സ്വേച്ഛാധിപത്യം എത്രത്തോളം ഭീതിതമാണ്. അത്തരമൊരു സ്വേച്ഛാധിപത്യത്തിന്റെ ആവിഷ്‌കാരമാണ് ദെര്‍ ഈസ് നോ ഈവിള്‍ എന്ന സിനിമ. ഒരു സിനിമയല്ല വാസ്തവത്തില്‍ നാല് കഥകളിലൂടെയാണ് സമകാലീന ഇറാനിലെ സാഹചര്യങ്ങളെ സംവിധായകന്‍ മൊഹമ്മദ് റസോലഫ്‌ ആവിഷ്‌കരിക്കുന്നത്.

ഇറാനിലെ സ്വേച്ഛാധിപത്യത്തെ ആസ്പദമാക്കിയുള്ള നാല് കഥകള്‍ പറയുന്ന സിനിമയാണിത്. രാജ്യം നിയമിക്കുന്ന ആരാച്ചാര്‍മാരേക്കുറിച്ചും വധശിക്ഷക്കെതിരെ പൊരുതുന്ന മനുഷ്യരേക്കുറിച്ചുമാണ് ചിത്രം പറയുന്നത്. ഒരു ഏകാധിപത്യ ഭരണത്തിന്‍കീഴില്‍ വ്യക്തികള്‍ക്ക് പ്രകടിപ്പിക്കാനാകുന്ന വ്യക്തിസ്വാതന്ത്ര്യം എത്രത്തോളമെന്ന് ഈ ചിത്രം വരച്ചുകാണിക്കുന്നു.

ദെര്‍ ഈസ് നോ ഈവിള്‍, ഷീ സെഡ് ഐ കാന്‍ ഡു ഇറ്റ്, ബര്‍ത്ത് ഡെ, കിസ് മി എന്നിങ്ങനെ നാല് കഥകളാണ് രണ്ട് മണിക്കര്‍ നീളുന്ന സിനിമയിലുള്ളത്.

വധശിക്ഷ നിറവേറ്റാനുള്ള ആരാച്ചാര്‍മാരായി അളുകള്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇങ്ങനെ  ആരാച്ചാരില്‍ തുടങ്ങി ആരാച്ചാരില്‍ അവസാനിക്കുന്നു സിനിമ. ധാര്‍മ്മികതയുടെ നിര്‍ണായക ചോദ്യങ്ങളാണ് ഇതിലെ ഓരോ കഥകളും. വധശിക്ഷ പരാമര്‍ശിക്കപ്പെടുന്ന നാല് കഥകള്‍ സ്വേച്ഛാധിപത്യ ഭരണത്തിന്‍ കീഴില്‍ വ്യക്തിസ്വാതന്ത്ര്യം എത്രത്തോളം പ്രകടിപ്പിക്കാമെന്നും അത് ഒഴിവാക്കാനാവാത്ത ഭീഷണികളാണെന്നും പറയുന്നു.

സേച്ഛാധിപത്യം അത് എത്രത്തോളം ഭീതികരമാണെന്ന് അനുഭവങ്ങളില്‍ കൂടിയാണ് സംവിധായകന്‍ വിഷയങ്ങളെ അവതരിപ്പിക്കുന്നത്. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളെയും സ്വേച്ഛാധിപത്യം ഇടപെടുന്നതെങ്ങനെയെന്ന സാഹചര്യത്തെ അസ്വസ്ഥതയോടെയല്ലാതെ കണ്ട് തീര്‍ക്കാനാകില്ല.

അത്രത്തോളം സൂഷ്മവും രൂക്ഷവുമായി സംവിധായകന്‍ വിഷയത്തെ അവതരിപ്പിക്കുന്നു. സ്വേച്ഛാധിപത്യം, അതിന്റെ നിയമങ്ങള്‍ അതിന് ഇരയാകുന്ന എതിര്‍ സ്വരങ്ങള്‍, നിര്‍ബന്ധിതമായി ആരാച്ചാരാക്കപ്പെടുന്നവര്‍ അങ്ങനെ വിശാലമാണ് സിനിമ.

ഇറാനിലെ ഭൂപ്രകൃതിയെ പരമാവധി ഒരു കാന്‍വാസിലെന്ന പോലെ സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ട്. അവ നിശബ്ദമായി നമ്മോട് സംവദിക്കുന്നു.

ചിത്രം തുടങ്ങുന്നത് തന്നെ ഒരു ആരാച്ചാരുടെ വ്യക്തിജീവിതത്തിൽ നിന്നാണ്. തികച്ചും അപ്രതീക്ഷിതമായാണ് ഇവിടെ അയാളെ ഹെഷ്‌മെത് എന്ന കഥാപാത്രത്തിലൂടെ സംവിധായകന്‍ അവതരിപ്പിക്കുന്നത്. അതുവരെ അത്തരമൊരാളെ ഒരു ആരാച്ചാര്‍ എന്ന നിലയില്‍ സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത പ്രേക്ഷകരുടെ മുന്നിലേക്ക് ഇടിത്തീപോലെ ആ സത്യം അനാവരണം ചെയ്യപ്പെടുന്നു.

ഇതേപോലെയാണ് ഓരൊ കഥകളും, എല്ലാം വധശിക്ഷ എന്ന പശ്ചാത്തലത്തിലാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്. അതിലെ പല സംഭാഷണങ്ങളും സമകാലീന ഇന്ത്യയിലേക്കുള്ള ചുണ്ടുപലകകൂടിയാവുകയാണ്.

Content Highlights: There Is No Evil Movie Review, International Film Festival Of Kerala