മ്പതുവർഷം മുമ്പുള്ള ജീവിതം കറുപ്പിലും വെളുപ്പിലുമായി സ്‌ക്രീനിൽ തെളിഞ്ഞു. മധ്യതിരുവിതാംകൂറിലേക്കുള്ള കുടിയേറ്റവും ജീവിതവും അതിജീവനപോരാട്ടവുമാണ് പ്രമേയം. ഡോൺ പാലത്തറയുടെ '1956: മധ്യതിരുവിതാംകൂർ' എന്ന ചിത്രം കേരളപ്പിറവി വർഷം സൂചകമായെടുത്ത് മധ്യതിരുവിതാംകൂറിന്റെ ജീവചരിത്രം തുറന്നുവയ്ക്കുകയാണ്.

സഹോദരങ്ങളായ ഓനയുടെയും കോരയുടെയും ജീവിതത്തെ ചുറ്റിയാണ് ചിത്രം സഞ്ചരിക്കുന്നത്. അക്കാലത്തെ വരണ്ടുണങ്ങിയ ജീവിതം പച്ചപിടിപ്പിക്കാനുള്ള സാധാരണക്കാരന്റെ പച്ചയായ ജീവിതത്തിന്റെ പരിച്ഛേദം തന്നെയായി ഇത് മാറുന്നു. ഓനയുടെയും കോരയുടെയും നായാട്ടാണ് കഥാഗതിയെ മുന്നോട്ടുകൊണ്ടുപോകുന്നത്.

കാടുകയറി കിടക്കുന്ന ജീവിതത്തെ വിയർപ്പും ചോരയുമൊഴുക്കി തീയും തോക്കും കൊണ്ട് നായാട്ടിലൂടെ വെട്ടിത്തെളിച്ചെടുക്കാൻ തുനിഞ്ഞിറങ്ങുന്നത് മനുഷ്യവർഗത്തിന്റെ ജീവിതപോരാട്ടത്തെ ഓർമപ്പെടുത്തുന്നു. ബഹുവർണങ്ങൾ ഒഴിവാക്കി കറുപ്പിലും വെളുപ്പിലുമാണ് ജീവിതത്തെ പകർത്തിയിരിക്കുന്നത്. ഇതിലൂടെ യാതനകൾ നിറഞ്ഞ കാലത്തെ നിറപ്പകിട്ടില്ലാതെ ക്യാമറയിലാക്കാനാണ് സംവിധായകൻ ശ്രമിച്ചത്.

കുടിയേറ്റമേഖലയിലെ കൃഷിയിടവും ചായക്കടയും വീടുകളും വസ്ത്രങ്ങളും ചരിത്രകാലത്തിന്റെ നേർപ്പകർപ്പായി മുന്നിലെത്തുന്നു. മോസ്‌കോ അന്താരാഷ്ട്രമേളയിൽ പ്രദർശിപ്പിച്ച ഈ ചിത്രം ലിബർട്ടി തിയേറ്ററിൽ നിറഞ്ഞ സദസ്സാണ് ഏറ്റുവാങ്ങിയത്.

Content Highlights: Madhya thiruvithamkoor, Don Palathara, Review, IFFK 2021, International Film Festival Of Kerala, 1956, Central Travancore