ഗതി ശ്രീകുമാറിന്റെ നിസ്സഹായമായ നിശബ്ദത നമ്മളെ വേദനിപ്പിക്കുന്നു.ഈ നടന്‍ സംസാരിക്കുന്നതിനായി പ്രേക്ഷകര്‍ മുഴുവന്‍ കാത്തിരിക്കുന്നു. ജഗതിയുടെ കാര്യത്തില്‍ പ്രത്യാശകളിലും പ്രതീക്ഷകളിലുമാണ് ഇന്നും മലയാളിസമൂഹം ജീവിക്കുന്നത്. ജഗതിയുടെ കുടുംബമാകട്ടെ പ്രാര്‍ഥനകളുടെ ലോകത്താണ് കഴിയുന്നത്. ക്യാമറയുടെ മുന്‍പില്‍ ജഗതി പ്രത്യക്ഷപ്പെടാതിരിക്കില്ല എന്നാണ് അവരുടെ വിശ്വാസം.

വിധിയുടെ അപ്രതീക്ഷിതമായ പ്രഹരത്തില്‍ എത്രയെത്ര ജഗതിയന്‍ കഥാപാത്രങ്ങളാണ് പിറവിപോലുമില്ലാതെ നമുക്ക് നഷ്ടപ്പെട്ടുപോയത്. മലയാള സിനിമയുടെ വിപണിയെപ്പോലും തളര്‍ത്തിക്കളഞ്ഞ ജഗതി നേരിട്ട അപകടം സിനിമയുടെ കഥാഘടനയില്‍ ആഴമേറിയ അഴിച്ചുപണികള്‍ക്ക് വഴിതുറന്നു. എഴുതിവെച്ച തിരക്കഥകള്‍ മാറ്റിയെഴുതിയ കാലമാണിത്. ജഗതിയുടെ നിര്‍ഭാഗ്യകരമായ ഈ ഇടവേളയെ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവര്‍ പാടുപെട്ടാണ് അതിജീവിച്ചത്. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ അഭിനേതാക്കളെ തേടിയുള്ള അന്വേഷണത്തിനിടയില്‍ ഒരുപറ്റം പുതിയ നടന്മാരെ നമുക്ക് കിട്ടി എന്നത് ശരിതന്നെ. ചില നടന്മാരാകട്ടെ തങ്ങളെ തളച്ചിട്ട ചങ്ങലയൂരി നര്‍മപ്രധാനമായ വേഷങ്ങള്‍ പകര്‍ന്നാടുന്നുമുണ്ട്. എന്നിട്ടും ജഗതി ആവിഷ്‌കരിച്ച ചില കഥാപാത്രങ്ങളുടെ ഭാവപ്രകാശങ്ങള്‍ കീഴടക്കാന്‍ കഴിയാത്തതുതന്നെയെന്ന് സ്വയം ശരിവെക്കുന്നവരുമുണ്ട്. ജഗതിക്കായി മാറ്റിവെച്ച കഥാപാത്രങ്ങളെ എടുത്തണിയേണ്ടിവന്നവരുടെ കലാപരമായ വീഴ്ചകള്‍ പില്‍ക്കാലത്തെ സിനിമകള്‍ കണ്ടാല്‍ നമുക്ക് ബോധ്യമാവുകയും ചെയ്യും.

ജഗതിയന്‍ വര്‍ത്തമാനങ്ങള്‍

ജഗതി അഭിനയം പകര്‍ന്ന നൂറുകണക്കിന് കഥാപാത്രങ്ങള്‍ യൂട്യൂബിലൂം ടെലിവിഷനിലും നിരന്തരം പ്രത്യക്ഷപ്പെടുമ്പോഴും ജഗതിയന്‍ കഥാപാത്രങ്ങള്‍ വര്‍ത്തമാനകാലത്തെ തുള്ളല്‍ക്കഥകളായ ട്രോളുകളില്‍ രാഷ്ട്രീയ സാമൂഹിക വിമര്‍ശനങ്ങളുടെ വിദൂഷകരായി ചിത്രീകരിക്കുമ്പോഴും ഈ നടന്‍ എപ്പോഴും സമൂഹമധ്യത്തിലും മാധ്യമ സ്‌ക്രീനുകളിലും നിറയുന്നുണ്ട്. ജഗതി നിശ്ശബ്ദനായിരിക്കുമ്പോഴും ആ കഥാപാത്രങ്ങള്‍ വാചാലരാകുന്നു. കൃത്യമായ രാഷ്ട്രീയ നിലപാടുള്ള ട്രോളായാലും നിര്‍ദോഷമായ ഹാസ്യം ഉത്പാദിപ്പിക്കുന്ന ട്രോളായാലും വ്യത്യസ്ത വികാരങ്ങള്‍ ആവിഷ്‌കരിക്കേണ്ടിവരുമ്പോള്‍ ആശ്രയിക്കുന്നത് ജഗതിയുടെ ഭാവങ്ങളാണ്. ഇന്ന് സമൂഹമാധ്യമങ്ങളിലെ രാഷ്ട്രീയ വ്യവഹാരങ്ങളുടെ വിമര്‍ശകര്‍ സമൂഹത്തിന് നല്‍കുന്ന കറുത്തചിരി ട്രോളുകളിലൂടെയാണ്.

പല നായകനടന്മാരുടെയും പഴയകാല സിനിമകള്‍ വര്‍ത്തമാനകാലത്തെ പുതുതലമുറയ്ക്ക് വികലമായ പേക്കൂത്തുകളായി അനുഭവപ്പെടുമ്പോഴും സംവാദങ്ങളിലും സംസ്‌കാര ചര്‍ച്ചകളിലും സാമൂഹിക നിരൂപണങ്ങളുടെ വട്ടമേശവിചാരങ്ങളിലും ജഗതിയുടെ ഒരു ഡയലോഗ് പെട്ടെന്ന് ഓര്‍മിച്ചെടുത്ത് അന്തരീക്ഷത്തെ മയപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ടാവാം നമ്മുടെ കാലത്തെ ഭൂരിഭാഗം ട്രോളന്മാരും അവരുടെ നര്‍മഭാവനകളെ ആങ്കര്‍ ചെയ്യുന്നത് ജഗതിയിലൂടെയാണ്. താന്‍ ജീവിച്ച സമൂഹത്തില്‍നിന്നും ഒരു അഭിനേതാവ് എന്ന നിലയ്ക്ക് കണ്ടെടുത്ത നിരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും കലവറതന്നെ ജഗതിയിലുണ്ട്. നടന്റെ ഉപകരണം ശരീരമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഈ നടന്‍ ഒരൊറ്റ സീനില്‍ മാത്രം കടന്നുവരുന്ന കഥാപാത്രത്തിനുപോലും തന്റെതായ ചലനസങ്കല്പങ്ങളും രൂപവടിവുകളും പകര്‍ന്നിട്ടുണ്ട്. 

കെട്ടുപോയ നമ്മുടെ കാലത്തിന്റെ കോമാളിത്തരങ്ങള്‍ക്ക് അനുരൂപമായ ഒരു ജഗതിയന്‍ കഥാപാത്രത്തെ തന്റെ കഥാകഥനത്തിനോ, ആവിഷ്‌കാരത്തിനോ, തിരഞ്ഞെടുക്കാന്‍, അതിനാല്‍ തന്നെ ഒരു ട്രോളര്‍ക്ക് അനായാസം കഴിയും. ഇതുതന്നെയാണ് ചാനലുകളിലെ ആക്ഷേപഹാസ്യ അവതാരകരെ രക്ഷിക്കുന്ന ഘടകവും. രാഷ്ട്രീയപ്രവര്‍ത്തകനായും, ഉപജാപക രാഷ്ട്രീയക്കാരനായും എം.എല്‍.എ.യായും മന്ത്രിയായും മന്ത്രിയുടെ ഏജന്റായും ഡയറി കക്ഷത്തുവെച്ച അടുക്കളരാഷ്ട്രീയക്കാരനായും ജഗതി പൊലിപ്പിച്ചെടുത്ത കഥാപാത്രങ്ങളുടെ ക്ലോണുകളാണ് ഇന്ന് സമകാലിക രാഷ്ട്രീയത്തിലും കാണുന്നത്. ഇന്നത്തെ ചില രാഷ്ട്രീയക്കാരുടെ ശരീരഭാഷപോലും ജഗതി അഭിനയിച്ച കഥാപാത്രങ്ങളില്‍നിന്ന് കടംകൊണ്ടതാണോ എന്നു സംശയിക്കണം! ആ നിലയ്ക്ക് ആധുനിക മാധ്യമങ്ങളില്‍, പൊതുധാരയായാലും സമാന്തരമായാലും ജഗതി ഒരു രാഷ്ട്രീയ രൂപകമാകുന്നു. കഥയുടെ ആന്തരിക ഭാവത്തോട് ചേര്‍ന്നുനില്‍ക്കുന്ന വിധത്തില്‍ നര്‍മം ആവിഷ്‌കരിക്കുന്ന ചലച്ചിത്രങ്ങളുണ്ട്. ജഗതിയെപ്പോലുള്ള നടന്മാരുടെ അഭിനയബോധ്യങ്ങള്‍ ആ സിനിമകളെ സമ്പന്നമാക്കുന്നുണ്ട്. അത്തരം സിനിമകള്‍ കാണുമ്പോഴാണ് ജഗതിയും ഇന്നസെന്റും മാമുക്കോയയും മുന്‍ഗാമികളായ ശങ്കരാടിയും ഒടുവിലും ഫിലോമിനയും നമ്മുടെ താരതമ്യ ചിന്തകളിലേക്ക് ഓടിക്കയറുന്നത്. മലയാള സിനിമ ഇന്ന് ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ഹാസ്യം ആവര്‍ത്തനംകൊണ്ടും അനുകരണംകൊണ്ടും ചിരിയുടെ മര്‍മങ്ങളെ ഭേദിക്കാതെ നിഷ്ഫലമാകുന്നത് നാമറിയുന്നുണ്ട്.

അഡിക്ഷനാണ് ജഗതി

ഏറ്റവും കാലികമായി കഥ പറഞ്ഞുകൊണ്ടിരുന്നത് കൂടിയാട്ടത്തിലെ വിദൂഷകരായിരുന്നു. ചാക്യാര്‍ കൂത്തമ്പലത്തിലാണ് ഈ ധര്‍മം നിര്‍ഹിച്ചിരുന്നതെങ്കില്‍ കുഞ്ചന്‍നമ്പ്യാര്‍ അതേ നര്‍മത്തെ, മണ്ണില്‍തൊട്ട അനുഭവമാക്കി.

ആ ക്ലാസിസത്തിന്റെ തുടര്‍ച്ചയായിരുന്നു വി.കെ.എന്‍. ആ ഹാസ്യം കറുത്തതെങ്കിലും അനുവാചകന്റെ ഉള്ളില്‍ അവസാനിക്കാത്ത ചിരിയുടെ അലകള്‍ നിലനിര്‍ത്തി. സിനിമയില്‍ അതിന്റെ സാധ്യതകള്‍ പരോക്ഷമായെങ്കിലും നമ്മെ അനുഭവപ്പെടുത്തിയത് ജഗതി ശ്രീകുമാറാണ്. ഓരോ വാക്കിലും വാക്കിന്റെ ക്രമവും നിലയും നീട്ടലിലും കുറുക്കലിലും തെറ്റിച്ചുള്ള പ്രയോഗങ്ങളിലും ശരീരഭാഷയുടെ വഴക്കങ്ങളിലും നാം ചിരിയുടെ മൂലകങ്ങളെ സ്പര്‍ശിക്കുന്നുണ്ട്. ജഗതിക്കും വാക്കായിരുന്നു സംജ്ഞ.

ജഗതി ഒരു അഡിക്ഷന്‍ കൂടിയാണ് എന്നതാണ് മറ്റൊരു വസ്തുത. ജഗതിയെ മലയാളികള്‍ക്ക് ഇതുവരെയും മടുത്തിട്ടില്ല. അതുകൊണ്ടുതന്നെ ഈ നടന്റെ പൊലിമനിറഞ്ഞ കഥാപാത്രങ്ങള്‍ തിരനോക്കാത്ത ദിവസവുമില്ല. കഴിഞ്ഞ അഞ്ചരവര്‍ഷമായി ജഗതിയുടെ ഹാസ്യം ടെലികാസ്റ്റ് ചെയ്തുകൊണ്ടേയിരിക്കുന്ന ഒട്ടേറെ ചാനലുകളെ നമുക്കു കാണാം.

ഈ നടന്‍ അവതരിപ്പിച്ചിട്ടുള്ള 1300 കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും മുഴുനീള കഥാപാത്രങ്ങളായിരുന്നില്ല എന്നുകൂടി ഓര്‍ക്കണം. അഞ്ചോ പത്തോ സിനിമകളില്‍ മാത്രമേ അദ്ദേഹം ഭൂരിഭാഗം സീനുകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. മൂന്നോ നാലോ സിനിമകളില്‍ മാത്രമാണ് അദ്ദേഹത്തിന് നായകതുല്യമായ കഥാപാത്രങ്ങളെ ലഭിച്ചിട്ടുള്ളത്. 1975 മുതല്‍ 85 വരെയുള്ള ജഗതിയുടെ സിനിമാജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ മൂന്നു മുതല്‍ പത്തു വരെ സീനുകളില്‍ മാത്രമാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈ സിനിമകളില്‍നിന്ന് ഈ കഥാപാത്രങ്ങളെ വെട്ടിമാറ്റിയാലും സിനിമയുടെ ഇതിവൃത്തത്തിനു കാര്യമായ പരിക്കൊന്നും സംഭവിക്കുമായിരുന്നില്ല. എന്നാല്‍ ഈ കാലയളവിനുശേഷം അഭിനയിച്ച സിനിമകളില്‍ കുറച്ചു സീനുകളില്‍ മാത്രമാണ് ജഗതി പ്രത്യക്ഷപ്പെട്ടിട്ടുള്ളതെങ്കിലും ആ കഥാപാത്രങ്ങള്‍ കഥയോട് സാംഗോപാംഗം ഘടിപ്പിക്കപ്പെട്ടിട്ടുള്ളതാണെന്നു കാണാം. താളവട്ടം, യവനിക, നമ്പര്‍ 20 മദ്രാസ് മെയില്‍, തൂവാനത്തുമ്പികള്‍, മൂന്നാംപക്കം തുടങ്ങിയ ചിത്രങ്ങള്‍ത്തന്നെ ഉദാഹരണം.

jagathy
ജഗതിയും സുകുമാരിയും. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

തിലകന്‍, നെടുമുടി വേണു, മുരളി, ഗോപി തുടങ്ങിയ നടന്മാര്‍ നിയന്ത്രിതമായ വികാരപ്രകടനത്തിലൂടെ കഥാപാത്രത്തിനു പരമാവധി പ്രഭാവം നല്‍കാന്‍ കെല്പുള്ളവരാണെന്ന് സിനിമയില്‍ അവര്‍ കഥാപാത്രങ്ങള്‍ക്കു നല്‍കുന്ന പരിചരണത്തില്‍ പ്രകടമാണ്. ഈ പ്രസ്താവന ജഗതിക്കും ചേരും. നാല് സീനുകളില്‍ മാത്രം ജഗതി പ്രത്യക്ഷപ്പെടുന്ന സിനിമയാണ് 'തൂവാനത്തുമ്പികള്‍'. ജയകൃഷ്ണമേനോന്റെ (മോഹന്‍ലാല്‍) കുടിയാനായി പ്രത്യക്ഷപ്പെടുന്ന ജഗതിയുടെ രാമനുണ്ണി നായര്‍ തന്റെ കുടികിടപ്പ് ഒഴിഞ്ഞുകൊടുക്കാന്‍ മടിക്കുന്ന നിസ്സഹായനും അതിനാല്‍ത്തന്നെ പ്രതിഷേധിക്കുകയും ചെയ്യുന്ന ഒരു പാവത്താനായാണ് സിനിമയില്‍ കടന്നുവരുന്നത്. ആദ്യസീനില്‍ അല്പസ്വല്പം മോന്തി നാളികേരത്തിന്റെ കണക്കെടുക്കുന്ന വേളയില്‍ ജയകൃഷ്ണനെ പരിഹസിക്കാനും അയാള്‍ മടിക്കുന്നില്ല. അയാളുടെ സ്വഭാവപരിണാമങ്ങള്‍ ജയകൃഷ്ണന്റെ അമ്മയും സൂചിപ്പിക്കുന്നുണ്ട്. രണ്ടാമത്തെ സീനില്‍ രാമനുണ്ണി നായരുടെ വീട്ടുമുറ്റത്തെത്തുന്ന ജയകൃഷ്ണന്‍ അയാളുമായി കലഹിക്കുന്നു. ആ സ്ഥലം ഒഴിഞ്ഞുകൊടുത്ത് മറ്റൊരു സ്ഥലത്തേക്ക് പോകണമെന്നതാണ് ജയകൃഷ്ണന്റെ ആവശ്യം. ഒന്നും രണ്ടും പറഞ്ഞ് അവര്‍ വഴക്കിടുന്നുണ്ട്. പാവം കുടിയാന്റെ ചെറുത്തുനില്പും ഭാവഹാവങ്ങളും ജഗതി പ്രകടിപ്പിക്കുന്നത് ഗ്രാമീണനായ ഒരു കുടിയാന്റെ സ്വാഭാവികമായ ആവിഷ്‌കാര പ്രതികരണങ്ങളിലൂടെയാണ്. നിസ്സഹായത, പരാജയബോധം, രോഷം, മനോനിയന്ത്രണമില്ലായ്മ എന്നിവയൊക്കെ ആ മുഖത്ത് പ്രത്യക്ഷപ്പെടുന്നു.

ഫ്രെയിമില്‍ ജഗതി നല്‍കുന്ന പെര്‍ഫക്റ്റ് ടൈമിങ് കൂടി ശ്രദ്ധിക്കേണ്ടതാണ്. അവസാനത്തെ സീനില്‍, മദ്യപിച്ച് ജയകൃഷ്ണനും കൂട്ടരും രാമനുണ്ണിനായരെ കാറില്‍ തട്ടിക്കൊണ്ടുപോവുകയാണ്. ആ സീനിന്റെ അവസാനം ജോര്‍ജ്, രാമനുണ്ണി നായരുടെ കൈകള്‍ കൂട്ടിക്കെട്ടിയ കയറ് അമ്പരപ്പിക്കുന്ന വേഗത്തില്‍ മുറിച്ചുമാറ്റുന്നു. നെറ്റിയില്‍ കുത്തിനില്‍ക്കുന്ന കത്തിമുന മൂക്കിന്റെ തുമ്പിലൂടെ, കഴുത്തിലൂടെ സഞ്ചരിക്കുമ്പോള്‍ കണ്ണടച്ച് മരണം പ്രതീക്ഷിച്ചു, രാമനാമം ജപിച്ചുകിടക്കുന്ന രാമനുണ്ണിനായരെയാണ് നാം കാണുന്നത്. ജോര്‍ജ് അങ്ങനെ ചെയ്യുമെന്ന ഉത്കണ്ഠ മറ്റുള്ളവര്‍ക്കുമുണ്ട്. പെട്ടെന്ന് ആ കത്തി, കയറിനെ അതിവേഗത്തില്‍ മുറിച്ചുമാറ്റുന്നു. തന്റെ കൈകള്‍ സ്വതന്ത്രമായതറിഞ്ഞ് കണ്ണുതുറക്കുന്ന രാമനുണ്ണിനായര്‍, രക്ഷപ്പെട്ടതിന്റെ 'ഭയങ്കരമായ' ആശ്വാസത്തില്‍ ദീര്‍ഘനിശ്വാസം വിട്ട് രാമനാമം ജപിക്കുന്ന ആ ഒരൊറ്റ നിമിഷത്തിന്റെ ഭാവപ്രകടനത്തില്‍ തന്നെ ജഗതിയിലെ സൂക്ഷ്മാഭിനയത്തിന്റെ മൂലകം എന്തെന്ന് നമുക്ക് പിടികിട്ടുന്നു. നിസ്സഹായമായ ഒരു കുടിയാന്‍ജന്മത്തിന്റെ ആവിഷ്‌കാരം തന്നെ ആ നടന്റെ കഥാപാത്ര പരിചരണത്തിന്റെ കലാത്മകമായ അടയാളവാക്യമാണ്.

ഹാസ്യത്തിന്റെ പുനര്‍ജനി

പൊതുവേ മലയാളസിനിമയില്‍ ആരോഗ്യകരമായ കാലാവസ്ഥാവ്യതിയാനം സംഭവിക്കുന്നത് എണ്‍പതുകളിലാണ്. അതിനു മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. കഥാഗതിയുടെ വൈകാരിക പിരിമുറുക്കങ്ങള്‍ക്കിടയില്‍ റിലീഫായി നര്‍മംചാലിക്കുന്ന വിദൂഷകവേഷങ്ങളാണ് നാം മിക്ക സിനിമകളിലും കാണുന്നത്. എണ്‍പതുകള്‍ക്ക് മുമ്പ് ജഗതി അഞ്ഞൂറിലേറെ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും കഥാഗതിയില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന നര്‍മരംഗങ്ങളുടെ റിലീഫുകള്‍ മാത്രമായിരുന്നു. അക്കാലത്ത് നര്‍മം അവതരിപ്പിക്കുന്ന നടന്മാരെ മുഴുവന്‍ ഹാസ്യനടന്മാരെന്നു ചാപ്പകുത്തുകയും ചെയ്തു. അടൂര്‍ഭാസി, ബഹദൂര്‍, അടൂര്‍ പങ്കജം, ശങ്കരാടി, മീന, ഫിലോമിന, മണവാളന്‍ ജോസഫ്, കടുവാക്കുളം എന്നിവരില്‍ നിന്ന് ഇത് ആരംഭിക്കുകയും ജഗതി, പപ്പു, കുഞ്ചന്‍, മാമുക്കോയ, മാള, ഇന്നസെന്റ് എന്നിവരില്‍ ഹാസ്യം എത്തിച്ചേരുകയും ചെയ്ത കാലമാണിത്. അഭിനയശേഷി ഉണ്ടായിട്ടും ഇവര്‍ ഹാസ്യം വിളമ്പുന്ന ടൈപ്പുകളായി ബ്രാന്‍ഡ് ചെയ്യപ്പെട്ടു. മെലോഡ്രാമയോളമെത്തുന്ന നാടകീയ പിരിമുറുക്കമുള്ള ആദ്യകാല സിനിമകളില്‍ ഹാസ്യത്തിനായി പ്രത്യേക ട്രാക്ക് സൃഷ്ടിക്കപ്പെട്ട കാലമാണിത്. കാണികളെ ചിരിപ്പിക്കുക എന്ന ദൗത്യത്തിനുവേണ്ടി ഇവര്‍ക്കായി ഒട്ടേറെ സീനുകള്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. തിരക്കഥാകൃത്തുക്കളല്ല ഇത്തരം സീനുകള്‍ എഴുതിയിരുന്നത് എന്നുകൂടി ഓര്‍ക്കുക. ഈ കാലത്തെപ്പറ്റി ജഗതിതന്നെ സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്.

thoovanathumpikal
തൂവാനത്തുമ്പികളിൽ മോഹൻലാലും ജഗതിയും. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

''പഴയ സംവിധായകരില്‍ മിക്കയാളുകളും സ്‌ക്രിപ്റ്റില്‍ പോലും ഹാസ്യരംഗങ്ങളുടെ ഡയലോഗുകളോ സൂചനകളോ എഴുതിയിട്ടുണ്ടാവില്ല. മിക്കവാറും മാര്‍ജിനുകളില്‍ കോമഡി എന്നു മാത്രം എഴുതിയിട്ടുണ്ടാകും.'' 'ഹാസ്യ'താരം തന്നെ തന്റെ സ്‌ക്രിപ്റ്റ് എഴുതേണ്ട ഗതികേടിനെയാണ് ഇതു സൂചിപ്പിക്കുന്നത്. കഥാഗതിയുടെ പിന്നാമ്പുറത്തുള്ള ലായത്തില്‍ കെട്ടിയ ഈ നടന്മാര്‍ മൗലികമായ അഭിനയത്തികവുകൊണ്ട് ഇതിനെയും ഭേദിച്ചിട്ടുണ്ട്.
ഹാസ്യം സൃഷ്ടിച്ചേ മതിയാകൂ എന്ന അവസ്ഥയില്‍ താനൊക്കെ സിറ്റുവേഷനുകള്‍ തിരഞ്ഞെടുത്ത് കഥാപാത്രത്തിനു സ്വകീയമായ വിധത്തില്‍ വ്യക്തിത്വം നല്‍കിയിട്ടുണ്ടെന്ന് ജഗതിതന്നെ ഒരിക്കല്‍ സമ്മതിച്ചിട്ടുണ്ട്. ഇതു പില്‍ക്കാലത്ത് തനിക്ക് ഗുണകരമായി തീര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ജഗതിയുടെ അഭിനയജീവിതത്തില്‍ തിരിച്ചറിവിന്റെ കാലംകൂടിയാണിത്. ശരീരഭാഷ പൂര്‍ണമായും ഉപയോഗപ്പെടുത്തിയും കോമാളിത്തം കലര്‍ന്ന ചേഷ്ടകളെ വിനിയോഗിച്ചും കാണികളെ രസിപ്പിക്കുക എന്ന ദൗത്യം നിറവേറ്റിയ സന്ദര്‍ഭങ്ങള്‍ ആയിരുന്നു ഈ കാലം. ജഗതിയിലെ കോമാളിയെ, അഭിനയത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ പില്‍ക്കാലത്തിനു കഴിഞ്ഞു എന്നതു മാത്രമാണ് ഈ നടന് അക്കാലങ്ങളില്‍ ലഭിച്ച ആശ്വാസം.

മാറ്റത്തിന്റെ മൂശയിലേയ്ക്ക്

എണ്‍പതുകള്‍ക്കുശേഷം മലയാള സിനിമയില്‍ ക്രിയേറ്റിവിറ്റിയുടെ പുതിയ സമതലങ്ങള്‍ തേടി സംവിധായകരുടെയും എഴുത്തുകാരുടെയും ഒരു സംഘം എത്തുകയുണ്ടായി. ഷൂട്ടിങ് വെറുമൊരു ലേബര്‍വര്‍ക്കാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതിനുമുമ്പുള്ള ആവിഷ്‌കാര സന്ദര്‍ഭങ്ങളാണ് സിനിമയുടെ ജനിതകം നിര്‍ണയിക്കുന്നത്. നിലവിലുള്ള ചലച്ചിത്രനിര്‍മാണത്തിന്റെ രീതിശാസ്ത്രങ്ങളെ ഈ വിധം അവര്‍ തിരസ്‌കരിക്കുന്നുമുണ്ട്. സിനിമയുടെ സര്‍വപ്രധാനമായ ആധാരം സമഗ്രതയുള്ള തിരക്കഥ തന്നെയാണെന്ന് ബോധ്യപ്പെടുന്നതും ഇക്കാലത്താണ്. സംവിധായകന്‍ ഇക്കാലത്ത് വെറുമൊരു കോഓര്‍ഡിനേറ്റര്‍ എന്ന തലത്തില്‍നിന്ന് ക്രിയേറ്റീവ് ലീഡര്‍ എന്ന പിതൃരാജ്യത്തിലേക്ക് പ്രവേശിച്ചു. അതോടെ പഴയ ഗൃഹപാഠങ്ങള്‍ അപ്രസക്തമായി. ജീവിതത്തെ അരികെനിന്നു കാണുന്ന കഥകള്‍ക്ക് സ്വീകാര്യതയുണ്ടായി.

അറുപതുകളിലും എഴുപതുകളിലുമുള്ള കഥാസങ്കല്പങ്ങള്‍ ഇങ്ങനെയായിരുന്നില്ല. എണ്‍പതുകള്‍ക്കുശേഷം ഹാസ്യനടന്‍മാരിലും കഥാപാത്രങ്ങളെ സമഗ്രമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആവിഷ്‌കാരശേഷിയുണ്ടെന്ന് സംവിധായകര്‍ തിരിച്ചറിഞ്ഞു. ജീവിതത്തെയും ജീവിതവ്യാപാരങ്ങളെയും ആന്തരികസംഘര്‍ഷങ്ങളെയും പ്രണയ പ്രതികാര ഭാവങ്ങളെയും ആവിഷ്‌കരിക്കാന്‍ സ്വാഭാവികമായി കഥപറയുന്ന രീതിക്ക് പ്രചാരം വരുന്ന ഘട്ടമാണിത്. കഥാപാത്രങ്ങള്‍ സമൂഹത്തില്‍ കാണുന്ന ചിരപരിചിതരായ മനുഷ്യരുടെ വാര്‍പ്പുമാതൃകകളായപ്പോള്‍ കഥപറയുന്ന രീതിക്കും മാറ്റമുണ്ടായി. എന്തുപറയുന്നു എന്നതിനോടൊപ്പം എങ്ങനെ പറയുന്നു എന്നതും പ്രസക്തമായി. അയല്‍പക്കത്തെ പയ്യന്‍, അയല്‍പക്കത്തെ അമ്മാവന്‍, നാട്ടുകവലയിലെ ചായക്കട, അമ്പലപ്പറമ്പും പള്ളിപ്പറമ്പും ഉള്‍പ്പെട്ട സാമൂഹികചര്‍ച്ചാകേന്ദ്രങ്ങള്‍, ഇടവഴികള്‍, ആല്‍ത്തറകള്‍  എന്നിവയൊക്കെ മലയാള സിനിമയിലേക്ക് അലങ്കാരങ്ങളില്ലാതെ കടന്നുവന്ന ഘട്ടമാണിത്. ജീവിതം, ജീവിതപരിസരം എന്നിവയെ നേരിട്ടു സ്പര്‍ശിക്കുന്ന കഥകള്‍ പറയേണ്ടിവന്നപ്പോള്‍, കുടുംബം, സമൂഹം എന്നിവ പ്രമേയങ്ങളുടെ കേന്ദ്രസ്ഥാനത്തുവന്നു. നായകനോടൊപ്പം മറ്റു കഥാപാത്രങ്ങളും കഥാഘടനയുടെ അനിവാര്യകഥാവാഹകരായി. ഇത് മലയാളത്തില്‍ വന്‍ ചലനങ്ങളാണ് സൃഷ്ടിച്ചത്.

ടൈപ്പുകളായി തളഞ്ഞുകിടക്കുന്ന ചില നടന്മാര്‍ രക്ഷപ്പെടുന്നതും ഈ ഘട്ടത്തിലാണ്. ജനാര്‍ദനന്‍ എന്ന മലയാളസിനിമയിലെ വില്ലന്‍, ഹാസ്യം കൈകാര്യം ചെയ്യാനറിയുന്ന നടനായി രൂപാന്തരം പ്രാപിക്കുന്നു. തിലകന്‍, ഒടുവില്‍, ശങ്കരാടി, മുകേഷ്, ശ്രീനിവാസന്‍, ജഗതി, ഇന്നസെന്റ് തുടങ്ങിയ നടന്മാരില്‍ കഥാപാത്രങ്ങളെ സ്വാംശീകരിച്ചെടുക്കുന്നതിലുള്ള പ്രതിഭയും വെളിച്ചപ്പെടുന്നത് ഇതേ കാലയളവില്‍തന്നെയാണ്.
തന്റെ നൂറുകണക്കിന് കഥാപാത്രങ്ങളില്‍ കഥാഘടനകൊണ്ടും ആവിഷ്‌കാര സാധ്യതകള്‍ കൃത്യമായി ഉള്‍ക്കൊണ്ടതുകൊണ്ടും മമത തോന്നിയ 10 കഥാപാത്രങ്ങളെ ആറുവര്‍ഷംമുന്‍പാണ് ജഗതി തിരഞ്ഞെടുത്തിരുന്നത്. ഉദയനാണു താരം, രാമാനം, ഉറുമി, കിലുക്കം, മൂന്നാം പക്കം, മേക്കപ്പ്മാന്‍, പരദേശി, അവിട്ടംതിരുനാള്‍ ആരോഗ്യശ്രീമാന്‍, കടാക്ഷം, നോട്ടം എന്നിവയായിരുന്നു ആ പത്ത് സിനിമകള്‍. മറ്റൊരിക്കല്‍ തനിക്ക് വെല്ലുവിളി ഉയര്‍ത്തിയ മൂന്ന് കഥാപാത്രങ്ങളെക്കുറിച്ച് ജഗതി പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. പ്രാഞ്ചിയേട്ടന്‍ ദ സെയ്ന്റിലെ പണ്ഡിറ്റ് ദീന്‍ദയാല്‍, കേരള കഫെയിലെ ബസ് യാത്രക്കാരന്‍, നിഴല്‍ക്കുത്തിലെ ആമീന്‍ എന്നിവയാണ് ആ മൂന്ന് കഥാപാത്രങ്ങള്‍.

പല സന്ദര്‍ഭങ്ങളിലായി ജഗതി മറ്റുചില കഥാപാത്രങ്ങളെയും സാന്ദര്‍ഭികമായി ഓര്‍മിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഈ കണക്കെടുപ്പുകളിലൊന്നും ജഗതിയുടെ ആവിഷ്‌കാരമുദ്ര പതിഞ്ഞ മറ്റുസിനിമകള്‍ കടന്നുവന്നിട്ടില്ല.

പറഞ്ഞുതീരാത്ത നടനപ്പെരുമ

കാബൂളിവാല, തന്മാത്ര, പാവം ഐ.എ. ഐവാച്ചന്‍, നന്ദനം, അപൂര്‍വ്വം ചിലര്‍, കല്ല്യാണസൗഗന്ധികം, പാസഞ്ചര്‍, അറബിക്കഥ, സ്വപ്‌നസഞ്ചാരി, യോദ്ധ, ഇന്ത്യന്‍ റുപ്പി, എല്‍സമ്മ എന്ന ആണ്‍കുട്ടി, പളുങ്ക്, സദാനന്ദന്റെ സമയം, മീശമാധവന്‍, ക്ലാസ്‌മേറ്റ്‌സ്, ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്, വാസ്തവം, വീരാളിപ്പട്ട്, ബാലേട്ടന്‍, പഴശ്ശിരാജ, അമൃതം, കഥാവശേഷന്‍, ഒരു സിബിഐ ഡയറിക്കുറിപ്പ്, അമ്മയാണെ സത്യം, മേലേപ്പറമ്പില്‍ ആണ്‍വീട്, കല്ലുകൊണ്ടൊരു പെണ്ണ്, പഴശ്ശിരാജ, തലപ്പാവ്, മഴ, കാളവര്‍ക്കി, ഭൂമിയിലെ രാജാക്കന്മാര്‍ തുടങ്ങിയ സിനിമകളില്‍ ജഗതിയുടെ കഥാപാത്രങ്ങള്‍, ആസ്വാദകലോകത്തെ കീഴ്‌പ്പെടുത്തിയിട്ടുണ്ട്. വാസ്തവത്തില്‍ ജഗതിയിലെ നടനപ്പെരുമ തേടിയുള്ള ഈ തിരഞ്ഞെടുപ്പുപോലും അശാസ്ത്രീയവും സാഹസികവുമാണ്. ജഗതിയുടെ സിനിമാജീവിതത്തെ അപഗ്രഥിക്കുന്ന ഒരാള്‍ക്ക് പല വിധത്തിലുള്ള മുന്‍ഗണനാക്രമങ്ങളാണ് ലഭിക്കുക. ജഗതി മിന്നിമറഞ്ഞ ഒരൊറ്റ സീനിലെ മാന്ത്രികത മാത്രം ഉള്‍ക്കൊണ്ട് ഈ നടനെ ഇത്തരം തിരഞ്ഞെടുപ്പുകളിലൊന്നും തളച്ചിടാനാവില്ല എന്ന് ആവലാതിപ്പെടുന്ന നിരൂപകരും നമുക്കുണ്ട്.

സിനിമയിലെ ജഗതികഥാപാത്രങ്ങളെ മൂന്ന് കള്ളറകളില്‍ ഒതുക്കാം. അതില്‍ ആദ്യത്തെത് കഥാപാത്രവുമായി ബന്ധമില്ലാത്ത ഹാസ്യം സൃഷ്ടിക്കുന്ന ഉദ്ദേശ്യരഹിതമായ കഥാപാത്രങ്ങളാണ്. കേവലഹാസ്യം എന്ന തത്ത്വത്തെ മാത്രം മുന്‍നിര്‍ത്തി രൂപപ്പെടുത്തുന്ന കഥാപാത്രങ്ങളാണിത്. തുറന്നുചിരിക്കാനുള്ള മൂലകങ്ങള്‍ അതില്‍ കാണും. ഇത് അടൂര്‍ഭാസിയുടെ കാലം മുതലാണ് തുടങ്ങിയതെന്ന് നേരത്തേ സൂചിപ്പിക്കുകയുണ്ടായി. ഈയൊരുകാലത്ത് ഭാസിയുടെ തുടര്‍ച്ചയായിരുന്നു ജഗതി. ആഹാര്യംകൊണ്ടും, ചലനം, നോട്ടം, ഭാവം, ജെര്‍ക്കുകള്‍ എന്നിവകൊണ്ടും അങ്ങനെ വിലയിരുത്താവുന്നതാണ്.

പില്‍ക്കാലത്ത് സിനിമയിലെ കഥാസന്ദര്‍ഭങ്ങളുമായി ഗാഢബന്ധമുള്ള കഥാപാത്രങ്ങളുടെ വരവിലാണ് ജഗതിയുടെ ക്ലാസ് തിരിച്ചറിയപ്പെടുന്നത്. മൂന്നാമത്തെത് തീര്‍ത്തും വ്യത്യസ്തമായ, നടന്റെ ക്രിയാംശംകൊണ്ടും പരിചരണംകൊണ്ടും സൂക്ഷ്മമായ വികാരപ്രകടനംകൊണ്ടും ശ്രദ്ധേയമാവുന്ന ജഗതിയന്‍ കലാവിദ്യയാണ്. രാമാനം, വാസ്തവം, കടാക്ഷം, നോട്ടം, നിഴല്‍ക്കുത്ത്, ഉറുമി, മൂന്നാംപക്കം, പരദേശി തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ജഗതിയിലെ നടനെ കലാസമൂഹത്തിന്റെ മുന്‍പില്‍ പ്രതിഷ്ഠിച്ച റോളുകളാണ്. ഇത്തരം കഥാപാത്രങ്ങളാണ് ജഗതിക്ക് അര്‍ഹിക്കുന്ന വിധം ലഭിക്കാതെ പോയത്. കഥയില്‍നിന്നും അടര്‍ത്തിമാറ്റാനാവാത്ത വിധം അനിവാര്യമായ കഥാപാത്രങ്ങള്‍ മലയാള സിനിമയിലേക്ക് കടന്നുവന്നത് നായക കേന്ദ്രീകൃതമായ സിനിമകളിലാണ്. നായകനും കൂട്ടുകഥാപാത്രങ്ങളും ചേര്‍ന്നാണ് കഥയെ നയിക്കുന്നതും നര്‍മം സൃഷ്ടിക്കുന്നതും. ഇവിടെ സംവിധായകര്‍, നായകസ്വഭാവത്തെ പോഷിപ്പിക്കുന്ന മറ്റൊരു നായകകഥാപാത്രത്തെ സൃഷ്ടിക്കുന്നു. ഇത്തരം കൂട്ടുവേഷങ്ങളിലാണ് മലയാളത്തിലെ മികച്ച നടന്മാര്‍ ജനപ്രിയ താരങ്ങളായി ഉയര്‍ന്നുവന്നത്. കിരീടത്തില്‍ മോഹന്‍ലാലിനോടൊപ്പം തിലകനും, കിലുക്കത്തിലെ ഫോട്ടോഗ്രാഫര്‍ നിശ്ചലും നാടോടിക്കാറ്റിലെ വിജയനും ഉദാഹരണം.

മോഹന്‍ലാലും ജഗതിയും ചേര്‍ന്നഭിനയിച്ച കിലുക്കവും യോദ്ധയും ഇതിന്റെ മികച്ച ദൃഷ്ടാന്തം തന്നെ. മുകേഷ്, ശ്രീനിവാസന്‍, ജഗതി, തിലകന്‍, ജഗദീഷ്, ഇന്നസെന്റ് തുടങ്ങിയവര്‍ ഇത്തരത്തില്‍ നായകരോടൊപ്പം നായകതുല്യമായ വേഷങ്ങള്‍ ചെയ്തവരാണ്.വാക്ക്, നോക്ക്, ചലനം, പ്രതികരണം, ഭാഷണഭേദം, ചിരി, വക്രീകരണം, എന്നിവയുടെ മാനങ്ങള്‍, കഥാപാത്രങ്ങള്‍ക്ക് എത്രമാത്രം നല്കാമെന്നതിനെക്കുറിച്ച് ബോധവാനാണ് ജഗതി. ഒരു കഥാപാത്രത്തിന്റെ ആന്തരികവും ബാഹ്യവുമായ ഘടന നിര്‍ണയിക്കേണ്ടിവരുന്ന ഘട്ടത്തില്‍, കാലങ്ങളിലൂടെ നേടിയ നിരീക്ഷണബോധം ഈ നടന് വളരെ സഹായകമായിരുന്നിട്ടുണ്ട്. അതോടൊപ്പം തന്റെ വായനാനുഭവങ്ങളും ഒപ്പംനിന്നതായി ജഗതി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജഗതി അഭിനയിച്ച പോലീസ് കഥാപാത്രങ്ങള്‍ മാത്രം മതി ഇതിന് അടിവരയിടാന്‍. ഈ കഥാപാത്രങ്ങളെല്ലാം നിര്‍ദോഷമായ ഹാസ്യത്തിനുവേണ്ടി സൃഷ്ടിച്ചതുമാകാം. ജഗതിയുടെ പാതിരി കഥാപാത്രങ്ങളെയും ഇതേഗണത്തില്‍പെടുത്താം. ഇത്തരം കഥാപാത്രങ്ങളുടെ ഒട്ടേറെ പൂര്‍വമാതൃകകള്‍ ജഗതിയുടെ നിരീക്ഷണാനുഭവങ്ങളിലുണ്ട്.

കേട്ടറിയണം ജഗതിയെ

കഥാപാത്രങ്ങള്‍ക്ക് പകര്‍ന്നാടുന്ന ചലനവിശേഷംപോലെ, പ്രാഗല്ഭ്യം നിറഞ്ഞതാണ് ആ കഥാപാത്രങ്ങള്‍ക്ക് നല്കുന്ന ശബ്ദവും. ഡബ്ബിങ്ങില്‍ ജഗതി ഏകാഗ്രപൂര്‍ണനായി കഥാപാത്രത്തിന്റെ സ്വഭാവസങ്കീര്‍ണതയറിഞ്ഞ് ശബ്ദം നല്കുന്നു. അത്രമാത്രം സെന്‍സിറ്റീവ് ആണ് ആ റെന്‍ഡറിങ്. ഉദയനാണ് താരത്തിലെ പച്ചാളം ഭാസിയെ കാണുകയും കേള്‍ക്കുകയും ചെയ്യുക. സിനിമയുടെ നാഗരിക പരിഷ്‌കാരങ്ങള്‍ക്ക് ചേര്‍ന്നവിധം ആ കഥാപാത്രത്തിന് ഭാഷണഭേദം നല്കുന്നു. ആ നടത്തം സകലലോകലീലകള്‍ കണ്ട നടനഗുരുവിന്റെതാണ്. ശ്രീനിവാസന്‍ വേഷമിട്ട സരോജ് കുമാറിനെ നവരസങ്ങള്‍ പഠിപ്പിക്കുമ്പോള്‍, നടനഗുരു നടന്റെ മീതെ പറക്കുന്ന പരുന്തായിമാറുന്നു. ആത്മഭാഷണത്തിലൂടെ ശിഷ്യന്റെ വിഡ്ഢിത്തങ്ങളെ ഗുരു പരിഹസിക്കുന്നു.

ഗതികേടുകൊണ്ട് ഉദയന്‍ (മോഹന്‍ലാല്‍) സരോജ് കുമാറിനെ (ശ്രീനിവാസന്‍) തേടിവരുമ്പോള്‍ വാതില്‍തുറക്കുന്നത് പച്ചാളം ഭാസിയാണ് (ജഗതി). ഇതിനകം ഭാസി, സരോജ്കുമാറിന്റെ മാനേജരോ, മറ്റെന്തെല്ലാമോ ആയിക്കഴിഞ്ഞു. ഈ സിനിമയില്‍ മറ്റൊരു സിനിമയിലും കാണാത്ത നാട്യഗുരുവാണ് പച്ചാളം ഭാസി. ജഗതി ആ കഥാപാത്രത്തിന് തികച്ചും നൂതനമായ മാനറിസങ്ങള്‍ നല്കി. എന്നാല്‍ ഒറ്റനോട്ടത്തില്‍, നാട്യഗുരുതന്നെ. ആ നടത്തത്തിലും നോട്ടത്തിലുമാണ് നടനഗുരുവിന്റെ ഭാവമുള്ളത്. ആ കഥാപാത്രം സഞ്ചരിക്കുന്നത് ആ ഭാവത്തിലാണ്. ഉദയന്‍ വാതിലില്‍ മുട്ടുമ്പോള്‍ ഭാസിയാണ് വാതില്‍ തുറക്കുന്നത്. കണ്ണുകൊണ്ട് ഉദയനെ ഉഴിഞ്ഞാണ് ഭാസി സവിശേഷമായൊരു ടോണില്‍ സംസാരിക്കുന്നത്. തുടര്‍ന്നുള്ള നവരസാഭിനയം, ഒരു നടന്റെ ആഴമേറിയ പ്രതിഭയുടെ തിരനോട്ടംതന്നെയാണ്.

വാസ്തവം എന്ന സിനിമയില്‍ ബാലചന്ദ്രന്‍ (പൃഥ്വിരാജ്) ജഗതിയുടെ (കൃഷ്ണപിള്ള) വീട്ടിലേക്ക് കടന്നുവരുന്ന ഒരു സീനുണ്ട്. ഒരു ആക്ടിവിറ്റി സീനാണിത്. തിരുവിതാംകൂറിന്റെ സ്വഭാവങ്ങളെപ്പറ്റി സംസാരിക്കുന്നതിനിടയില്‍ ജഗതി പാചകം ചെയ്യുന്നതും കണ്ണടവെക്കുന്നതുമായ രംഗങ്ങള്‍ അതിന്റെ ടൈമിങ് കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. തഴക്കംചെന്ന ഒരു സെക്രട്ടേറിയറ്റിന്റെ ഉപജാപകന്‍ പിള്ളയുടെ ചിത്രം ജഗതി അന്യൂനമായി അവതരിപ്പിച്ചു. ആ പിള്ളയ്ക്ക് തന്റെതായ ഒരു ശരീരഭാഷ നല്കുകയാണ് ജഗതി. ആ കഥാപാത്രത്തിന്റെ സ്വഭാവരൂപവത്കരണത്തിനും സ്വാംശീകരണത്തിനും പരമാവധി സൂക്ഷ്മത നല്കുന്ന നടന്‍, കുറഞ്ഞ അളവിലുള്ള വികാരപ്രകടനംകൊണ്ടാണ് ഇത് സാധിക്കുന്നത്.

ഉദ്യോഗസ്ഥരാഷ്ട്രീയ ഉപജാപകങ്ങളുടെ ആശാനായ ഈ കഥാപാത്രം സെക്രട്ടേറിയറ്റിലെ 'പൊന്നുതമ്പുരാന്റെ ചക്രം വാങ്ങുന്ന പ്രജയുടെ' ഒരു 'ഭരണഭാഷ'യിലൂടെയാണ് കഥാപാത്രത്തെ പകര്‍ന്നാടുന്നത്.
ഒരഭിമുഖത്തില്‍ ജഗതി പറയുന്നു: ''ഭാഷ എനിക്ക് പ്രധാനമാണ്. എന്റെ ഭാഷയില്‍ ഞാന്‍ സംസാരിക്കുന്നതുപോലെയോ ഞാന്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ പോലെയോ വേറൊരാള്‍ക്ക് ചെയ്യാന്‍ സാധ്യമല്ല. അത് മിമിക്രി ആയിപ്പോകും... ഒരു കഥാപാത്രം പ്രേക്ഷകമനസ്സില്‍ ആഴ്ന്നിറങ്ങണമെങ്കില്‍ ആ പ്രദേശത്തെ ഭാഷയും സംസ്‌കാരവും അറിയണം. ഭാഷയുടെ വിവിധ വഴക്കങ്ങള്‍ അറിയണം... കഥാപാത്രങ്ങള്‍ വിവിധതരത്തില്‍ കൈയാളുമ്പോള്‍ അതിനനുസരിച്ച് ഭാഷ പ്രയോഗിക്കണം. അതൊക്കെ എന്നില്‍ ഒരു പരാജയഭീതി സൃഷ്ടിക്കും.''

ഉറുമിയില്‍ ചീണിച്ചേരിക്കുറിപ്പിന് ക്‌ളാസിക്കലായ, അതേസമയംതന്നെ സ്‌ത്രൈണാംശംനിറഞ്ഞ ഈണമുള്ള ഭാഷണമാണ് ജഗതി നല്കുന്നത്. ബന്ധുക്കള്‍ ശത്രുക്കളിലെ സര്‍വസാക്ഷിയായ സ്വാമിക്ക് ജഗതി നല്കുന്ന ശബ്ദം, ഗീതാപ്രഭാഷണം നടത്തുന്ന സന്ന്യാസിയുടെതാണ്. ഇതിന്റെ ചെറിയ വ്യതിയാനമാണ് പൊന്മുട്ടയിടുന്ന താറാവിലെ വെളിച്ചപ്പാട്. പാവം ഐ.എ. ഐവാച്ചനിലെ സ്വാമിക്ക് പ്രബോധകന്റെ ശബ്ദം നല്കുന്ന ജഗതി, പാസ്റ്ററാകുമ്പോള്‍ വൈദികന് പരിചിതമായ നാട്ടുഭാഷണഭേദം നല്കുന്നു. ക്‌ളാസ്‌മേറ്റിലെ അച്ചന്‍, വിദ്യാഭ്യാസമുള്ള പാതിരിയാണ്. ഇന്നലെയിലെ തമിഴ്‌നാട്ടുകാരന്‍ ട്രാന്‍സ്‌പോര്‍ട്ട് ഉടമ അഴഗപ്പന്‍ സംസാരിക്കുന്ന തമിഴ് നാഗര്‍കോവില്‍ തമിഴാണ്. പഞ്ചവടിപ്പാലത്തിലെ ജഗതി, മധ്യതിരുവിതാംകൂറിലെ ക്രിസ്തീയഭാഷയുടെ സ്വരം കേള്‍പ്പിക്കുന്നു. കഥാപാത്രങ്ങളുടെ പ്രാദേശിക ഛായകള്‍ക്കനുസരിച്ച് കഥാപാത്രങ്ങളുടെ സംഭാഷണങ്ങക്ക് കൃത്യമായ വാമൊഴിവഴക്കം (ടഘഅചഏ) നല്കാന്‍ ജഗതി ശ്രമിക്കുന്നുണ്ട്.

അപൂര്‍വം ചിലരിലെ ശങ്കരവാര്യരെ കാണുമ്പോള്‍ അയാളുടെ വാക്കിലും നോക്കിലും നില്‍പ്പിലും നടപ്പിലും പെരുമാറ്റത്തിലും ജനിതകവിശുദ്ധി വേണമെന്ന് ഈ നടന്‍ നിശ്ചയിക്കുന്നു. നൈര്‍മല്യമുള്ള കഥാപാത്രമാണിത്. സൂക്ഷ്മവും മിതവുമായ ചലങ്ങളിലൂടെ, വിശുദ്ധ ഭാവങ്ങളിലൂടെ വിനയസമൃദ്ധമായ സംഭാഷണത്തിലൂടെ ശങ്കരവാര്യരെ ജഗതി അവതരിപ്പിക്കുന്നു.

സമഗ്രാഭിനയത്തിന്റെ ബലതന്ത്രം

തനിക്ക് വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രം എത്ര ചെറുതായാലും അതിനെ സമഗ്രമാക്കുന്ന അഭിനയ ബലതന്ത്രം ഈ നടനിലുണ്ട്. നോട്ടത്തിലെ വാസുദേവനുണ്ണി, മൂന്നാംപക്കത്തിലെ കവല, വാസ്തവത്തിലെ ഉണ്ണിത്താന്‍ തുടങ്ങിയ കഥാപാത്രങ്ങളില്‍ ഈ നടന്റെ സമര്‍പ്പണം ശ്രദ്ധിച്ചാല്‍മതിയാകും. അരപ്പട്ടകെട്ടിയ ഗ്രാമത്തിലെ മകന്‍ കഥാപാത്രം, കുറച്ച് സീനുകളിലേയുള്ളൂ. പക്ഷേ, വീടാക്രമിക്കുമ്പോള്‍ അക്രമികള്‍ കയറിവരുന്നത് അറിയിക്കാനെത്തുന്ന ഉണ്ണിയുടെ പരിഭ്രത്തിലുണ്ട് ഒരു നടന്റെ സൂക്ഷ്മമായ അഭിനയബോധം.

ശശിപരവൂരിന്റെ 'നോട്ട'ത്തില്‍ ജഗതി അവതരിപ്പിക്കുന്ന വാസുദേവനുണ്ണി, ക്ലാസിക്കല്‍കലയുടെ പ്രയോഗപുരുഷനാണ്. വാസുദേവനുണ്ണി, സമൂഹത്തിലെ ഉയര്‍ന്ന കുലമഹിമയുള്ള ആളാണെന്ന് ജഗതിയുടെ ബിഹേവിയറില്‍തന്നെ പ്രകടമാണ്. അതോടൊപ്പം ഒരു കലാകാരന്റെ ബാഹ്യരൂപം അയാള്‍ക്കുണ്ടുതാനും. വൈകിയെത്തിയതിന് ചാക്യാര്‍വേഷം നിഷേധിക്കുമ്പോള്‍ അയാള്‍ ആകെ ഉലയുന്നുണ്ട്. തന്റെ വേഷമാണ് തന്റെ ജീവിതമെന്ന് ധരിക്കുന്ന നടനാണ് വാസുദേവനുണ്ണി. അത് നിഷേധിക്കുമ്പോള്‍, അയാള്‍ കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരയുന്നു. അവിടെനിന്ന് അയാള്‍ ആത്മഹത്യയിലേക്ക് വിട്ടുപോകുകയാണ്. കരച്ചിലിന്റെ പാരമ്പര്യത്തില്‍ ചുമരില്‍നിന്ന് മുഖമുയര്‍ത്തി, കൈകള്‍ ചുമരില്‍ ഉറപ്പിച്ച് വേച്ചുപോകുന്ന ഉണ്ണിയുടെ ചിത്രം അവിസ്മരണീയമായ ഒരു ദുരന്താനുഭവമായി മാറുന്നു.

അഭിനയത്തിനും സിനിമകള്‍ക്കുമപ്പുറം മലയാളിസമൂഹം ആവര്‍ത്തനവിരസതയില്ലാതെ കാണുന്ന ഭൂരിഭാഗം രംഗങ്ങളും ജഗതിയുടെതാണ്. ആധുനിക കേരളം ഡിജിറ്റല്‍ മീഡിയയുടെ പ്രകാശവഴിയില്‍ ഈയലുകളായി പറക്കുന്ന വര്‍ത്തമാനകാലത്ത് ജീവിതത്തിന്റെ ഭേദിക്കാനാവാത്ത പ്രതിസന്ധികളെ ഒതുക്കാന്‍ മലയാളി ചെന്നെത്തുന്ന ഇടം കോമഡിയുടെ തൊഴുത്തുകളാണ്. അവിടെയും ജഗതിതന്നെയാണ് ഒന്നാമന്‍.

ഈ നടന്റെ അപൂര്‍വമായ ഒരു പകര്‍ന്നാട്ടമാണ് നോട്ടത്തിലെ ഉണ്ണി. ഈ കഥാപാത്രത്തെ കാണുമ്പോള്‍, ജഗതി ശ്രീകുമാര്‍ നടന്‍ എന്ന നിലയിലുള്ള അസ്തിത്വം മാത്രമാണ് അഭിലഷിച്ചതെന്ന് തോന്നും. ഒരു കഥാപാത്രത്തിന്റെ സാമൂഹികസ്വഭാവം, അയാള്‍ ചെയ്യുന്ന തൊഴിലിന്റെ പ്രതിസ്ഫുരണങ്ങള്‍, കഥാപാത്രത്തിന്റെ ആന്തരികവും ബാഹ്യവുമായ രൂപഘടന, ആഹാര്യം എന്നിവയ്ക്കപ്പുറം ഒരു നടന്‍ അതിന് നല്‍കുന്ന തന്റെതായ പരിചരണമുണ്ട്. അതിന്റെ സമ്പൂര്‍ണമായ ലയത്തിലാണ് ഈ കഥാപാത്രം ജഗതിയുടെ കയ്യില്‍ രൂപംകൊള്ളുന്നത്. ഏതോ ഒരു ചെണ്ടക്കാരനോടൊപ്പം മദ്യപിച്ച്, ലക്കുകെട്ട് കിടന്നുറങ്ങി, വൈകി ചുട്ടിക്കെത്തുന്ന ഉണ്ണി, കുറ്റബോധംകൊണ്ട് വിവശനാകുന്നുണ്ട്. വേഗം നിലത്തിരുന്ന് ജുബ്ബ ഊരുന്ന ഉണ്ണിയോട്, 'ഉണ്ണി എഴുന്നേല്‍ക്കാം' എന്നാണ് ചാക്യാരുടെ മറുപടി. അവിശ്വസനീയതയോടെയാണ് ഉണ്ണി ഈ വാക്കുകള്‍ കേള്‍ക്കുന്നത്. ഞാന്‍ വേഗം തയ്യാറാവാമെന്ന് ഇടറിക്കൊണ്ട് ഉണ്ണി പറയുന്നുണ്ട്. പക്ഷേ 'ഉണ്ണി ഇന്ന് വേഷം കെട്ട്ണില്ല' എന്ന് ചാക്യാര്‍ പറയുന്നു. ഈ നിമിഷം ഉണ്ണി എല്ലാവരുടെയും മുഖത്ത് നോക്കുന്നു.

തികച്ചും തിരസ്‌കരിക്കപ്പെട്ട അയാള്‍ പോകുന്നതിനുമുന്‍പ്, 'വാസ്വേട്ട' എന്ന് നെഞ്ചുപൊട്ടുന്ന വിധത്തില്‍ പതുക്കെ വിളിക്കുന്നുണ്ട്. ഈ കഥാപാത്രത്തിന്റെ ഇത്രയും, സാന്ദ്രമായ ഒരു ബിഹേവിയര്‍ തീവ്രമായാണ് ജഗതി ആവിഷ്‌കരിച്ചത്. ഒരു നടന്‍ എന്ന നിലയില്‍ ജഗതിയുടെ നടനമുദ്രകള്‍ തെളിഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങളില്‍ ഒന്നാണിത്. നിര്‍ഭാഗ്യത്തിന് ജഗതിക്ക് വെല്ലുവിളികള്‍ നിറഞ്ഞ ഇത്തരം കഥാപാത്രങ്ങളൊന്നും അധികം കിട്ടിയിട്ടില്ല.
പലപ്പോഴും ഒരു നടനെന്നനിലയില്‍ നായകകഥാപാത്രത്തിന്റെ കൂട്ടുവേഷക്കാരനായോ നായകത്വത്തെ പോഷിപ്പിക്കുന്ന കൂട്ടുനടനായോ നിയതമായ കഥാഗാത്രമില്ലാത്ത സിനിമകളിലെ വേഷമാണ് ജഗതിക്ക് ലഭിക്കാറുള്ളത്. കലാരൂപമെന്ന നിലയില്‍ സിനിമയുടെ പൊതുമണ്ഡലത്തില്‍ ചലനമുണ്ടാക്കാത്ത സിനിമകളാണ് ഭൂരിഭാഗവും. 

വിപണിമുഖ്യമായ സിനിമകള്‍ എന്ന് ഇവയെ വിശേഷിപ്പിക്കാം. എന്നാല്‍ ഈ സിനിമകളില്‍ വിപണിമൂല്യമുള്ള ഒരു നടനാണ് ജഗതി. ജഗതി അവതരിപ്പിച്ചിട്ടുള്ള പോലീസ് വേഷങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍മതിയാകും. ഹൈവേപോലീസ്, സന്താനഗോപാലം, മാറ്റുവിന്‍ ചട്ടങ്ങളെ, എയര്‍ ഹോസ്റ്റസ്, രക്ഷകന്‍, അമ്മയ്‌ക്കൊരുമ്മ, ഞങ്ങള്‍ സന്തുഷ്ടരാണ്, ഹലോ മൈഡിയര്‍ റോങ് നമ്പര്‍, ഇന്‍ഡിപെന്‍ഡന്‍സ്, ഹാപ്പി ദര്‍ബാര്‍, സി.ഐ.ഡി. മൂസ, അപരന്‍, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, മായപ്പൊന്മാന്‍ എന്നിങ്ങനെ നാല്പതോളം സിനിമകളില്‍ ജഗതി പൊലീസാണ്. ഈ സിനിമകളിലെല്ലാം ജഗതി തിരക്കഥയുടെ ഗതികേടുകള്‍ മറികടന്ന് തന്റെ കഥാപാത്രങ്ങള്‍ക്ക് വൈവിധ്യം നിറഞ്ഞ പരിചരണം നല്‍കുന്നുണ്ട്. അതു തന്നെയാണ് ഈ നടനെ എന്നും വേറിട്ടൊരനുഭവമാക്കുന്നതും. മലയാളത്തിന്റെ ഈ മഹാനടന്‍ തിരിച്ചുവരട്ടെ.

(മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ ജഗതി സ്‌പെഷല്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Jagathy Sreekumar celebrates his 70 th birthday