പഭോഗ സംസ്‌കാരത്തെ വിമര്‍ശനാടിസ്ഥാനത്തില്‍ നിരീക്ഷിക്കുകയാണ് വിഖ്യാത സംവിധായകന്‍ ഗൊദാര്‍ദിന്റെ വീക്കെന്‍ഡ് എന്ന സിനിമ. അവധിക്കാലം ചെലവഴിക്കാനായി റോഡ് ട്രിപ്പ് പോകുന്ന ദമ്പതികളിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. മറ്റ് സിനിമകളെ അപേക്ഷിച്ച് 1967ലെ ഈ സിനിമ പ്രേക്ഷകന്റെ തലച്ചോറിനെ ചൂടുപിടിപ്പിക്കുന്നുണ്ട്.

അവധിക്കാല യാത്രയുടെ ലക്ഷ്യം തന്നെ ഭാര്യയുടെ മാതാപിതാക്കളെ കൊലപ്പെടുത്തി പൈതൃക സമ്പത്ത് കൈക്കലാക്കി കോടീശ്വരരാകുക എന്നതാണ്.

ഉപഭോഗ സംസ്‌കാരവും ആഡംബരവും അതിന് വേണ്ടിയുള്ള പരക്കംപാച്ചിലും സമ്പത്ത് കൈക്കലാക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത സ്വന്തം സ്വാര്‍ഥ താത്പര്യത്തിന് വേണ്ടി ആരെയും നിര്‍ദാക്ഷിണ്യം അവഗണിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന മനുഷ്യന്റെ വികൃതമായ മനസിനെ നിര്‍ദാക്ഷിണ്യം ഗൊദാര്‍ദ് പങ്കുവെക്കുന്നു.

മനുഷ്യന്‍ എന്ന ക്രൂരതയുടെ പര്യാലോചനകളാണ് ചിത്രത്തിലൂടനീളം. ക്രമമില്ലാത്ത അടുക്കും ചിട്ടയുമില്ലാത്ത ദൃശ്യങ്ങളെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമ്പോഴും ഓരോ ദൃശ്യങ്ങളിലൂടെയും സംവിധായകന്‍ സസൂക്ഷം കാര്യങ്ങള്‍ അവതരിപ്പിക്കുന്നു.

അത്ര ക്ഷമയില്ലാതെ കണ്ടുതീര്‍ക്കുക അസാധ്യം. പുതിയ കാലത്തെ സിനിമാ സങ്കല്‍പ്പങ്ങളെ അടിമുടി മാറ്റിമറിക്കുന്നു വീക്കെന്‍ഡ്. റോഡ് ട്രിപ്പിന് പോകുന്ന വഴിയില്‍ ദമ്പതികള്‍ കാണുന്ന ഗതാഗത കുരുക്ക് മുതലാണ് സിനിമ അതിന്റെ വിശ്വരൂപം പുറത്തെടുക്കുന്നത്.

താന്‍പോരിമയുടെ ലോകത്ത് മനുഷ്യന്‍ എത്രത്തോളം ക്രൂരനും ദയാരഹിതനുമാണെന്ന് ഗൊദാര്‍ദ് കാണിക്കുന്നു. നിത്യജീവിതത്തില്‍ പലപ്പോഴും വീക്കെന്‍ഡിലെ കഥാപാത്രങ്ങളായി ഇന്നും മനുഷ്യന്‍ മാറ്റമില്ലാതെ തുടരുന്നുവെന്നത് ചിന്തിക്കേണ്ടതാണ്. എത്രയൊക്കെ മാനവികത പറഞ്ഞാലും ആധുനിക മനുഷ്യന്‍ അവന്റെ ഉള്ളില്‍ വൃത്തികെട്ട മറ്റൊരു മുഖവുംപേറിയാണ് പുലരുന്നത്.

സിനിമയില്‍ ചിലപ്പോള്‍ ഗൊദാര്‍ദ് ചിലരിലൂടെ നേരിട്ട് കാണികളോട് സംവദിക്കുന്നു. അത് ചിലപ്പോള്‍ നാടകീയമായി ചിലപ്പോള്‍ നിര്‍ദയമായി. ഒന്നര മണിക്കൂര്‍ നീളുന്ന ഈ ഫ്രഞ്ച് സിനിമ അതിതീവ്രമായാണ് കാണികളോട് ഇടപെടുന്നത്. എല്ലാത്തരം കാണികള്‍ക്കും വേണ്ടിയുള്ള സിനിമ അല്ലിത്. പക്ഷെ എല്ലാവരെയും ഒരേപോലെ വിമര്‍ശിക്കുകയും ചെയ്യുന്നു. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത ഗൊദാര്‍ദിന് ആദരസൂചകമായാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്.

Content Highlights: Weekend movie Review, Jean-Luc Godard, International Film Festival Of Kerala, IFFK 2021