ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ച റഷ്യൻ ചിത്രം ‘ഡിയർ കോമ്രേഡ്‌സ്’ കണ്ട സംവിധായകൻ ബ്ലെസി എഴുതുന്നു
‘ഡിയർ കോമ്രേഡ്‌സ്’ എന്ന പേരിൽ തന്നെയുണ്ട് ചിത്രത്തിന്റെ രാഷ്ട്രീയവും നിലപാടുകളും ആഴങ്ങളുമെല്ലാം. സിനിമയുടെ പ്രഖ്യാപനങ്ങൾ പേരിൽത്തന്നെ തെളിയുമ്പോൾ അതിന്റെ മുന്നോട്ടുള്ള ഒഴുക്കിൽ കാണികൾക്ക് അനായാസം ലയിക്കാൻ സാധിക്കും.
1962-ൽ സോവിയറ്റ് യൂണിയനിലെ ഫാക്ടറിയിൽ ഒരു സമരം പൊട്ടിപ്പുറപ്പെടുന്നതാണ് കഥാ പശ്ചാത്തലം. സമരത്തിൽ തന്റെ മകളും ഉണ്ടെന്നു മനസ്സിലാക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവ് ല്യൂദ്മിലയുടെ മനസ്സാണ് ചിത്രത്തിന്റെ കണ്ണാടി.
മകൾക്കു വേണ്ടിയുള്ള ല്യൂദ്മിലയുടെ അലച്ചിലിലൂടെ പുരോഗമിക്കുന്ന സിനിമ മനുഷ്യബന്ധങ്ങളുടെ മൂല്യം ചർച്ച ചെയ്യുന്നു. മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ മൂല്യങ്ങളെ നിരാകരിക്കുകയും മനഃപൂർവം മറച്ചുവെക്കുകയും ചെയ്യുന്ന ലോകത്തിൽ പുതിയ പാഠങ്ങൾ സിനിമ മുന്നോട്ടുവെക്കുന്നുണ്ട്. ബന്ധങ്ങളുടെ മൂല്യത്തിലേക്കു വിരൽ ചൂണ്ടുമ്പോൾ പ്രേക്ഷകന്റെ മനസ്സ് സിനിമയ്ക്കുവേണ്ടി കൈയടിക്കും.
റഷ്യയെപ്പോലെയുള്ള ഒരു രാജ്യത്തിന്റെ രാഷ്ട്രീയ നിലപാടുകൾ സിനിമയിൽ തെളിഞ്ഞുതന്നെ കിടക്കുന്നുണ്ട്. കാലഘട്ടത്തിന് അനുയോജ്യമായ പശ്ചാത്തലവും ലൈറ്റിങ്ങും സിനിമ മനോഹരമാക്കുന്നു. ഡോക്യു ഫിക്ഷന്റെ തലത്തിലേക്ക് സിനിമ ചിലപ്പോൾ വീണുപോകുന്നുണ്ടെങ്കിലും പ്രമേയത്തിന്റെ കരുത്ത് അതിനെ വീണ്ടെടുക്കുന്നുണ്ട്. സബ് ടൈറ്റിലുകൾ വേഗത്തിൽ കടന്നുപോകുന്നതാണു ചെറിയൊരു ബുദ്ധിമുട്ടായി തോന്നിയത്. അതുകൊണ്ട് എല്ലാ ഡയലോഗുകളും പിന്തുടരാൻ കഴിയാതെ പോയി.
Content Highlights: Dear Comrades Movie Director Blesssy writes IFFK 2021