സംവിധാനം കിം കി ഡൂക്. വെള്ളിത്തിരയിൽ ആ അക്ഷരങ്ങൾ തെളിയുന്ന നേരത്ത്‌ തിയേറ്ററിൽ നിറഞ്ഞു തുളുമ്പിയ കൈയടികൾ ഇന്നും ഞാൻ മറന്നിട്ടില്ല. തിരുവനന്തപുരത്തെ ചലച്ചിത്രോത്സവ വേദിയിലെ സിനിമാസ്വാദകരുടെ ഇടയിൽ നിൽക്കുമ്പോൾ ഈ ലോകം മുഴുവൻ അപ്പോൾ സംസാരിക്കുന്നത് കിം കി ഡൂക്കിന്റെ സിനിമയെക്കുറിച്ച് മാത്രമാണോ എന്നു തോന്നിയിട്ടുണ്ട്. കിം കി ഡൂക് സിനിമകൾക്കു മുന്നിലെ തിരക്ക് ഒരുപക്ഷേ, ഒരു സൂപ്പർസ്റ്റാർ സിനിമയുടെ തിയേറ്ററിനു മുന്നിൽ പോലും ഉണ്ടായിട്ടില്ലെന്നുവരെ എനിക്കു തോന്നിയിട്ടുണ്ട്.

നിറഞ്ഞ സദസ്സിൽ തറയിലിരുന്ന്‌ നിശ്ശബ്ദമായി സിനിമ കാണുന്നവർ ഒടുവിൽ ശബ്ദമുണ്ടാക്കുന്നതു സിനിമ അവസാനിക്കുമ്പോൾ മുഴക്കുന്ന കരഘോഷത്തിനാണ്. സിനിമ എന്ന ഒറ്റ വികാരം ഒരേ അളവിൽ ഉൾക്കൊള്ളുന്ന ആ മഹത്തായ കൂട്ടായ്മ. അവിടത്തെ ഒത്തുചേരലിനും ആഘോഷത്തിനും പകരം വയ്ക്കാൻ ഒന്നുമില്ലാത്തതുപോലെ തോന്നുന്നു. അത്ര മഹത്തായ അനുഭവങ്ങളാണ് ഓരോ ചലച്ചിത്രോത്സവവും എനിക്കു സമ്മാനിച്ചത്.

കുറേ വർഷം മുമ്പ് ഐ.എഫ്.എഫ്.കെ.യിലെ മത്സര വിഭാഗം സിനിമകൾ കൊച്ചിയിൽ പ്രദർശിപ്പിച്ചിരുന്നു. അന്ന് സെയ്ന്റ് ആൽബർട്‌സ് കോളേജ് ഒരു പ്രദർശന വേദിയായിരുന്നത് എനിക്ക് ഇന്നും ഓർമയുണ്ട്. സിനിമ വലിയ മോഹവും സ്വപ്നവും ആയി കൊണ്ടുനടക്കുന്ന കാലമായിരുന്നു അത്. അന്ന്‌ അകിരാ കുറസോവയുടെ പേരിനൊപ്പം മലയാളത്തിന്റെ മഹാനായ ചലച്ചിത്രകാരൻ ഭരതന്റെ പേരു വായിച്ച് ഒടുവിൽ ഭരതൻ സിനിമതന്നെ കാണാൻ കയറിയത് ഇന്നും ഓർക്കുന്നു.

അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആഘോഷമാക്കി മാറ്റിയത് ഞാനും സച്ചിയും അഭിഭാഷക വൃത്തിയിൽനിന്നു സിനിമയിലേക്ക് ചുവടുമാറ്റം നടത്തിയപ്പോഴായിരുന്നു. 2006-ലായിരുന്നു തുടക്കം. ഫെസ്റ്റിവൽ തുടങ്ങുന്നതു മുതൽ അവസാനിക്കുന്നതു വരെ ഞങ്ങൾ തിരുവനന്തപുരത്തു തങ്ങി. മൂന്നുനേരത്തെ ഭക്ഷണംപോലും സിനിമാ പ്രദർശന സമയപ്പട്ടികയ്ക്ക് അനുസരിച്ചാണ് അന്നു ഞങ്ങൾ കഴിച്ചത്.

വ്യത്യസ്തമായ കാഴ്ചപ്പാടുകൾ, ആശയങ്ങൾ, ഭാഷകൾ, സംസ്കാരങ്ങൾ എല്ലാം സമന്വയിപ്പിക്കുന്നതാണ്‌ സിനിമ എന്ന ഒറ്റ വികാരം. ഞാനും സച്ചിയും അന്നു കണ്ടുതീർത്ത സിനിമയെക്കുറിച്ച് ചർച്ച ചെയ്തും തർക്കിച്ചും നേരം വെളുപ്പിച്ച ദിവസങ്ങൾ. കാണാൻ ആഗ്രഹിച്ച പല സാങ്കേതിക പ്രവർത്തകരെയും നേരിൽ കാണാൻ കിട്ടിയ അവസരങ്ങൾ. ആ നല്ല ദിനങ്ങൾ ഓർത്തുവയ്ക്കാൻ ഇന്നും സൂക്ഷിച്ചുെവച്ചിരിക്കുന്ന ഐ.എഫ്.എഫ്.കെ. അടയാളം ആലേഖനം ചെയ്ത സഞ്ചികൾ, ബാഡ്ജുകൾ. എല്ലാം ഇതാ ഇവിടെയുണ്ട്.

കോവിഡ് മഹാമാരിയിൽ പകച്ചുനിൽക്കുന്ന ഇന്നത്തെ അവസ്ഥയിൽ ഐ.എഫ്.എഫ്.കെ.യുടെ ഇരുപത്തിയഞ്ചാം വർഷം ചലച്ചിത്ര പ്രേമികൾക്ക് വലിയ രീതിയിൽ ആഘോഷിക്കാൻ നിർവാഹം ഇല്ലാതെ വന്നിരിക്കുന്നു. പക്ഷേ കൊച്ചിയിൽ താമസിക്കുന്ന സിനിമാസ്വാദകർക്ക് സന്തോഷിക്കാൻ വകയുണ്ട്. തിരുവനന്തപുരത്തെ സ്ഥിരം വേദിയിൽനിന്ന് ഇത്തവണ ചലച്ചിത്രോത്സവം വീണ്ടും കൊച്ചിയിലേക്കെത്തുകയാണ്. ഞാൻ കാത്തിരിക്കുന്നു, കൊച്ചിയിൽ ഫെബ്രുവരി 17-ന് തുടങ്ങുന്ന മഹത്തായ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമാകാൻ.

Content Highlights: International Film Festival of Kerala, Director Sethu script writer about Sachy, Kim Ki duk