ജിബി മാള - വര്‍ഷങ്ങളായി മലയാള ചലച്ചിത്ര രംഗത്ത് ശോഭയോടെ നില്‍ക്കുന്ന ഒരു നാമം. മനസ്സില്‍ സിനിമയെന്ന സ്വപ്നക്കൊട്ടാരവുമായെത്തി മാനത്തെ കൊട്ടാരത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയ സിനിമാ ജീവിതം!നീണ്ട 25 വര്‍ഷങ്ങള്‍ക്കിപ്പുറം ആ പേര് സംവിധായകന്റെ സ്ഥാനത്തേക്ക് മാറുകയാണ്.

കഴിഞ്ഞ പതിനാറ് വര്‍ഷമായുള്ള പരിചയത്തിനിടയില്‍ ഞാന്‍ വര്‍ക്ക് ചെയ്ത ഒന്‍പത് സിനിമകളില്‍ ജിബി സഹസംവിധായകനായിരുന്നു. സുനില്‍, ഹരിദാസ്, സലിംബാബ, ജഹാംഗീര്‍ ഷംസ്, രമേഷ് മാണിയത്ത് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം. അതില്‍ ചില ചിത്രങ്ങളില്‍ ജോജുവും ഒപ്പമുണ്ടായിരുന്നു.
സംവിധായകര്‍ക്ക് എന്നും വിശ്വസിച്ച് കൂടെ നിര്‍ത്താവുന്ന സഹസംവിധായകനായിരുന്നു ജിബി. കൂടെയുള്ള അസിസ്റ്റന്റ് ഡയറക്ടേഴ്‌സിനാകട്ടെ നല്ലൊരു ഗുരുവും, മാര്‍ഗ്ഗദര്‍ശിയും.

ഒരു അസിസ്റ്റന്റ് ഡയറക്ടറോട് പോലും മോശമായോ, ക്രൂരമായോ പെരുമാറാത്ത ശാന്ത സ്വഭാവി.അസിസ്റ്റന്റ് ഡയറക്ടറില്‍ തുടങ്ങി ഈ 25 വര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായില്ല! സ്വതന്ത്രനാകാന്‍ ഇതിനും എത്രയോ മുന്‍പേ കഴിയാഞ്ഞിട്ടുമല്ല!ഇടിച്ചു കയറി മുന്‍നിരയിലേക്കെത്താന്‍ ജിബി ഒരിക്കലും ശ്രമിച്ചില്ല. തന്റെ ഊഴം കാത്ത് നിന്ന് പതിയെ മുന്നിലെത്തുകയായിരുന്നു.

ആ ക്ഷമയ്ക്ക് ദൈവം കാത്തു വച്ചതാവട്ടെ , മോഹന്‍ലാലിനെപ്പോലൊരു മഹാനടനെയും, ആന്റണി പെരുമ്പാവൂരിനെപ്പോലൊരു വലിയ നിര്‍മാതാവിനെയും!ഷാജി കൈലാസ്, രഞ്ജിത്ത്, പ്രിയദര്‍ശന്‍, ജോഷി, സത്യന്‍ അന്തിക്കാട്, അമല്‍ നീരദ് ,റോഷന്‍ ആന്‍ഡ്രൂസ്, റാഫി മെക്കാര്‍ട്ടിന്‍ ,സിദ്ധിഖ്, ജീത്തു ജോസഫ്, ലാല്‍ ജോസ്, തുടങ്ങിയ വമ്പന്‍ സംവിധായകര്‍ക്ക് വേണ്ടി മാത്രം ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള, പി.ടി.കുഞ്ഞുമുഹമ്മദിന് വേണ്ടി പരദേശി എന്ന കലാമൂല്യമുള്ള സിനിമയൊരുക്കിയ, പരസ്യ രംഗത്തെ അതികായന്‍ ശ്രീകുമാര്‍ മേനോനെ ഒടിയന്‍ എന്ന സൂപ്പര്‍ ഹിറ്റിലൂടെ സംവിധായകനാക്കിയ, സൂപ്പര്‍ താരം പ്രിഥ്വിരാജിനെ ലൂസിഫറിലൂടെ സൂപ്പര്‍ സംവിധായകനാക്കിയ അതേ ആശിര്‍വാദ് സിനിമാസും, ആന്റണി പെരുമ്പാവൂരും ഇതാ ജിബി - ജോജു എന്നീ നവാഗത പ്രതിഭകള്‍ക്കായി ഒന്നിക്കുന്നു.

ഇരട്ടകള്‍ വഴി പിരിയുന്ന ഈ കാലത്ത് ഒരിക്കലും പിരിയാതെ ഹിറ്റ് കൂട്ടുകെട്ടായി ഇരുവരും മാറട്ടെ,ഏതൊരു സംവിധായകന്റെയും സ്വപ്നമായ ഓണച്ചിത്രം - അതും ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന, മോഹന്‍ലാല്‍ ചിത്രം!
ജിബിക്കും, ജോജുവിനും, ഇട്ടിമാണിക്കും വിജയാശംസകളോടെ,

സ്‌നേഹപൂര്‍വ്വം,
ഷാജി പട്ടിക്കര

Content Highlights : Shaji Pattikkara about Jibi Joju Ittymani Made In China Movie Mohanlal