റേത്. റെക്കോഡിങ്ങിന് മുന്‍പ് മണിസര്‍ (മണിരത്‌നം) എനിക്ക് അതിന്റെ ഫീല്‍ എന്താണെന്ന് വിശദമായി വിവരിച്ചു തന്നു. പ്രണയവും വീര്യവും ചേരുന്ന ഒരു ഗാനമായിരുന്നു അത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനങ്ങളില്‍ ഒന്നാണത്. മികച്ച ഗായകനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരമടക്കം ഒട്ടനവധി അംഗീകാരങ്ങള്‍ എനിക്കത് നേടി തന്നു.
മലയാളം കടുകട്ടിയാണ്... എന്നാല്‍ ഏറെ ഇഷ്ടവും
മലയാളത്തില്‍ ആദ്യമായി പാടാന്‍ അവസരം നല്‍കിയത് എം ജയചന്ദ്രന്‍ സാറാണ്. 'അകലെ' എന്ന ചിത്രത്തിലെ 'അകലെ അകലെ ആരോ...' എന്ന ഗാനം. തുടക്കത്തില്‍ മലയാളം പാടാന്‍ എന്നെ കൊണ്ടാവില്ല എന്നാണ് തോന്നിയത്. സ്റ്റുഡിയോയില്‍ എന്തോ മാജിക് നടന്നു. ഒരുവിധം പാടിത്തീര്‍ത്തു. മലയാളം പാടുന്നത് ബുദ്ധിമുട്ടുള്ള ഒരു പരീക്ഷ പാസാവുന്ന പോലെ ബുദ്ധിമുട്ടാണ്. എങ്കിലും അകലേയ്ക്കുശേഷം ഒരുപാട് മലയാളം പാട്ടുകള്‍ പാടി.
'മ്യൂസിക് ഐ ലൈക്ക് '
കര്‍ണാടക, ഹിന്ദുസ്ഥാനി സംഗീതങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ഥി എന്ന നിലയിലാണ് മ്യൂസിക് ഐ ലൈക്ക് എന്ന ആല്‍ബം ഒരുക്കിയത്. ഭാരതീയാര്‍ കൃതികളും, ഭജന്‍ എന്നിവയാണ് ഇതിനുവേണ്ടി ആശ്രയിച്ചത്. കര്‍ണാടക സംഗീതത്തെക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് കൂടി ആസ്വദ്യകരമായിരിക്കണം ആലാപനം എന്നതായിരുന്നു എന്റെ ലക്ഷ്യം. നല്ല പ്രതികരണങ്ങളാണ് എനിക്ക് ലഭിച്ചത്. പ്രത്യേകിച്ച് പുതിയ തലമുറയില്‍പ്പെട്ടവരില്‍ നിന്ന്. വ്യക്തിപരമായ ചില തിരക്കുകള്‍ കാരണം കുറച്ച് കാലം അത് നിന്നു പോയി. വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍.
കേരളം...
കേരളം എപ്പോഴും എനിക്ക് പ്രിയപ്പെട്ടതാണ്. ഇവിടുത്തെ ആളുകള്‍ക്ക് സംഗീതത്തെക്കുറിച്ച് നല്ല ധാരണയുണ്ട്. കൃത്യമായ അഭിപ്രായങ്ങളുണ്ട്. അതുകൊണ്ട് മലയാള സിനിമയില്‍ പാടാനും കേരളത്തില്‍ പരിപാടി അവതരിപ്പിക്കാനും അവസരം ലഭിച്ചാല്‍ ഞാന്‍ വിട്ടുകളയാറില്ല. ഇവിടുത്തെ ഭക്ഷണം, സംസ്‌കാരം ഇവയെല്ലാം എറെ ആകര്‍ഷിക്കുന്നു.
Content Highlights: Karthik Singer Interview, Karthik Stephen Devassy Live 2019, Karthik talks about music,life journey, Music i like, AR Rahman, Srinivas singer