ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവരുന്ന ഒന്നേയുള്ളൂ... മരണം! ഉടലിൽനിന്ന് ജീവൻ വെടിഞ്ഞുപോകുന്ന ഈ അവസ്ഥ ആലോചിച്ചാൽ, ജീവിക്കുന്നവരുടെയുള്ളിൽ ഭയം നിറയും. എന്നാൽ, മരണത്തെ വിറ്റ് ജീവിക്കുന്നവർക്കിടയിൽ ആരുടെ മരണവും വെറും തമാശയാണ്. ‘ ഹാസ്യം’ എന്ന തന്റെ മലയാള ചിത്രത്തിൽ കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയിലൂടെ സംവിധായകൻ ജയരാജ് പറഞ്ഞുവെക്കുന്നതും ഈ സത്യമാണ്.

മൃതദേഹങ്ങൾ മെഡിക്കൽ കോളേജുകൾക്ക് എത്തിക്കുന്ന ‘ ജപ്പാൻ’ എന്നുപേരുള്ള ഒരു ഇടനിലക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. ഹരിശ്രീ അശോകനാണ് ജപ്പാൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജപ്പാനെ സംബന്ധിച്ചിടത്തോളം ഏതൊരു മരണവും പണം സമ്പാദിക്കാനുള്ള മാർഗം മാത്രമാണ്. അതിനായി സ്വന്തം അച്ഛന്റെ മരണംപോലും ആഗ്രഹിക്കുന്ന മകനാണിദ്ദേഹം.

എങ്ങനെയും പണമുണ്ടാക്കാൻ നടക്കുന്ന നമ്മുടെ ചുറ്റുപാടുമുള്ള ചിലരുടെയെങ്കിലും പ്രതിനിധിയാണ് ജപ്പാൻ. കുടുംബത്തെ നല്ലനിലയിലെത്തിക്കാനും പുതിയ വീടുവെക്കാനും കൂടുതൽ വരുമാനം വേണം. അതിനയാൾ തേടുന്നത് മൃതദേഹങ്ങളാണ്. ഉറങ്ങിക്കിടക്കുന്ന അച്ഛനിലും ബിവറേജസ് ഷോപ്പിനുമുന്നിൽ മദ്യപിച്ച് ബോധംകെട്ടുകിടക്കുന്ന ആളിലും ശാന്തിഭവനത്തിലെ അനാഥരായ പ്രായംചെന്നവരിലുമെല്ലാം ഇയാൾ മരണം തേടുന്നുണ്ട്.

മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കാനാവുമെന്ന വിശ്വാസത്തോടെ മുന്നേറുന്ന ജപ്പാനെത്തേടിയും ഒരുദിവസം മരണമെത്തുന്നുണ്ട്. തലയിൽ രക്തം കട്ടപിടിച്ച് ഒരു യാത്രക്കിടെ ജപ്പാൻ മരിച്ചുവീഴുന്നു. വീട്ടിലെത്തിച്ച ജപ്പാന്റെ മൃതദേഹത്തിനടുത്തിരുന്ന് ഭാര്യയും മക്കളും കരയുന്നുണ്ടെങ്കിലും ദുഃഖത്തിനിടയിൽ അവർ തേടുന്നതും ജപ്പാന്റെ ശരീരത്തെ വിറ്റ് കാശാക്കാനുള്ള വഴികളാണ്. പിന്നീട് ജപ്പാന്റെ അച്ഛൻ മരിക്കുമ്പോഴും ഇവർ ഈ ശ്രമം തുടരുന്നു. കാലത്തിനൊപ്പം പണംകൊണ്ട് ജീവിക്കാൻ പുതുവഴികൾ തേടുന്ന മനുഷ്യരുടെ ചിന്തകളിലേക്ക് ഓടിമറയുന്ന ഭാര്യയുടെയും മൂന്നുമക്കളുടെയും ദൃശ്യത്തോടെയാണ് സിനിമ അവസാനിക്കുന്നത്.

വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രാഹകൻ ജയരാജിന്റെ നവരസ സിനിമാപരമ്പരയിൽ എട്ടാമത്തേതാണ് ഹാസ്യം. മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം നിറഞ്ഞസദസ്സുകൊണ്ടും ശ്രദ്ധ നേടി.

സിനിമ കാണാൻ ഒറ്റപ്പാലത്തെ ഡോക്ടറുമെത്തി

പാലക്കാട്: ജയരാജിന്റെ ‘ ഹാസ്യം’ സിനിമയിൽ മെഡിക്കൽ കോളേജ് ഡോക്ടറുടെ വേഷം ഗംഭീരമാക്കിയ ഒറ്റപ്പാലത്തെ ഡോക്ടറാണ് പി.എം. മാധവൻ. രാജ്യാന്തര ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ, സംവിധായകനൊപ്പം വീൽ ചെയറിലിരുന്നുകൊണ്ട് സിനിമ കാണാൻ അദ്ദേഹവുമെത്തി, അരയ്ക്ക് താഴെ തളർന്നുപോയ തന്റെ പരിമിതികളെ വകവെക്കാതെ തന്നെ.

ഒറ്റപ്പാലം കേദാരം വീട് സ്വദേശിയാണ് മാധവൻ. ഒറ്റപ്പാലം വള്ളുവനാടുള്ള സ്വകാര്യ ആശുപത്രിയിൽ മനഃശാസ്ത്രവിദഗ്ധനായിരുന്ന ഇദ്ദേഹം സിനിമയിൽ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. പ്രമേഹം പിടിപെട്ടതിന് പിന്നാലെയാണ് മാധവന് അരയ്ക്ക് കീഴെ തളർച്ച ബാധിച്ചത്.

content highlights : 25th iffk palakkad edition jayaraj harisree ashokan movie hasyam