തലശ്ശേരി : ആദ്യപകുതി അത്ര ഒഴുക്കില്ലെങ്കിലും അവസാനമാകുമ്പോഴേക്കും ചെറുത്തുനിൽപ്പിന്റെ പുകച്ചുരുളായി മാറിയ ആ ചിത്രം പ്രേക്ഷകരുടെ കൈയടി നേടി. തിങ്കളാഴ്ച ലിബർട്ടി സ്യൂട്ടിൽ പ്രദർശിപ്പിച്ച മത്സരവിഭാഗത്തിലെ 'ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്‌സ് എ റസറക്‌ഷൻ' എന്ന ചിത്രമാണ് വർത്തമാന കാലഘട്ടത്തിന്റെ കഥപറഞ്ഞത്.

പുതിയ ഡാം വരുന്നതോടെ മുങ്ങിപ്പോകാൻ സാധ്യതയുള്ള ആഫ്രിക്കൻ ഗ്രാമത്തിൽ നിസ്സഹായരായ മനുഷ്യർക്കുമുന്നിൽ 80 വയസ്സുകാരിയ മന്റോവ എന്ന സ്ത്രീ നടത്തുന്ന മൗനമായ ചെറുത്തുനിൽപ്പാണ് ഈ സിനിമ.

പ്രപിതാമഹരുടെ ആത്മാവുറങ്ങുന്ന മണ്ണിൽനിന്ന് വിട്ടുപോകാനോ മണ്ണ്‌ ഉപേക്ഷിക്കാനോ മന്റോവക്ക് ആവില്ല. മകന്റെ മരണത്തിന്റെ വേദനയിൽ അവർ മരിക്കാൻ ഉറക്കുന്നുണ്ട്. തന്റെ ശവസംസ്കാരം ഈ മണ്ണിൽ എങ്ങനെ വേണമെന്നുപോലും ബന്ധുക്കളെ വിളിച്ചുകൂട്ടി അവർ അറിയിക്കുന്നു.

പക്ഷെ അതിനിടയിലാണ് ഡാം വരുന്നതിന്റെ ഭാഗമായി എല്ലാവരെയും കുടിയൊഴിപ്പിക്കാൻ തീരുമാനിക്കുന്നത്. അതോടെ മന്റോവ ചെറുത്തുനിൽക്കുന്നു. ആയുധങ്ങളില്ലെങ്കിലും ഗോത്രഗാനങ്ങളിലും മുൻകാല ഓർമകളിലും അവർ ചെറുത്തുനിൽക്കാൻ കൂടെയുള്ളവരോട് ആവശ്യപ്പെടുന്നു. അവരുടെ ചെറുത്തുനിൽപ്പ് വിജയിക്കുമോയെന്ന്‌ പറയുന്നില്ല.

മന്റോവയിൽ കത്തിനിൽക്കുന്ന ഊർജ്ജം തീവ്രമാണ്. അവസാനം നഗ്നത ആയുധമാക്കി മുന്നോട്ടുപോകുന്ന അവർ ലോകത്തോട് പറയുന്നതും തോൽപ്പിക്കാനാവാത്ത ചെറുത്തുനിൽപ്പാണ്. കുടിവെള്ളത്തിനുവേണ്ടി പോരാടിയ മയിലമ്മയെ സിനിമ കാണുമ്പോൾ ഓർത്തുപോയേക്കാം. സംവിധായകനായ ലമാംഗ് ജർമിയമോസെ തന്നെയാണ് 120 മിനുട്ട് ദൈർഘ്യമുള്ള ഈ ദക്ഷിണാഫ്രിക്കൻ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും

Content Highlights: International Film Festival Of Kerala Thalassery edition IFFK 2021, This Is Not a Burial, It's a Resurrection