വീട്ടിലെ സാമ്പത്തിക ആവശ്യത്തിന് ഒരുപകലില്‍ ആടിനെ വില്‍ക്കാനിറങ്ങിയ 17 കാരനായ കോസമുച്ചാക്കി, ആ പകല്‍ മതിയായിരുന്നു ഭരണകൂടത്തിന് അവനെ ഭീകരവാദിയാക്കാനും തുറങ്കിലടക്കാനും. കള്ളകേസുകളില്‍ കുടുക്കി ആദിവാസികളെയും സാധാരണമനുഷ്യരെയും ഭീകരവാദികളാക്കി ഇല്ലാതാകുന്ന ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളിലേക്ക് തിരിച്ചുവച്ച കണ്ണാടിയാണ് കോസ. മൊഹിത് പ്രിയദര്‍ശിനി സംവിധാനം ചെയ്ത സിനിമ 25 ാമത് ഐ.എഫ്.കെ.യിലെ പ്രിയചിത്രങ്ങളിലൊന്നാകുന്നത് സിനിമ പറയുന്ന വിഷയത്തിന്റെ ചൂട് കൊണ്ടുതന്നെയാണ്. ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യര്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇവര്‍ക്ക് കൃഷിയും കാടും തന്നെയാണ് ജീവിതമാര്‍ഗം. ഇവിടത്തെ ഗ്രാമത്തിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ഥിയാണ് കോസ. ഒരു പകലില്‍ മാവോവാദിയാണെന്ന് ആരോപിച്ച് കോസയെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നു. അറസ്റ്റ്പോലും രേഖപ്പെടുത്താതെ ക്രൂരമര്‍ദ്ദനത്തിനിരയാക്കുന്ന. മകനെ കാണാനില്ലെന്ന് പരാതിപ്പെടാനെത്തുന്ന പിതാവിനെ പൊലീസ് അപമാനിച്ച് ഇറക്കിവിടുന്നു. 

കേശവ് എന്ന മാധ്യമപ്രവര്‍ത്തകന്‍ കോസയുടെ പിതാവിന് സഹായവുമായി എത്തുന്നു. കേശവിന്റെ പരിചയത്തിലുള്ള സൈറ എന്ന യുവഅഭിഭാഷക കോസയ്ക്കായി നിയമസഹായം നല്‍കുന്നു എന്നാല്‍ ജൂവൈനല്‍ കോടതി എന്ന ആവശ്യമടക്കം കോസയ്ക്ക് അര്‍ഹമായ പലതും ആദ്യഘട്ടത്തില്‍ നിഷേധിക്കപ്പെടുന്നു. ഓരോ ഇടത്തും ഏറെ അപമാനങ്ങള്‍ സഹിച്ച് അര്‍ഹിച്ച നീതി വാങ്ങിക്കേണ്ട അവസ്ഥ. കോസയുടെ കൂടെ നില്‍ക്കുന്ന അഭിഭാഷകയെ പേടിപ്പിച്ച് പിന്മാറ്റാന്‍ ശ്രമിക്കുന്ന പൊലീസിന്റെ ശ്രമങ്ങളും കാണാം. മുന്‍വിധികളോടെ കേസുകളെ സമീപിക്കുന്ന ന്യായാധിപന്‍മാര്‍, ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍ എല്ലാവരുടെയും ലക്ഷ്യം യഥാര്‍ഥ ഭീകരവാദികള്‍ക്ക് പകരം കൈയില്‍ കിട്ടിയ പാവം മനുഷ്യനെ ഭീകരവാദിയാക്കാം എന്നത് മാത്രമാണ്. സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട കേസിലാണ് കോസയെ അറസ്റ്റ് ചെയ്യുന്നത്. 30 കാരനായ മറ്റൊരു ഭീകരവാദിക്ക് പകരമാണ് ആള് മാറി കോസ എന്ന 17കാരനെ അറസ്റ്റ് ചെയ്യുന്നതും ജയിലടയ്ക്കുന്നതും. ഈ യാഥാര്‍ഥ്യം അഭിഭാഷക തുറന്നുകാണിച്ചിട്ടും കണ്ടില്ലെന്ന്് നടിക്കുകയാണ് നിയമസംവിധാനം ആദ്യം ചെയ്യുന്നത്. 

kosa

നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കോസയ്ക്ക് ജാമ്യം ലഭിക്കുന്നു. എന്നാല്‍ അടുത്ത രാത്രിയില്‍ വീട്ടിലെത്തുന്ന പട്ടാളം കോസയെ വെടിവെച്ചുകൊല്ലുന്നു. ശേഷം സഹോദരിയെ മാവോവാദി എന്ന പേരില്‍ അറസ്റ്റ് ചെയ്യുകയുമാണ്. തുടര്‍ന്ന് ഒരുവ്യാജ ഏറ്റുമുട്ടല്‍ കഥയുണ്ടാക്കി മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നു. കാടിന്റെ മക്കള്‍ക്ക് കാട്ടില്‍ കയറാനുള്ള അവകാശംപോലും നിഷേധിക്കുന്ന ഭരണകൂടത്തെ ചിത്രത്തില്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. സിനിമയിലെ ഒരുസീനില്‍ കാട്ടിനുള്ളില്‍ വിറകു പെറുക്കാനെത്തുന്ന പെണ്‍കുട്ടികളെ പട്ടാളക്കാര്‍ അപമാനിച്ച് ഓടിച്ചുവിടുന്നുണ്ട്.

അതുപോലെ ആദിവാസികളുടെ മണ്ണ് പിടിച്ചെടുത്ത് വികസനമെന്ന പേരില്‍ കുത്തകകള്‍ക്കും ഖനനമാഫിയയകള്‍ക്കും കൈമാറുന്ന യാഥാര്‍ഥ്യങ്ങളിലേക്കും സിനിമ വെളിച്ചം വീശുന്നുണ്ട്. ക്ലൈമാക്സില്‍ ഏറെ ഹൃദയഹാരിയായ ഗാനത്തിലൂടെ ഈ അസമത്വത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ഭഗത് സിങിനെപ്പോലെ അനീതികള്‍ക്കെതിരെ ഇന്‍ക്വിലാബ് മുഴക്കാന്‍ സമയമായെന്ന് സംവിധായകന്‍ പ്രേക്ഷകരെ ഓര്‍മിപ്പിക്കുന്നു. മലയാളത്തില്‍ ഉണ്ട എന്ന ചിത്രത്തില്‍ ഖാലിദ് റഹ്മാന്‍ പറയാന്‍ ശ്രമിച്ചതും ഇത്തരമൊരു ജനതയുടെ കൂടി കഥയായിരുന്നു. 

kosa

മൂന്നുവര്‍ഷം മുമ്പ് ബസ്തര്‍ സന്ദര്‍ശിച്ച വേളയില്‍ അവിടെ കണ്ട ജീവിതങ്ങളെ അടിസ്ഥാനമാക്കിയാണ് മോഹിത് പ്രിയദര്‍ശിനി തന്റെ ആദ്യ സിനിമ ഒരുക്കിയിരിക്കുന്നത്. നാടകപ്രവര്‍ത്തകരായ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെയാണ് ചിത്രത്തില്‍ അഭിനേതാക്കളാക്കി സംവിധായകന്‍ തിരഞ്ഞെടുത്തതും. കുണാല്‍ ബാംഗൈയാണ് കേന്ദ്രകഥാപാത്രമായ കോസയെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനേതാക്കളെല്ലാവരും തന്നെ മികച്ച പ്രകടനങ്ങളാണ് നടത്തിയിരിക്കുന്നത്.  മോഹിത് പ്രിയദര്‍ശിനി തന്നെ നിര്‍മിച്ച ചിത്രത്തിന്റെ പണം ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് കണ്ടെത്തിയത്. ഒഡീഷയും മധ്യപ്രദേശുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Content highlights : kosa movie review iffk international film festival of kerala